2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

ഒരു റമളാന്‍ കൂടി വിടവാങ്ങുമ്പോള്‍

അസ്സലാമു അലൈക്കും യാ ശഹര് റമളാന്‍....വ്രത വിശുദ്ധിയുടെയും ആത്മ സംസ്കരണത്തിന്‍റെയും പുണ്യമാസം നമ്മില്‍ നിന്നും വിടവാങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.പടിഞ്ഞാറെ ചക്രവാളത്തില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകുന്നതോടെ ഒരു മാസത്തെ പരിശുദ്ധ റമളാനിനു പരിസമാപ്തിയായി.പുണ്യ റമളാനില്‍ സല്‍ക്കര്‍മ്മങ്ങളിലൂടെ സമാര്‍ജ്ജിച്ച ആത്മവിശുദ്ധി തുടര്‍ന്നും നിലനിര്‍ത്താന്‍ സര്‍വ്വലോക രക്ഷിതാവായ അല്ലാഹു നമുക്ക് തൌഫീക്ക് നല്‍കുമാറാവട്ടെ...പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞും ,മനസാ വാചാ കര്‍മ്മണാ പാപകര്‍മ്മങ്ങളില്‍ നിന്നും അകന്നും കഴിഞ്ഞു കൂടിയ ഒരുമാസത്തെ അനുഭവങ്ങള്‍ വരാനിരിക്കുന്ന നാളുകളില്‍ വഴികാട്ടിയാവണം.ലോകത്തെ നേര്‍ വഴിക്ക് നയിക്കാന്‍ മുഹമ്മദ്‌ നബി (സ.അ) യിലൂടെ പരിശുദ്ധ ഖുര്‍ ആന്‍ അവതരിക്കപ്പെട്ട മാസത്തിന്റെ പരിപാവനത എന്നെന്നും കാത്തു സൂക്ഷിക്കാന്‍ റമളാനിലെ ആരാധനകള്‍ നമുക്ക് സഹായകമാവണം.വ്രതാനുഷ്ടാനത്തിനു പരിസമാപ്തി കുറിക്കുന്ന ഈദുല്‍ ഫിഥര്‍ കേവലം ആഘോഷമായി ഒതുക്കി നിര്‍ത്താതെ മതമൈത്രിയുടെയും മാനവ സ്നേഹത്തിന്റെയും പ്രതിജ്ഞ പുതുക്കുന്നതിനുള്ള അവസരം കൂടിയാവണം.എല്ലാവര്‍ക്കും, എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ പെരുന്നാളാശംസകള്‍....

2010, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

പരിശുദ്ധ റമളാന്‍ വരവായ്

ഭക്തിനിര്‍ഭരമായ ദിനരാത്രങ്ങള്‍ കൊണ്ട് അനുഗ്രഹീതമാക്കപ്പെട്ട പരിശുദ്ധ റമളാന്‍ ഇതാ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു.പശ്ചിമാകാശത്തില്‍ മാസപ്പിറവി പ്രത്യക്ഷപ്പെടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.ലോകത്തെങ്ങുമുള്ള മുസ്ലിമീങ്ങള്‍ക്ക് ഇനി ത്യാഗത്തിന്റെയും ആരാധനകളുടെയും രാപ്പകലുകള്‍.നൂറ്റാണ്ടുകള്‍ക്കു മുമ്പ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടക്കിവാണിരുന്ന അറേബ്യന്‍ മണലാരണ്യത്തില്‍ അന്ത്യപ്രവാചകനായ മുഹമ്മദ്‌ റസൂല്‍ (സ.അ )തൌഹീദിന്റെ തൂവെളിച്ചവുമായി കടന്നു വന്നു.ഇസ്ലാം അനുശാസിക്കുന്ന നിര്‍ബന്ധ കര്‍മ്മങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് റമളാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം.പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞ് ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാന്‍ വിശ്വാസികള്‍ക്ക് കൈവന്ന സുവര്‍ണാവസരം.ഈ പുണ്യമാസത്തില്‍ വ്രതാനുഷ്ടാനത്തോടൊപ്പം പള്ളികളിലും വീടുകളിലും ഇബാദത്തില്‍ മുഴുകി വിശാസികള്‍ അല്ലാഹുവില്‍ അഭയം തേടുന്നു.പകല്‍ ആഹാര നീഹാരാദികള്‍ ഉപേക്ഷിച്ചത് കൊണ്ടുമാത്രം റമളാനിന്‍റെ ലക്‌ഷ്യം പൂര്‍ത്തിയാവുന്നില്ല.മനസാ വാചാ കര്‍മ്മണാ എല്ലാ ദുഷ്ചെയ്തികളില്‍ നിന്നും അകന്നു നില്‍ക്കാനാണ് അല്ലാഹു കല്‍പ്പിക്കുന്നത്.ശരീരത്തിന്റെയും മനസ്സിന്റെയും എല്ലാ പ്രലോഭനങ്ങളില്‍ നിന്നും മുക്തി നേടിയാല്‍ മാത്രമേ വ്രതാനുഷ്ടാനത്തിന്റെ സത്ത സംരക്ഷിക്കപ്പെടുന്നുള്ളു.ദാന ധര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ മാസവും ഇത് തന്നെ.ലോകത്തിനു വഴികാട്ടിയായി പരിണമിച്ച പരിശുദ്ധ ഖുര്‍ ആന്‍ അവതരിച്ച പുണ്യറമളാനില്‍ ഐതിഹാസികമായ ബദര്‍ ദിനവും,ആയിരം മാസങ്ങളിലേക്കാള്‍ അനുഗ്രഹം ചൊരിയപ്പെടുന്ന ലൈലത്തുല്‍ ഖദിര്‍ എന്ന പുണ്യരാവും വന്നുചേരുന്നു.രാത്രികാലങ്ങളിലെ തറാവീഹ് നമസ്കാരവും ഖുര്‍ ആന്‍ പാരായണവും റമളാന്‍ മാസത്തിലെ അവസാനത്തെ പത്തില്‍ അനുഷ്ടിക്കുന്ന ഇ ഇത്തിക്കാഫും റമളാനിന്‍റെ പരിപാവനത വര്‍ദ്ധിപ്പിക്കുന്നു.ഈ പുണ്യമാസത്തിലും തുടര്‍ന്നും അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവരിലും ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്നു.

2010, മേയ് 19, ബുധനാഴ്‌ച

നായനാര്‍ സ്മരണ

ഇന്ന് മെയ്‌ 19
സഖാവ് ഇ കെ നായനാരുടെ ആറാം ചരമവാര്‍ഷിക ദിനം
ജനനായകനെ കുറിച്ചുള്ള ദീപ്തമാം സ്മരണകള്‍
ജനകോടികളുടെ മനസ്സുകളില്‍ ഇന്നും കെടാത്ത തീക്കനല്‍ പോലെ
എരിഞ്ഞു കൊണ്ടിരിക്കുന്നു......
ഒരു കൊച്ചു കുട്ടിയാരിക്കുമ്പോള്‍ തന്നെ അയിത്തത്തിനെതിരെ
ഒറ്റയാള്‍ പോരാട്ടം നടത്തി അസമത്വത്തിനും അനീതിക്കുമെതിരെ
സന്ധിയില്ലാത്ത സമരങ്ങള്‍ക്ക് തുടക്കം കുറിച്ചു
തുടര്‍ന്നുള്ള നാളുകള്‍ മഹാത്മജിയുടെ ദേശീയ വിമോചനപ്രസ്ഥാനത്തിന്റെ ഭാഗമായി
എണ്ണമറ്റ സമര പോരാട്ടങ്ങള്‍ക്ക് നായകത്വം വഹിച്ചു...
ദുരിതം പേറി ജീവിതം തള്ളിനീക്കുന്ന
കര്‍ഷകരെയും തൊഴിലാളികളെയും
അവകാശ സമരങ്ങള്‍ക്ക് സജ്ജമാക്കി
ജന്മി നാടുവാഴി വ്യവസ്ഥിതിക്കെതിരെ ആഞ്ഞടിച്ച നാളുകള്‍
അവ സഖാവിന്റെ ജീവിതത്തിലെ പീഡനകാലം കൂടിയായിരുന്നു
ഒളിവിലും തെളിവിലും ഉള്ള പ്രവര്‍ത്തനം
മാടമ്പിമാരുടെ ഗുണ്ടകളും പോലീസും ചേര്‍ന്നുള്ള മര്‍ദ്ദനം
തുടര്‍ന്ന് കൊണ്ടേയിരുന്നു...ഇടയ്ക്കിടെ ജയില്‍വാസവും
ഒടുവില്‍ കയ്യൂര്‍ സമരത്തിന്റെ പേരില്‍ കഴുമരം വരെയെത്തി...
ഇത് കൊണ്ടൊന്നും തളരാതെ പതറാതെ
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചേറ്റി സഖാവ്
കെടാത്ത അഗ്നിജ്വാലയായി നാടാകെ പടര്‍ന്നു...
ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരിയുമായി
നര്‍മ്മഭാഷണങ്ങളുമായി ജനമനസ്സുകളില്‍ കുടിയിരുത്തപ്പെട്ടു..!
ഭരണനൈപുണ്യം തെളിയിച്ച സഖാവിനെ ഒരിക്കല്‍ പോലും
അധികാരം മത്തുപിടിപ്പിച്ചില്ല...
പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞതുമില്ല...
പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളുന്ന സഖാവിന്‍റെ
മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു
ഒരു പിടി രക്തപുഷ്പങ്ങള്‍...ലാല്‍ സലാം...ലാല്‍ സലാം...


2010, ജനുവരി 17, ഞായറാഴ്‌ച

ജ്യോതിബസുവിന് അന്ത്യാഞ്ജലികള്‍..!


വംഗനാടിന്‍ വിഹായസ്സില്‍
ജ്യോതിസ്സായ് ജ്വലിച്ചു നിന്ന
രക്തതാരകം പൊലിയുകയായ്..!
ലാല്‍സലാം...ലാല്‍സലാം...
ഇന്ത്യതന്‍ നഭസ്സിലും
ജനതതന്‍ മനസ്സിലും
കെടാത്ത കൈത്തിരിയായ്
ഇത്രനാള്‍ പ്രകാശം പരത്തിയും
മുന്നണിപ്പോരാളിയായ്
പടനിലങ്ങളിലാവേശമായ്
പാവങ്ങള്‍തന്‍ കണ്ണുനീരൊപ്പിയും
ജനകോടികള്‍ക്ക് താങ്ങും തണലുമായ്
രക്ഷാകവചം തീര്‍ത്ത
ജനനായകന് ബാഷ്പാഞ്ജലി..!
പ്രിയ സഖാവേ ലാല്‍സലാം
അണയാത്ത ദീപമായ്
പൊലിയാത്ത താരകമായ്‌
പുനര്‍ജ്ജനിക്കുക നാടിതിന്‍
ഇരുളകറ്റുവാന്‍ വെളിച്ചമേകുവാന്‍...
ലാല്‍ സലാം ലാല്‍ സലാം

പ്രിയ സഖാവേ,ലാല്‍സലാം...