2008 ഡിസംബർ 29, തിങ്കളാഴ്‌ച

സദ്ദാമിന്നും ജീവിക്കുന്നൂ..!

സദ്ദാമിന്നും ജീവിക്കുന്നൂ...മനുഷ്യമനസ്സുകളില്‍
സാമ്രാജ്യത്വകിന്കരന്മാര്‍ക്കൊരു പേക്കിനാവായി...
ചെരിപ്പേറ് കൊണ്ടു മുഖം വികൃതമായ സായിപ്പിനെ
ചരിത്രത്തിന്റെ ചവറ്റ് കൊട്ടയിലേക്കിതാ
ലോകജനത വലിച്ചെറിഞ്ഞിരിക്കുന്നൂ..!!
മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മേല്‍ വട്ടമിട്ടു പറക്കുന്നൂ
ചോരക്കലിതീരാത്ത യാന്കിക്കഴുകന്മാരീ ദിനങ്ങളിലും..
ഫലസ്തീനിലെ കുരുന്നുകളെ കുരുതി കഴിച്ച
ഇസ്രായേലിലെ നരാധമന്മാര്ക്കൂര്‍ജ്ജം കൊടുത്തതും മറ്റാരുമല്ലല്ലോ..
എല്ലാം ലോകപോലീസ് ചമയും അമേരിക്കന്‍ സാമ്രാജ്യത്വം..!
സദ്ദാമിനെ ദാരുണമായി തൂക്കിലേറ്റിയിട്ട്
രണ്ടു വര്‍ഷം തികയും വേളയില്‍,
സായിപ്പിന്റെ വിഴുപ്പ്‌ഭാണ്ഡത്തില്‍ കാണ്മൂ നാം
ചോരക്കറ പുരണ്ട കീറത്തുണികള്‍ മാത്രം..!
ആ വിഴുപ്പ്‌ പേറാന്‍ വിധിയ്ക്കപ്പെട്ടിരിക്കുന്നൂ
ഇന്ത്യയെ പണയപ്പെടുത്തിയ ഏറാന്‍മൂളികള്‍ ഭരണാധികാരികള്‍..!
പിറന്ന നാടിനെ ഒറ്റു കൊടുത്തവര്‍..
അവര്‍ക്ക്‌നല്‍കണം തിരിച്ചടി വൈകാതെ
സദ്ദാമിന്നോര്‍മ്മകള്‍ പുതുക്കുന്ന വേളയില്‍..!!

2008 ഡിസംബർ 20, ശനിയാഴ്‌ച

മദ്യകേരളം

കേരളത്തില്‍ ഒരു ആഘോഷക്കാലം കൂടി സമാഗതമായി.ക്രിസ്മസ്-നവവല്സരാഘോഷങ്ങളെ വരവേല്‍ക്കാന്‍ നാടും നഗരങ്ങളും ഒരുങ്ങുകയാണ്.ഒപ്പം കുടിയന്മാരുടെ വസന്തകാലവും വരവായി.ഓണം,വിഷു,ക്രിസ്മസ്,പുതുവല്‍സരം എന്നിവ മാത്രമല്ല ഈദാഘോഷങ്ങളും വിവാഹം മുതലായ മംഗളകര്‍മ്മങ്ങള്‍ പോലും കുടിച്ച് കൂത്താടാനുള്ളതാണെന്ന് മാലയാളി സമൂഹം മനസ്സില്‍ കരുതുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയം ചെയ്യുന്നു .കഴിഞ്ഞ ഓണക്കാലത്ത് മലയാളികള്‍ കുടിച്ചുതീര്ത്ത(മുടിച്ച )മദ്യത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പത്രങ്ങളില്‍ വന്നത് നാമെല്ലാം വായ്ച്ചതാണ്.കുടിയുടെ കാര്യത്തില്‍ മറ്റുചില വിഷയങ്ങളിലെന്നപോലെ കേരളമാണ് ഒന്നാം സ്ഥാനത്ത് എന്നാണു പറയപ്പെടുന്നത്‌.മഹാത്മജിയുടെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന സഹന സമരങ്ങളില്‍ മുഖ്യ പങ്ക് കള്ളുഷാപ്പ് പിക്കറ്റിങ്ങിനുണ്ടായിരുന്നു, കേരളത്തില്‍.എന്നാല്‍ ഇന്നാകട്ടെ മദ്യവര്‍ജ്ജന പ്രസ്ഥാനങ്ങള്‍ നിര്‍ജ്ജീവമാണ് താനുംകേരളത്തിലെ ഗാന്ധിശിഷ്യനായ ഒരു മുന്‍മുഖ്യമന്ത്രി അധികാരമേറ്റു അധികം താമസിയാതെ ഒരു മെട്രോ നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ വച്ചു മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി മദ്യസല്‍ക്കാരം നടത്തിയത് അന്ന് വിവാദമായിരുന്നു .ഇക്കാര്യത്തില്‍ മുന്മുഖ്യമന്ത്രി എ. കെ.ആന്റണിയെ അനുമോദിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല.അദ്ദേഹമാണ് ധീരമായ നടപടിയിലൂടെ ചാരായ നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ഒരു പോംവഴിയല്ലെന്കില്‍ കൂടി ശക്തമായ ബോധവല്‍ക്കരണവും മറ്റും നടത്തി, മദ്യനിരോധനവും കേരളത്തില്‍ പരീക്ഷിച്ചു നോക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങേണ്ടതാണ്.മദ്യമാഫിയകളും രാഷ്ട്രീയക്കാരും തമ്മില്‍ നിലനില്‍ക്കുന്നു എന്ന് പറയപ്പെടുന്ന അവിഹിതബന്ധം ഇത്തരമൊരു നീക്കത്തിന് തടസ്സമാണെന്കിലും മദ്യപാനം കൊണ്ടു തരിപ്പണമായിതീര്‍ന്ന ,എണ്ണിയാലൊടുങ്ങാത്ത കുടുംബങ്ങളെ തകര്‍ച്ചയില്‍ നിന്നു കരകയറ്റാന്‍ അത് സഹായകമാവുക തന്നെ ചെയ്യും.

2008 ഡിസംബർ 19, വെള്ളിയാഴ്‌ച

സഹയാത്രിക

സഹയാത്രിക നീയെന്‍ കരളില്‍ കിനാവിന്റെ
സുധയിന്നൊരുക്കവേ മനമുല്ലസിക്കവേ ,
കുറിച്ചേനിരവിന്‍റെ ഹൃദയം മരവിക്കെ
വിറയ്ക്കും വിരലോടെയീവരി നിനക്കായി..!
തുന്പികളഴകിന്‍റെ പട്ടുടുപ്പണിഞ്ഞെന്നും
ഇമ്പമേകിടും കലാശാലയിലൊന്നിച്ചു നാം..!
മിഴിയില്‍ മഴവില്ല് തെളിയുന്നേരം നിന്റെ
മിഴിവാര്‍ന്നൊരാചുണ്ടില്‍ പുഞ്ചിരി വിരിയുമ്പോള്‍,
ഇക്കലാലയം കണ്ടു മറന്ന സ്വപ്നങ്ങളില്‍
ഇക്കിളി കൂട്ടും കാട്ടുകിളിയായണഞ്ഞു നീ..!
കനകക്കിനാവുകള്‍ കോര്‍ത്ത മാലയുമായെന്‍
കോവിലില്‍ ആരാധനയ്ക്കെത്തിയവളല്ലേ സഖീ..?
സഹയാത്രികര്‍ നാമെത്തേണ്ടുമിടത്തെത്താന്‍
സഹിക്കാനിരിക്കുന്നു വേദനകളൊരായിരം..!
മറക്കാതിരുന്നെങ്കിലീയാത്ര തീരും മുമ്പേ
മരിയ്ക്കാതിരുന്നെന്കിലായിരം പ്രതീക്ഷകള്‍..!!

2008 ഡിസംബർ 18, വ്യാഴാഴ്‌ച

വൃക്ഷികക്കാറ്റ്

വൃക്ഷികക്കാറ്റെന്തേയിക്കുറി വരാന്‍ മടിച്ചത്..?
തമിഴകത്തിന്‍ തടങ്ങള്‍ താണ്ടിയും,
കല്ലടിക്കോടന്‍ മലമടക്കുകളെ തഴുകിയും,
വള്ളുവനാടിന്‍ ഗതകാല സ്മരണകളുണര്‍ത്തിയും,
ഞങ്ങള്‍തന്‍ തനുവും മനസ്സും തണുപ്പിക്കാന്‍
എന്തെ?ഇക്കുറി വന്നില്ല നീ വൃക്ഷികക്കാറ്റേ...?
മരം കോച്ചുന്ന തണുപ്പിന്നെവിടെ..?
മഞ്ഞ് പെയ്യുന്ന രാവുകളും...
കുളിര്‍ കോരിയിടുന്ന പുലരികളില്‍
കരിയിലകൂട്ടി തീകാഞ്ഞതിന്നോര്‍മ്മകള്‍ മാത്രം..
ഗൃഹാതുരത്വത്തിന്‍ ബാക്കിപത്രം..!
മാന്പൂക്കള്‍ തന്‍ നറുമണവും,
അണ്ണാറക്കണ്ണനും വരാതെയായ്
തെളിനീരൊഴുകും കാട്ടുചോലകളില്‍
മാനത്തുകണ്ണികളെ പരതി നടന്നു ഞാന്‍
കാലവും ഭൂമിയും മാറി മറിഞ്ഞതും,
കനിവിന്നുറവള്‍ വറ്റി വരണ്ടതും,
കിട്ടാക്കനികള്ക്കായലയും പഥികന്റെ
മാറാപ്പ് തട്ടിത്തെറിപ്പിച്ചതും കണ്ടു ഞാന്‍..!
വൃക്ഷികക്കാറ്റേ,നീ വരാതിരുന്നതില്‍
പരിഭവമുള്ളിലൊതുക്കി നിര്‍ത്തട്ടെ ഞാന്‍...

2008 ഡിസംബർ 16, ചൊവ്വാഴ്ച

സംവരണവിഷയത്തില്‍ സര്‍ക്കാര്‍ ആരെയാണ് പേടിക്കുന്നത്?


കേരള സര്‍ക്കാര്‍ നിയമനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമായിരുന്ന ഒരു കോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുവാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിച്ചിരിയ്ക്കയാണല്ലൊ.സംവരണക്വാട്ടയുടെ കാര്യത്തില്‍ നേരത്തെ നിലനിന്നിരുന്ന ഇരുപത് ഒഴിവുകള്‍ കണക്കാക്കിയുള്ള നിയമനരീതി മാറ്റി മൊത്തം ഒഴിവുകളില്‍ 50:50 അനുപാതത്തില്‍ നിയമനം നടത്താനാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചത്‌.ഇതിനെ മറികടക്കാനാണ് ചെയര്‍മാനടക്കം നാലുപേരുടെ ഭിന്നഭിപ്രായ കുറിപ്പുകളുണ്ടായിട്ടും, സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കുവാന്‍ ഇപ്പോള്‍ പി എസ് സി തീരുമാനിച്ചിരിക്കുന്നത്.സംവരണാനുകൂല്യത്തിനര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തികച്ചും പ്രതികൂലമായി ബാധിക്കുന്ന ഈതീരുമാനം എടുക്കാന്‍ ഏതാനും പി എസ് സി അംഗങ്ങളെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് മനസ്സിലാകുന്നില്ല .പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവകാശപെട്ട സംവരണത്തെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കാറുള്ള സംവരണ വിരുദ്ധലോബിയെ തൃപ്തിപീടുത്താനാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത് എന്ന് ആരെങ്കിലും ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ?
കേരളത്തിലെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിയ്ക്കുന്ന അനങ്ങാംപാറ നയവും ഒരു ഇടതുപക്ഷ സര്‍ക്കാരിന് ഭൂഷണമല്ല.കോടതിവിധിയുടെ അടിസ്ഥാനത്തില്‍ നയപരമായ തീരുമാനമെടുത്ത് പിന്നാക്ക സമുദായങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിയേണ്ടതായിരുന്നു.എന്നാല്‍ അതുണ്ടാവാതിരുന്നത് സര്‍ക്കാര്‍ ആരെയോ ഭയപ്പെടുന്നത് കൊണ്ടാണെന്ന് തോന്നുന്നു.മാത്രവുമല്ല ക്രീമിലയറിന്റെ പരിധി നാലര ലക്ഷം രൂപയായി കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍,കേരളത്തിലും അതേ പരിധി ബാധകമാക്കുവാന്‍ ഇതിനായി നിയമിച്ച ജസ്റീസ് രാജേന്ദ്രബാബു കമ്മീഷന്‍ ശുപാര്‍ശ നല്കി ആഴ്ചകള്‍ കഴിഞ്ഞിട്ടും, സര്‍ക്കാന്‍ തീരുമാനം വൈകിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്?ഏതായാലും വൈകിയ വേളയിലെങ്കിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെന്കില്‍ അത് നീതികേട്‌ മാത്രമായിരിക്കും.

2008 ഡിസംബർ 15, തിങ്കളാഴ്‌ച

ഉമര്‍ഖയ്യാം

ഞാനുമര്‍ഖയ്യാമിന്‍റെ ശിഷ്യനാണൊരു പ്രേമ-
കാവ്യത്തില്‍ പ്രപഞ്ചത്തിന്‍ സൌന്ദര്യം തുടിയ്ക്കുമ്പോള്‍
യുഗങ്ങള്‍ വിടര്‍ത്തിയോരിരുളിന്‍ മറയ്ക്കുള്ളില്‍
ഗദ്ഗദമെഴും ഗാനതരംഗങ്ങളിലെന്‍റെ
ദുഃഖങ്ങളകക്കാമ്പിന്‍ ചുടുനിശ്വാസങ്ങളെ
ഒതുക്കി നിര്‍ത്താനെല്ലാം മറക്കാന്‍ പഠിച്ചു ഞാന്‍..!
നിമിഷങ്ങള്‍തന്‍ ഗര്‍ഭപാത്രത്തിലുടല്‍പൂണ്ട
നിനവിന്‍ കുഞ്ഞുങ്ങളെ ജനിച്ചില്ലല്ലോ നിങ്ങള്‍..?
ഞാനുമര്‍ഖയ്യാമിനെ പൂജിയ്ക്കുന്നൊരു പുത്തന്‍
പാനപാത്രത്തില്‍ തരും മുന്തിരിനീരിന്നൊപ്പം,
പാരീസിലൊരു നിശാക്ലബ്ബിലെന്‍ സങ്കല്പങ്ങള്‍
മാരിവില്ലൊളി ചാര്‍ത്തും സ്വപ്‌നങ്ങള്‍ സഹസ്രങ്ങള്‍..!
ഞാനുമര്‍ഖയ്യാമിന്റെ സുവിശേഷകന്‍ സഖി-
യെനിക്കായോരുക്കിയ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെന്നാല്‍
ഡാന്‍റെയില്‍, ബിയാട്രീസിലാവേശമുള്‍ക്കൊണ്ടുകൊണ്-
ടെന്‍റെതാം പറുദീസ തീര്‍ക്കുവാനൊരുങ്ങവേ,
കടിഞ്ഞൂല്‍ക്കനികളെ കാലത്തിന്‍ പുല്‍തൊട്ടിലില്‍
കനകക്കിനാക്കളെ പിറന്നില്ലല്ലോ നിങ്ങള്‍..?
ഞാനുമര്‍ഖയ്യാമിനെ സ്നേഹിക്കുന്നൊരു വീണ-
ക്കമ്പിയിലനവദ്യ സംഗീത തരംഗങ്ങള്‍
താളലയങ്ങള്‍ നാദധാരകള്‍ ഹൃദയത്തില്‍
പുളകചാര്‍ത്തേകിടും മൂവന്തി മരവിക്കെ..!
മഞ്ഞുരുകീടും മധ്യാഹ്നങ്ങളിലുമര്‍ഖയ്യാം
തന്നൊരീക്കാവ്യത്തിന്റെ താളുകള്‍ മറിക്കവേ,
സാനിതന്നനവദ്യസാമീപ്യമൊരുക്കിയ
ഗാനലയത്തില്‍ നാദധാരയിലലിഞ്ഞു ഞാന്‍..!



2008 ഡിസംബർ 14, ഞായറാഴ്‌ച

മരതകദ്വീപ്

നടുക്കടലിലൊരു നൌകയിലൊഴുകുകയായ്
കര കാണാക്കടലില്‍ഞാനലയുന്പോള്‍,
അനന്തമീയലയാഴിയിലൊരു തുരുത്തെങ്കിലും
കാണുവാന്‍ കൊതിക്കുകയായ്...
ഇരുള്‍ മൂടിയോരെന്‍ മനസ്സിന്റെ
ജാലകങ്ങള്‍ ഞാന്‍ മലര്‍ക്കെ തുറക്കവേ,
മരതകദ്വീപില്‍ ചെന്നണയുമ്പോള്‍...
കടല്‍പക്ഷികള്‍ ചേക്കേറാനെത്തുമീ
ദ്വീപിലെയേകാന്തമാം കോണില്‍ ഞാനെന്നും
ഏകാനായിരിക്കുമ്പോള്‍ കൂട്ടിനായെനിക്കെന്നും
എന്റെ മൌനദുഃഖങ്ങളും നഷ്ടസ്വപ്നങ്ങളും മാത്രം..!
ഒരു സ്വാന്തനത്തിന്റെ തൂവല്‍സ്പര്ശത്തിനായ്
ആരെയോ കാത്തിട്ടിരിപ്പാണീ മരതകദ്വീപില്‍ ഞാന്‍...
വരുമാരെന്കിലുമൊരുനാളന്നെനിക്ക് മോചനം
ഈ ഏകാന്തതയുടെ തുരുത്തില്‍ നിന്നും,
വിട പറഞ്ഞെത്തും ഞാനാള്‍ക്കൂട്ടത്തില്‍
അന്നെന്നെപ്പുണരുക സ്നേഹവായ്പ്പോടെ
സ്വീകരിക്കുകയെന്നെ സദയം സഹജരേ...