2008, സെപ്റ്റംബർ 30, ചൊവ്വാഴ്ച

പെരുന്നാള്‍ പുലരിയില്‍...

ഈദുല്‍ഫിതറിന്റെ നാളണഞ്ഞൂ
ഇസ്ലാമിന്‍ പുണ്യദിനവും വന്നൂ...
പടിഞ്ഞാറെ മാനത്തോരന്‍പിളി പൊങ്ങി
പള്ളികളില്‍ തക്ബീറിന്‍ ധ്വനി മുഴങ്ങി
അല്ലാഹു അക്ബര്‍,അല്ലാഹു അക്ബര്‍
ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്
പരിശുദ്ധ റമളാനും വിട പറഞ്ഞു
പെരുന്നാളിന്‍ തിങ്കളുദിച്ചുയര്‍ന്നു...
ഈത്തപ്പഴത്തിന്റെ നാട്ടില്‍ നിന്നും
അത്തറിന്‍ പരിമളമെത്തിടുന്‍പോള്‍,
മുത്ത് റസൂലന്ന് കാട്ടിത്തന്ന
സത്യത്തിന്‍ നേര്‍വഴി പിന്തുടര്‍ന്നോര്‍
ഈമാനുറപ്പിച്ച് മുന്നേറുമ്പോള്‍ ,
ഈടുറ്റ നേട്ടങ്ങള്‍ സ്വന്തമാക്കും!
ഫിതര്‍ സക്കാത്തും കൊടുത്തിടേണം
വിധി പോലെയെല്ലാം നടത്തിടേണം..
മൈലാഞ്ചിയണിയുന്ന മന്കകള്‍ക്ക്
മൈക്കണ്ണില്‍ സ്വപ്‌നങ്ങള്‍ പൂത്തിറങ്ങി
പുതു വസ്ത്രമണിയുന്നുണ്ടാമോദത്താല്‍
ഈദിന്റെ സന്ദേശം കൈമാറണം...
ശാന്തി സമാധാനം നാട്ടിലെങ്ങും
ശാശ്വതമാകുവാന്‍ പ്രാര്‍ത്ഥിയ്ക്കേണം
ഇബിലീസിന്‍ തെറ്റായ വഴിയിലൂടെ
ഇനിയും നടക്കല്ലേ നിങ്ങളാരും...
നിയ്യത്തെടുക്കേണം പുണ്യ നാളില്‍
നേരായ മാര്‍ഗ്ഗത്തെ സ്വീകരിയ്ക്കാന്‍
നോമ്പിന്‍ വിശുദ്ധി നാമെന്നുമെന്നും
ഇമ്പമാര്‍ന്നുള്ളത്തില്‍ സൂക്ഷിയ്ക്കേണം!


2008, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

വ്രതവിശുദ്ധിയുടെ നാളുകള്‍ വിടവാങ്ങുന്നു...

അസ്സലാമു അലൈക്കും യാ ശഹറ് റമളാന്‍...
പരിശുദ്ധ റമളാനിനോട് വിട പറയുവാന്‍, കഴിഞ്ഞ വെള്ളിയാഴ്ച ലോകത്തെങ്ങുമുള്ള മുസ്ലിം പള്ളികളില്‍ മുഴങ്ങിക്കേട്ട വിടവാങ്ങല്‍ സന്ദേശമാണ് മുകളിലുദ്ധരിച്ചത്.
ഒരുമാസക്കാലമായി വ്രതാനുഷ്ടാനത്തിലൂടെ സ്വായത്തമാക്കിയ സദ്ഗുണങ്ങള്‍ വരും മാസങ്ങളിലും കൈവിട്ടു പോകാതെ നിലനിര്‍ത്താനുള്ള ബാധ്യത സത്യവിശ്വാസികള്‍ക്കെല്ലാമുണ്‍ടെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് റമളാനിലെ അവസാന ദിനങ്ങള്‍.
പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണപാനീയങ്ങള്‍ വെടിഞ്ഞും,ആരാധനകളില്‍ മുഴുകിയും
പള്ളികളില്‍ ഇഅതിക്കാഫിരുന്നും,
മനസ്സുകളില്‍ നിന്ന് പാപ ചിന്തകളെയും പക,പരദൂഷണം,അസൂയ മുതലായ എല്ലാ കറകളും
കഴുകിക്കളഞ്ഞ് നിര്‍മ്മലമായ മനസ്സിനുടമയായി മാറിയവര്‍ക്ക്
വ്രതവിശുദ്ധിയിലൂടെ നേടിയ ആത്മധൈര്യം ,തെറ്റുകള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കാനുള്ള പടച്ചട്ടയായി മാറണമേ എന്ന് സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനോട് പ്രാര്‍ത്ഥിയ്ക്കുന്നു.

2008, സെപ്റ്റംബർ 28, ഞായറാഴ്‌ച

വിധി

എല്ലാം പടച്ചോന്റെ വിധിയാണെന്ന്
തെല്ലും മടിയാതെ കരുതിക്കൊള്‍വീന്‍..
താഹാ റസൂലിന്റെ പിരിശത്താലെ
റാഹത്തൊരുപാടിന്നിറങ്ങുന്നുണ്ടേ..
പാരം ദുനിയാവില്‍ ജനിച്ചോരെല്ലാം
ഭാരം ചുമക്കുവാന്‍ വിധിയ്ക്കപ്പെട്ടോര്‍!
കലിമയുറപ്പിച്ച് കഴിഞ്ഞോര്‍ക്കെല്ലാം
കരുണ ചൊരിയുന്നോനിലാഹാണല്ലോ!
നാളെ മഹ്ശറ തിരുസഭയില്‍
ഏറെ വിധി കേള്‍ക്കാനൊരുങ്ങിക്കൊള്‍വീന്‍..
ദീനിന്‍ വഴി തെറ്റി നടന്നോര്‍ക്കെല്ലാം
നീറും നരകമന്നുറപ്പാണല്ലോ..
ഈമാന്‍ വെടിയാതെ കഴിഞ്ഞോര്‍ക്കെല്ലാം
ഫിര്ദൌസൊരുങ്ങുന്നൂ പരലോകത്തില്‍..
ആലം ഉടയോനേ റഹീമായോനേ,
നേരും നെറിയുടെ വഴികള്‍ കാട്ട്..

2008, സെപ്റ്റംബർ 27, ശനിയാഴ്‌ച

ലൈലത്തുല്‍ഖദ്ര്‍

റമളാനിലവസാനപത്തിലെ
റഹമത്ത് ചൊരിയുന്ന രാവിത്
ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയില്‍
നെഅമത്തിറങ്ങുന്ന വേളയില്‍,
സത്യവിശ്വാസികളെല്ലോരുമേ
റബ്ബില്‍ സുജൂദിടുന്നെങ്ങുമേ..!
തെറ്റുകുറ്റങ്ങള്‍ പൊറുക്കുവാന്‍
മാറ്റൊത്ത ജീവിതം കാട്ടുവാന്‍
കാരുണ്യവാനായ തമ്പുരാന്‍
റാഹത്തിറക്കുമീ രാത്രിയില്‍
ഈമാന്‍ വെടിയാതെ ജീവിതപ്പാതയിലൂടെ ചരിയ്ക്കുവാന്‍
ഇഅതിക്കാഫിരിയ്ക്കുന്നൂപള്ളിയില്‍ പാപങ്ങളെല്ലാം പൊറുക്കുവാന്‍
നീറും മനസ്സുമായ് കേഴുന്നൂ റബ്ബിന്‍റെ കാരുണ്യം തേടുന്നൂ
പോരിശയേറുമീ രാത്രിയില്‍ തൌബാ ചെയ്തു മടങ്ങുന്നൂ...

2008, സെപ്റ്റംബർ 16, ചൊവ്വാഴ്ച

ബദര്‍യുദ്ധസ്മരണകളുമായി പതിനേഴാംരാവ്

റമളാന്‍ മാസത്തിലെ മുപ്പത് ദിനരാത്രങ്ങളും പുണ്യകര്‍മ്മങ്ങള്‍ കൊണ്ടും അല്ലാഹുവിന്റെ കരുണ കൊണ്ടും സമ്പന്നമാണെങ്കിലും പതിനേഴാംരാവ് വിശ്വാസികള്‍ക്ക് വീരസ്മരണകളുയര്ത്തുന്നതാണ്.അന്നാണ് അവിശ്വാസത്തിന്മേല്‍ വിശ്വാസത്തിന്റെ വിജയ പതാക പാറിച്ചതും ഇസ്ലാമിക ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടതുമായ ബദര്‍ യുദ്ധം നടന്നത്.മുഹമ്മദ് നബി(സ.അ)മക്കയില്‍ മതപ്രചാരണം ആരംഭിച്ചത് മുതല്‍ ഖുറൈശികളില്‍ നിന്ന്‌ രസൂലിനും സഹാബത്തിനും കൊടിയ പീഢനങ്ങള്‍ സഹിയ്ക്കേണ്ടി വന്നതിനാല്‍ മദീനത്തേക്ക് പലായനം ചെയ്യേണ്ടി വന്നു. അബൂസുഫിയാന്റെ കച്ചവട സംഘത്തെ സംരക്ഷിക്കാനെന്ന വ്യാജേന അവിശ്വാസികളുടെ തലതൊട്ടപ്പനും അഹങ്കാരത്തിന്റെ ആള്‍രൂപവുമായ അബൂജാഹിലും കൂട്ടരും ഇസ്ലാമിന് മേല്‍ അടിച്ചേല്‍പ്പിച്ചതായിരുന്നു ബദര്‍യുദ്ധം. സര്‍വ്വസൈനിക സന്നാഹങ്ങളോട് കൂടിയും ആയിരത്തില്‍ പരം സൈനികരൊടും ഒപ്പം പൊരുതിയിട്ടും, ഈമാനിന്റെ രക്ഷാകവചം മാത്രമണിഞ്ഞ 313 പേര്‍ മാത്രം വരുന്ന റസൂലിനെയും സഹാബത്തിനേയും പരാജയപ്പെടുത്താന്‍ അബൂജാഹിലിനും കൂട്ടാളികള്‍ക്കും കഴിയാതെ പോയത്, സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിന്റെ കാരുണ്യം കൊണ്ടു മാത്രമാണ്. യുദ്ധത്തില്‍ അബൂജാഹിലുള്‍പ്പടെ ഖുറൈശിക്കൂട്ടത്തിലെ കൊലകൊമ്പമ്മാര്‍ പലരും ബദറിലെ രണഭൂമിയില്‍ കൊല്ലപ്പെടുകയും ഏറെപ്പേര്‍ യുദ്ധതടവുകാരായി പിടിയ്ക്കപ്പെടുകയും ചെയ്തു.സഹാബാക്കളുടെ കൂട്ടത്തില്‍ നിന്ന് പതിനാല് പേരും ശുഹദാക്കളായി.നേരിന്റെ വഴിയില്‍ പടവെട്ടി വിജയം വരിച്ച ബദരീങ്ങളുടെ കാരുണ്യം വിശ്വാസികളുടെ മേല്‍ എന്നുമുണ്ടാവട്ടെയെന്നു ഈ അവസരത്തില്‍ നമുക്ക് ദുആ ചെയ്യാം.

2008, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

വല്യമ്മാമന്‍

ചാരുകസേരയിലുമ്മറക്കോലായില്‍
ചാഞ്ഞു കിടക്കുന്നു വല്യമ്മാമന്‍...
തറവാട്ടുകാരണോര്‍ പേരു കേള്‍ക്കുമ്പോഴേ
വിറ കൊള്ളും നാട്ടിലെയടിയാളന്മാര്‍..!
ഉച്ചിക്കുടുമയും സ്വര്‍ണ്ണക്കടുക്കനും
ഉച്ചത്തിലുള്ളൊരു സംസാരവും
ഉഗ്ര പ്രതാപവാന്‍ വല്യമ്മാനങ്ങനെ
അഗ്രജനായിട്ടു വാണിരുന്നൂ..
കൊല്ലും കൊലയ്ക്കുമധികാരമുള്ളയാള്‍
വല്യമ്മാനെന്തെല്ലാം ചെയ്തുകൂട്ടി..!
എല്ലാമറിയുന്നു മാലോകരെല്ലാരും
കാതോട് കാതോരം ചൊല്ലിടുന്നൂ..
പുലയിപ്പെണ്ണിനെ പ്രേമിച്ച മരുമോനെ
കൊല ചെയ്തു കെട്ടി തൂക്കിയത്രേ..
പാടത്ത് പണിചെയ്യുമടിയാത്തിപ്പെണ്ണിനെ
പത്തായപ്പുരയിലടച്ചു പൂട്ടി
മാനം കവര്‍ന്നതുമവളുടെ ജടമന്നു
കായലില്‍ കണ്ടതും കഥകളത്രേ..
തറവാട്ട്‌വീട്ടിലെ ഉമ്മറക്കോലായില്‍
തനിയെയിരിയ്ക്കുന്നു വല്യമ്മാമന്‍..

2008, സെപ്റ്റംബർ 9, ചൊവ്വാഴ്ച

മാര്‍ച്ചിങ്ങ് സോങ്ങ്

വരികയായി വരികയായി ചെന്കൊടിക്ക് കീഴിലായ്‌
പൊരുതുവാനുറച്ചു ഞങ്ങളണിനിരന്നു വരികയായ്..
പടനിലങ്ങളില്‍ പിടഞ്ഞു ജീവിതം വെടിഞ്ഞവര്‍
തുടലുകള്‍ വലിച്ചെറിഞ്ഞ ധീര രക്തസാക്ഷികള്‍.!
നെഞ്ചിലേറ്റിയോമനിച്ച സ്വപ്ന മാകെയും തകര്‍ത്ത്
വന്ചകപ്പരിഷകള്‍ വാണിടുന്നൊരിന്ത്യയില്‍...
കഴുമരങ്ങളില്‍ തകര്‍ന്ന ജീവിതങ്ങള്‍ സാക്ഷിയായ്
കേട്ടു കൊള്‍ക ഞങ്ങളിന്നു സട കുടഞ്ഞു വരികയായ്..
ഇന്ത്യയെ വിദേശികള്‍ക്ക് വിറ്റിടുന്ന കൂട്ടരേ,
യാന്കികള്‍ക്ക് പരവതാനി നീര്‍ത്തിടുന്ന ഭരണമേ,
അധിനിവേശ ശക്തികള്‍ക്കു കീഴടങ്ങി നാടിനെ
അടിമ രാജ്യമാക്കിയിനിയും മാറ്റിടെണ്ട കൂട്ടരേ..
ഉടമ വര്‍ഗ്ഗമിനിയുമിവിടെ നാടിനെ മുടിയ്ക്കുവാന്‍
അനുവദിയ്ക്കയില്ല ഞങ്ങള്‍, ജീവനുള്ള നാള്‍ വരെ..!
ജനവിരുദ്ധ കേന്ദ്രമാക്കി ഭരണമാകെ മാറ്റിയോര്‍
കവര്‍ന്നെടുത്തിടുന്നു, നമ്മള്‍ പട നയിച്ചു നേടിയ
നേട്ടമാകയും തകര്ത്തു ചുടല നൃത്തമാടുവോര്‍..!
കോട്ട കൊത്തളങ്ങള്‍ തീര്‍ത്ത ദുഷ്ട ഭരണ വര്‍ഗ്ഗമേ,
ജനവിരുദ്ധ ഭരണമേ,ദില്ലി വാഴും കൂട്ടരേ,
പുഴകള്‍ താണ്ടി വരികയായ്,മലകള്‍ കേറി വരികയായ്
വഴികള്‍ താണ്ടി ചുവടുറച്ചു സമര ഭൂവിലെക്കിതാ...
ആയിരങ്ങളായിരങ്ങളണി നിരന്നു വരികയായ്
സമര ഗാഥ പാടി ഞങ്ങളടിയുറച്ചു വരികയായ്
വരികയായ് ചെന്കൊടിയ്ക്ക് കീഴില്‍ ഞങ്ങള്‍ വരികയായ്

2008, സെപ്റ്റംബർ 7, ഞായറാഴ്‌ച

അത്തം പത്തോണം

അത്തം പത്തോണം മലയാളക്കരയാകെ
തൃക്കാക്കരയപ്പനെ വരവേല്‍ക്കണ്ടേ..?
പൂവേ പൊലി പാടണ്ടേ?പൂക്കളം തീര്‍ക്കണ്ടേ?
പൂന്പാറ്റകള്‍ പാറുന്ന തൊടികള്‍ തോറും,
കാലത്തും വൈകീട്ടും ഒരു വട്ടി പൂ തേടി
അലയണ്ടേ...ഓണക്കളികള്‍ വേണ്ടേ..?
പുത്തനുടുപ്പുകള്‍ ഓണക്കോടികള്‍
പുത്തരി ചോറും പായസവും
കുഞ്ഞോമനകളേ, നിങ്ങള്‍ക്ക്‌ നല്‍കുവാന്‍
മാവേലി തന്പുരാനെഴുന്നള്ളുന്നു..!
മാനത്തെ മാണിക്യ കൊട്ടാര കെട്ടിലെ
മാലാഖ പെണ്മണികള്‍ കണ്‍‌തുറന്നു..
ഓണ നിലാവിന്റെ തോണിയിലേറിയ
നാണം കുണുങ്ങികള്ക്കുത്സവമായ്...!
ആമോദ മെങ്ങും പടരുന്നുണ്ടേ..
ആര്‍പ്പു വിളികളുയരുന്നുണ്ടേ..
നാടും നഗരവുമോണമുണ്ണാന്‍
നാളുകളെണ്ണിക്കഴിയുന്നുണ്ടേ..!
അത്തം പത്തോണം മലയാളിയ്ക്ക്
ചിത്തത്തില്‍ കുളിരേകും നാളാണല്ലോ..!

2008, സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

ഓണം വന്നേ പൊന്നോണം വന്നേ


ഓണം വന്നേ...പൊന്നോണം വന്നേ...
മാവേലി തമ്പുരാനെഴുന്നള്ളുന്നേ...
മലയാളിക്കെന്നെന്നുമോണക്കാലം
മധുരിയ്ക്കുമോര്‍മ്മകള്‍ പൂക്കും കാലം..!
തെച്ചിയും മന്ദാരം മുക്കുറ്റിയും
പിച്ചക പൂക്കളും തൊടിയിലാകെ
തുന്പയും പൂവിളി പാട്ടിനൊപ്പം
തുന്പികളാടുന്ന കാലമെത്തി
മാനുഷരെല്ലാരും മാവേലിയെ
മനസ്സിന്റെ മുറ്റത്ത്‌ വരവേല്‍ക്കുന്നു..
മാവേലി തന്പുരാനെത്തിടുംപോള്‍
ഉപചാര വാക്കുകള്‍ ചൊല്ലിടുന്നു
പ്രജകളെ കാണാനായ് വന്നതല്ലേ?
പാതാള ലോകത്ത് സൌഖ്യമല്ലേ?
സ്നേഹത്തില്‍ പൊതിയുന്നു മാവേലിയെ
പൊയ്പോയ നാളുകളയവിറക്കി..!
കള്ളമില്ലാത്ത ചതിയില്ലാത്ത
നല്ലൊരു നാളിന്റെയോര്‍മ്മയ്ക്കായി
പൊന്നോണ നാളിനെ വരവേല്‍ക്കുന്നേ...
എല്ലാരുമെല്ലാരും വരവേല്‍ക്കുന്നേ...

2008, സെപ്റ്റംബർ 4, വ്യാഴാഴ്‌ച

ക്ഷമയും ത്യാഗങ്ങളും റമളാന്‍റെ മുഖമുദ്രകള്‍


റമളാന്‍ മാസം പുണ്യങ്ങളുടെ പൂക്കാലമാണെങ്കിലും ക്ഷമയും ത്യാഗമനോഭാവവും വിശ്വാസികളില്‍ അരക്കിട്ട് ഉറപ്പിക്കേണ്ട മാസം കൂടിയാണിത്.
പകല്‍ മുഴുവന്‍ ആഹാരവും, ശാരീരികവും മാനസികവുമായ എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിച്ച് ഇബാദത്തില്‍ മുഴികിയിരിക്കുന്ന സത്യവിശ്വാസിയെ സംബന്ധിച്ചെടുത്തോളം റമളാനിന്‍റെ പുണ്യം അവന് അവകാശപ്പെട്ടതാണ്.സഹജീവികളോടും ഭൂമിയിലെ സര്‍വ്വ ചരാചരങ്ങളോടും ക്ഷമിക്കാന്‍ കഴിയുന്നവന് മേല്‍ അല്ലാഹുവിന്‍റെയും അവന്‍റെ റസൂലായ മുഹമ്മദ് നബി (സ.അ)യുടെയും കാരുണ്യംഎപ്പോഴും ചൊരിയപ്പെടുമെന്നതിന് എത്രയോ ഖുര്‍ആന്‍ സൂക്തങ്ങളും,ഹദീസുകളും സാക്ഷ്യപ്പെടുത്തുന്നു.റസൂല്‍ തന്റെ ജീവിത ശൈലി കൊണ്ടു തന്നെ സഹാബിമാര്‍ക്ക്‌ മാതൃക കാട്ടിയതിനും നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. താന്‍ നമസ്ക്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ കഴുത്തില്‍ കുടല്‍ മാലകള്‍ കൊണ്ടിട്ട യഹൂദന് പോലും മാപ്പു നല്കിയ നബിചര്യ ആരുടേയും കണ്ണ് തുറപ്പിക്കേണ്ടതാണ്.മത പ്രചാരണ സമയത്ത് മക്കയിലും മദീനയിലും വെച്ചു അവിശ്വാസികളായ ഖുറൈശികളോട് റസൂല്‍ ഏത്റമാത്റമാണ് ക്ഷമിച്ചതെന്നതിന് ഇസ്ലാമിന്റെ ചരിത്രം തെളിവാണ്.പുണ്യ റമളാന്‍റെ സന്ദേശ മുള്‍ക്കൊണ്ട് പരസ്പരം ക്ഷമിക്കാനും സമൂഹത്തില്‍ ശാന്തിയും സമാധാനവും പുലര്‍ത്താനും യഥാര്‍ത്ഥ മത വിശ്വാസികള്‍ക്ക് കഴിയേണ്ടതാണ്.
ത്യാഗത്തിന്റെ കാര്യത്തിലാണെങ്കില്‍ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞും, ശാരീരികവും മാനസികവുമായ എല്ലാ സുഖഭോഗങ്ങളും ഉപേക്ഷിച്ചും ഉള്ള നോമ്പ്, മനുഷ്യകുലത്തിനു തന്നെ മാതൃക ആവേണ്ടതാണ്‌.ആഡംബര ജീവിതത്തിനു പുറകെ പരക്കം പായുന്ന ആധുനിക മനുഷ്യന് റമളാനിലെ ത്യാഗമനോഭാവം തുടര്‍ന്നും ജീവിതലക്ഷൃമാവണം.

2008, സെപ്റ്റംബർ 3, ബുധനാഴ്‌ച

തൌഹീദ്

ജാഹിലിയെത്തിന്നിരുളിലാണ്ട ഖുറൈശികള്‍
ലാഹിലാഹില്ലല്ലായെന്നു ചൊല്ലാന്‍ മടിച്ച നാള്‍,
മുത്ത്‌ മുഹമ്മദ് മുസ്തഫാ മുന്നം മക്കത്ത്
സത്യത്തിന്‍ പൊന്‍ വിളക്കേന്തി വന്നൊരാ കാലത്ത്,
ഹീറാ ഗുഹയിലന്നേകനായിട്ടിരിക്കുംപോള്‍,
താഹാ റസൂലിന്‍റെ ചാരത്തെത്തി ജിബിരീലും..!
ഓതുക യെന്നു മലക്ക് ചൊന്നൊരാ നേരത്ത്
ഓതാനറിയില്ലായെന്നു ചൊല്ലി റസൂലുല്ലാ..!
മഗിരിബും പിന്നെ മശിരിക്കും പരിപാലിക്കും
ആലം ഉടയവനായ റബ്ബിന്‍റെ നാമത്തില്‍,
ആരംഭിയ്ക്കുകയെന്നോതി വീണ്ടും ജിബിരീല്
അല്‍ അമീനായുള്ളോരപ്പോളോതി തുടങ്ങുന്നു..
താഹാ റസൂലുള്ള നുബുവത്തും കയ്യേല്‍ക്കുന്നല്ലോ
തൌഹീദിന്‍ പൊന്‍ പ്രഭ ലോകമെങ്ങും പരന്നല്ലോ..!










2008, സെപ്റ്റംബർ 2, ചൊവ്വാഴ്ച

ദുആ

ഇരു കൈയ്യുമുയര്‍ത്തി ഞാനിരക്കുന്നൂ ദുആയെന്നും,
പരലോകത്തലിവിന്‍റെ കണിക കാണ്മാന്‍..!
ഇഹലോക സുഖങ്ങളില്‍ മയങ്ങി ഞാന്‍ കഴിഞ്ഞപ്പോള്‍,
ഇലാഹിന്‍റെ വഴിയെല്ലാം മറന്നു പോയി ..!!
ദുര മൂത്ത മനസ്സിന്‍റെ അടിമയായ്
കഴിഞ്ഞപ്പോള്‍,
ദുനിയാവ് സ്ഥിരമെന്നു കരുതിപ്പോയി...!
പടച്ചോന്‍റെ നാള്‍വഴിയിലെഴുതിയ കണക്കുകള്‍
തിരുത്തുവാന്‍ കഴിയില്ലന്നറിയുന്നു ഞാന്‍..!
ഒരുപാട് ദുരിതത്തിന്‍ കടല്‍ താണ്ടി വരുന്നേരം,
കരകാണാന്‍ തുണയ്ക്കേണേ റഹീമായോനേ,
ഇരുകൈകളുയര്‍ത്തിക്കൊണ്ടിരക്കുന്നു ദുആ ഞങ്ങള്‍
പരലോകത്തലിവിന്‍റെ കണിക കാട്ട്...!!



2008, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

കളിവീട്

മഴമേഘങ്ങളാകാശത്തില്‍ മേയുമൊരു മൂവന്തിയില്‍
ഈ പുഴയോരത്ത് ഞാനെകനായിരിക്കവേ,
ഓര്‍മ്മകള്‍ തന്നോളങ്ങളെ പുല്കിയെത്തിടും കാറ്റിന്‍
മര്‍മ്മരം മനസ്സിന്റെ ജാലകം തുറക്കുന്നു...!
കളിവീടുണ്ടാക്കി ഞാന്‍ ചക്കര മാവിന്‍ ചോട്ടില്‍
കൂട്ടുകാരിയെയും കാത്ത് കണ്ണും നാട്ടിരിക്കവേ,
ബാല കൌതുകത്തിന്റെ നൈര്‍മ്മല്യംചാലി-
ച്ചെടുത്തഴകിന്‍ തൂവാലകള്‍ തുന്നിയ പൂതുംപികള്‍
നമുക്കു ചുറ്റും കൂടി പറന്നുല്ലസിക്കവേ,
ഏതൊരു മായാലോകം പൂകിനാം പ്രിയ സഖീ !
മധുരം കിനിയുന്നോരോര്‍മ്മകളിന്നും ഹൃത്തില്‍
തേന്മഴ പെയ്യിക്കുന്നതറിയുന്നുവോ സഖീ ?
എത്റനാളിണങ്ങിയും പിണങ്ങിയും കഴിയുന്നൂ
ജീവിത ചക്രം വീണ്ടും കറങ്ങി തിരിഞ്ഞപ്പോള്‍ !!