2008, ഓഗസ്റ്റ് 30, ശനിയാഴ്‌ച

ബ്ലോഗിങ്ങിലൂടെ കാവ്യോപാസന

കവിയാകണമെന്നു ആഗ്രഹിച്ചല്ല എഴുതി തുടങ്ങിയത്.അന്നും ഇന്നും എന്റെ ഹരമായിരുന്ന പച്ച വിരിച്ച കന്നി പാടങ്ങളും, അവയ്ക്ക് കസവ് കരയിട്ടു ഒഴുകുന്ന കൈത്തോടുകളും, കുന്നും പുഴയുമെല്ലാം മനസ്സിന്റെ ഉള്ളറകളിലെവിടെയോ ചലനമുണ്ടാക്കിയപ്പോള്‍, നോട്ടു പുസ്തകങ്ങളില്‍ കുറിച്ചു വെച്ചത് കവിതാശകലങ്ങളായി മാറിയെന്നു മാത്രം.
വര്‍ഷങ്ങള്‍ക്കപ്പുറം പ്രൈമറി വിദ്യാലയത്തിലും, തുടര്‍ന്ന് ചേര്‍മലയുടെ താഴ്വരയില്‍ പേരാമ്പ്ര ഹൈ സ്കൂളിലും, ഒരു പൂത്തുമ്പിയെ പോലെ പാറി നടന്നപ്പോള്‍, ജന്മം പൂണ്ട കവിതകള്‍ ദേശമിത്രം,ദേശാഭിമാനി,മാതൃഭൂമി,ചന്ദ്രിക തുടങ്ങിയ ആനുകാലികങ്ങളില്‍ അച്ചടിച്ചു വന്നപ്പോള്‍ ആ പിഞ്ചു മനസ്സിന്റെ ആഹ്ലാദം അവര്‍ണ്ണനീയമായിരുന്നു. പില്‍ക്കാലാലത്ത് ഫാറൂഖ് കോളേജിന്റെ മലയടിവാരത്തില്‍,ചാലിയാറിന്റെ തീരത്ത് തനിച്ചിരുന്ന സന്ധ്യകളില്‍ പിറന്നു വീണ വേദനയുടെ ഈരടികളിലൂടെ എന്റെ സമൂഹത്തിന്റെ വേദന സ്വയം ആവാഹിച്ചെടുക്കുകയായിരുന്നു!കലാലയ ജീവിതത്തിനു ശേഷം, ജീവിതത്തിന്റെ പല തിരക്കുകളില്‍ പെട്ട് എഴുത്ത് മുടങ്ങിയപ്പോള്‍ ജന്മനാ കിട്ടിയ ഒരു കഴിവ് കൈവിട്ടു പോയോ എന്ന് സംശയിച്ചിരുന്നു.ഇപ്പോള്‍ ജോലിയില്‍ നിന്നു വിരമിക്കുകയും, മറ്റു സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും അല്പം ഇടവേള ലഭിയ്ക്കുകയും ചെയ്തപ്പോള്‍, ബ്ലോഗിങ്ങ് എന്ന മാധ്യമത്തിലൂടെ എന്‍റെ കാവ്യോപാസന തുടുരുവാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്.

2008, ഓഗസ്റ്റ് 24, ഞായറാഴ്‌ച

ആണവ കരാര്‍-സര്ക്കാരിന്‍റെ മുഖം മൂടി അഴിയുന്നു..

കഴിഞ്ഞ ദിവസങ്ങളില്‍ വിയന്നയില്‍ കൂടിയ ആണവ വിതരണ സംഘത്തിന്റെ(എന്‍എസ് ജി) ദ്വിദിന സമ്മേളനം തീരുമാനമാകാതെ പിരിഞ്ഞത് ഇന്‍ഡോ-അമേരിക്കന്‍ ആണവകരാര്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കാനുള്ള മന്‍മോഹന്‍ സര്‍ക്കാരിറെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. ഇതു സംബന്ധിച്ച് അമേരിക്ക അവതരിപ്പിച്ച കരടില്‍ ,ഇന്ത്യ വീണ്ടും ആണവ പരീക്ഷണം നടത്തിയാല്‍ എല്ലാ ആണവ ഇടപാടുകളും പിന്‍വലിക്കണമെന്ന ഭേദഗതി ഉള്‍പ്പെടുത്താഞ്ഞതിനാണ് യോഗം, തീരുമാനം സെപ്തംബര്‍ 4 ,5 തിയ്യതി കളിലേക്ക് മാറ്റിവെച്ചത്. എന്‍ എസ് ജിയുടെ 45 അംഗ രാജ്യങ്ങളില്‍ ഓസ്ട്രിയ,അയര്‍ലണ്ട് മുതലായ പകുതിയില്‍ അധികം രാജ്യങ്ങള്‍, ആണവ നിര്‍വ്യാപനത്തില്‍ ഇന്ത്യക്ക് ഇളവ് നല്‍കണമെന്ന അമേരിക്കന്‍ നിര്‍ദേശത്തെ തള്ളിക്കളഞ്ഞു.ഇന്ത്യ സ്വയം പ്രഖ്യാപിച്ച ആണവ പരീക്ഷണ നിരോധനം സ്വീകാര്യമല്ലെന്നും, ആണവ പരീക്ഷണങ്ങള്‍ തടയുന്ന സി ടി ബിടിയില്‍ ഇന്ത്യ ഇതുവരെ ഒപ്പ് വെച്ചിട്ടില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.ഇതോടെ 123 കരാര്‍ ഇന്ത്യയുടെ ആണവ പരമാധികാരത്തിനു എതിരാണെന്ന ഇടതുപക്ഷമുള്‍പ്പെടെയുള്ള പ്രതിപക്ഷാരോപണം പൂര്‍ണ്ണമായും ശരി വെച്ചിരിക്കയാണ്‌.ഇന്ത്യയുടെ പരമാധികാരത്തെ കരാര്‍ ഒരു തരത്തിലും ബാധിക്കില്ലെന്ന സര്‍ക്കാരിറെ മുഖം മൂടി ഇതോടെ അഴിഞ്ഞു വീണിരിക്കുന്നു.ഹൈഡ് ആക്റ്റ് യു എസ് എ യ്ക്ക് മാത്രം ബാധകമായതാണെന്ന നുണയും പൊളിഞ്ഞിരിക്കുന്നു.വിദേശ കാര്യ സെക്റട്ടറി ശിവശന്കര മേനോനും ,പ്രാധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി ശ്യാം ശരണും വിയന്നയില്‍ നടത്തിയ ദൌത്യങ്ങള്‍ ഫലം കാണാതെ പോയത് കരാറിന്‍റെ ഭാവിയെ തന്നെ ബാധിച്ചേക്കും.മന്‍മോഹന്‍ സിങ്ങിന്‍റെയും ജോര്‍ജ് ബുഷിന്‍റെയും ഭരണ കാലത്തു തന്നെ കരാര്‍ പ്രാവര്‍ത്തിക മാക്കാനുള്ള പ്രതീക്ഷയ്ക്കും ഇതോടെ മങ്ങലേറ്റിരിയ്ക്കയാണ്.

2008, ഓഗസ്റ്റ് 23, ശനിയാഴ്‌ച

മാര്‍ക്സിസ്റ്റ് വിരുദ്ധ 'മ' പത്രങ്ങളുടെ കപട ധാര്‍മിക രോഷം!

കഴിഞ്ഞ മേയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാരിന് നോടീസു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഇടതു പക്ഷ തൊഴിലാളികള്‍ ആഗസ്റ്റ്‌ 20 നു രാജ്യ വ്യാപകമായി ഒരു പൊതു പണിമുടക്ക്‌ നടത്തുകയുണ്ടായി.തൊഴിലാളികളെ മാത്രം ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പുറമെ വിലക്കയറ്റം,നാണയപെരുപ്പം തുടങ്ങി മൊത്തം ജനങ്ങളെ അലട്ടുന്ന പ്രയാസങ്ങളും സമരത്തിന്‌ വിഷയീഭവിച്ചിരുന്നു.
എന്നാല്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ച ഒരുവിഭാഗം മലയാള പത്രങ്ങള്‍ പിറ്റേദിവസം അച്ചു നിരത്തിയത് പണിമുടക്ക്‌ സമരത്തെ അപകീര്‍ത്തി പെടുത്താനാണ്.പണിമുടക്ക്‌ ദിവസം കേരളത്തിലെ ചില സ്ഥലങ്ങളില്‍ ഉണ്ടായ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളെ പെരുപ്പിച്ചു കാണിച്ചു സമരത്തിന്റെ പ്രസക്തി ഇല്ലാതാക്കാനാണ് മനോരമ,മാധ്യമം മുതലായ പത്രങ്ങള്‍ ശ്രമിച്ചത്.
വിരലില്‍ എണ്ണാവുന്ന അനുയായികള്‍ മാത്രമുള്ള പാര്‍ട്ടികള്‍ ഹര്‍ത്താലുകള്‍ നടത്തുമ്പോള്‍ പോലും പ്രോത്സാഹനം നല്‍കാറുള്ള ഈ പത്രങ്ങള്‍ ഭൂരിഭാഗം തൊഴിലാളികളും ജീവനക്കാരും പണിമുടക്കിയിട്ടും അത് കണ്ടില്ലെന്നു നടിക്കുകയായിരുന്നു .സമരത്ത്തിന്റെ ഭാഗമായി കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നപ്പോള്‍ രാഷ്ട്രീയ ലക്‌ഷ്യം വെച്ചു കടകള്‍ തുറന്നുവേച്ചപ്പോള്‍ അടപ്പിക്കാന്‍ ശ്രമിച്ചതിനെയും, വാഹനങ്ങള്‍ തടഞ്ഞതിനെയും, പൊടിപ്പും തൊങ്ങലും ചേര്ത്തു ലീഡ് വാര്‍ത്തയാക്കാനാണ് 'മ' പത്രങ്ങള്‍ മിനക്കെട്ടത് .യുഡിഎഫ് കാരും, ബിജെപി ക്കാരും ഇടക്കിടെ ബന്ദും അക്രമ സമരങ്ങളും സംഘടിപ്പിക്കുമ്പോള്‍ പാടിപുകഴ്താറുള്ള ഇവരുടെ നുണക്കഥകള്‍ ആര് വിശ്വസിക്കാന്‍? മാധ്യമ പ്രവര്‍ത്തകരെ പണിമുടക്കനുകൂലികള്‍ മര്‍ദ്ദിച്ചെന്ന് മുറവിളി കൂട്ടുന്നവര്‍, മലപ്പുറത്ത്‌ മനോരമയുടെ ലേഖകനെ എം എസ് എഫ് കാര്‍ ചവിട്ടി വീഴ്ത്തിയത് കാണാതെ പോയി! കഴിഞ്ഞ 31 ദിവസങ്ങളായി ജമ്മുവില്‍ സംഘ പരിവാര്‍ നടത്തുന്ന ബന്ദിനെയും, ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെയും ചൊല്ലി പ്രതികരിക്കാത്ത 'മ' പത്രങ്ങളുടെ ധാര്‍മിക രോഷം കാപട്യ മല്ലാതെ മറ്റെന്താണ്?

2008, ഓഗസ്റ്റ് 10, ഞായറാഴ്‌ച

മന്‍മോഹന്‍ സിംഗ് ലോകസഭയെ ഭയപ്പെടുന്നോ..?


ലോകസഭയുടെ വര്‍ഷകകാല സമ്മേളനം ആഗസ്ത് 11 മുതല്‍ സെപ്തംബര്‍ 5 വരെ ചേരാനിരുന്നത് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിയ്ക്കയാണല്ലോ.ആണവ വിഷയത്തില്‍ കഴിഞ്ഞ മാസം കുല്‍സിത മാര്ഗ്ഗങ്ങളിലൂടെയും കുതിര കച്ചവടത്തിലൂടെയും സഭയുടെ വിശ്വാസം തട്ടിക്കൂട്ടാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞെന്കിലും ലോകസഭ ചേരുകയാണെന്‍കില്‍ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് പ്രധാന മന്ത്രിയും കൂട്ടാളികളും ഭയപ്പെടുന്നതായി തോന്നുന്നു.കാരണം പ്രതിപക്ഷത്ത് നിന്നും കൂറുമാറി വോട്ടു ചെയ്ത എംപി മാരെ അയോഗ്യരാക്കിയാല്‍ സര്ക്കാരിന്‍റെ കാര്യം പരുങ്ങലില്‍ ആവും .വിശ്വാസ വോട്ടെടുപ്പില്‍ സരക്കാരിനെ രക്ഷപ്പെടുത്തിയതിന് പല രാഷ്ട്രീയ ഭിക്ഷാം ദേഹികള്‍ക്കും നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയിട്ട് പാര്ളിമെന്ടു സമ്മേളനം വിളിക്കാനാണ് സര്ക്കാരിന്‍റെ ഉദ്ദേശമെന്ന് വേണം കരുതാന്‍.ഏതായാലും ലോകസഭ വിളിച്ചു ചേര്‍ക്കാതെ ഒളിച്ചു കളിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.അടിയന്തരാവസ്ഥക്കാലത്ത് പാര്‍ലിമെന്റിനെ നോക്കുകുത്തിയാക്കി മാറ്റിയ പാരമ്പര്യമാണ് കോണ്ഗ്റസ്സിനുള്ളതെന്ന് ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നത് നല്ലതാണ്.

2008, ഓഗസ്റ്റ് 3, ഞായറാഴ്‌ച

അരി മുന്‍ നിര്‍ത്തിയുള്ള രാഷ്ട്രീയക്കളി പവാര്‍ അവസാനിപ്പിക്കണം

അരിയുല്‍്പാദനത്തില്‍ കമ്മി സംസ്ഥാനമായ കേരളത്തിന്നെതിരെ കേന്ദ്രസര്‍ക്കാര്‍ ഇന്നും വിവേചനം തുടരുകയാണ്. നേരത്തെ കേരളത്തിനു നല്‍കിവന്നിരുന്ന വിഹിതത്തില്‍ നിന്നു യാതൊരു കാരണവുമില്ലാതെ 85 ശതമാനം വെട്ടിക്കുറവു വരുത്തി,കേന്ദ്രമന്ത്രി ശരത് പവാര്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനോട് പകപോക്കലിന് തുടക്കം കുറിച്ചു.എന്നാലിപ്പോള്‍ നാമമാത്രമായി ലഭിച്ചിരുന്ന എപിഎല്‍ വിഹിതം പൂര്‍ണ്ണമായി നിര്‍ത്തലാക്കി സംസ്ഥാനത്തെ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലാനുള്ള ക്രൂര വിനോദത്തിലാണ് പവാറും കൂട്ടരും എര്‍പ്പെട്ടിരിക്കുന്നത്.ഇതിന് കാരണമായി പറയുന്നതു ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് ഒപ്പിട്ടതും,സംസ്ഥാന താല്പര്യങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുക്കാന്‍ വിസമ്മതം അറിയിച്ചതുമായ ധാരണാപത്റത്തെയാണ്.അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു പിന്നെയും..............എന്ന് പണ്ടാരോ പറഞ്ഞതു പോലെ മഹാരാഷ്ട്രക്കാരനായ ഭക്ഷൃ മന്ത്രി കേരളത്തിനെതിരെ നുണ പ്രചാരണങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.ഓണക്കാലത്ത് കേരളത്തിനു 10000 ടണ്‍ അരി അനുവദിച്ചിരിക്കുന്നത് ഉമ്മന്‍ ചാണ്ടി,ചെന്നിത്തല,മുരളീധരന്‍ എന്നിവരെല്ലാം ആവശ്യ പെട്ടത് കൊണ്ടാണെന്നും, അങ്ങോര്‍ വെളിപ്പെടുത്തിയിരിക്കുന്നു.തനിക്ക് വേണ്ടപ്പെട്ടവര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം നല്‍കാന്‍ കേന്ദ്ര പൂളിലുള്ള അരി തന്റെ തറവാട്ടു സ്വത്തല്ലെന്നു പവാര്‍ മനസ്സിലാക്കിയാല്‍ നന്ന്.കേരളത്തിലെ ഇടതു മുന്നണിയില്‍ നിന്നു പുറത്താക്കപ്പെട്ടു,ഗതികിട്ടാ പ്രേതം പോലെ അലഞ്ഞു തിരിയുന്ന എന്‍സിപി ക്കാര്‍ക്ക് രാഷ്ട്രീയ ഇടം കണ്ടെത്തുന്നതിനുള്ള ശ്രമമാണോ മന്ത്രി നടത്തുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.ഏതായാലും കേരളത്തിലെ ജനങ്ങള്‍, ബഹുഭൂരിപക്ഷം നല്കി അധികാരത്തില്‍ കൊണ്ടുവന്ന ഒരു സര്‍ക്കാരിനെതിരെയുള്ള കള്ള പ്രചാരണവും,യുദ്ധ പ്രഖ്യാപനവും പവാര്‍ എത്രയും വേഗം അവസാനിപ്പിക്കണം.

2008, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

ലാല്‍ സലാം സഖാവെ,ലാല്‍ സലാം...


വിപ്ലവ നായകന്

ജനകോടികളുടെ ആദരാഞ്ജലികള്‍...

സഖാവ് സുര്ജിതിന്‍റെ

ഓര്‍മ്മകള്‍ക്ക് മുന്‍പില്‍

ഒരായിരമാഭിവാദ്യങ്ങള്‍

അഗ്നിജ്വാലയായ് പടരട്ടെ...

സഖാവിന്‍ വീരസ്മരണകള്‍ നിത്യം ...!