2008, നവംബർ 12, ബുധനാഴ്‌ച

സിദ്ധാര്‍ത്ഥന്‍


ബോധിവൃക്ഷത്തണലിലിരിയ്ക്കയായ്
സിദ്ധാര്‍ത്ഥ രാജകുമാരന്‍
ജനിമൃതികള്‍ക്കിടയിലായ്ക്കാണുന്ന
ജീവിതപ്പൊരുള്‍ തേടി!
ഉറ്റവരുടയവരാരോരുമറിയാതെ
അറ്റമില്ലാത്തതാം വഴിയില്‍,
അലയുന്നിതവസാനമെത്തിപ്പെടുന്നതോ
ബോധിമരത്തിന്‍റെ ചോട്ടില്‍!
ഉത്തരം കിട്ടാത്ത സമസ്യകള്‍ കൊണ്ടന്ന്
ഹൃത്തടം വിങ്ങുകയായി!
മോഹങ്ങളൊക്കെ വെടിഞ്ഞിട്ടറിവിന്‍റെ
തൂവല്‍സ്പര്‍ശവും കാത്ത്,
ഒറ്റയിരിപ്പാണീ ബോധിത്തണലിലെ
കാറ്റിന്റെ മര്‍മ്മരം കേള്‍ക്കാന്‍!
വിശ്വപ്രകൃതിയെ വരുതിയിലാക്കിയ
ശക്തിമാനാരെന്നറിയാന്‍,
പ്രപഞ്ചരഹസ്യങ്ങളിലൂളിയിട്ടെത്തുന്ന
ചിന്തകള്‍ക്കന്ത്യമില്ലല്ലോ!
ദുഃഖങ്ങലന്യര്‍തന്‍ദുഃഖങ്ങളത്റയും
ഏറ്റുവാങ്ങുന്നതിലൂടെ,
ബുദ്ധനായ് തീരുന്നു സ്നേഹപ്രഭ ചൂടി
സിദ്ധാര്‍ത്ഥ രാജകുമാരന്‍ !









2008, നവംബർ 10, തിങ്കളാഴ്‌ച

ഓഹരി കമ്പോളങ്ങളെ കരകയറ്റുന്നത് പൊതുസമൂഹത്തിന്റെ ചിലവില്‍ വേണോ?

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായ സ്വാഭാവിക തകര്‍ച്ചയില്‍ നിന്നും ഇന്ത്യന്‍ വിപണികളെ രക്ഷിക്കുന്നതിന് നവലിബറലിസത്തിന്‍റെയും ധനമുതലാളിത്തത്തിന്റെയും വക്താക്കളായ ഭരണാധികാരി വര്‍ഗ്ഗം ശ്രമം ആരംഭിച്ചിരിക്കുന്നു.സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ത്തയെയോ,വളര്‍ച്ചാനിരക്കിനെയോ ഒട്ടും ബാധിക്കില്ലെന്ന് വീമ്പിളക്കിയ ചിദംബരവും കൂട്ടാളികളും ഇപ്പോള്‍ ഓഹരി കമ്പോളങ്ങളിലെ ഊഹക്കച്ചവടക്കാരെ സഹായിക്കുന്നതിനു പെടാപ്പാട് പെടുകയാണ്.റിപ്പോ നിരക്ക് കുറച്ചും പലിശ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചും
മറ്റുമുള്ള നടപടികള്‍ കൊണ്ട് കാര്യമായ ഫലം ഉണ്ടായിട്ടില്ല.സെന്‍സെക്സും നിഫ്റ്റിയും വീണ്ടും വീണ്ടും താഴോട്ട് പോയത് ഇതിന് തെളിവാണ്.ജനസംഖ്യയില്‍ വെറും 2 % വരുന്ന പ്രമാണി വര്‍ഗ്ഗത്തെ സഹായിക്കുന്നത് ബാക്കിയുള്ള 98% ത്തിന്റെ ചിലവില്‍ വേണോ എന്നാണു ചോദിക്കാനുള്ളത്.ചില സ്വകാര്യ ബേന്കുകളെ രക്ഷപ്പെടുത്തുന്നതിന് പൊതു മേഖലാ ബേന്കുകളില്‍നിന്നും വാരിക്കോരി വായ്പകള്‍ നല്‍കാനും തുടങ്ങിയിട്ടുണ്ട്.
മൂലധനത്തിന്റെ അഭാവമല്ല മറിച്ചു അതിന്റെ സാന്നിധ്യമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സമ്പത്ത് സമൂഹത്തിലെ ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ കൈകളില്‍ കുമിഞ്ഞു കൂടിയതായി കാണാം.അമേരിക്കയിലെ മൊത്തം സമ്പത്തിന്റെ 71%വും കേവലം 10% വരുന്ന സമ്പന്നവര്‍ഗ്ഗത്തിന്റെ കൈവശമാനെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.ഇന്ത്യയില്‍ സദൃശങ്ങളായ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്കിലും സ്വിസ് ബേന്കിങ്ങ് അസോസിയേഷന്‍റെ 2006 ലെ ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് അവരുടെ ബേന്കുകളില്‍ നിക്ക്ഷേപതിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യക്കാരാണെന്നതാണ്.ഇതു 1456 ബില്യണ്‍ ഡോളറാണെന്ന് കാണുമ്പോള്‍ ആരും തലകറങ്ങി വീണു പോകും.കേന്ദ്ര ബഡ്ജറ്റില്‍ കാര്ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിന് 60000 കോടി അനുവദിച്ചപ്പോള്‍ നെറ്റിചുളിച്ചവര്‍ അതേ സര്‍ക്കാര്‍ രാജ്യത്തെ കോര്‍പ്പറേറ്റ് മേഖലയ്ക്കു നല്കിയ 297,500 കോടിയുടെ ഇളവുകള്‍ കാണാതെ പോയി. സാമ്പത്തിക പ്രതിസന്ധിയെ പെരുപ്പിച്ചു കാണിച്ചു പൊതു ഖജനാവ് ഊറ്റിയെടുക്കുന്ന മുതലാളി വര്‍ഗ്ഗത്തിന് അവരുടെ പകല്കൊള്ളയ്ക്ക് ഓശാന പാടുന്ന കുത്തക മാദ്ധ്യമങ്ങളും,മുതലാളിത്തവ്യവസ്ഥയ്ക്ക് അന്ത്യകൂദാശ നടത്താനൊരുങ്ങുന്ന ഇടതു പക്ഷങ്ങളും കഥയറിയാതെ ആട്ടം കാണുകയാണ്.

2008, നവംബർ 8, ശനിയാഴ്‌ച

സാഹിത്യകാരന്മാര്‍ സംയമനം പാലിക്കണം

ാഹിത്യകാരന്മാര്‍ സാംസ്കാരിക നായകന്മാര്‍ കൂടിയാണല്ലോ.അവരുടെ പദവിയ്ക്ക് ചേര്ന്ന പെരുമാറ്റം ജനങ്ങള്‍ അവരില്‍നിന്നും പ്രതീക്ഷിയ്ക്കുന്നു.ആ പ്രതീക്ഷയ്ക്ക് വിപരീതമായ വാക്കുകള്‍ അവരില്‍ നിന്നും പുറത്ത് വരുമ്പോള്‍ അത് വിവാദമാകുന്നു.ഈയിടെ എം.മുകന്ദനും ടി.പത്മനാഭനും വി എസിനേയും എം .ടിയേയും തരംതാഴ്ത്തുന്ന മട്ടില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അതിര് കടന്നതായിപ്പോയി.മുകുന്ദനും പത്നാഭനും മലയാളി മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ പ്രിയപ്പെട്ട കഥാകാരന്മാരാണ്.അതുപോലെത്തന്നെ പുന്നപ്ര-വയലാര്‍ സമരനായകന്‍ വി എസിനെയും കേരളീയ സമൂഹം എന്നും നെഞ്ചിലേറ്റിയ വിശ്വസാഹിത്യകാരന്‍ എംടിയെയും ജനങ്ങള്‍ ആദരിയ്ക്കുന്നു.
കേരളസാഹിത്യ അക്കാദമി പ്രസിഡന്‍റ് കൂടിയായ എം.മുകുന്ദന്‍ വിഎസിനെ കാലഹരണപ്പെട്ട പുണ്യവാളനായി ചിത്രീകരിച്ചുകൊണ്ട് ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ വിഎസിനെ ഇകഴ്ത്തികെട്ടാനും പിണറായിയെ പുകഴ്തുവാനുമാണ് ശ്രമിയ്ക്കുന്നത്. എന്നാല്‍ സഖാക്കള്‍ വിഎസും പിണറായിയും സിപിഐ എമ്മിന്‍റെ കേരളത്തിലെ രണ്ട് പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്ന ജനനായകന്മാരാണെന്ന് മുകുന്ദനറിയാത്തതല്ല.അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുവാനല്ല ഇവിടെ മുതിരുന്നത്.വിഎസിന്റെതായി വന്ന പ്രതികരണം ശ്രദ്ധിയ്ക്കുക "ഓരോര്‍ത്തര്‍ക്കും ഓരോ അഭിപ്രായം ഉണ്ടാകും".
മലയാളസാഹിത്യകാരന്മാരില്‍ രചനാവൈഭവം കൊണ്ട് ഏറെ ശ്രദ്ധിയ്ക്കപ്പെട്ട കഥാകാരനാനാണ് ടി.പത്മനാഭന്‍.വിവാദ പ്രസംഗങ്ങള്‍ നടത്തുന്നതിലും അദ്ദേഹം താത്പര്യം കാണിക്കാറുണ്ട്.കഴിഞ്ഞ ദിവസം സാഹിത്യ പരിഷത്തിന്റെ ഒരുചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം എംടിയെ സംസ്കാരശൂന്യമായ രീതിയില്‍ കടന്നാക്രമിക്കുകയുണ്ടായി.എംടിയുടെ കീഴില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സിനിമാഷൂട്ടിംഗ് മാത്രമാണ് നടക്കുന്നതെന്നും ചലച്ചിത്ര പ്രവര്‍ത്തകരെ അവിടെ വിളിച്ചു ആദരിക്കുന്നുവെന്നും മറ്റുമാണ് പത്മനാഭന്‍ തട്ടിമൂളിച്ചത്.മലയാള സിനിമാ ലോകത്ത് വളരെ പെട്ടെന്ന് ലബ്ധപ്രതിഷ്ഠ നേടിയ സംവിധായകന്‍ ശ്യാമപ്രസാദിനെ തുഞ്ചന്‍ പറമ്പില്‍ വച്ചു പൊന്നാടയണിയിച്ചത് അദ്ദേഹം ഡയരക്ടറായ അമൃതാ ടിവിയില്‍ എംടിയുടെ കഥകള്‍ ടെലികാസ്റ്റ് ചെയ്യുന്നത് കൊണ്ടാണെന്ന പരാമര്‍ശം വളരെ തരംതാണതായിപ്പോയി!സഹപ്രവര്‍ത്തകരെ പറ്റിയും, ജനനേതാക്കളെ പറ്റിയും അപവാദങ്ങള്‍ പ്രചരിപ്പിക്കാതെ സംസാരത്തില്‍ മിതത്വം പാലിച്ചാല്‍ കൂടുതല്‍ നന്നാകുമെന്ന് മാത്രം പറയട്ടെ!!

ഒബാമയുടെ ചരിത്രവിജയം ബുഷ്ഭരണത്തിനെതിരെയുള്ള വിധിയെഴുത്ത്


അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ബരാക് ഒബാമയുടെ തകര്‍പ്പന്‍ വിജയം, കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ജോര്‍ജ്ജ് ബുഷ് തുടര്‍ന്ന് വന്ന വികല നയങ്ങള്‍ക്കും,ദുര്ഭരണത്തിനുമെതിരെ അമേരിക്കന്‍ ജനത നല്കിയ കനത്ത തിരിച്ചടിയായി. വളരെക്കാലം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിലെല്ലാം താന്‍ മാറ്റത്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്ന ഒബാമയുടെ വാഗ്ദാനം യുഎസിലെ എല്ലാ വിഭാഗങ്ങളിലും പെട്ട സമ്മതിദായകര്‍ അംഗീകരിച്ചിരിയ്ക്കയാണ്.ബുഷിന്റെ ആഭ്യന്തര-വിദേശ നയങ്ങളുടെ ഫലമായി പൊറുതി മുട്ടിയ ജനങ്ങള്‍ എതിര്‍ സ്ഥാനാര്‍ഥി ജോണ്‍ മെക്കൈനിന്‍റെ കള്ളപ്രചരണങ്ങളെയെല്ലാം തള്ളി, ചരിത്രത്തിലാദ്യമായി ഒരു കറുത്ത വര്ഗ്ഗക്കാരനെ പ്രസിഡന്‍റാക്കുക വഴി അമേരിക്കന്‍ ജനത തങ്ങളുടെ ഉയര്ന്ന ജനാധിപത്യമൂല്യങ്ങള്‍ അരക്കിട്ടുറപ്പിക്കുകയും 45 വര്‍ഷങ്ങള്‍ മുമ്പ് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് കണ്ട സ്വപ്നങ്ങളെ സാക്ഷാല്ക്കരിയ്ക്കുകയും ചെയ്തിരിക്കുന്നു.മാറ്റത്തിന് ശ്രമിക്കുന്ന ഒബാമയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്നു ഇപ്പോള്‍ തന്നെ സൂചനകള്‍ ലഭിച്ചു തുടങ്ങിയിരിക്കുന്നു.വര്‍ണ്ണവെറിയന്‍മാര്‍ ഒബാമയുടെ ജീവന്‍ അപകടപ്പെടുത്തുവാന്‍ ഗൂഡാലോചന നടത്തിയതും,ഇറാനുമായി സംഭാഷണമാവാമെന്ന അഭിപ്രായത്തിനെതിരെ ഇസ്രായേലിന്റെ പ്രതികരണങ്ങളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.പ്രതിസന്ധിയിലായ സാമ്പത്തികരംഗത്തെ എങ്ങിനെ കര കയറ്റുമെന്നും,ലോകത്ത് ശാന്തിയും സമാധാനവും കൈവരിക്കാന്‍ ഒബാമയ്ക്ക് എന്തുചെയ്യുവാന്‍ കഴിയുമെന്നുമാണ് വരും നാളുകകള്‍ തെളിയിക്കാന്‍ പോവുന്നത്.