2013, നവംബർ 1, വെള്ളിയാഴ്‌ച

കേരളപ്പിറവിയുടെ ചരിത്രപശ്ചാത്തലം



പരശുരാമൻ മഴുവെറിഞ്ഞ് അറബിക്കടലിൽ നിന്നും വീണ്ടെടുത്ത ഭൂപ്രദേശമാണ് കേരളമെന്നാണ് പഴമക്കാർ പറയുന്നത്.എന്നാൽ കേരള സംസ്ഥാനം രൂപീകൃതമായതെങ്ങിനെയെന്ന് അറിയാൻ ചരിത്രത്തിന്റെ താളുകൾ മറിച്ചു നോക്കാം.മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർത്ത് 'ഐക്യകേരളം' എന്ന ആശയം സ്വാതന്ത്ര്യപൂർവ്വകാലത്ത് തന്നെ ഉടലെടുത്തിരുന്നു.സ്വാതന്ത്ര്യാനന്തരഘട്ടത്തിൽ  'ഐക്യകേരളം' നേടിയെടുക്കുന്നതിനുള്ള ശ്രമം ഊർജ്ജിതമാക്കി.ഇതിന്റെ മുന്നോടിയായാണ് പഴയ നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂറും കൊച്ചിയും ലയിപ്പിച്ച് ഒരു രാജപ്രമുഖന്റെ കീഴിൽ കൊണ്ടുവന്ന്, 1949 ജൂലൈ 1 ന് തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചത്.വടക്കൻ കേരളത്തിലെ മലബാർ അപ്പോഴും മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.കേന്ദ്രസർക്കാർ നിയമിച്ച സംസ്ഥാന പുനർനിർണ്ണയ കമ്മീഷന്റെ റിപ്പോർട്ട് ഭാഷാസംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന് പച്ചക്കൊടി കാട്ടി.'ഐക്യകേരളം' എന്ന സ്വപ്നത്തിന് അങ്ങിനെ വീണ്ടും
ചിറക് മുളച്ചു.ഒടുവിൽ തിരു-കൊച്ചിയും, മലബാറും, തെക്കൻ കനറയിൽ പെട്ട മലയാളം സംസാരിക്കുന്ന പ്രദേശമായ കാസർഗോഡ്‌ താലൂക്കും ഉൾപ്പെടുത്തി
1956 നവംബർ 1 ന് കേരള സംസ്ഥാനം  രൂപീകൃതമായി.തിരുവിതാംകൂറിന്റെ തെക്കേ അറ്റത്തുള്ള തമിഴ് ഭാഷ സംസാരിക്കുന്ന പ്രദേശമായ കന്യാകുമാരി മദിരാശിയ്ക്ക് വിട്ടുനൽകി.കേരളം എന്നാൽ കന്യാകുമാരി മുതൽ ഗോകർണ്ണം വരെ എന്ന സങ്കൽപ്പത്തിന്
മാറ്റം സംഭവിച്ചെങ്കിലും 'ഐക്യകേരളം' എന്ന ചിരകാല സ്വപ്നം സഫലമായി.അന്ന് സംസ്ഥാനത്ത് പ്രസിഡണ്ട്‌ ഭരണമായിരുന്നു ഉണ്ടായിരുന്നത്.1957 ൽ തെരഞ്ഞെടുപ്പു നടക്കുകയും, ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി ആദ്യത്തെ ജനാധിപത്യ സർക്കാർ അധികാരത്തിൽ വരികയും ചെയ്തു.നവോത്ഥാനകാലം മുതൽ ആരംഭിച്ച സാമൂഹ്യമാറ്റം ത്വരിതപ്പെടുത്തുന്ന നടപടികളാണ് സ.ഇഎംഎസ്സിന്റെ സർക്കാർ സ്വീകരിച്ചത്.കുടിയൊഴിപ്പിക്കൽ തടഞ്ഞതും,തൊഴിൽ സമരങ്ങളിൽ പോലീസിനെ ഇടപെടുവിക്കുന്നത് അവസാനിപ്പിച്ചതും, വിദ്യാഭ്യാസനിയമവുമെല്ലാം സംസ്ഥാനത്തെ സമ്പന്ന വർഗ്ഗത്തേയും ജാതിമതവർഗ്ഗീയ ശക്തികളേയും  പ്രകോപിപ്പിച്ചു.അവർ നടത്തിയ വിമോചന സമരത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ ആ സർക്കാരിനെ പിരിച്ചു വിട്ടു.കേരളീയ സമൂഹം ഇന്നനുഭവിക്കുന്ന പല നേട്ടങ്ങൾക്കും കാരണം ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നടപ്പിലാക്കിയ പുരോഗമനപരമായ ഭരണനടപടികളാണെന്ന് കാണാം.ഈ നേട്ടങ്ങളെ ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ലെന്ന് കേരളപ്പിറവി ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം...



2013, ഒക്‌ടോബർ 27, ഞായറാഴ്‌ച

വയലാർ-"ഈ മനോഹരതീരത്ത്, ഇനിയൊരു ജന്മം കൂടി" കൊതിച്ച കവി...



ഒക്ടോബർ 27.പ്രിയ കവി വയലാർ രാമവർമ്മയുടെ ചരമവാർഷിക ദിനം.
വയലാറിന്റെ ഓർമ്മകൾക്ക് മുമ്പിൽ ഒരുപിടി രക്തപുഷ്പങ്ങൾ..!പുന്നപ്ര-വയലാർ സമരം കൊണ്ട് ഇതിഹാസഭൂമിയായി മാറിയ വയലാറിന്റെ മണ്ണിൽ ജനിച്ച്,പുരോഗമന പ്രസ്ഥാനങ്ങൾക്ക്‌ തന്റെ കലാസൃഷ്ടികളിലൂടെ ഊർജ്ജം പകർന്നു നൽകിയ തികച്ചും  ജനകീയനായ കവിയും ഗാന രചയിതാവുമായിരുന്നു അകാലത്തിൽ നമ്മിൽ നിന്നും വിടവാങ്ങിയ വയലാർ രാമവർമ്മ...മലയാള ചലച്ചിത്ര ഗാനങ്ങൾക്ക് കാവ്യഭാവനകൾ കൊണ്ട് മനോഹാരിത ചാർത്തിയ വയലാറിന്റെ സിനിമാഗാനങ്ങൾ സംഗീതാസ്വാദകർ എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്.വയലാർ-ദേവരാജൻ,വയലാർ-ബാബുരാജ് കൂട്ടുകെട്ടിൽ പിറന്ന ആ പാട്ടുകൾ മലയാളമണ്ണും മലയാളികളും ഉള്ള കാലത്തോളം നിലനിൽക്കും..!'എനിക്ക് മരണമില്ല' എന്ന് പാടിയ കവി ഒരു പുനർജ്ജന്മം ഉണ്ടാവുകയാണെങ്കിൽ അത് ഇവിടെ തന്നെയാവണം എന്ന് ആശിച്ചിരുന്നു...

2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

പ്രൊഫസര്‍ ജലീല്‍ സ്മരണകള്‍

1962 -63  വര്‍ഷത്തില്‍ പി യു സിയ്ക്കും,1963 -64 കാലത്ത് ബിഎസ് സി ക്ലാസ്സിലുമാണ് ഞാന്‍ ഫാറൂക്ക് കോളേജില്‍ പഠിച്ചിരുന്നത്.ഈ നാല് വര്‍ഷങ്ങളിലും ഓരോ ദിവസം പിന്നിടുമ്പോഴും പ്രഗല്‍ഭനായ പ്രിന്‍സിപ്പാള്‍ ഡോ.കെ എ ജലീല്‍ സാറിനോടുള്ള മതിപ്പും സ്നേഹവായ്പും വര്‍ദ്ധിച്ചു വന്നതെയുള്ളു.     ആ തലയെടുപ്പും മുഖത്ത് ഗൌരവത്തില്‍ ഒളിപ്പിച്ചു വെച്ച പുഞ്ചിരിയും സര്‍വ്വോപരി ഇംഗ്ലീഷ് സാഹിത്യത്തിലെ അവഗാഹമായ അറിവും ആര്‍ക്കാണ് മറക്കാന്‍ കഴിയുക? ഫാറൂക്ക് കോളേജിന്റെ തലപ്പത്ത് ജലീല്‍ സാറിനു മുമ്പും പിമ്പും പ്രശസ്തരായ പ്രിസിപ്പാള്‍ മാരുണ്ടായിട്ടുന്ടെങ്കിലും ജലീല്‍ സാറിനു സമാനമായി സാറ് മാത്രമേ ഉണ്ടായിട്ടുള്ളൂ.അദ്ദേഹത്തിന്റെ ഗുണഗണങ്ങള്‍ വിവരിക്കാനല്ല മറിച്ച് സാറ് സമ്മാനിച്ചു പോയ ദീപ്തസ്മരണകളുടെ പൂക്കൂട തുറക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.പി യു സിക്ക് പഠിക്കുമ്പോള്‍ ഒരു പരീക്ഷാക്കാലത്ത് ഹോസ്ററലിലെ തിരക്കില്‍ നിന്നൊഴിഞ്ഞു ഒരു രാത്രി കോളേജ് വരാന്തയില്‍ വായിക്കാന്‍ പോയപ്പോള്‍ വെറും ബാലകൌതുകത്തിന്റെ പുറത്ത് ഞാന്‍  ജലീല്‍ സാര്‍ കോളേജിലെ പൂന്തോട്ടത്തില്‍ വളര്‍ത്തുന്ന വയലറ്റ് ഡാലിയ പൂവ് പൊട്ടിച്ചെടുത്ത് കൊണ്ടുവരുമ്പോള്‍ സാര്‍ വരാന്തയില്‍ പ്രത്യക്ഷപ്പെടുന്നു.തന്റെ കാബിനില്‍ ഫോണ്‍ ചെയ്യാനോ മറ്റോ വന്നതാണ്.എന്നെക്കണ്ടതും എന്താ രാത്രിയിലും കോളേജില്‍ എന്ന ചോദ്യവും ഒരുമിച്ചായിരുന്നു.എന്റെ കയ്യില്‍ നിന്നും പൂവ് താഴെ വീഴുകയും ഞാനത് പുസ്തകം കൊണ്ട് മായ്ക്കുകയും ചെയ്തു.ഒരു നേരിയ പുഞ്ചിരിയോടെ സാര്‍ നടന്നു നീങ്ങുന്നത്‌ കണ്ടപ്പോഴാണ് എനിക്ക് ജീവന്‍ തിരിച്ചു കിട്ടിയത്.ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായി ഈ സംഭവം വര്‍ഷങ്ങള്‍ക്കു ശേഷവും പച്ചപിടിച്ചു നില്‍ക്കുന്നു.1968 ല്‍ നൊച്ചാട് ഹൈസ്കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നപ്പോള്‍ ഞാനും സ്കൂള്‍ കമ്മറ്റിയുടെ ഒരു ഭാരവാഹിയും കൂടി കെട്ടിട നിര്‍മ്മാണ ഫണ്ടിലേക്ക് സംഭാവന ശേഖരിക്കുന്നതിന് സാറിനെ വീട്ടില്‍ പോയി കണ്ടിരുന്നു.പുഞ്ചിരി തൂകിക്കൊണ്ട് സംഭാവന നല്‍കി ഞങ്ങളെ തിരിച്ചയച്ച ആ മഹാമനസ്കത ഓര്‍മ്മയില്‍ നിന്നും ഒരിക്കലും മാഞ്ഞു പോവില്ല.എഴുപതുകളിലെപ്പോഴോ ഒരു ബന്ധുവിനെ പി ഡി സി ക്ക് ചേര്‍ക്കാന്‍ ചെന്നപ്പോള്‍ പഴയ പരിചയം പുതുക്കാന്‍ അദ്ദേഹം മറന്നില്ല.ബിരുദ ക്ലാസ്സില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നത് 'ജൂലിയസ് സീസര്‍' എന്ന നാടകമായിരുന്നു.യൂസഫ്‌ സാഗര്‍ ഹാളില്‍ മുഴങ്ങിക്കേട്ട ജലീല്‍ സാറിന്റെ സ്ഫുടതയാര്‍ന്ന ശബ്ദം ഇപ്പോഴും കാതില്‍ വന്നലയ്ക്കുന്നതായി തോന്നും.കോളേജിന്റെ ഇന്നത്തെ എല്ലാ പുരോഗതിയ്ക്കും കാരണമായ സാര്‍ കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്തും നിറഞ്ഞ സാന്നിധ്യമായിരുന്നു.കാലിക്കറ്റ്‌ സര്‍വ്വകലാശാല വിസി,വക്കഫ് ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ ഉന്നത സ്ഥാനങ്ങള്‍ ജലീല്‍ സാര്‍ വഹിക്കുകയുണ്ടായി.തൊണ്ണൂറുകളില്‍ എന്റെ മകള്‍ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ സാറിന്റെ വീടിനു മുമ്പിലൂടെയാരിന്നു അവളെ ഹോസ്ററലില്‍ കൊണ്ടുചെന്നാക്കാന്‍ പോയിരുന്നത്.ആ കാലത്തും സാറിനെ ഓര്‍ത്തു പോവുമായിരുന്നു.ഈ കഴിഞ്ഞ ദിവസം ലോകത്തോട്‌ വിട പറഞ്ഞ ഞങ്ങളുടെ പ്രിയ ഗുരുനാഥന് പരമകാരുണികനും സര്‍വ്വശക്തനുമായ അല്ലാഹുവിന്റെ എല്ലാ അനുഗ്രങ്ങളും ഉണ്ടാവട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു...

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

പൂവേ,പൊലി പൂവേ...



മുറ്റത്തെ തേന്മാവിന്‍ കൊമ്പത്തിരുന്നൊരു
പൂങ്കുയില്‍ പാട്ട് പാടുന്നൂ...
മുല്ലപ്പൂസൌരഭം പുല്‍കി വന്നെത്തിടും
നല്ലിളം കാറ്റു വീശുന്നൂ...
തുമ്പയും തുമ്പിയും തമ്മില്‍ പുണരുന്ന
പൂമ്പട്ടുടുത്തൊരീ ഗ്രാമം..!
മാവേലിയെത്തുമ്പോള്‍ വരവേറ്റിടാനായ്
'പൂവേ,പൊലി...' പാടുകയായി...
മാലോകരെല്ലാരുമൊരുപോല്‍ കഴിഞ്ഞൊരാ
കാലത്തെ വീണ്ടുമിന്നോര്‍ക്കാം
മുക്കുറ്റിപ്പൂക്കളാല്‍ മഞ്ഞക്കുറി ചാര്‍ത്തിയ
മുറ്റത്ത് പൂക്കളം തീര്‍ക്കാം...
'പൂവേ,പൊലി...' പാടിക്കൊണ്ടാര്‍ത്തുല്ലസിക്കാം
പൂവാങ്കുരുന്നില നുള്ളാം...
മാനത്ത് നക്ഷത്രപ്പൂക്കളം തീര്‍ക്കുന്ന
ചിങ്ങനിലാവിനെ കാണാം..!
പൊന്നോണനാളിനെ മാടിവിളിക്കുന്ന
തെന്നലേ,പൂമണം തായോ...
പൂവിളി പൊങ്ങട്ടെ...പൂവട്ടി നിറയട്ടെ..
മാവേലിയെഴുന്നള്ളാറായി
അത്തംപത്തോണമിങ്ങോടിയെത്താറായി
പുത്തനുടുപ്പുകള്‍ വാങ്ങാം...
കൊത്തങ്കല്ലാടിക്കളിച്ചു തിമിര്‍ക്കാം
കൂട്ടുകാരെ,നമുക്കൊന്നായ്
കള്ളവും കള്ളപ്പറകളുമില്ലാത്ത
നല്ലൊരു നാളെയെ പുല്‍കാം..!

2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

ഒരു റമളാന്‍ കൂടി വിടവാങ്ങുമ്പോള്‍

അസ്സലാമു അലൈക്കും യാ ശഹര് റമളാന്‍....വ്രത വിശുദ്ധിയുടെയും ആത്മ സംസ്കരണത്തിന്‍റെയും പുണ്യമാസം നമ്മില്‍ നിന്നും വിടവാങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.പടിഞ്ഞാറെ ചക്രവാളത്തില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകുന്നതോടെ ഒരു മാസത്തെ പരിശുദ്ധ റമളാനിനു പരിസമാപ്തിയായി.പുണ്യ റമളാനില്‍ സല്‍ക്കര്‍മ്മങ്ങളിലൂടെ സമാര്‍ജ്ജിച്ച ആത്മവിശുദ്ധി തുടര്‍ന്നും നിലനിര്‍ത്താന്‍ സര്‍വ്വലോക രക്ഷിതാവായ അല്ലാഹു നമുക്ക് തൌഫീക്ക് നല്‍കുമാറാവട്ടെ...പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞും ,മനസാ വാചാ കര്‍മ്മണാ പാപകര്‍മ്മങ്ങളില്‍ നിന്നും അകന്നും കഴിഞ്ഞു കൂടിയ ഒരുമാസത്തെ അനുഭവങ്ങള്‍ വരാനിരിക്കുന്ന നാളുകളില്‍ വഴികാട്ടിയാവണം.ലോകത്തെ നേര്‍ വഴിക്ക് നയിക്കാന്‍ മുഹമ്മദ്‌ നബി (സ.അ) യിലൂടെ പരിശുദ്ധ ഖുര്‍ ആന്‍ അവതരിക്കപ്പെട്ട മാസത്തിന്റെ പരിപാവനത എന്നെന്നും കാത്തു സൂക്ഷിക്കാന്‍ റമളാനിലെ ആരാധനകള്‍ നമുക്ക് സഹായകമാവണം.വ്രതാനുഷ്ടാനത്തിനു പരിസമാപ്തി കുറിക്കുന്ന ഈദുല്‍ ഫിഥര്‍ കേവലം ആഘോഷമായി ഒതുക്കി നിര്‍ത്താതെ മതമൈത്രിയുടെയും മാനവ സ്നേഹത്തിന്റെയും പ്രതിജ്ഞ പുതുക്കുന്നതിനുള്ള അവസരം കൂടിയാവണം.എല്ലാവര്‍ക്കും, എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ പെരുന്നാളാശംസകള്‍....

2010, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

പരിശുദ്ധ റമളാന്‍ വരവായ്

ഭക്തിനിര്‍ഭരമായ ദിനരാത്രങ്ങള്‍ കൊണ്ട് അനുഗ്രഹീതമാക്കപ്പെട്ട പരിശുദ്ധ റമളാന്‍ ഇതാ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു.പശ്ചിമാകാശത്തില്‍ മാസപ്പിറവി പ്രത്യക്ഷപ്പെടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.ലോകത്തെങ്ങുമുള്ള മുസ്ലിമീങ്ങള്‍ക്ക് ഇനി ത്യാഗത്തിന്റെയും ആരാധനകളുടെയും രാപ്പകലുകള്‍.നൂറ്റാണ്ടുകള്‍ക്കു മുമ്പ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടക്കിവാണിരുന്ന അറേബ്യന്‍ മണലാരണ്യത്തില്‍ അന്ത്യപ്രവാചകനായ മുഹമ്മദ്‌ റസൂല്‍ (സ.അ )തൌഹീദിന്റെ തൂവെളിച്ചവുമായി കടന്നു വന്നു.ഇസ്ലാം അനുശാസിക്കുന്ന നിര്‍ബന്ധ കര്‍മ്മങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് റമളാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം.പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞ് ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാന്‍ വിശ്വാസികള്‍ക്ക് കൈവന്ന സുവര്‍ണാവസരം.ഈ പുണ്യമാസത്തില്‍ വ്രതാനുഷ്ടാനത്തോടൊപ്പം പള്ളികളിലും വീടുകളിലും ഇബാദത്തില്‍ മുഴുകി വിശാസികള്‍ അല്ലാഹുവില്‍ അഭയം തേടുന്നു.പകല്‍ ആഹാര നീഹാരാദികള്‍ ഉപേക്ഷിച്ചത് കൊണ്ടുമാത്രം റമളാനിന്‍റെ ലക്‌ഷ്യം പൂര്‍ത്തിയാവുന്നില്ല.മനസാ വാചാ കര്‍മ്മണാ എല്ലാ ദുഷ്ചെയ്തികളില്‍ നിന്നും അകന്നു നില്‍ക്കാനാണ് അല്ലാഹു കല്‍പ്പിക്കുന്നത്.ശരീരത്തിന്റെയും മനസ്സിന്റെയും എല്ലാ പ്രലോഭനങ്ങളില്‍ നിന്നും മുക്തി നേടിയാല്‍ മാത്രമേ വ്രതാനുഷ്ടാനത്തിന്റെ സത്ത സംരക്ഷിക്കപ്പെടുന്നുള്ളു.ദാന ധര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ മാസവും ഇത് തന്നെ.ലോകത്തിനു വഴികാട്ടിയായി പരിണമിച്ച പരിശുദ്ധ ഖുര്‍ ആന്‍ അവതരിച്ച പുണ്യറമളാനില്‍ ഐതിഹാസികമായ ബദര്‍ ദിനവും,ആയിരം മാസങ്ങളിലേക്കാള്‍ അനുഗ്രഹം ചൊരിയപ്പെടുന്ന ലൈലത്തുല്‍ ഖദിര്‍ എന്ന പുണ്യരാവും വന്നുചേരുന്നു.രാത്രികാലങ്ങളിലെ തറാവീഹ് നമസ്കാരവും ഖുര്‍ ആന്‍ പാരായണവും റമളാന്‍ മാസത്തിലെ അവസാനത്തെ പത്തില്‍ അനുഷ്ടിക്കുന്ന ഇ ഇത്തിക്കാഫും റമളാനിന്‍റെ പരിപാവനത വര്‍ദ്ധിപ്പിക്കുന്നു.ഈ പുണ്യമാസത്തിലും തുടര്‍ന്നും അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവരിലും ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്നു.

2010, മേയ് 19, ബുധനാഴ്‌ച

നായനാര്‍ സ്മരണ

ഇന്ന് മെയ്‌ 19
സഖാവ് ഇ കെ നായനാരുടെ ആറാം ചരമവാര്‍ഷിക ദിനം
ജനനായകനെ കുറിച്ചുള്ള ദീപ്തമാം സ്മരണകള്‍
ജനകോടികളുടെ മനസ്സുകളില്‍ ഇന്നും കെടാത്ത തീക്കനല്‍ പോലെ
എരിഞ്ഞു കൊണ്ടിരിക്കുന്നു......
ഒരു കൊച്ചു കുട്ടിയാരിക്കുമ്പോള്‍ തന്നെ അയിത്തത്തിനെതിരെ
ഒറ്റയാള്‍ പോരാട്ടം നടത്തി അസമത്വത്തിനും അനീതിക്കുമെതിരെ
സന്ധിയില്ലാത്ത സമരങ്ങള്‍ക്ക് തുടക്കം കുറിച്ചു
തുടര്‍ന്നുള്ള നാളുകള്‍ മഹാത്മജിയുടെ ദേശീയ വിമോചനപ്രസ്ഥാനത്തിന്റെ ഭാഗമായി
എണ്ണമറ്റ സമര പോരാട്ടങ്ങള്‍ക്ക് നായകത്വം വഹിച്ചു...
ദുരിതം പേറി ജീവിതം തള്ളിനീക്കുന്ന
കര്‍ഷകരെയും തൊഴിലാളികളെയും
അവകാശ സമരങ്ങള്‍ക്ക് സജ്ജമാക്കി
ജന്മി നാടുവാഴി വ്യവസ്ഥിതിക്കെതിരെ ആഞ്ഞടിച്ച നാളുകള്‍
അവ സഖാവിന്റെ ജീവിതത്തിലെ പീഡനകാലം കൂടിയായിരുന്നു
ഒളിവിലും തെളിവിലും ഉള്ള പ്രവര്‍ത്തനം
മാടമ്പിമാരുടെ ഗുണ്ടകളും പോലീസും ചേര്‍ന്നുള്ള മര്‍ദ്ദനം
തുടര്‍ന്ന് കൊണ്ടേയിരുന്നു...ഇടയ്ക്കിടെ ജയില്‍വാസവും
ഒടുവില്‍ കയ്യൂര്‍ സമരത്തിന്റെ പേരില്‍ കഴുമരം വരെയെത്തി...
ഇത് കൊണ്ടൊന്നും തളരാതെ പതറാതെ
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചേറ്റി സഖാവ്
കെടാത്ത അഗ്നിജ്വാലയായി നാടാകെ പടര്‍ന്നു...
ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരിയുമായി
നര്‍മ്മഭാഷണങ്ങളുമായി ജനമനസ്സുകളില്‍ കുടിയിരുത്തപ്പെട്ടു..!
ഭരണനൈപുണ്യം തെളിയിച്ച സഖാവിനെ ഒരിക്കല്‍ പോലും
അധികാരം മത്തുപിടിപ്പിച്ചില്ല...
പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞതുമില്ല...
പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളുന്ന സഖാവിന്‍റെ
മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു
ഒരു പിടി രക്തപുഷ്പങ്ങള്‍...ലാല്‍ സലാം...ലാല്‍ സലാം...