2009, നവംബർ 25, ബുധനാഴ്‌ച

ബലിപെരുനാള്‍

തിരുനബിയിബ്രാഹിംതങ്ങള്‍ക്ക് കല്‍പ്പനയായ്
അരുമയാം പുത്രനെ ബലിയര്‍പ്പിക്കാന്‍..!
ആറ്റുനോറ്റുണ്ടായ മകനെയറുക്കുവാന്‍
ആറ്റലാം നബിയുല്ല യാത്രയായി...
സര്‍വ്വ ലോകങ്ങള്‍ക്കും നാഥനാം റബ്ബിന്
സ്തുതിയോതിടുന്നല്ലോ ഖലീലുല്ല
ആലം ഉടയോനെ കരുണാമയനായ
ഈ ലോക രക്ഷിതാവായ റബ്ബേ,
പുത്രനാമിസ്മായീല്‍മോന്‍റെ കഴുത്തിലായ്
കരവാളമര്‍ത്തട്ടെ യാ റഹീമേ,
അല്ലാഹുവേ,നിന്‍റെ കല്‍പ്പന തെറ്റാതെ
എല്ലാമിന്നര്‍പ്പിച്ചിടുന്നു വേഗം..!
ഖല്‍ബുരുകി കേണിടും നബിയുടെ പ്രാര്‍ത്ഥന
ഖല്ലാക്കായുള്ളവന്‍ സ്വീകരിച്ചു
പുത്രനുപകരമോരാടിനെ ബലി നല്‍കാന്‍
സത്വരം റബ്ബപ്പോള്‍ കല്‍പ്പിക്കുന്നൂ
ഈ മഹാ ത്യാഗത്തിന്നൊര്‍മ്മ പുതുക്കുവാന്‍
ഈദുല്‍ അസ്ഹാ വന്നെത്തിടുന്നൂ
തക്ബീര്‍ ധ്വനികള്‍ മുഴങ്ങട്ടെ വാനോളം
തൌഫീക്കിന്‍ തൂവെളിച്ചത്തിനൊപ്പം
അല്ലാഹു അക്ബര്‍ അലാഹു അക്ബര്‍
ലാഹിലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്...

2009, നവംബർ 1, ഞായറാഴ്‌ച

കേരളപ്പിറവിയില്‍

ഭാര്‍ഗ്ഗവരാമന്‍ മഴുവെറിഞ്ഞ്
വീണ്ടെടുത്തൊരീ കേരളഭൂമിയില്‍
സഹ്യന്റെ മടിയില്‍ തലചായ്ച്ചുറങ്ങിടും
സര്‍വ്വം സഹിയായോരമ്മേ,വിതുമ്പുന്നുവോ?
കരള്‍ വിങ്ങുന്നുവോ?പ്രതീക്ഷകള്‍
നിരാശകളാല്‍ മൂടുന്നുവോ?
ഭൂതകാലത്തിന്റെ പനയോല ചുരുളുകള്‍
ചിതലരിക്കുന്നുവോ?
വിസ്മൃതിയില്‍ ലയിച്ചിടുന്നേരം
തെളിനീരുറവകള്‍ വറ്റിവരണ്ടു പോയ്..!
ഇനിയുമൊരു ചാറ്റല്‍മഴ പെയ്തിറങ്ങുവാന്‍
നിനവിന്‍ പുതുനാമ്പുകള്‍ പൊട്ടിവിടരുവാന്‍
തളിരിടുമാശകള്‍ പൂവണിയിക്കുവാന്‍...
കേരളപ്പിറവിതന്‍ സ്വര്‍ണ്ണഗോപുരങ്ങള്‍
തിളങ്ങുകയായ്‌, ഇരുളകലുകയായ് ...
മരതകത്തുരുത്തുകള്‍ നീരുറവകള്‍ ചുരത്തുകയായ്
അംബികേയെന്‍ പ്രിയ നാടേ,
കുമ്പിടുന്നു നിന്‍ പാദാരവിന്ദങ്ങളില്‍..!












































2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ഫാല്‍ക്കെ അവാര്‍ഡ്‌ മന്നാ ഡേയ്ക്ക്

പ്രശസ്ത ഹിന്ദി-ബംഗാളി ചലചിത്ര പിന്നണി ഗായകന്‍ മന്നാ ഡേയ്ക്ക് 2007 ലെ ദാദാസാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌ ലഭിച്ചു.സംഗീതരംഗത്ത് അദ്ദേഹത്തിന്‍റെ സമഗ്ര സംഭാവനയ്ക്കാണ് ഈ അവാര്‍ഡ്‌ നല്‍കിയിരിക്കുന്നത്.

പത്തു ലക്ഷം രൂപയുടെ ഫാല്‍ക്കെ അവാര്‍ഡ്‌ 2009 സപ്തംബര്‍ 21 ന് ദില്ലിയില്‍ രാഷ്ട്രപതി ശ്രീമതി പ്രതിഭാ പാട്ടീല്‍ സമ്മാനിക്കും.1971 ല്‍ പദ്മശ്രീയും 2005 ല്‍ പദ്മഭൂഷണും കിട്ടിയ മന്നാ ഡേയ് ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിരുന്നു.തൊണ്ണൂറു വയസ്സായ മന്നാ ഡേയ് ജനനനം കൊണ്ടു ബംഗാളിയാണെങ്കിലും ഇപ്പോള്‍ ബംഗളൂരുവിലാണ് താമസിക്കുന്നത്.1919 മെയ്‌ 1 ന് ജനിച്ച മന്നാ ഡേയ്ക്ക് സംഗീതത്തില്‍ പ്രേരണ ആയത്‌ സംഗീതാചാര്യനായിരുന്ന തന്റെ അമ്മാമന്‍ കൃഷ്ണചന്ദ്ര ഡേയ് ആണ്.സ്കൂള്‍ -കോളേജ് വിദ്യാഭ്യാസ കാലത്ത് സംഗീതത്തില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ മന്നാ ഡേയ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്‌ അമ്മാമനായ കെ.സി.ഡേയില്‍ നിന്നും ഉസ്താദ്‌ ദബീര്‍ ഖാനില്‍ നിന്നുമാണ്.1942 ല്‍ അമ്മാമനുമൊത്ത് മുംബൈയിലേക്ക് പോയതാണ് മന്നാ ഡേയുടെ ജീവിതത്തില്‍ വഴിത്തിരിവായത്‌.അവിടെ ആദ്യം സച്ചിന്‍ ദേവ് ബര്‍മ്മന്റെയും പ്രശസ്തരായ മറ്റു ഹിന്ദി സംഗീത സംവിധായകരുടെയും സഹായിയായി മന്നാ ഡേയ് പ്രവര്‍ത്തിച്ചു.ഈ കാലത്ത്‌ ഉസ്താദ്‌ അമാന്‍ അലിഖാന്‍,ഉസ്താദ്‌ അബ്ദുല്‍ റഹിമാന്‍ ഖാന്‍ എന്നിവരില്‍ നിന്നു ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതവും അദ്ദേഹം അഭ്യസിച്ചു.1943 ല്‍ തമാന എന്ന സിനിമയില്‍ ഗാനമാലപിച്ചു കൊണ്ടാണ് മന്നാ ഡേയുടെ ചലച്ചിത്ര ലോകത്തേക്കുള്ള രംഗപ്രവേശം.തുടര്‍ന്ന് സുപ്രസിദ്ധ ഗായിക സുരയ്യയുമൊത്ത് പാടിയ യുഗ്മഗാനം ഹിറ്റായി മാറി.ഹിന്ദിയിലും ബംഗാളിയിലുമായി 3500 ലേറെ ഗാനങ്ങള്‍ മന്നാ ഡേയ് ആലപിച്ചിട്ടുണ്ട്.

2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ഗാനകോകിലം ലതാ മങ്കേഷ്ക്കറിന് എണ്‍പതു വയസ്സ്

അനുഗ്രഹീത പിന്നണി ഗായിക ലതാ മങ്കേഷ്ക്കറിന് ഇന്നു എണ്‍പതു വയസ്സ് തികയുന്നു.തന്‍റെ സ്വരമാധുരി കൊണ്‍ട് ലോകമെങ്ങുമുള്ള സംഗീത പ്രേമികളുടെ ആരാധനാപാത്രമായി മാറിയ ലത ആറര പതിറ്റാണ്ട് ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നു.പുതു തലമുറയ്ക്ക് വഴിയൊരുക്കാന്‍ ചലച്ചിത്രലോകത്ത് നിന്നു പിന്‍മാറിയെന്കിലും ഈ വാനമ്പാടി സംഗീതലോകത്ത് ഇന്നും സജീവ സാന്നിധ്യമാണ്.1929 സെപ്റ്റംബര്‍ 28 ന് ദീനനാഥ് മങ്കേഷ്കര്‍ എന്ന സഗീതജ്ഞന്റെ മകളായി ഇന്‍ഡോറിലാണ് ലത ജനിച്ചത്‌.സാമ്പത്തിക പരാധീനതകള്‍ കൊണ്ടു വിഷമിച്ചിരുന്ന ലതയുടെ കുടുംബത്തിനു 1942 ല്‍ അവരുടെ ഏക ആശ്രയമായ ദീനനാഥിനേയും നഷ്ടമായി.അന്ന് ലതയ്ക്ക് കേവലം 13 വയസ്സ് മാത്രം പ്രായം.1942 മുതല്‍ മറാത്തി സിനിമകളില്‍ പാടിതുടങ്ങിയെന്കിലും 1949 ലെ മഹല്‍ എന്ന ഹിന്ദി ചിത്രത്തിലെ 'ആയേഗാ ആനെവാലാ' എന്ന ഗാനം ഹിറ്റ്‌ ആവുകയും ഈ ഗായികയെ ലോകം ശ്രദ്ധിക്കുകയും കൂടുതല്‍ അവസരങ്ങള്‍ ലതയെ തേടിയെത്തുകയും ചെയ്തു.1950 മുതല്‍ തിരക്കേറിയ പിന്നണി ഗായികയായി അവര്‍ മാറി.ആയിരത്തിലേറെ ഹിന്ദിസിനിമകളിലും 20 മറ്റു ഭാഷാചിത്രങ്ങളിലും അവര്‍ ഗാനമാലപിച്ചു.ഈ കാലയളവില്‍ പ്രശസ്തരായ എല്ലാ സംഗീത സംവിധായകര്‍ക്ക് കീഴിലും അവര്‍ ഗാനങ്ങള്‍ പാടി ചലച്ചിത്രലോകത്തെ ധന്യമാക്കി.ഇതിനിടെ നിരവധി പുരസ്കാരങ്ങള്‍ അവര്‍ നേടി.ദാദസാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡും ഭാരതരത്നവും ഒരുമിച്ചു ലഭിക്കുകയെന്ന അപൂര്‍വ ബഹുമതിയും ഇതിനിടെ ലത കരസ്ഥമാക്കി.ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റിക്കാര്‍ഡ്‌ ചെയ്തതിന്റെ പേരില്‍ അവര്‍ക്ക് ഗിന്നസ്‌ ബുക്കില്‍ സ്ഥാനവും ലഭിച്ചു. നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങള്‍ ലത ആലപിച്ചിട്ടുണ്ട്. ഇവയില്‍ അനേകം ഗാനങ്ങള്‍ ഹിറ്റുകളായി.കാലത്തെ അതിജീവിച്ച ആ അനശ്വരഗാനങ്ങള്‍ ആരാധക വൃന്ദം ഇന്നും നെഞ്ചേറ്റി നടക്കുന്നു.മുഹമ്മദ്‌ റാഫി തുടങ്ങിയ പ്രശസ്ത ഗായകര്‍ക്കൊപ്പം ഇവര്‍ പാടിയിട്ടുണ്ട്.സുപ്രസിദ്ധ പിന്നണി ഗായിക ആശാ ബോസ്ലെ ലതയുടെ ഇളയ സഹോദരിയാണ്.സിനിമാ ലോകത്തോട്‌ വിട പറഞ്ഞെങ്കിലും ലതയുടെ സംഗീതസപര്യ ഇന്നും തുടരുന്നു.ഈ ഗാനകോകിലത്തിനു ദീര്‍ഘയുസ്സുണ്ടാവട്ടെ എന്ന് നമുക്കു എണ്‍പതാം പിറന്നാളില്‍ നമുക്കുപ്രാര്‍ഥിക്കാം.

2009, സെപ്റ്റംബർ 19, ശനിയാഴ്‌ച

മനുഷ്യച്ചങ്ങല

വരികയായി വരികയായി കേരളത്തിന്‍ മക്കള്‍ നാം
വരികയായി പൊരുതുവാനുറച്ച് ഞങ്ങള്‍ വരികയായ്‌
ചെന്കൊടിക്ക് കീഴിലായ്‌ അണിനിരന്നു വരികയായ്‌
ചങ്ങലയില്‍ കണ്ണിയാവാനൊത്തുചേര്‍ന്നു വരികയായ്‌
ആസിയാന്‍ കരാറുമായിട്ടവതരിച്ച കൂട്ടരേ,
കര്‍ഷകന്റെ നടുവൊടിക്കും നടപടി തിരുത്തണം
ഗാന്ധിയെ മറന്നവര്‍ ഗോഡ്സയെ വരിച്ചവര്‍
ഇന്ത്യയെ തകര്‍ക്കുവാന്‍ കോപ്പ് കൂട്ടിടുന്നിതാ
കര്‍ഷകര്‍ക്ക്‌ മരണവാറണ്ടേകിടുന്നതീക്കരാര്‍
ചൂഷകര്‍ക്ക് സ്വര്‍ഗ്ഗരാജ്യം തീര്‍ത്തിടുന്നതീക്കരാര്‍
കര്‍ഷകര്‍ക്ക്‌ കെണിയൊരുക്കും ബൂര്‍ഷ്വാഭരണവര്‍ഗ്ഗമേ,
വിശ്വസിക്കയില്ല ഞങ്ങള്‍ പൊള്ളയായ വാക്കുകള്‍
സാമ്രാജ്യത്വശക്തികള്‍ക്ക്‌ ദാസ്യവേല ചെയ്തിടും
കേന്ദ്രഭണകൂടമേ തെറ്റുകള്‍ തിരുത്തുവിന്‍
നാളീകേരം റബ്ബറും തേയിലയും കാപ്പിയും
വിലയിടിഞ്ഞാല്‍ കര്‍ഷകര്‍ക്ക്‌ കുത്തുപാളയേന്തിടാം..!
ആര്‍ക്കുവേണ്ടിയെന്തിനായിട്ടൊപ്പ് വെച്ചതീക്കരാര്‍?
ഉത്തരം പറഞ്ഞിടേണം ദില്ലി വാഴും വഞ്ചകര്‍
പൊതുനിരത്തില്‍ കൈകള്‍കോര്‍ത്തിട്ടണിനിരന്നുനില്‍ക്കണം
പുതിയ സമരപാതയില്‍ പടനയിച്ച് നീങ്ങണം
ചങ്ങലയില്‍ കണ്ണികളായ് ചേരുവിന്‍ സഖാക്കളെ
ചെന്കൊടിക്ക് കീഴിലായ്‌ അണിനിരന്ന് പോകനാം
കേരളത്തിന്‍ രക്ഷക്കായ്‌ കൈകള്‍കോര്‍ത്തുനില്‍ക്കണം
കക്ഷിഭേദമന്യേ നമ്മളൊത്തുചേര്‍ന്നു പൊരുതണം
വരികയായ്‌ വരികയായ്‌ കേരളത്തിന്‍ മക്കള്‍ നാം
വരികയായ്‌ ചങ്ങലയില്‍ കണ്ണികളായ് മാറുവാന്‍


2009, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

ലളിതജീവിതം റമളാനിന്‍റെ മുഖമുദ്രയാവണം

ത്യാഗത്തിന്റെയും സഹനത്തിന്റെയും മാസമായ റമളാന്‍ നമ്മോടു വിട പറയുന്നതിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.പരിശുദ്ധ റമളാന്‍ അതിന്റെ അവസാന പത്തു നാളുകളിലേക്ക് കടന്നിരിക്കുന്നു.ഇനിയുള്ള ദിനരാത്രങ്ങള്‍ വിശ്വാസികള്‍ക്ക് പള്ളികളിലും സ്വന്തം ഭവനങ്ങളിലും വളരെ വിലപ്പെട്ടതാണ്‌.പള്ളികളില്‍ ഇ ഇത്തിക്കാഫ് ഇരുന്നും പരിശുദ്ധ ഖുര്‍ ആന്‍ പാരായണം ചെയ്തും ദാന ധര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചും അല്ലാഹുവിലേക്ക് മടങ്ങുവാനും ചെയ്തു പോയ തെറ്റുകള്‍ക്ക് മാപ്പപേക്ഷിക്കാനുമുള്ള അസുലഭമായ അവസരം.ആയിരം രാവുകളിലേക്കാള്‍ പുണ്യം പെയ്തിറങ്ങുന്ന ഇരുപത്തിയേഴാം രാവ്‌ അഥവാ ലൈലത്തുല്‍ ഖദിറും ഈ അവസാനത്തെ പത്തിലാണ്.ഹിജറ കലണ്ടറിലെ മറ്റു പതിനൊന്നു മാസങ്ങളില്‍ നിന്നും പരിശുദ്ധ റമളാന്‍ മാസത്തെ മാറ്റിനിര്‍ത്തുന്നത്, അല്ലാഹുവിന്റെ ആജ്ഞ പ്രകാരം ജീവിതത്തെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാന്‍ ഏറെ ത്യാഗങ്ങള്‍ സഹിക്കുവാന്‍ സന്നദ്ധമാവേണ്ട സന്ദര്‍ഭം വന്നുചേരുന്നു എന്നതാണ്.പകല്‍ സമയങ്ങളില്‍ ഭക്ഷണം ഉപേക്ഷിച്ചും, നോക്കിലും വാക്കിലും മനസ്സിനെ നിയന്ത്രിച്ചും കഴിയുന്ന സത്യവിശാസികളെ സര്‍വ്വലോക രക്ഷിതാവായ അല്ലാഹു ഒരിക്കലും കൈവിടില്ല.ഈ പുണ്യമാസം ലളിത ജീവിതം പരിശീലിക്കുന്നതിനുള്ള സുവര്‍ണാവസരം കൂടിയാണ്.അന്ത്യപ്രവാചകനായ മുഹമ്മദ്‌ റസൂല്‍ (സ.അ) തന്റെ ജീവിതചര്യകളിലൂടെ കാട്ടിത്തന്നതും ആര്‍ഭാടരഹിതമായ ജീവിതമല്ലാതെ മറ്റെന്താണ്?ഈന്തപ്പനയോല കൊണ്ടു നിര്‍മ്മിച്ച പരുക്കന്‍ പായയില്‍ അന്തിയുറങ്ങിയും, ആവശ്യത്തിനു മാത്രം ആഹാരം കഴിച്ചും ,മാതൃക കാണിച്ച പ്രവാചകന്‍റെ അനുയായികളില്‍ ചിലരെന്കിലും ആര്‍ഭാടജീവിതം നയിക്കുവാന്‍ പരസ്പരം മത്സരിക്കുന്നതും നാം കാണുന്നു.ഒരു കാരക്ക കൊണ്ടു ഏഴ് പേര്‍ നോമ്പ് മുറിച്ച ഭൂതകാലമെവിടെ?ഇഫ്താര്‍ വിരുന്നിലും മറ്റും ഭക്ഷണധൂര്‍ത്ത് കൊടികുത്തി വാഴുന്ന വര്‍ത്തമാനകാലമെവിടെ?ഈ റമളാന്‍ മാസമെന്കിലും ഒരു പുനര്‍ചിന്തനത്തിനു വഴിയൊരുക്കിയിരുന്നെന്കില്‍..!

2009, ഓഗസ്റ്റ് 29, ശനിയാഴ്‌ച

വീണ്ടും ഒരോണം

എവിടെ തെച്ചിയും ചേമന്തിയും..?
എവിടെ മുക്കുറ്റി മന്ദാരവും..?
കേവലമിന്നോര്‍മ്മകള്‍ മാത്രമായി..
പൊന്നോണതുമ്പികള്‍ യാത്രയായി..
ചുരം കടന്നെത്തിയ മറുനാടന്‍ പൂക്കളാല്‍
തെരുവോര കാഴ്ചകള്‍ തീര്‍ത്തു നമ്മള്‍
വിങ്ങും മനസ്സുകള്‍ക്കാശ്വാസമേകുവാന്‍
ചിങ്ങക്കുളിര്‍കാറ്റുമെത്തിയില്ല..!
പോയ കാലത്തിലെ പൊന്നോണക്കാഴ്ചകള്‍
നയനാഭിരാമങ്ങളായിരുന്നൂ..
കൈമോശം വന്നിതെന്‍ നാടിന്റെയുല്സവ-
ത്തനിമയും ഭംഗിയും നൈര്‍മ്മല്യവും
എല്ലാമിന്നാവര്‍ത്തനങ്ങളായ് മാറവേ,
എന്തിനോ മാനസം തേങ്ങിടുന്നൂ..!
നഷ്ടപ്രതാപങ്ങള്‍ വീണ്ടെടുത്താഹ്ളാദ
ചിത്തരായോണത്തെ വരവേറ്റിടാം
വീണ്ടുമോരോണമിങ്ങെത്തിടുമ്പോള്‍
പണ്ടത്തെ കാഴ്ചകളോര്‍ത്തു പോയി..!

2009, ഓഗസ്റ്റ് 22, ശനിയാഴ്‌ച

റമളാന്‍ സഹനത്തിന്റെയും ത്യാഗത്തിന്റെയും പുണ്യമാസം

ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി പരിശുദ്ധ റമളാന്‍ ഒരിക്കല്‍ കൂടി സമാഗതമായിരിക്കുന്നു.ലോകത്തെങ്ങുമുള്ള ഇസ്ലാംമത വിശ്വാസികള്‍ക്ക് ഇനി വ്രതവിശുദ്ധിയുടെയും സല്‍ക്കര്‍മ്മങ്ങളുടേയും രാപ്പകലുകള്‍.പ്രാഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞും ഇബാദത്തില്‍ മുഴുകിയും കഴിയുന്നവര്‍ക്ക്,എല്ലാം പൊറുത്ത് മാപ്പ് നല്കുന്ന കരുണാനിധിയായ അല്ലാഹുവിനോട് തങ്ങളുടെ തെറ്റുകള്‍ ഏറ്റു പറഞ്ഞ് മാപ്പപേക്ഷിക്കുന്നതിനുള്ള പുണ്യാവസരം.ശരീരവും മനസ്സും ഒരുപോലെ ശുദ്ധീകരിക്കുന്നതിനുള്ള അസുലഭമായ അവസരം കൂടിയാണിത്.മുസ്ലിമീങ്ങള്‍ക്ക് അല്ലാഹു കല്‍പ്പിച്ച നിര്‍ബന്ധ കര്‍മ്മമാണ്‌ റമളാനിലെ വ്രതാനുഷ്ഠാനം .പകല്‍ സമയങ്ങളില്‍ ആഹാരം ഉപേക്ഷിക്കല്‍ മാത്രമല്ല നോമ്പിന്റെ പൊരുള്‍.മനസ്സിനെ എല്ലാ ദുഷ്ക്കര്‍മ്മങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നതിനു ഇതു സഹായിക്കുന്നു.രാത്രികാലങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനയായ തറാവീഹ്,അവസാന പത്തിലെ ഇ ഇത്തിക്കാഫ് മുതലായ സവിശേഷ പ്രാര്‍ത്ഥനകളും റമളാനിന്‍റെ അനുഗ്രഹമാണ്.റസൂലിന്റെ നേതൃത്വത്തില്‍ അവിശ്വാസികളും അഹങ്കാരികളുമായ ഖുറൈശികള്‍ക്കെതിരെ നടന്ന പുണ്യയുദ്ധത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ബദര്‍ ദിനം,ആയിരം രാവുകളേക്കാള്‍ അനുഗ്രഹീതമായ ലൈലത്തുല്‍ ഖദിര്‍ എന്നിവയെല്ലാം റമളാനിന് സ്വന്തം.ലോകത്തിനു വഴികാട്ടിയായ പരിശുദ്ധ ഖുര്‍ ആന്‍ അവതരിച്ചതും റമളാനിലാണ്.സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എല്ലാ സത്യവിശ്വാസികളിലും ഉണ്ടാവട്ടെ.

2009, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

സഖാവ് കൃഷ്ണപിള്ള ദിനം

ആഗസ്ത് 19 സഖാവ് പി കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞ ദിവസം.42 വയസ്സുള്ളപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഹമ്മയിലെ ഒരു കയര്‍ തൊഴിലാളിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്പോളാണ് സഖാവ് പാമ്പ് കടിയേറ്റു മരിക്കുന്നത്.1948 ആഗസ്റ്റ്‌ 19 നു കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എല്ലാമായിരുന്ന സഖാവിന്റെ ജീവന്‍ അകാലത്തില്‍ പൊലിഞ്ഞു.1906 ല്‍ അന്നത്തെ തിരുവിതാം കൂറിന്റെ ഭാഗമായിരുന്ന വൈക്കത്ത് ഒരിടത്തരം നായര്‍ കുടുംബത്തിലാണ് സഖാവിന്റെ ജനനം.കുട്ടിക്കാലം മുതല്‍ ദാരിദ്ര്യത്തില്‍ മുങ്ങിയ കുടുംബ പശ്ചാത്തലം.തൊഴിലന്വേഷിച്ചുള്ള യാത്രയില്‍ അലഹബാദില്‍ എത്തിപ്പെട്ടു.അവിടെ നിന്നും ഹിന്ദി പഠിച്ചു.പ്രതി മാസം 30 രൂപ ശമ്പളത്തില്‍ ഹിന്ദി പ്രചാരകനായി.ഇന്ത്യ അപ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീചൂളയിലായിരുന്നു.വിമോചന പ്രസ്ഥാനത്തിന്റെ ആവേശമുള്‍ക്കൊണ്ട് കേരളത്തിലേക്ക് തിരിച്ചു വന്നു.ഇ എം എസ് ,എ കെ ജി തുടങ്ങിയ നേതാക്കളെ പോലെ കൃഷ്ണ പിള്ളയും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്.സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അന്ന് കോഴിക്കോട്ടു നിന്നും പയ്യന്നൂരിലേക്ക് നടത്തിയ ഉപ്പ് സത്യാഗ്രഹ യാത്രയില്‍ പങ്കെടുത്ത സഖാവിനു ബ്രിട്ടിഷ്‌ പോലീസിന്റെ കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങേണ്ടിവന്നു.ജയില്‍ ശിക്ഷ കഴിഞ്ഞു ഗുരുവായൂര്‍ സത്യാഗ്രഹത്തിലക്ക്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മണി മുഴക്കിയത്തിനു നായര്‍ പ്രമാണിമാരും അവരുടെ ശിങ്കിടികളും കൂടി തല്ലിച്ചതച്ചു. ഒക്ടോബര്‍ വിപ്ലവത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട സഖാവ് കോണ്‍ഗ്രസ്സിന്റെ പോക്കില്‍ തൃപ്തനായിരുന്നില്ല.അന്നും കോണ്‍ഗ്രസ്‌ സമ്പന്ന വര്‍ഗ്ഗത്തിന് വേണ്ടിയായിരുന്നു നില നിന്നിരുന്നത്.അത് കൊണ്ടുതന്നെ മലബാറിലെയും തിരു കൊച്ചിയിലെയും കര്‍ഷകരെയും തൊഴിലാളികളെയും ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞിരുന്നില്ല .കൃഷ്ണപിള്ളയെ പോലുള്ള വിപ്ലവകാരികള്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങി.സി എസ് പി യുടെ സെക്രടറിയും സഖാവായിരുന്നു.കേരളം മുഴുവന്‍ സഞ്ചരിച്ചു കര്‍ഷകര്‍,തുണിമില്‍,കയര്‍ മേഖലയിലെ തൊഴിലാളികള്‍ എന്നിവരെ സംഘടിപ്പിച്ച് പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കി.ആദ്യമായി കോഴിക്കോട്ടു രൂപീകരിച്ച കമ്മ്യൂണിസ്റ്റ് ഗ്രൂപ്പില്‍ സഖാക്കള്‍ കെ ദാമോദരന്‍,എന്‍ സി ശേഖര്‍ എന്നിവര്‍ക്കൊപ്പം കൃഷ്ണപിള്ളയുമുണ്ടായിരുന്നു.അസാമാന്യമായ സംഘടനാ പാടവവമുണ്ടായിരുന്ന സഖാവിനെ പ്രസ്ഥാനത്തിന് അകാലത്തില്‍ നഷ്ടപ്പെട്ടു .1948 ലെ കല്‍ക്കത്ത തിസീസിന്റെ പേരില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നടത്തിയ കമ്മ്യൂണിസ്റ്റ് വേട്ടയെ തുടര്‍ന്ന് ഒളിവില്‍ പോയ സഖാവിനു ആ ഒളിവു ജീവിതത്തിനിടയിലാണ് അന്ത്യം സംഭവിക്കുന്നത്. വെറും തറയില്‍ കിടന്നു ഒരു പ്രസംഗം തയ്യാറാക്കി കൊണ്ടിരിക്കുമ്പോഴാണ് സഖാവിനു പാമ്പ് കടിയേല്‍ക്കുന്നത്.സഖാവിന്റെ അവസാന വാക്കുകളില്‍ നിന്ന്-സഖാക്കളെ മുന്നോട്ട്.ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ഈ മുദ്രാവാക്യം എന്നും മുറുകെ പിടിയ്ക്കണം.ലാല്‍ സലാം...

2009, ജൂലൈ 30, വ്യാഴാഴ്‌ച

അനശ്വരഗായകന്‍ മുഹമ്മദ്‌ റാഫിയെ അനുസ്മരിക്കുമ്പോള്‍

അനശ്വരഗായകന്‍ മുഹമ്മദ്‌ റാഫി നമ്മെ വേര്‍പിരിഞ്ഞിട്ടു മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, മനസ്സിന്റെ ഉള്ളറകളിലിന്നും ആ മധുര ശബ്ദത്തിന്റെ മാറ്റൊലികള്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. 1980 ജൂലായ്‌ 31
മുംബൈ നഗരം അന്നേവരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ ഒരു വിലാപയാത്രയ്ക്ക് കണ്ണീരോടെ സാക്ഷൃം വഹിച്ചു.അനുഗ്രഹീത സംഗീത സാമ്രാട്ട് റാഫി സാഹിബിന്റെ അന്ത്യയാത്രയായിരുന്നു അത്.ഇന്നത്തെ പാക്കിസ്ഥാനില്‍ ഉള്‍പ്പെട്ട കോട്ല സുല്‍ത്താന്‍ പൂരില്‍ 1924 ഡിസംബര്‍ 24 നു മുഹമ്മദ്‌ റാഫി ജനിച്ചു.കുട്ടിക്കാലത്ത് തന്റെ ഗ്രാമത്തിലെ ഒരു ഫക്കീറിനെ അനുകരിച്ചു പാട്ടുകള്‍ പാടിനടന്നിരുന്ന കൊച്ചു റാഫിയുടെ സംഗീത വാസന കണ്ടറിഞ്ഞത്‌ അദ്ദേഹത്തിന്റെ ഒരു ബന്ധുവായിരുന്നു.തുടര്‍ന്ന് ഉസ്താദ്‌ ബഡെ ഗുലാം അലി ഖാന്‍,ഉസ്താദ്‌ അബ്ദുല്‍ വാഹിദ്‌ ഖാന്‍,പണ്ഡിറ്റ്‌ ജീവന്‍ ലാല്‍ മാട്ടോ,ഫിറോസ്‌ നിസാമി എന്നിവരില്‍ നിന്നും സംഗീതം അഭ്യസിച്ച റാഫി സാഹിബ്‌ നാല് വ്യാഴവട്ടക്കാലം സംഗീത ലോകത്ത് നിറഞ്ഞു നിന്നു.ഹിന്ദി,ഉര്‍ദു,ബോജ്പുരി,പഞ്ചാബി,ബംഗാളി,മറാത്തി,തെലുഗ്,കന്നഡ ഭാഷകളിലെല്ലാം അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു.1944 ല്‍ മുംബൈയിലേക്ക് കുടിയേറിയ മുഹമ്മദ്‌ റാഫി സുപ്രസിദ്ധ ചലച്ചിത്ര സംഗീത സംവിധായകന്‍ നൌഷാദുമായി പരിചയപ്പെട്ടത്‌ അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു. 1952 ലെ ബൈജു ബാവ്റയില്‍ അദ്ദേഹം പാടിയ ദുനിയാ കേ രഖ്‌ വാലെ എന്ന ഗാനം റാഫിയെ പ്രശസ്തനാക്കി.തുടര്‍ന്ന് നൌഷാദ്‌ സവിധാനം ചെയ്ത നിരവധി ഗാനങ്ങള്‍ പാടി മുഹമ്മദ്‌ റാഫി അനശ്വര ഗായകനായി.ശാസ്ത്രീയ സംഗീതം,ഗസലുകള്‍,ഭജനങ്ങള്‍,ദേശഭക്തി ഗാനങ്ങള്‍,ചലച്ചിത്ര ഗാനങ്ങള്‍ എന്നിവയെല്ലാം ആ അനുഗ്രഹീത ഗായകന് വഴങ്ങുന്നവയായിരുന്നു.1965 ല്‍ ഭാരത സര്‍ക്കാര്‍ പദ്മശ്രീ പദവി നല്കി ആദരിച്ച റാഫി സാഹിബിനു നിരവധി തവണ അവാര്‍ഡുകളും ലഭിച്ചു.ആറ് പ്രാവശ്യം ഫിലിം ഫെയര്‍ അവാര്‍ഡുകളും,നിരവധി ദേശീയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.അറുപതികളിലെപ്പോഴോ കോഴിക്കോട്‌ മാനാഞ്ചിറ മൈതാനിയില്‍ റാഫിയുടെ സംഗീത മാസ്മരികത നേരിട്ടനുഭവിച്ചതിന്റെ മധുരസ്മരണ എന്റെ മനസ്സില്‍ ഇന്നും മായാതെ കിടക്കുന്നു.അദ്ദേഹത്തിന്റെ ചരമദിനം ഒരിക്കല്‍ കൂടി കടന്നുവരുമ്പോള്‍ ആ സംഗീത സാമ്രാട്ടിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ തല താഴ്ത്തുന്നു..!

2009, ജൂൺ 12, വെള്ളിയാഴ്‌ച

ഇ എം എസ് ജന്മശതാബ്ദി

നാളെ ജൂണ്‍ 13 .ഇ എം എസിന്റെ നൂറ്റൊന്നാം ജന്മദിനം.
ചരിത്രത്തിന്റെ മുമ്പെ നടന്നു നീങ്ങിയ,
ചരിത്രം തിരുത്തി കുറിച്ച വിപ്ലവകാരിയുടെ
ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുമ്പില്‍
ഒരുപിടി രക്തപുഷ്പങ്ങള്‍ സമര്‍പ്പിക്കട്ടെ..!
മാറ്റത്തിന്റെ വെളിച്ചം കടന്നു ചെല്ലാത്ത വള്ളുവനാട്ടിലെ ഏലംകുളം ഗ്രാമം
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്ന കാലം
ജന്മിത്വം കേരളമാകെ അരങ്ങ് തകര്‍ക്കുമ്പോള്‍ ,പ്രൌഡിയോടെ തലയുയര്‍ത്തി നിന്ന ഒരു ബ്രാഹ്മണകുടുംബത്തില്‍,ഏലംകുളം മനയില്‍ ജനിച്ചു.
കാലത്തിന്റെ നിയോഗം ഏറ്റെടുത്ത് പിറന്ന നാടിനും,സഹജീവികളുടെ കണ്ണുനീര്‍ ഒപ്പുന്നതിനും വേണ്ടി
ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചു.തുടക്കം ഇരുളടഞ്ഞ സ്വന്തം സമുദായത്തില്‍ നിന്നു തന്നെ
യോഗക്ഷേമസഭാ പ്രവര്‍ത്തകനായി,
ബ്രാഹ്മണ്യത്തിന്റെ പൂണൂല്‍ ചരടുകള്‍ പൊട്ടിച്ചെറിഞ്ഞു ജനങ്ങള്‍ക്കിടയിലേക്ക്...
അടിച്ചമര്‍ത്തപ്പെട്ട ജീവിതങ്ങളെ മോചിപ്പിക്കാനുള്ള പോരാട്ടങ്ങള്‍
തുടര്‍ന്ന് ദേശീയ വിമോചനപ്പോരാളിയായി,മാര്‍ക്സിസത്തില്‍ ആകൃഷ്ടനായി
സൈദ്ധാന്തികാചാര്യനായി, ചരിത്ര രചയിതാവായി,നവകേരളശില്‍പ്പിയായി
കേരളപ്പിറവിക്കു ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചു മുഖ്യമന്ത്രിയായി
കേരളീയ സമൂഹത്തിന്റെ അലകും പിടിയും മാറ്റിയ നടപടികള്‍ ആ കാലത്തുണ്ടായി
അധികാരത്തിന്റെ അകത്തളങ്ങളില്‍ എത്തിയിട്ടും അത് വരെ മുറുകെ പിടിച്ച വിശ്വാസപ്രമാണങ്ങള്‍ ബലികഴിക്കാന്‍ കൂട്ടാക്കാത്ത
യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരനായി അവസാനശ്വാസം വരെയും ജീവിച്ചു.
കോടതികളുടെ പക്ഷപാത നിലപാടുകള്‍ക്ക് എതിരെ പരസ്യമായി പ്രതികരിച്ചു ശിക്ഷ സ്വയം ഏറ്റുവാങ്ങിയത് ഒരുദാഹരണം മാത്രം..!വലതുപക്ഷ തിരുത്തല്‍ വാദത്തിനും ഇടതുപക്ഷ തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ച്ചയില്ലാത്തതും സന്ധിയില്ലാത്തതുമായ
നിരന്തരമായ പോരാട്ടങ്ങള്‍.ഒരിക്കല്‍ പോലും, തന്റെ പ്രസ്ഥാനത്തെ വര്‍ഗ്ഗ ശത്രുക്കള്‍ക്ക് കടിച്ചുകീറാന്‍ എറിഞ്ഞുകൊടുക്കാതിരുന്ന ബലവത്തായ പാര്‍ട്ടിക്കൂറ് സഖാവിന്റെ പ്രത്യേകതയായിരുന്നു.ഇന്നു ചിലര്‍ക്ക് കൈമോശം വന്നതും ഈ സ്വഭാവവിശേഷം. സഖാവിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍...ലാല്‍ സലാം...ലാല്‍സലാം...

2009, ജൂൺ 1, തിങ്കളാഴ്‌ച

ഒരു നീര്‍മാതളത്തിന്‍ ചുവട്ടില്‍


ഒരു നീര്‍മാതളത്തിന്‍ ചുവട്ടിലെ കുളിര്‍ കാറ്റിന്‍ തലോടലില്‍
വിരി നീര്‍ത്തുമോര്‍മ്മകളിലോടിയെത്തും
നഷ്ടവസന്തങ്ങള്‍ തന്‍ ദുഃഖസ്മൃതിയുമായ്
കാലയവനികക്കുള്ളില്‍ മറഞ്ഞൂ, ഇതിഹാസ നായിക..!
പൊഴിക്കട്ടെ ചുടുകണ്ണുനീര്‍ മനസ്സ് വിറങ്ങലിയ്ക്കെ.!!
സ്നേഹിക്കാന്‍ മാത്രമറിയുമൊരമ്മതന്‍ പൊന്മകളായ്
ആമിയായ്‌ കമലയായ്‌ പിന്നെ മാധവിക്കുട്ടിയായ്‌
ഒടുവില്‍ കമലാ സുരയ്യയായ്‌ മാറിയെങ്കിലും
ഭാവത്തില്‍ സ്നേഹം...സ്നേഹം മാത്രം...
മനസ്സില്‍ സൂക്ഷിക്കാനാ മന്ദസ്മിതം മാത്രം
അമ്മേ,അത് മതി...അത് മാത്രം മതി...
ഞങ്ങള്‍ക്കെന്നെന്നും ഓര്‍മ്മിക്കുവാന്‍..!
കുഞ്ഞും നാളില്‍ കുയിലിനോടും കാറ്റിനോടും
കുശലം പറഞ്ഞും നാലപ്പാട്ട് തറവാട്ടു വളപ്പിലെ
തുന്പിയോടും തുന്പയോടും കിന്നാരിച്ചും
പാറിപ്പറന്നൊരു പാവാടിക്കാരിതന്‍ മൌനദുഃഖങ്ങ-
ളേറ്റു വാങ്ങിയ ഇളം തെന്നലും തേങ്ങിയോ..?
കുളവും കുളപ്പുരയും നീര്‍മാതളവുമിലഞ്ഞിയും
ആവാഹിച്ചെടുത്തതാം മുഗ്ദമാം വരികളില്‍
സ്നേഹത്തിന്‍ മന്ദ്രധ്വനികള്‍ മുഴങ്ങിക്കേട്ടു ഞങ്ങള്‍
സ്നേഹ മൂര്‍ത്തിയാമമ്മേ,പ്രണമിച്ചിടുന്നിതാ
വിങ്ങിപ്പൊട്ടുന്ന മനസ്സോടെ, നിറകണ്ണുകളോടെ..!

2009, മേയ് 18, തിങ്കളാഴ്‌ച

ജനനായകന് ബാഷ്പാഞ്ജലി..!




കേരളം നെഞ്ചേറ്റിയ മനുഷ്യസ്നേഹിയായ ജനനായകന്‍ സഖാവ് ഇ.കെ.നായനാര്‍ നമ്മെ വേര്‍പിരിഞ്ഞിട്ട് 5 വര്‍ഷം തികയുന്നു. സഖാവിന്റെ സ്മരണയ്ക്ക് മുമ്പില്‍ ഒരായിരം രക്തപുഷ്പങ്ങള്‍ കൊരുത്ത ബാഷ്പാഞ്ജലിയര്‍പ്പിക്കട്ടെ..!

1919 ഡിസംബര്‍ 9 ന്

കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരിയില്‍ ജനനം...ജന്മി കുടുംബത്തില്‍...

മഹാത്മാഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരുന്ന സ്വാതന്ത്ര്യസമരത്തിന്‍റെ അലയൊലികള്‍ ആ കൊച്ചു ഗ്രാമത്തിലുമെത്തി...

കല്യാശ്ശേരി സ്കൂളില്‍ വിദ്യാര്‍ഥി ആയിരുന്ന നായനാര്‍ ഗാന്ധിതൊപ്പിയും ധരിച്ച്

സമരഭടനായി മാറി...വീട്ടില്‍ നിന്നുള്ള എതിര്‍പ്പുകളെ അവഗണിച്ച്

അന്ന് നാട്ടില്‍ കൊടികുത്തി വാണിരുന്ന അയിത്തം,മദ്യപാനം തുടങ്ങിയവയ്ക്കെതിരെ ചെറുത്ത് നില്‍പ്പ്...തുടര്‍ന്ന് കര്‍ഷകപ്രസ്ഥാനത്തിലേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും...സംഭവബഹുലമായ ജീവിതം...

കൊടിയ മര്‍ദ്ദനങ്ങള്‍,നിരവധി വര്‍ഷത്തെ ജയില്‍ ജീവിതം,ഒളിവിലും തെളിവിലുമുള്ള പാര്‍ട്ടി പ്രവര്‍ത്തനം,

കര്‍ഷക സമരങ്ങള്‍...ഒടുവില്‍ തൂക്കുമരത്തില്‍ നിന്നും രക്ഷപ്പെടുന്നു...വായനശാലാപ്രവര്‍ത്തകന്‍,ഗ്രന്ഥകര്‍ത്താവ്,ഭരണസാരഥി,പ്രാസംഗികന്‍, പത്രാധിപര്‍, സര്‍വ്വോപരി മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റ്...സഖാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല..! കേരളത്തില്‍ മൂന്നുതവണകളായി നീണ്ട 11 വര്‍ഷം മുഖ്യമന്ത്രി സ്ഥാനത്ത്‌...ഈ ബഹുമതി നായനാര്‍ക്ക് മാത്രം സ്വന്തം..

മന്ദസ്മിതത്തില്‍ പൊതിഞ്ഞ നര്‍മ്മഭാഷണം...കുറിക്കു കൊള്ളുന്നവ... വേറെ ആര്‍ക്കുണ്ടീ സവിശേഷതകള്‍..?

2004 മെയ് 19 ജനലക്ഷങ്ങളെ കണ്ണുനീരിലാഴ്ത്തി സഖാവ് വിടവാങ്ങി...പയ്യാന്ബലം കടപ്പുറത്ത്‌ ഉയര്‍ന്നുപൊങ്ങിയ അഗ്നിജ്വാലകള്‍ ആ ഭൌതികശരീരം ഏറ്റുവാങ്ങി...നായാനാരുടെ പുഞ്ചിരിയും നര്‍മ്മഭാഷണവും വിപ്ലവബോധവും മനസ്സിലാവാഹിച്ച് പതിനായിങ്ങള്‍ നിറകണ്ണുകളോടെ പിന്‍വാങ്ങി...

നായനാര്‍സ്മരണയുടെ അഞ്ചാം വാര്‍ഷികത്തില്‍ മനസ്സ്‌ മന്ത്രിക്കുന്നു...ലാല്‍ സലാം...ലാല്‍ സലാം...

2009, മേയ് 4, തിങ്കളാഴ്‌ച

കുടമാറ്റം

കുടമാറ്റം കണ്ടു കണ്‍നിറയെ കണ്ടു
വടക്കുംനാഥന്റെ തിരുസന്നിധിയില്‍..!
തിരുവമ്പാടിയും പാറമേക്കാവും
മാറ്റുരയ്ക്കുമീ സായംസന്ധ്യയില്‍
നെറ്റിപ്പട്ടം ചാര്‍ത്തിയ ഗജവീരന്മാര്‍
നിര നിരയായ്‌ തലയെടുപ്പോടെ...
ആലവട്ടം വെഞ്ചാമരവും
അകമ്പടിയായ്‌ മേളക്കൊഴുപ്പും
പൂഴി വാരിയിട്ടാല്‍ നിലത്ത്‌ വീഴാത്ത
പുരുഷാരവുമീ പൂരം നാളില്‍..!
ഇലഞ്ഞിത്തറമേളത്തിന്‍ നാദലഹരിയില്‍
വിലയിച്ചൊരു മദ്ധ്യാഹ്നം കൂടി
കൊടും ചൂടിന്റെ താണ്ഡവമേതോ
കുളിര്‍ തെന്നലിനു വഴിമാറുന്നൂ...
വര്‍ണ്ണക്കാഴ്ചകള്‍ തുടങ്ങുകയായ്‌
പോക്കുവെയിലിന്‍ സ്വര്‍ണ്ണപ്രഭയില്‍
മറക്കാന്‍ കാഴിയില്ലീക്കാഴ്ചകളെല്ലാം
മനസ്സിന്‍ മണിച്ചെപ്പില്‍ സൂക്ഷിക്കാം
വിടപറയട്ടെ വരും പൂരം വരേയ്ക്കും
വെടിക്കെട്ടും കണ്ടു മടങ്ങിയേക്കാം...


2009, മേയ് 1, വെള്ളിയാഴ്‌ച

മെയ്ദിനം വീണ്ടും

മെയ്ദിനം വീണ്ടും...
പാതയോരത്തെ മെയ്ഫ്ളവര്‍ നിറയെ പൂത്തിരിക്കുന്നു...
വര്‍ഷങ്ങള്‍ക്കപ്പുറം ജോലിസമയം എട്ടു മണിക്കൂറായി കുറയ്ക്കുന്നതിന്
തൊഴിലാളി വര്‍ഗ്ഗം നടത്തിയ ധീരോദാത്ത സരത്തിന്റെ വിജയം
ലോകത്തെങ്ങുമുള്ള തൊഴിലാളികള്‍ ഇന്നും ആവേശപൂര്‍വ്വം കൊണ്ടാടുമ്പോള്‍,
വിപ്ലവഭിവാദ്യങ്ങളുടെ ചെമ്പനീര്‍പൂക്കള്‍ സമര്‍പ്പിക്കട്ടെ..!
അന്ന് ചിക്കാഗോവിലെ തെരുവീഥികളില്‍ അവര്‍ ചിന്തിയ ചുടുചോരയില്‍
മുക്കിയെടുത്ത രക്തപതാക എന്നും വെന്നിക്കൊടിയായ്‌ കൂടെയുണ്ടാവും...
വരും നാളുകളില്‍ സമരപോരാട്ടങ്ങള്‍ക്ക് വഴികാട്ടിയായ്‌...
വര്‍ത്തമാനകാലം, മുതലാളിത്തത്തിന്‍റെ കോട്ടകൊത്തളങ്ങള്‍ ഇളകിയാടുന്നു..!
ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും അതിനെ കരകയറ്റാന്‍ കുറുക്കുവഴികള്‍ തേടി
പരക്കം പായുന്നത്, മുതലാളിതതന്റെ അപ്പോസ്തലന്മാര്‍...
വര്‍ഗ്ഗവഞ്ചകരെ ഒറ്റപ്പെടുത്തി,സമത്വസുന്ദരമായ ഒരു നവലോകസൃഷ്ടിക്കായി
പടപൊരുതാന്‍ പ്രതിഞ്ജയെടുക്കാം ഇത്തവണത്തെ മെയ്ദിനത്തില്‍...
ലാല്‍സലാം സഖാക്കളെ...ലാല്‍സലാം...

2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

മേടപ്പുലരിയില്‍

വിഷുപ്പക്ഷികള്‍ പാടും മേടപ്പുലരിയില്‍
വിശുദ്ധിതന്‍ കൊന്നകള്‍പൂത്തുലഞ്ഞൂ...
കിഴക്കെയാകാശത്തില്‍ സിന്ദൂരക്കുറിയുമായ്
മിഴിവാര്‍ന്നു നില്‍ക്കയാണുദയസൂര്യന്‍..!
പാടവരന്പിലിന്നൊത്തുചേരുന്നിതാ
നാടിന്റെ കാര്‍ഷികപ്പെരുമയൊന്നായ്...
കൊയ്തെടുക്കാം നൂറുമേനിയും നാളേയ്ക്ക്
നെയ്തിടാം പൊന്നിന്‍ കിനാക്കളിപ്പോള്‍..!
പൂമുഖത്തെരിയും വിളക്കിന്‍റെ ശോഭയില്‍
കണികാണാം, കൈനീട്ടം സ്വീകരിയ്ക്കാം..
വിഷുവിന്‍ സമൃദ്ധിയുമൈശ്വര്യമൊക്കെയും
ശാശ്വതമാകാന്‍ കൊതിയ്ക്കയായി...
ഒരുപകലറുതിയില്‍ വിരഹത്തിന്‍ വേദന
ഇരവിന്റെ ഗാനമായെത്തിടുന്പോള്‍
ചിറകടിച്ചുയരുന്ന ചക്രവാകങ്ങളും
തീരങ്ങള്‍ തേടി പറന്നു പോയി..!
ഋതുസംഗമത്തിന്റെ ദിവ്യമുഹൂര്‍ത്ഥത്തില്‍
അരിയ വസന്തത്തിന്‍ കേളികൊട്ട്...
പുഷ്പിണിയാം ഭൂമികന്യക്ക് നല്‍കുവാന്‍
പുതിയ പ്രതീക്ഷകളേറെയല്ലോ...
ഒരു വിഷു കൂടി വിടചൊല്ലിടുന്നേരം
ഇരുളില്‍ തെളിയുന്നു തൂവെളിച്ചം..!







2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

ഈസ്റര്‍ സ്തുതി

കാലിത്തൊഴുത്തില്‍ പിറന്നതീ ഭൂമിയില്‍
നേര്‍വഴി കാട്ടുവാനായിരുന്നൂ...
കാല്‍ വരിക്കുന്നില്‍ ജീവന്‍ വെടിഞ്ഞതും
കൂരിരുള്‍ മാറ്റുവാനായിരുന്നൂ...
ഒരുമെഴുതിരിപോലെരിഞ്ഞു തീരുമ്പോഴും
പാരിനു നല്കി നീ തൂവെളിച്ചം..!
കര്‍ത്താവേ,നിന്‍ കൃപാസാഗരമെപ്പൊഴും
ആര്‍ത്തലച്ചെത്തുന്നു ഹൃത്തടത്തില്‍..!
കുരിശില്‍ കിടന്നാടും നേരത്തും മര്‍ത്ത്യന്‍റെ
കുറ്റങ്ങളെല്ലാം പൊറുത്തു തന്നൂ...
ഓശാന പാടുമീ ചുണ്ടുകളില്‍ സ്തുതി
മലരുകളെന്നും വിരിഞ്ഞിടുമ്പോള്‍,
കാരുണ്യവാനായ ദൈവപുത്രാ, നിന്‍റെ
കനിവുകളെന്നില്‍ ചൊരിഞ്ഞിടേണം...

2009, ഏപ്രിൽ 8, ബുധനാഴ്‌ച

വിഷുക്കണി

വിഷുക്കണിയൊരുക്കി കാത്തിരിക്കുന്നൂ
പൂമുഖത്തച്ഛനുമമ്മയും നിനക്കായ്...
കണി കാണുവാനും നിന്നച്ഛനില്‍ നിന്നും
കൈനീട്ടം വാങ്ങാനും നീ വരില്ലേ..?
കണിക്കൊന്നകള്‍ പൂക്കും തൊടികളിലൂടെ
ഉണ്ണീ നീയോടിക്കളിച്ചൊരാ നാളുകള്‍
ഓര്‍മ്മയിലെന്നും തെളിഞ്ഞു വരുന്നൂ
ഓരോ വിഷുവും കടന്നു പോവുമ്പോഴും..!
നഗരതിരക്കില്‍ നീയെല്ലാം മറന്നുവോ..?
നറു നിലാവിലലിയുമീ നിളയുമതിന്‍ തീരവും ..!
വിഷുപക്ഷികള്‍ ചേക്കേറും കാവിലെ മാമര ചില്ലയില്‍
കുളിര്‍ തെന്നലിന്‍ കൈകളില്‍ സൌരഭമുണരവേ,
എന്തേ..? നീയിനിയും വരാന്‍ മടിയ്ക്കുന്നൂ..?
എന്‍ പൊന്നുണ്ണീ നീ നിന്നമ്മതന്‍ സവിധത്തില്‍ ..?
ഇക്കുറിയെങ്കിലും എന്നുണ്ണീ നീയെത്തണം...
വിഷുക്കണി കാണുവാന്‍ കൈനീട്ടം വാങ്ങുവാന്‍
മുടക്കം വരുത്തല്ലേ...വിഷുത്തലേന്നീ മുറ്റത്ത്
നിന്‍ കാല്‍പെരുമാറ്റത്തിന് കാതോര്‍ത്തിരിപ്പൂ ഞാന്‍..!

2009, ഏപ്രിൽ 5, ഞായറാഴ്‌ച

ഒരു ജൂദാസ് കൂടി പിറക്കുന്നു...

ഈസ്റ്ററിന്‍റെ നാളുകള്‍ ഒരു കൊടും ചതിയുടെ
ഓര്‍മ്മക്കുറിപ്പുകള്‍ നിവര്‍ത്തുമ്പോള്‍,
കാല്‍വരിയിലെ മരക്കുരിശില്‍ മുറിവേറ്റ
മനുഷ്യപുത്രനെ നേരം പുലരും മുമ്പെ
പലവട്ടം തള്ളിപ്പറഞ്ഞവര്‍ അരങ്ങു തകര്‍ക്കുമ്പോള്‍,
ഒരു ജൂദാസ് കൂടി ജന്മമെടുക്കുന്നു..!
ഗാസയിലെ തെരുവോരങ്ങളില്‍, മദ്രസകളില്‍ ,
ആതുരാലയങ്ങളില്‍ ,ചിന്തിയ പിന്ചോമനകളുടെ
ചുടുചോരയില്‍ മുക്കിയ കൈകളെ തലോടുന്ന ജൂദാസിതാ
പിറന്നു വീണിരിക്കുന്നു..ഇവിടെ ഓംകാരത്തിന്റെ മണ്ണില്‍ ...
മാനിഷാദകള്‍ മന്ദ്രധ്വനിയുതിര്‍ത്ത നല്ല ഹൈമവതഭൂവില്‍
അശാന്തിയുടെ വിത്ത് വിതയ്ക്കാന്‍ അവന്‍ എത്തിയിരിക്കുന്നു..!!
അഭിശപ്തമായ ആ വരവ് തടയാന്‍ നമുക്കാവില്ലേ കൂട്ടരേ..?
സ്നേഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വേണ്ടി
ഒലീവിലകള്‍ ചൂടി നമുക്കു കാത്തിരിക്കാം...
കര്‍ത്താവിന്റെ സ്നേഹ സ്പര്‍ശമേല്‍ക്കാന്‍
ഒരിക്കല്‍ കൂടി ...ഒരിക്കല്‍ കൂടി ...

2009, മാർച്ച് 24, ചൊവ്വാഴ്ച

നാടാകാചാര്യന് സ്മരണാഞ്ജലി

നാടകാചാര്യന്‍ കെ.ടി.മുഹമ്മദ് നമ്മെ വിട്ടുപിരിഞ്ഞിട്ട് നാളെ ഒരു വര്‍ഷം തികയുന്നു. 1927 ല്‍ മഞ്ചേരിയില്‍ ജനിച്ച കെ ടി തന്റെ കര്‍മ്മവേദിയായി തെരഞ്ഞെടുത്തത് കോഴിക്കോട് നഗരത്തെയായിരുന്നു.2008 മാര്‍ച്ച് 25 ന് അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തിന് തിരശ്ശീല താഴ്ത്തിയതും ഇവിടെ വച്ചു തന്നെ. സമൂഹത്തിലെ,പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ തന്റെ നാടകങ്ങളികൂടെ അദ്ദേഹം തുറന്ന യുദ്ധത്തിന് തന്നെ തുടക്കം കുറിച്ചു.
ഇരുപത്തിയേഴാം വയസ്സില്‍ എഴുതി, കോഴിക്കോട്ടെ ബ്രദേഴ്സ് മുസിക് ക്ലബ്ബ് അരങ്ങിലെത്തിച്ച ഇതു ഭൂമിയാണ്‌ എന്ന നാടകം അക്കാലത്ത് കോളിളക്കം സൃഷ്ടിച്ചു.കേരളത്തിലും പുറത്തും നിരവധി സ്റ്റേജുകളില്‍ അവതരിപ്പിച്ച ഈ നാടകത്തിനെതിരെ യാഥാസ്ഥിക മുസ്ലിമീങ്ങള്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. കാലത്തെ അതിജീവിച്ച ഈ നാടകം ഇന്നും നാടിന്റെ നാനാ ഭാഗത്തും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.കെ ടി യുടെ മറ്റു നാടകങ്ങളായ ചുവന്ന ഘടികാരം,കാഫര്‍,കടല്‍പ്പാലം,സൃഷ്ടി,സ്ഥിതി,സംഹാരം,ദീപസ്തംഭം മഹാശ്ചര്യം,വെള്ളപ്പൊക്കം മുതലായവ എല്ലാം തന്നെ ജനപ്രീതി പിടിച്ചു പറ്റിയവയും, സാമൂഹ്യ വിമര്‍ശം ഉള്‍ക്കൊള്ളുന്നവയുമായിരുന്നു.പരന്ന വായനയോ, ഔപചാരിക വിദ്യാഭ്യാസമോ ഇല്ലാതിരിന്നിട്ടും നാടക രചനയില്‍ മാത്രമല്ല ചെറുകഥ,തിരക്കഥ,ഗാനരചന എന്നീ മേഖലകളിലും കെ ടി തന്റെ കഴിവ് തെളിയിച്ചു.ലോകചെറുകഥാ മല്‍സരത്തില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ എന്ന കഥയ്ക്ക്‌ ഒന്നാം സമ്മാനം ലഭിയ്ക്കുകയുണ്ടായി. കണ്ടം ബെച്ച കോട്ട്‌,കടല്‍പ്പാലം,തുറക്കാത്ത വാതില്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥകള്‍ കെ ടി യുടെതാണ്.കുമാരസംഭവം(1969),അച്ഛനും ബാപ്പയും(1972)എന്നീ സിനിമകളുടെ തിരക്കഥാ രചനക്ക് കെ ടി യ്ക്ക് ചലച്ചിത്ര അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റേയും,കേരള സംഗീത നാടക അക്കാദമിയുടെയും ചെയര്‍മാന്‍ സ്ഥാനങ്ങള്‍ കെ ടി വഹിച്ചിട്ടുണ്ട്‌.നല്ല നടനും സംവിധായകനും കൂടിയായിരുന്നു അദ്ദേഹം.ഇതു ഭൂമിയാണ്‌ എന്ന സ്വന്തം നാടകത്തിനു വേണ്ടി കെ ടി രചിച്ച ഗാനങ്ങള്‍ എന്നും ഹിറ്റുകളാണ്.23 വര്‍ഷം തപാല്‍ വകുപ്പില്‍ ജോലി ചെയ്ത കെ ടി, തപാല്‍ ജീവനക്കാരുടെ ഒരു സമരവുമായി ബന്ധപ്പെട്ട് പുറത്താവുകയായിരുന്നു. താന്‍ നേതൃത്വം കൊടുത്ത സമരത്തില്‍ പന്കെടുത്ത ജീവനക്കാരെ പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ചു ലീവില്‍ പോയ കെ ടി അവരെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചപ്പോള്‍ തന്റെ ജോലി ഉപേക്ഷിക്കുകയായിരുന്നു. എഴുതിക്കൊണ്ടിരുന്ന പുതിയ നാടകത്തിന്റെ രചന പൂര്‍ത്തിയാക്കുന്നതിനു മുന്പേ എഴുപത്തിയൊന്പതാമത്തെ വയസ്സില്‍ കഴിഞ്ഞ വര്‍ഷം ലോകത്തോട്‌ വിടപറഞ്ഞു.കെ ടി യുടെ ഒന്നാം ചരമവാര്‍ഷികദിനം ആചരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നാല് ദിവസം നീളുന്ന വിവിധ സാംസ്കാരിക പരിപാടികള്‍ നടന്നുവരുന്നു.

2009, മാർച്ച് 21, ശനിയാഴ്‌ച

എകെജി പാവങ്ങളുടെ പടത്തലവന്‍


നാളെ മാര്‍ച്ച് 22 എകെജി യുടെ മുപ്പത്തിരണ്ടാമത് ചരമ വാര്‍ഷികം നാടെങ്ങും ആചരിക്കാന്‍ ഒരുങ്ങുകയാണ് സിപിഐ(എം)പ്രവര്‍ത്തകര്‍.1904 ഒക്ടോബര്‍ 1നു വടക്കേ മലബാറിലെ ഒരു സമ്പന്ന നായര്‍ തറവാട്ടിലാണ് സഖാവ് ജനിച്ചത്‌.എകെജി യുടെ ചരിത്രം സഖാവ് ജീവിച്ച കാലത്തിന്റെയും സമൂഹത്തിന്റെയും കൂടി ചരിത്രമാണ്.തനിക്ക് ചുറ്റും കഴിയുന്ന താഴ്ന്നജാതിക്കാരുടെയും ദുര്‍ബ്ബലരുടേയും മോചനത്തിന് വേണ്ടി സഖാവ് ഏറ്റെടുത്ത് നടത്തിയ നിരവധി പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണത്.കുട്ടിക്കാലം തൊട്ടുതന്നെ ദീനാനുകമ്പയും സ്മരവീര്യവും സഖാവില്‍ അന്തര്‍ലീനമായിരുന്നു.താഴ്ന്ന ജാതികളില്‍ പെട്ട സഹപാഠികളുടെ വീടുകളില്‍ നിന്നും ആഹാരം കഴിച്ചതിനു സ്വന്തം പിതാവില്‍നിന്നും അമ്മാവനില്‍ നിന്നും അദ്ദേഹത്തിന് കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.പഠനം പൂര്‍ത്തിയാക്കാതെ അധ്യാപക ജോലിയില്‍ ചേര്‍ന്ന എകെജി ഈ ജോലി ജീവിതവൃത്തിക്കുള്ള ഒരു തൊഴിലായിട്ടു മാത്രമല്ല ഉപയോഗപ്പെടുത്തിയത്.സാമൂഹ്യ സേവനത്തിനുള്ള അവസരമാക്കി മാറ്റുകയായിരുന്നു അധ്യാപക ജോലി.ക്ലാസ്സുകള്‍ കഴിഞ്ഞു കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കാനും കുട്ടികളുടെ കൂടെ കളികളില്‍ ഏര്‍പ്പെടാനും സമയം കണ്ടെത്തി.മാഹാത്മജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം രാജ്യമാകെ ശക്തിപ്പെട്ടുവരുന്ന കാലമായിരുന്നു അത്.അതിന്റെ അലയൊലികള്‍ കേരളത്തിലും ദേശീയ വിമോചനപ്രസ്ഥാനത്തിന് ഊര്‍ജ്ജം പകര്ന്നു.വിദ്യാര്‍ഥികള്‍ ക്ലാസ്സുകള്‍ വിട്ടിറങങിയും ഉദ്യോഗസ്ഥന്മാര്‍ ജോലി വലിച്ചെറിഞ്ഞും കോണ്ഗ്രസ്സിന്റെ സമരഭടന്മാരായി അതിവേഗം മാറിക്കൊണ്ടിരുന്നു.എകെജിയും അധ്യാപക ജോലി ഉപേക്ഷിച്ചു സത്യാഗ്രഹിയായി മാറി.കേളപ്പജി യുടെ നേതൃത്വത്തില്‍ കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് നടത്തിയ ഐതിഹാസികമായ മാര്‍ച്ചിനു സ്വീകരണം നല്‍കിക്കൊണ്ടായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം.ആദ്യഘട്ടത്തില്‍ താഴ്ന്ന ജാതിക്കാരോട് സവര്‍ണ്ണര്‍ നടത്തുന്ന അയിത്തത്തിനെതിരെയുള്ള പോരാട്ടമാണ് എകെജി നടത്തിയത്.നാട്ടിലെ ജന്മി കുടുംബമായ കണ്ടോത്ത് തറവാടിന്റെ മുമ്പിലൂടെ അവര്‍ണ്ണരെ നയിച്ചു കൊണ്ടു ജാഥ നടത്തിയതിനു അദ്ദേഹത്തെ ബോധം നശിക്കുന്നതുവരെ തല്ലിച്ചതച്ചു.തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സമരത്തിലും അയിത്തം തുടച്ചുനീക്കാനുള്ള നിരവധി സമരങ്ങളിലും പങ്കെടുത്തു.സത്യാഗ്രഹസമരത്തില്‍ പങ്കെടുത്തതിന്
ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ മാറി മാറി ജയിലിലടച്ചു.ജയിലുകളിലും എകെജിക്ക് കൊടിയ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു.ഇതിനകം തന്നെ കര്ഷകസമരങ്ങളുടെയും തൊഴില്‍സമരങ്ങളുടെയും മുന്നണി പോരാളിയായി എകെജി മാറിയിരുന്നു. കോണ്ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ കമ്മ്യൂണിസ്റ്റ് പാര്ട്ടിയിലെത്തി.ഇന്ത്യന്‍ സാഹചര്യത്തില്‍ മാര്‍ക്സിസം-ലെനിനിസം എങ്ങിനെ പ്രയോഗത്തില്‍ വരുത്താമെന്ന് തെളിയിച്ചു.സ്വാതന്ത്ര്യസമരത്തില്‍ പന്കെടുതത്തിന്റെ പേരില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ എകെജിയെ ജയിലില്‍ അടച്ചുവെങ്കില്‍ കമ്മ്യൂണിസ്റ്റ് കാരനായത്തിന്റെ പേരില്‍ കോണ്ഗ്രസ് സക്കാരും നിരവധി തവണ തടവറ സമ്മാനിച്ചു.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 ആഗസ്ത് 15 നു പോലും ആ സ്വാതന്ത്ര്യ സമരസേനാനി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു.തുടര്‍ന്ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പാര്‍ലിമെന്‍റില്‍ ആദ്യം അവിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും,പാര്‍ട്ടിയിലെ പിളര്‍പ്പിനു ശേഷം മരണം വരെയും സിപിഐ എമ്മിന്റെ നേതാവായി തുടരുകയും ചെയ്തു.പാവപ്പെട്ടവര്‍ക്ക് വേണ്ടി പാര്‍ലിമെന്റില്‍ എ കെ ജി യുടെ ശബ്ദം മുഴങ്ങിക്കേട്ടു.അതോടൊപ്പം പുറത്തു നിരവധി സമരപോരാട്ടങ്ങള്‍ നയിക്കുകയും ചെയ്തു.കോണ്ഗ്രസ്സിന്റെ മുതലാളിത്ത വിധേയത്വത്തിനെതിരായി സന്ധിയില്ലാത്ത സമരം ചെയ്ത എ കെ ജി യുടെ ചരമദിനം ആചരിക്കുന്ന ഈ അവസരത്തില്‍ മറ്റൊരു പൊതുതെരഞ്ഞെടുപ്പിനെ നമ്മള്‍ അഭിമുഖീകരിക്കുകയാണ്. വര്‍ഗ്ഗീയഫാഷിസ്റ്റ്‌ ശക്തികളെയും മുതലാളിത്വ ദാസന്മാരെയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ നമുക്കു പ്രവര്‍ത്തിക്കാം.


2009, മാർച്ച് 19, വ്യാഴാഴ്‌ച

ഇഎംഎസ് അനുസ്മരണം

ഇന്ന് ഇഎംഎസ് അനുസ്മരണദിനം. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ടു 11 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു.കേരളമെങ്ങും സഖാവിന്റെ ഓര്മ്മ പുതുക്കുന്ന വേളയില്‍ ചരിത്രത്തിന്റെ മുന്പേ നടന്നു നീങ്ങിയ മനുഷ്യസ്നേഹിയായ മാര്‍ക്സിസ്റ്റ് ആചാര്യന്റെ സ്മരണക്കു മുന്പില്‍ നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍..!
സാമൂഹ്യപരിഷ്കര്‍ത്താവ്,ചരിത്രകാരന്‍,മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍,ഗ്രന്ഥകാരന്‍,കഴിവുറ്റ ഭരണകര്‍ത്താവ്‌,സര്‍വ്വോപരി കറകളഞ്ഞ കമ്മ്യൂണിസ്റ്റ് എന്നീനിലകളിലെല്ലാം സഖാവിന്റെ സാന്നിധ്യം എപ്പോഴുമുണ്ടായിരുന്നു.ജന്മി നാടുവാഴി വ്യവസ്ഥ നാട്ടില്‍ കൊടികുത്തിവാണിരുന്ന കാലത്ത് വള്ളുവനാട്ടിലെ ഒരു ജന്മികുടുംബത്തിലാണ് ഇഎംഎസ് ജനിച്ചത്‌.ബ്രാഹ്മണ്യത്തിന്‍റെ പൂണൂല്‍ചരടുകള്‍ പൊട്ടിച്ചെറിഞ്ഞു സാമൂഹ്യപ്രവര്‍ത്തകനായ സഖാവ് സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായി
കോണ്‍ഗ്രസില്‍ ചേര്‍ന്നു.1934 ലിലും 1938-40 കളിലും കെപിസിസി യുടെ സെക്രട്ടറി ആയിരുന്നു.പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകൃതമായപ്പോള്‍ അതിന്‍റെ പ്രവര്‍ത്തകനായി.തുടര്‍ന്ന് കോഴിക്കോട്ടു രൂപീകരിച്ച കമ്മ്യൂണിസ്റ്റ് ഗ്രൂപ്പില്‍ അംഗത്വമെടുത്തു.ഇന്ത്യന്‍ സാഹചര്യത്തില്‍ മാര്‍ക്സിസം-ലെനിനിസം എങ്ങിനെ പ്രയോഗത്തില്‍ കൊണ്ടുവരാമെന്ന്
കാണിച്ചു കൊടുത്തു,തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഈ ദത്തുപുത്രന്‍.കേരള സംസ്ഥാന രൂപികരണത്തിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ 1957 ല്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നു. ഭൂനിയമവും വിദ്യാഭ്യാസനിയമവുമുള്‍പ്പടെ നിരവധി മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച ആ സര്‍ക്കാരിനെ അധികകാലം തുടരാന്‍ കേന്ദ്രത്തിലെ കോണ്ഗ്രസ് സര്‍ക്കാര്‍ അനുവദിച്ചില്ല.കേരളത്തിലെ പിന്തിരിപ്പന്മാരും സ്ഥാപിതതാല്‍പ്പര്യക്കാരും ചേര്‍ന്ന് നടത്തിയ വിമോചനസമര പേക്കൂത്തിനൊടുവില്‍ 1959 ല്‍ ഇഎംഎസ് സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു.1967 ല്‍ സഖാവ് മുഖ്യമന്ത്രിയായിക്കൊണ്ട് വീണ്ടും ഐക്യമുന്നണി സര്‍ക്കാര്‍ ഭരണത്തില്‍ വന്നെന്കിലും കാലാവധി പൂര്ത്തിയാക്കുന്നതിന് മുന്പ് ആ സര്‍ക്കാരിനെയും മുന്നണിയ്ക്കകത്ത് തന്നെയുള്ള വര്‍ഗ്ഗവഞ്ചകരെ ഉപയോഗപ്പെടുത്തി അട്ടിമറിച്ചു.പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ച ഇഎംഎസ് മരിക്കുന്നത് വരെ സിപിഐഎം ന്റെ കേന്ദ്രകമ്മറ്റിയിലും പിബിയിലും അംഗമായിരുന്നു.ഒരു ലോകസഭാ തെരഞ്ഞെടുപ്പ് കാലത്താണ് സഖാവ് നമ്മെ വിട്ടു പിരിഞ്ഞത്.ഇപ്പോള്‍ മറ്റൊരു തെരഞ്ഞെടുപ്പ് വിളിപ്പാടകലെ വന്നു നില്‍ക്കുമ്പോഴാണ് നാം അദ്ദേഹത്തിന്റെ ചരമദിനം ആചരിക്കുന്നത്.മുതലാളിത്ത പാത പിന്തുടരുന്ന കോണ്ഗ്രസ്സിനേയും, വര്‍ഗ്ഗീയ കക്ഷിയായ ബിജെപി യെയും അധികാരത്തില്‍ വരാന്‍ അനുവദിയ്ക്കയില്ലെന്നു നമുക്കീ അവസരത്തില്‍ പ്രതിജ്ഞയെടുക്കാം.

2009, മാർച്ച് 12, വ്യാഴാഴ്‌ച

വേനല്‍മഴ

വേനല്‍മഴ കിട്ടിയെന്കിലെന്നു
വേഴാമ്പലുകള്‍ പോല്‍ കേഴുന്നൂ
നാടും നഗരങ്ങങ്ങളുമൊരുപോലെ
കത്തിയെരിയുമീ കുംഭമാസച്ചൂടില്‍..!
ഇത്തിരി തണലേകാന്‍ പാതയോരത്ത്തൊരു
തണല്‍ മരമെവിടെ? കൊടും ദാഹമകറ്റാന്‍
തണ്ണീര്‍ പന്തലുകളെവിടെ?പറയുക
പച്ചപ്പിന്‍ മരതക തുരുത്തുകളെവിടെ..?
നീര്‍ത്തടങ്ങളൊക്കയും വറ്റി വരണ്ടതും
മഴക്കാടുകള്‍ വിസ്മൃതിയില്‍ വിലയിച്ചതും
വരും കാല ദുരന്തത്തിന്‍ തിരനോട്ടമോ..?
നീറിടും പേക്കിനാക്കള്‍ തന്‍ ബാക്കിപത്രമോ..?
ഒരുമഴ പെയ്തെന്‍കിലെന്നാശിച്ച് പോയി ഞാന്‍
തേന്‍മഴയായതെന്‍ മനസ്സില്‍ പെയ്തിറങ്ങണം...
അകവും പുറവും കുളിരേകിടുവാന്‍
അണയുമോ?മഴ മേഘമേ,നീ നീലവാനിലായ്‌..?

2009, മാർച്ച് 5, വ്യാഴാഴ്‌ച

മദ്ഹുറസൂല്‍

താഹാ റസൂലിന്റെ മദ്‌ ഹു പാടാം
റാഹത്ത് ചൊരിയണം തമ്പുരാനേ...
അബ്ദുള്ളയ്ക്കോമനപ്പുത്രനായി
ആമിനാബീവിതന്‍ പൊന്‍മകനായ്
ഖുറൈഷി ഗോത്രത്തില്‍ ഭൂജാതനായ്
ഖുദറത്തുടയോന്‍റെയന്ത്യ ദൂതന്‍...
റബീ ഉല്‍ അവ്വലിന്‍ പുണ്യമാസം
റബ്ബിന്‍റെ കരുണ നിറഞ്ഞ മാസം..!
മാനത്തുദിച്ച ഖമറു പോലെ
മക്കത്ത് തെളിയുന്നു തൂ വെളിച്ചം..!
അലീമാ മുലയൂട്ടിപ്പോറ്റിടുന്നൂ...
അലിവിന്‍റെ സാഗരം തീര്ത്തു താഹാ...
മുത്ത് മുഹമ്മദിന്‍ സൌമ്യ ഭാവം
മക്കാനിവാസികള്‍ക്കിഷ്ടമായി...
അല്‍-അമീനെന്നുള്ള പേര്‍ ലഭിച്ചു
വ്യാപാര സംഘത്തിലംഗമായി...
ഹീറാ ഗുഹയിലന്നേകനായി
താഹ റസൂലന്നിരുന്നിടുന്‍പോള്‍,
ദൂതുമായ്‌ ജിബ്രീലണഞ്ഞിടുന്നൂ...
തൌഹീദിന്‍ കുളിര്‍കാറ്റ് വീശിടുന്നൂ..!
സഹധര്‍മ്മിണിയാം ഖദീജ ബീവി
ആദ്യമായ് ദീനിലണിനിരന്നു...
പാരിനു നേര്‍വഴി കാണിയ്ക്കുവാന്‍
പാരം റസൂല്‍ തുനിഞ്ഞ കാലം,
ദ്രോഹങ്ങളേറെയും ചെയ്തുവല്ലോ
മക്കക്കാരായുള്ള ജാഹിലീങ്ങള്‍..!
എല്ലാം സഹിച്ചന്നു ദീനിനായി
അല്ലാഹു കല്പിച്ച വഴിതെളിക്കാന്‍
നബിതങ്ങള്‍ ധീരത കൈവിടാതെ
ലോക ചരിത്രം തിരുത്തിയല്ലോ..!




2009, ഫെബ്രുവരി 21, ശനിയാഴ്‌ച

കടലുണ്ടി വൃത്താന്തം

പൂച്ചേരിക്കുന്നിനെ താഴുകിയെത്തീടുന്ന
കൊച്ചിളംതെന്നലിലിളകിയാടി
കരിന്തിരി കത്തുമോരോട്ടുവിളക്കിന്റെ
തിരികള്‍ കെടാതെ ഞാന്‍ കാത്തിടുമ്പോള്‍,
കടലുണ്ടിപ്പുഴയോരത്തിരുളിന്‍റെ മറപറ്റി
വിടവാങ്ങും രാത്രിതന്‍ യാത്രാമൊഴി...
പാണന്റെ പാട്ടു കേട്ടുണരുന്ന വേളയില്‍
ഈണം മറന്നോരിണക്കിളികള്‍
കൊക്കുകള്‍ തമ്മിലുരുമ്മിപ്പറയുന്നു
അക്കരെ നേരം വെളുത്തുവല്ലോ...
പേട്ടിയാട്ടമ്മയെഴുന്നള്ളും നേരമായ്
പുത്രനാം ജാദേവന്‍ കൂടെയുണ്ട്...
ദേവിതന്‍ കനിവൂറും കടലിന്റെ തീരത്ത്
വാവുല്സവത്തിന്റെ തിരയിളക്കം...
അസ്തമയത്തിന്റെ സൌന്ദര്യമത്റയും
മൊത്തിക്കുടിക്കുവാനാസ്വദിക്കാന്‍
സായാന്തനങ്ങളിലെത്തുന്നിതാള്‍ക്കൂട്ടം
അഴിമുഖത്തഴകിന്റെ തേന്‍ നുകരാന്‍...
ദേശാടനക്കിളി ചിറക് മിനുക്കുവാന്‍
വന്നിരിക്കാറുള്ള തോട്ടുവക്കില്‍,
മാനത്തെക്കണ്ണികള്‍ മാടിവിളിക്കുന്നു
മൌനദുഃഖങ്ങള്‍ക്ക് വിട നല്‍കുവാന്‍...
വന്‍ദുരന്തത്തിന്‍റെ ദുഃഖസ്മൃതികളാല്‍
സന്ധ്യതന്നുള്ളം വിറങ്ങലിക്കെ,
മടങ്ങാന്‍ സമയമായോര്‍മ്മകള്‍ മേയുന്ന
കടലോര ഗ്രാമമേ,പോയ് വരാം ഞാന്‍..!

2009, ഫെബ്രുവരി 1, ഞായറാഴ്‌ച

നവകേരളമാര്‍ച്ച്


വരികയായി വരികയായി ചെന്കൊടിയ്ക്ക് കീഴിലായ്‌
പുതുമയാര്‍ന്ന കേരളത്തെ വാര്‍ത്തെടുക്കും ശക്തികള്‍
ജനപഥങ്ങള്‍ താണ്ടി ഞങ്ങള്‍ വരികയായി വരികയായ്
കനലുകള്‍ ജ്വലിച്ചിടുന്ന ചിന്തകള്‍ക്ക് സാക്ഷിയായ്...
കഴുമരങ്ങളില്‍ കുരുങ്ങി ജീവിതം വെടിഞ്ഞവര്‍
നാടിതിന്റെ മോചനം കൊതിച്ച രക്തസാക്ഷികള്‍
നെഞ്ചിലേറ്റിയോമനിച്ചൊരായിരം പ്രതീക്ഷകള്‍
നാളയിവിടെ പൂവണിയാനണി നിരന്നു വരികയായ്
ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയത നാടിനെ
നരകതുല്യമാക്കിയതിന്‍ ദുര്ഗ്ഗതിയകറ്റുവാന്‍
ഒരമ്മപെറ്റ മക്കളെന്ന പോലെ നാം കഴിയണം
ഒരുമയാര്‍ന്നു കേരളത്തെ സ്വര്‍ഗ്ഗതുല്യമാക്കുവാന്‍
വികസനത്തിന്‍ പാതയില്‍ നാമൊന്നു ചേര്‍ന്ന് നീങ്ങണം
പുതിയ കേരളത്തിനായി കാഹളം മുഴക്കണം
ഭീകരര്‍ക്ക്‌ ചുടലനൃത്തമാടുവാനീ ഭാരതം
വേദിയാക്കി മാറ്റുവാനനുവദിയ്ക്കയില്ല നാം
ഇന്ത്യയെ തകര്‍ത്തിടുന്ന വഞ്ചകപ്പരിഷകള്‍
ഗാന്ധിയെ മറന്നവര്‍,ഗോഡ്സയെ വരിച്ചവര്‍
വീണ്ടുമിവിടെയധികാരത്തിലേറിടാതെ നോക്കണം
ചെന്കൊടിയ്ക്ക് കീഴിലായണിനിരന്ന് പൊരുതണം...


യമുന മൂകമായൊഴുകുന്നു

യമുനാ നദിയിന്നും മൂകമായൊഴുകുന്നു
ശോകദം ജനുവരി മുപ്പതിന്‍ കഥയുമായ്..!
യമുനാ തീരത്തിലെ പുല്‍ക്കൊടി വിറയ്ക്കുന്നൂ
ക്ഷമയറ്റൊരാ ക്രൂരഹത്യതന്‍ നിമിഷത്തില്‍..!!
കണ്ണുനീര്‍ പൊഴിക്കട്ടെ ആര്‍ഷഭാരതത്തിന്റെ
മണ്ണിലെ പ്രഭാപൂരമസ്തമിച്ചതിനാലെ..!
അടിമത്തത്തിന്നൂക്കന്‍ ചങ്ങല പൊട്ടിച്ചീടാന്‍
അടരാടിയുള്ളര്‍ദ്ധനഗ്നനാം മഹാത്മജി
കേവലമൊരു മതഭ്രാന്തന്റെ കൈതോക്കിനു
ജീവനെ സമര്‍പ്പിച്ചിട്ടാത്മ നിര്‍വൃതി നേടി..!
അന്നൊരു സായാഹ്നത്തില്‍ യമുനാ തീരത്തിലെ
ചെന്നിണം ചിന്നീടുമാ പഞ്ചാരമണല്‍തിട്ടില്‍
പ്രാര്‍ത്ഥനാ പീഠത്തിലേക്കേറിയദ്ദിവ്യനന്ത്യ-
പ്രാര്‍ത്ഥനയായീ രാമരാമനാമുച്ചാരണം
തെല്ലിളം നിമിഷങ്ങള്‍ കടന്നു പോയി മുഗ്ദ-
മല്ലിക ഞെട്ടറ്റതാ വീഴുന്നു മണല്‍ തിട്ടില്‍..!
നൂറ്റാണ്ടുകളെ താണ്ടിക്കടന്ന നാടിന്‍ ജീവ-
റ്റുഹാ മതഭ്രാന്തിന്‍ വെടിയേറ്റതിനാലേ..
മൂകകായോഴുകുന്നു യമുനാ നദിയിന്നും
ശോകദം ജനുവരി മുപ്പതിന്‍ കഥയുമായ്..!

2009, ജനുവരി 24, ശനിയാഴ്‌ച

അകലാപ്പുഴയോരത്ത്

അകലാപ്പുഴയോരത്ത്, അഴകിന്റെ തീരത്ത്
മഴനൂലുകളിഴചേര്‍ക്കും മൂവന്തി നേരം
കണ്ടു മറന്നതാം നഷ്ടസ്വപ്നങ്ങള്‍തന്‍
വര്‍ണ്ണവളപൊട്ടുകളെ താലോലിക്കുന്നു ഞാന്‍..!
മധുരിക്കും ഓര്‍മ്മകള്‍ തന്‍ തേന്‍തുള്ളികള്‍ നുണയുമ്പോള്‍,
അധരങ്ങളിലെന്നെന്നും ചെറുപുഞ്ചിരി വിരിയുന്നൂ..!
ചേക്കാറിനിടമില്ലാതലയുന്നൊരു കിളിയായ് ഞാന്‍
എക്കാലവുമലിവിന്‍റെ കനിതെടി വന്നല്ലോ...
പറുദീസകള്‍ മോഹിച്ചിട്ടനന്തമാം ദുഃഖത്തിന്‍
മറുകര തേടി ഞാന്‍ പോയകാലം,
ഒരു സ്വാന്തനത്തിന്റെ തെളിനീരാലിന്നെന്നെ
കുളിരണിയിക്കാനണഞ്ഞവല്ലോ..
എന്‍സഖി പ്രിയസഖി താമരനൂലിനാല്‍
ഈ പുഴയോരത്തെ പുല്‍ക്കുടിലില്‍..!







2009, ജനുവരി 3, ശനിയാഴ്‌ച

ഗാസയിലെ മനുഷ്യക്കുരുതിക്കു വിരാമമില്ലേ..?


ഒരാഴ്ചയായി പലസ്തീനിലെ ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയില്‍ ഇസ്രായേല്‍, യുദ്ധവിമാനങ്ങളും മിസ്സൈലുകളും മറ്റുമുപയോഗിച്ച് ആക്രമണം തുടരുകയാണ്.ഇന്നുവരെ പിഞ്ചു കുട്ടികളടക്കം 422 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 2180 പേര്ക്ക് പരിക്കേറ്റിട്ടുമുണ്ട്.ഹമാസിന്റെ നേതാക്കളെ കൊന്നൊടുക്കുകയും മന്ത്രാലയങ്ങള്‍,പോലീസ് ആസ്ഥാനങ്ങള്‍,ആശുപത്രികള്‍,പള്ളികള്‍ എന്നിവ ബോംബ് വര്‍ഷിച്ചു തകര്‍ക്കുകയുമാണ് ജൂതപ്പടയുടെ ലക്‌ഷ്യം.വ്യാഴാഴ്ചത്തെ ആക്രമണത്തില്‍ ഹമാസിന്റെ ഉന്നത നേതാവ് നിസാര്‍ റയാന്‍ കൊല്ലപ്പെട്ടു.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഒപ്പം കൊല്ലപ്പെടുകയുണ്ടായി. ആദ്യദിവസം തന്നെ സര്‍വ്വകലാശാല ബോംബിട്ടു തകര്‍ക്കുകയും പോലീസ് മേധാവിയടക്കം നിരവധി പോലീസുകാരെ വകവരുത്തുകയുമുണ്ടായി.ഈജിപ്ത് മുന്കൈയ്യെടുത്തു നടപ്പിലാക്കിയ ആറുമാസത്തെ വെടിനിര്‍ത്തലിന്‍റ കാലാവധി തീരും മുമ്പാണ് വീണ്ടും ഏറ്റുമുട്ടലുകള്‍ ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സഭയും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ ആക്രമണത്തില്‍ നിന്നും പിന്‍മാറാത്തത് ഫിബ്രവരി 10 നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയ്ക്ക് നേട്ടം കൊയ്യാനാണെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.ഇന്ത്യയിലടക്കം എല്ലാരാജ്യങ്ങളിലും വന്പിച്ച പ്രതിഷേധപ്രകടനങ്ങള്‍ നടക്കുകയാണ്.ഇസ്രായേല്‍സര്‍ക്കാര്‍ പലസ്തീന്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്ന ചാര ഉപഗ്രഹമായ ടസ്കര്‍ 2008 ല്‍ നമ്മുടെ ശ്രീഹരിക്കോട്ടയില്‍ നിന്നും തൊടുത്തു വിട്ടതാണെന്നതാണ് നമുക്ക് അപമാനകരമായിട്ടുള്ളത്. അന്ന് സര്‍ക്കാരിന്നെ പിന്താങ്ങിയിരുന്ന ഇടതപക്ഷ പാര്‍ട്ടികളുടെ മുന്നറിയിപ്പ് അവഗണിച്ച് കൊണ്ടാണ് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ അമേരിക്കന്‍ ബാന്ധവത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്രായേലുമായി വിക്ഷേപണ കരാറില്‍ ഒപ്പിട്ടത്.കാലാകാലമായി പക്ഷിമേഷ്യന്‍ രാജ്യങ്ങളുമായി നമ്മുടെ രാജ്യം പുലര്‍ത്തിപോന്ന സൌഹൃദബന്ധത്തേക്കാള്‍ മന്‍മോഹന്‍ -ആന്റണി പ്രഭൃതികള്‍ക്ക് കൂടുതല്‍ പഥ്യമായത് സിയോണിസ്റ്റ് ബന്ധമായത് കൊണ്ടാവാം ഇങ്ങനെ സംഭവിച്ചത്. ഏതായാലും ജൂതപ്പട പലസ്തീനികള്‍ക്ക് നല്കിയ നവവല്‍സര സമ്മാനം ഏറെ ക്രൂരമായിപ്പോയി!
ലോക മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ഈ നരഹത്യകള്‍ക്കെതിരെ ഇപ്പോഴല്ലെന്കില്‍ എപ്പോഴാണ് പ്രതികരിയ്ക്കുക..?

2009, ജനുവരി 1, വ്യാഴാഴ്‌ച

പുതുവര്‍ഷപ്പുലരിയിലെ ശിഥിലചിന്തകള്‍

കാലത്തിന്‍ ഗര്‍ഭഗൃഹത്തില്‍
ഈറ്റുനോവിന്‍റെ തേങ്ങലുകള്‍..
നാലുദിക്കുകളിലും വരവേല്‍പ്പിന്‍
മന്ദ്രധ്വനികള്‍ മുഴങ്ങുകയായ്...
പോയവര്‍ഷത്തിന്‍ ശവമഞ്ചത്തില്‍
റീത്തുകള്‍ വച്ചു മടങ്ങുന്നൂ..
ആത്മവഞ്ചനയുടെ ആള്‍രൂപങ്ങള്‍..!
ഒരു കറുത്തവര്‍ഗ്ഗക്കാരന്‍
വെളുത്തവന്‍റെ പ്രലോഭനങ്ങളുമായി
വെള്ളക്കൊട്ടാരത്തിലേക്ക്
വലതുകാല്‍ വച്ചു കയറാന്‍
ഇനി ദിവസങ്ങള്‍ മാത്രം..
ഇറാഖിന്‍റെ മണ്ണില്‍ വച്ചു തന്നെ
ചെരുപ്പേറ് കൊണ്ടു മുഖം കോടിയ
ഭരണാധികാരി വലിച്ചെറിയപ്പെട്ടതും
ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലേക്ക്..!
പലസ്തീനില്‍ മനുഷ്യക്കുരുതി നടത്താന്‍
ജൂതപ്പടയ്ക്കു ചാരക്കണ്ണുകള്‍ നകിയത്
എന്‍റെ നാടെന്നോര്‍ക്കുമ്പോള്‍
കുനിയുന്നൂ ശിരസ്സപമാനഭാരത്താല്‍..!!
ബാലഭവനുകളിലഭയം തേടിയ നിരാലംബരെ
ബലാല്‍സംഗം ചെയ്ത മനുഷ്യമൃഗങ്ങള്‍
വിലസുന്നതുമീകൊച്ചു കേരളത്തില്‍..!
തിരുത്താന്‍ ശ്രമിക്കാം, പുതുവര്‍ഷത്തില്‍
തെറ്റുകളാവര്‍ത്തിക്കാതിരിക്കാം
വരവേല്‍ക്കാം നമുക്കീ പുതുവര്‍ഷപ്പുലരിയെ..