2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

മേടപ്പുലരിയില്‍

വിഷുപ്പക്ഷികള്‍ പാടും മേടപ്പുലരിയില്‍
വിശുദ്ധിതന്‍ കൊന്നകള്‍പൂത്തുലഞ്ഞൂ...
കിഴക്കെയാകാശത്തില്‍ സിന്ദൂരക്കുറിയുമായ്
മിഴിവാര്‍ന്നു നില്‍ക്കയാണുദയസൂര്യന്‍..!
പാടവരന്പിലിന്നൊത്തുചേരുന്നിതാ
നാടിന്റെ കാര്‍ഷികപ്പെരുമയൊന്നായ്...
കൊയ്തെടുക്കാം നൂറുമേനിയും നാളേയ്ക്ക്
നെയ്തിടാം പൊന്നിന്‍ കിനാക്കളിപ്പോള്‍..!
പൂമുഖത്തെരിയും വിളക്കിന്‍റെ ശോഭയില്‍
കണികാണാം, കൈനീട്ടം സ്വീകരിയ്ക്കാം..
വിഷുവിന്‍ സമൃദ്ധിയുമൈശ്വര്യമൊക്കെയും
ശാശ്വതമാകാന്‍ കൊതിയ്ക്കയായി...
ഒരുപകലറുതിയില്‍ വിരഹത്തിന്‍ വേദന
ഇരവിന്റെ ഗാനമായെത്തിടുന്പോള്‍
ചിറകടിച്ചുയരുന്ന ചക്രവാകങ്ങളും
തീരങ്ങള്‍ തേടി പറന്നു പോയി..!
ഋതുസംഗമത്തിന്റെ ദിവ്യമുഹൂര്‍ത്ഥത്തില്‍
അരിയ വസന്തത്തിന്‍ കേളികൊട്ട്...
പുഷ്പിണിയാം ഭൂമികന്യക്ക് നല്‍കുവാന്‍
പുതിയ പ്രതീക്ഷകളേറെയല്ലോ...
ഒരു വിഷു കൂടി വിടചൊല്ലിടുന്നേരം
ഇരുളില്‍ തെളിയുന്നു തൂവെളിച്ചം..!







2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

ഈസ്റര്‍ സ്തുതി

കാലിത്തൊഴുത്തില്‍ പിറന്നതീ ഭൂമിയില്‍
നേര്‍വഴി കാട്ടുവാനായിരുന്നൂ...
കാല്‍ വരിക്കുന്നില്‍ ജീവന്‍ വെടിഞ്ഞതും
കൂരിരുള്‍ മാറ്റുവാനായിരുന്നൂ...
ഒരുമെഴുതിരിപോലെരിഞ്ഞു തീരുമ്പോഴും
പാരിനു നല്കി നീ തൂവെളിച്ചം..!
കര്‍ത്താവേ,നിന്‍ കൃപാസാഗരമെപ്പൊഴും
ആര്‍ത്തലച്ചെത്തുന്നു ഹൃത്തടത്തില്‍..!
കുരിശില്‍ കിടന്നാടും നേരത്തും മര്‍ത്ത്യന്‍റെ
കുറ്റങ്ങളെല്ലാം പൊറുത്തു തന്നൂ...
ഓശാന പാടുമീ ചുണ്ടുകളില്‍ സ്തുതി
മലരുകളെന്നും വിരിഞ്ഞിടുമ്പോള്‍,
കാരുണ്യവാനായ ദൈവപുത്രാ, നിന്‍റെ
കനിവുകളെന്നില്‍ ചൊരിഞ്ഞിടേണം...

2009, ഏപ്രിൽ 8, ബുധനാഴ്‌ച

വിഷുക്കണി

വിഷുക്കണിയൊരുക്കി കാത്തിരിക്കുന്നൂ
പൂമുഖത്തച്ഛനുമമ്മയും നിനക്കായ്...
കണി കാണുവാനും നിന്നച്ഛനില്‍ നിന്നും
കൈനീട്ടം വാങ്ങാനും നീ വരില്ലേ..?
കണിക്കൊന്നകള്‍ പൂക്കും തൊടികളിലൂടെ
ഉണ്ണീ നീയോടിക്കളിച്ചൊരാ നാളുകള്‍
ഓര്‍മ്മയിലെന്നും തെളിഞ്ഞു വരുന്നൂ
ഓരോ വിഷുവും കടന്നു പോവുമ്പോഴും..!
നഗരതിരക്കില്‍ നീയെല്ലാം മറന്നുവോ..?
നറു നിലാവിലലിയുമീ നിളയുമതിന്‍ തീരവും ..!
വിഷുപക്ഷികള്‍ ചേക്കേറും കാവിലെ മാമര ചില്ലയില്‍
കുളിര്‍ തെന്നലിന്‍ കൈകളില്‍ സൌരഭമുണരവേ,
എന്തേ..? നീയിനിയും വരാന്‍ മടിയ്ക്കുന്നൂ..?
എന്‍ പൊന്നുണ്ണീ നീ നിന്നമ്മതന്‍ സവിധത്തില്‍ ..?
ഇക്കുറിയെങ്കിലും എന്നുണ്ണീ നീയെത്തണം...
വിഷുക്കണി കാണുവാന്‍ കൈനീട്ടം വാങ്ങുവാന്‍
മുടക്കം വരുത്തല്ലേ...വിഷുത്തലേന്നീ മുറ്റത്ത്
നിന്‍ കാല്‍പെരുമാറ്റത്തിന് കാതോര്‍ത്തിരിപ്പൂ ഞാന്‍..!

2009, ഏപ്രിൽ 5, ഞായറാഴ്‌ച

ഒരു ജൂദാസ് കൂടി പിറക്കുന്നു...

ഈസ്റ്ററിന്‍റെ നാളുകള്‍ ഒരു കൊടും ചതിയുടെ
ഓര്‍മ്മക്കുറിപ്പുകള്‍ നിവര്‍ത്തുമ്പോള്‍,
കാല്‍വരിയിലെ മരക്കുരിശില്‍ മുറിവേറ്റ
മനുഷ്യപുത്രനെ നേരം പുലരും മുമ്പെ
പലവട്ടം തള്ളിപ്പറഞ്ഞവര്‍ അരങ്ങു തകര്‍ക്കുമ്പോള്‍,
ഒരു ജൂദാസ് കൂടി ജന്മമെടുക്കുന്നു..!
ഗാസയിലെ തെരുവോരങ്ങളില്‍, മദ്രസകളില്‍ ,
ആതുരാലയങ്ങളില്‍ ,ചിന്തിയ പിന്ചോമനകളുടെ
ചുടുചോരയില്‍ മുക്കിയ കൈകളെ തലോടുന്ന ജൂദാസിതാ
പിറന്നു വീണിരിക്കുന്നു..ഇവിടെ ഓംകാരത്തിന്റെ മണ്ണില്‍ ...
മാനിഷാദകള്‍ മന്ദ്രധ്വനിയുതിര്‍ത്ത നല്ല ഹൈമവതഭൂവില്‍
അശാന്തിയുടെ വിത്ത് വിതയ്ക്കാന്‍ അവന്‍ എത്തിയിരിക്കുന്നു..!!
അഭിശപ്തമായ ആ വരവ് തടയാന്‍ നമുക്കാവില്ലേ കൂട്ടരേ..?
സ്നേഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വേണ്ടി
ഒലീവിലകള്‍ ചൂടി നമുക്കു കാത്തിരിക്കാം...
കര്‍ത്താവിന്റെ സ്നേഹ സ്പര്‍ശമേല്‍ക്കാന്‍
ഒരിക്കല്‍ കൂടി ...ഒരിക്കല്‍ കൂടി ...