2008, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

പ്രിയദര്‍ശിനിക്ക് പ്രണാമം


യമുനാ തീരത്തിലെ മണ്‍തരി ചുവപ്പിച്ച
നിമിഷങ്ങളില്‍ കൊടും പാതകമാവര്‍ത്തിപ്പൂ..!
വ്യാഴവട്ടങ്ങള്‍ മൂന്നു കൊഴിഞ്ഞു പോയെന്കിലും
അഴലിന്‍ മുറിവുകള്‍ കരിഞ്ഞില്ലിന്നോളവും..!
വെടിയുണ്ടകള്‍ മതഭ്രാന്തിന്റെ തീനാമ്പുക-
ലിടനെഞ്ചിലായ് ചോരപ്പൂവുകള്‍ വിരിയിക്കെ
രാമരാജ്യത്തെ സ്വപ്നം കണ്ടൊരാ മഹാത്മാവിന്‍
തൂമിഴിക്കോണില്‍ തങ്ങും ചുടുനീര്‍ക്കണങ്ങളില്‍,
പ്രതിബിംബമായ് പുനര്‍ജ്ജനിച്ചൊരാവേശമാം
പ്രിയദര്‍ശിനിയാമ്മേ, വേര്‍പിരിഞ്ഞുവോ വേഗം..!
ചരിത്രം മരവിച്ചു നില്‍ക്കുമീ കവലയില്‍
തരിച്ചു നില്ക്കും ഞങ്ങള്‍ക്കാരിനി വഴി കാട്ടും?
മാനിഷാദകള്‍ ശാന്തിമന്ത്രമായുരുവിട്ട
മാമുനി വിരചിച്ച പൈതൃകം മറന്നെന്നോ?
താവകഗേഹത്തിലെ പുല്‍ത്തകിടിയില്‍ ചോര-
പ്പൂവുകള്‍ മൊട്ടിട്ടതെന്‍ മിഴിയില്‍ തെളിയുമ്പോള്‍,
കാല്‍വരിക്കുരിശിന്മേല്‍ പ്രാണനെയുടക്കിയ
ദൈവപുത്രനെക്കൊന്ന ചരിത്രമാവര്‍ത്തിപ്പൂ..!
ഈയുഗപ്പിറവിയിലാര്‍ഷഭാരതത്തിന്‍റെ
വീഥിയില്‍ തെളിഞ്ഞെത്ര കല്‍വിളക്കുകള്‍ കെട്ടൂ..!
മൌനദുഃഖവും പേറിയിരുളിന്‍ ഗുഹാമുഖ-
ത്തലയും പഥികരെയാരിനി നയിക്കുവാന്‍?
ഇന്ത്യയെ വീണ്ടും വെട്ടി നുറുക്കുവാനനസ്യൂതം
സിന്ധുവിന്‍ തടങ്ങളില്‍ പോര്‍ വിളി മുഴങ്ങുമ്പോള്‍,
ഹിമവല്‍ സാനുക്കളില്‍ പ്രതിധ്വനിച്ചൊരാ ശബ്ദം
ഇനിമേലീനാടിന്‍റെ കാതുകള്‍ക്കുത്തേജകം..!
യമുനാനദിയിലെയലമാലകള്‍ തോറും
നിമിഷം കനം തൂങ്ങി നില്‍ക്കുമീ മുഹൂര്‍ത്തത്തില്‍
പ്രിയദര്‍ശിനിയാമമ്മേ,യുഗശില്‍പ്പിയാം തായേ,
പ്രണമിക്കുന്നൂ ഞങ്ങള്‍ നിറകണ്ണുകളോടെ..!
പിന്‍കുറിപ്പ്-ഒക്ടോബര്‍ 31 ശ്രീമതി ഇന്ദിരാഗാന്ധി
തന്റെ അംഗരക്ഷകന്‍റെ വെടിയുണ്ടകളാല്‍
നിഷ്ഠൂരമായി വധിക്കപ്പെട്ട ദിനം വീണ്ടും
വന്നെത്തി.ഇപ്പോഴും മനസ്സില്‍ മായാതെ
കിടക്കുന്ന പ്രിയദര്‍ശിനിയുടെ ഓര്‍മ്മകള്‍ക്ക്
മുമ്പില്‍ പ്രണാമമര്‍പ്പിക്കുന്നു! ഈ കവിത
1984 ഡിസംബര്‍ 2 ന്റെ കേരള കൌമുദി
വീക്കെന്‍ഡ് മാഗസിനില്‍ പ്രസിദ്ധീകരിച്ചതും,
ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം
ചെയ്തതുമാണ്.

2008, ഒക്‌ടോബർ 26, ഞായറാഴ്‌ച

ഗോപുരങ്ങള്‍ കുലുങ്ങുമ്പോള്‍


അങ്ങകലെ
അമേരിക്കന്‍ ഐക്യനാടുകളില്‍
മുതലാളിത്തത്തിന്റെ ദന്തഗോപുരങ്ങള്‍
ഇളകിയാടുന്നു...!
വാള്‍ട്ട് സ്ട്രീറ്റില്‍ ഓഹരിസൂചികകള്‍
താഴോട്ട്...താഴോട്ട്
യൂറോപ്പിലെ നഗരപ്രാന്തങ്ങളിലും
സാമ്പത്തിക മാന്ദ്യത്തിന്റെ കരിനിഴല്‍
മെല്ലെ മെല്ലെ തകര്‍ച്ചയുടെ
നാന്ദി കുറിക്കുമ്പോള്‍,
മുതലാളിത്ത പാത മനസ്സാവരിച്ച
ഇന്ത്യയടക്കമുള്ള
മൂന്നാം ലോക രാഷ്ട്രങ്ങള്‍ക്ക്
എങ്ങനെ രക്ഷപ്പെടാന്‍ കഴിയും?
മന്‍മോഹന്‍ സിംഗും, ചിദംബരംസ്വാമിയും,
ആര്‍ ബി ഐ യും പറയുന്നതെല്ലാം
പാഴ്വാക്കുകള്‍ മാത്രമെന്ന്
പാതാളത്തിലേക്ക്‌ പതിക്കുന്ന
നമ്മുടെ ഓഹരി മാര്‍ക്കറ്റുകള്‍
വിളിച്ചു പറയ്ന്നത് കേള്‍ക്കുന്നില്ലേ ?
സെന്‍സെക്സിന്‍റെയും, നിഫ്റ്റിയുടെയും
നട്ടെല്ലൊടിയുന്നതും നാം കാണുന്നു...!
ചിലര്‍ പറയുന്നു ചീന രക്ഷപ്പെടുമെന്ന്
എന്നാലത് വ്യാമോഹം മാത്രമെന്ന്
കാലം തെളിയിക്കുന്നു...
കമ്മ്യൂണിസത്തില്‍ വെള്ളം ചേര്‍ത്താല്‍
മുതലാളിത്തത്തെ മുറുകെ പുണര്‍ന്നാല്‍
ഒരു സോവിയറ്റ് ചിത്രം മുന്പിലില്ലേ...?
ദാസ് കാപിറ്റല്‍ വായിച്ചു നോക്കാന്‍
പോപ്പ് തിരുമേനിയരുളിച്ചെയ്തത്
ചരിത്രത്തിന്റെ നിയോഗമത്രേ...!






2008, ഒക്‌ടോബർ 11, ശനിയാഴ്‌ച

ആണവക്കരാറും ഇന്ത്യന്‍ ജനാധിപത്യവും

ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍ യാഥാര്‍ത്യമായിരിക്കയാണല്ലോ.ഈ അവസരത്തില്‍ കരാറിന്റെ നടപടിക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത് അമേരിക്ക അവരുടെ ജനാധിപത്യപരമായ എല്ലാ മര്യാദകളും പാലിച്ചുകൊണ്ടും ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ടുമാണ് മുന്നോട്ടു പോയതെന്കില്‍ ,ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നവകാശപ്പെടുന്ന ഇന്ത്യക്ക് അങ്ങിനെയൊരു നടപടിക്രമം പാലിക്കാന്‍ കഴിഞ്ഞില്ലന്നതാണ്.ഇക്കാര്യത്തില്‍ യു എസ് പ്രസിഡണ്ട്‌ ജോര്‍ജ് ബുഷും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും തമ്മില്‍ പ്രകടമായ വ്യത്യാസം കാണാം.അമേരിക്കയിലെ ജനപ്രതിനിധിസഭകളായ സെനറ്റിലും മറ്റും തന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷ പിന്തുണയില്ലെന്നറിഞ്ഞിട്ടും എല്ലാ സഭകളിലും സജീവമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതും അവസാനം അനുകൂല തീരുമാനമെടുപ്പിക്കാന്‍ കഴിഞ്ഞതും ആ രാജ്യത്ത് നിലനില്‍ക്കുന്ന ഉത്തമമായ ജനാധിപത്യ മൂല്യങ്ങളെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്.എന്നാല്‍ മന്‍മോഹന്‍ സിംഗാവട്ടെ പാര്‍ലിമെന്റിലെ പ്രതിപക്ഷ പാര്‍ട്ടികളെയോ,തന്റെ സര്‍ക്കാരിനെ താങ്ങി നിര്‍ത്തിയ ഇടതു പക്ഷ പാര്‍ട്ടികളെയോ വിശ്വാസത്തിലെടുക്കാത്ത തികച്ചും ഏകാധിപത്യ പരമായ സമീപനമാണ് സ്വീകരിച്ചത്.ഏറ്റവുമൊടുവില്‍ കരാറിന്റെ പേരില്‍ ഇടതു പക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ വിശാസവോട്ട്‌ നേടാന്‍ വിളിച്ചു ചേര്‍ത്ത ലോകസഭാ സമ്മേളനത്തില്‍ നല്കിയ ഉറപ്പുകള്‍ പോലും പാലിക്കാതെ പാര്‍ലിമെന്‍റ് സമ്മേളനം മരവിപ്പിക്കുകയാണ് ചെയ്തത്.123 കരാറിന്‍റെ നേട്ടകോട്ടങ്ങളെ കുറിച്ചുള്ള വാദപ്രതിവാദത്തിനിടയില്‍ വരും നാളുകളില്‍ ഈ വിഷയം കൂടി സജീവ ചര്‍ച്ചയ്ക്ക് വിധേയമാകേണ്ടതാണ്.

2008, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

കറുത്ത ദിനം

ഒറ്റപ്പെടുത്തുക ഒററുകാരാണിവര്‍
വിറ്റു തുലയ്ക്കുന്നു യാന്കികള്‍ക്കിന്ത്യയെ
പിറന്ന നാടിനെ പണയപ്പെടുത്തിയ
കറുത്ത ദിവസമാണീദിനമോര്‍ക്കുക
ഗാന്ധിയും ജവഹറും വല്ലഭായ് പട്ടേലും
ഇന്ത്യക്ക് നല്കിയ സ്വാശ്രയ വീക്ഷണം
ബുഷിന്റെ കാല്ക്കീഴിലടിയറ വെച്ചവര്‍
വിഷവിത്തുകള്‍ നാടിന്‍ ശാപമാണോര്‍ക്കുവിന്‍
ആരിവര്‍ക്കേകിയീക്കൊടുംചതി ചെയ്യുവാന്‍
ഊരാക്കുടുക്കില്‍ പെടുത്തിയീ നാടിന്‍റെ
പരമാധികാരത്തെ അധിനിവേശകാര്‍ക്ക്
പണയപ്പെടുത്തുവാനധികാരമണിയണം!
നാടിന്റെ സമ്പത്ത് ചോര്‍ത്തി കൊടുക്കുവാന്‍
നാളേക്കൊരുക്കങ്ങള്‍ കൂട്ടുന്നിതിപ്പോഴേ!
മുതലാളി വര്ഗ്ഗത്തിനൊത്താശ ചെയ്യുന്ന
വേതാളരൂപങ്ങളാടിത്തിമര്‍ക്കയായ്!
മാറ്റത്തിന്‍ കേളികൊട്ടുയരണം നാടിനെ
ഒറ്റിക്കൊടുത്തോരെയൊറ്റപ്പെടുത്തണം!



2008, ഒക്‌ടോബർ 9, വ്യാഴാഴ്‌ച

വിദ്യാരംഭം

ഹരിശ്രീ കുറിയ്ക്കട്ടെ കുഞ്ഞേ നിന്‍ നാവിന്‍ തുമ്പില്‍
അറിവിന്‍ തേന്‍ തുള്ളികാളാവോളം നുകരുവാന്‍!
സരസ്വതി വിളയാട്ടങ്ങളെന്നെന്നും നിലനില്‍ക്കാന്‍
സദയമുണ്ടാവണേ ദേവിതന്‍ കടാക്ഷങ്ങള്‍...
വിരല്‍തുന്പാലാദ്യക്ഷരിയെഴുതുകയറിവിന്റെ
വിളക്കായ് ജ്വലിയ്ക്കുവാനവസരമുണ്ടാകണം!
അമ്മേ മൂകാംബികേ,ഭാവിയിലറിവിന്‍റെ
അമൃതം നുകരുവാന്‍ കനിവേകണം തായേ...
കുടജാദ്രിയില്‍ വാഴുമമ്മതന്‍ സവിധത്തില്‍
കുടികൊള്ളും ചൈതന്യത്താല്‍ നിന്നുള്ളം നിറയുമ്പോള്‍
അക്ഷരകുസുമങ്ങള്‍ മനസ്സില്‍ വിരിയിക്കാന്‍
തല്‍ക്ഷണമനുഗ്റഹം നല്‍കിടും ജഗദംബിക!
ജ്ഞാനസ്വരൂപിണി ദേവിതന്‍ സാന്നിദ്ധ്യത്തില്‍
ദശമിതന്‍ തിരുനാളില്‍ കുഞ്ഞേ നിന്‍ നാവിന്‍ തുമ്പില്‍
ആദ്യാക്ഷരങ്ങള്‍ കുറിച്ചറിവിന്‍ സോപാനത്തില്‍
വിദ്യാദേവിതന്‍ മുമ്പിലാനയിക്കട്ടെ നിന്നെ
സരസ്വതീമണ്ഡപത്തില്‍ ദിവ്യസംഗീതം കേള്‍പ്പൂ
സൌപര്‍ണികാതീര്‍ത്ഥമതേറ്റ് പാടീടുന്നൂ...
ആസുരതയെ വെല്ലാനംബികേ കനിയണം
തിന്മകള്‍ക്കെതിരെയായ് നമകള്‍ ജയിക്കണം!









2008, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

അന്നും ഇന്നും

1.സദ്യ
അന്ന്
അരി പുഴുങ്ങി
ഉപ്പും കൂട്ടി തിന്നുമ്പോള്‍,
ഒരു കാ‍ന്താരി മുളക് കൂടി കിട്ടിയാല്‍
ഊണ് കുശാലായി
എന്നാലിന്നോ?
നിറപറയരിച്ചോറും
പലതരം കറികളും പഴവും പപ്പടവും
പ്രഥമനും പാല്‍പ്പായസവും
മൃഷ്ടാന്നം കഴിഞ്ഞ്
വീശാനൊരു പെഗ്ഗ്
വിദേശിയും കൂടി കിട്ടിയാലേ
സദ്യ അടിപൊളിയാവൂ..!
2.നേതാവ്
അന്ന്
അണികളെ നയിക്കുന്നവന്‍ നേതാവ്
മുറി ബീഡിയും കട്ടന്‍ ചായയും
മുഷിഞ്ഞ വേഷവും
കക്ഷത്തിലൊരു ഡയറിയും
ലക്ഷണങ്ങള്‍..!
എന്നാലിന്നോ?
അണികളെ ചതിയ്ക്കുന്നവന്‍ നേതാവ്..!
മണിമാളികയും പരിവാരങ്ങളും
എസി കാറും ലാപ്ടോപ്പും
പഞ്ചനക്ഷത്രങ്ങളില്‍ അന്തിയുറക്കവും
അടയാളങ്ങള്‍..!
3.പാട്ട്
അന്നത്തെ
പാട്ടിനെന്തോരിമ്പമായിരുന്നു!
കേട്ടാലും കേട്ടാലും മതിവരില്ല...
കായലരികത്ത് വലയെറിഞ്ഞപ്പോള്‍
വള കിലുക്കിയ സുന്ദരീ...............
ഇന്നത്തെ പാട്ടുകളോ?
അര്‍ത്ഥമില്ലാത്ത ജല്‍പ്പനങ്ങള്‍!
കേള്‍ക്കുന്ന മാത്രയില്‍ കാത് പൊത്തും
ഇഷ്ടമല്ലെടാ...എനിയ്ക്കിഷ്ടമല്ലെടാ.....
...........................................













2008, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

മഹാത്മാവിന് സ്തുതി...


ഒറ്റമുണ്ടുടുത്ത്, സഹനത്തിന്‍ കവചമണിഞ്ഞ്,
സത്യാന്വേഷണപരീക്ഷണങ്ങളിലൂടെ,
സമരപാതയില്‍ വടിയുമൂന്നി
നടന്നുനീങ്ങിയ മഹാത്മാവിന് സ്തുതി!
വ്യാജഗാന്ധിമാര്‍ അരങ്ങ് തകര്‍ക്കുമ്പോള്‍,
ഇന്ദ്രപ്രസ്ഥത്തിലെ സിംഹാസനത്തില്‍
കയറിപ്പറ്റിയ പാളത്താറുടുത്ത ഗോസായിമാര്‍
അര്‍ദ്ധനഗ്നനായ ഫക്കീറിനെ
എങ്ങിനെയോര്‍മ്മിക്കാന്‍?
അങ്ങ് മനസ്സിലോമനിച്ച ഗ്രാമസ്വരാജും
സ്വാശ്രയഭാരതവുമിന്ന് ഏട്ടില്‍ മാത്രമൊതുങ്ങിയത്
സ്വാതന്ത്ര്യാനന്തരം അധികാരം കൈപ്പറ്റിയ
കറുത്ത സായിപ്പന്മാരുടെ അമാന്തം
കൊണ്ടാണെന്നും ഞങ്ങളറിയുന്നു!
മഹാത്മാവേ,താങ്കളുടെ മെലിഞ്ഞുണങ്ങിയ
നെഞ്ചിലേക്ക് വെടിയുണ്ടകള്‍ ചീറ്റിയ
നാഥൂറാം ഗോഡ്സേമാര്‍ മഹത്വവല്‍ക്കരിയ്ക്കപ്പെടുമ്പോള്‍,
നഷ്ട്ടപ്പെടുന്നത് നാടിന്റെ മതേതര സന്കല്‍പ്പമല്ലോ!
മതമൈത്രിയ്ക്ക് വേണ്ടി ജീവിയ്ക്കുകയും
മരിയ്ക്കുകയും ചെയ്ത മഹാത്മാവിന്റെ
ജന്മദിനവേളയില്‍ പോലും
ഒറീസ്സയിലും കര്‍ണ്ണാടകത്തിലും
ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു...
പള്ളികള്‍ ചുട്ടെരിയ്ക്കപ്പെടുന്നു!
മഹാത്മാവിന്‍റെ ഭാവനയില്‍ തെളിഞ്ഞ ഭാരതമെവിടെ?
അക്രമികള്‍ വേതാളനൃത്തമാടുന്ന
വര്‍ത്തമാനകാല യാഥാര്‍ത്യങ്ങളെവിടെ?
ഉത്തരം കിട്ടാത്ത ചോദ്യമായിന്നും
മനസ്സിനെ മഥിയ്ക്കുന്നു...
നാടിതിന്‍ ഗതികേടോര്‍ത്തീടുന്പോള്‍!