2008 ജൂൺ 28, ശനിയാഴ്‌ച

വരുന്നൂ വറുതിയുടെ ദിനങ്ങള്‍ വീണ്ടും...!

വരുന്നൂ വറുതിയുടെ ദിനങ്ങള്‍ വീണ്ടും...!
കള്ളക്കര്‍ക്കിടകത്തിന്‍ കേളികെട്ടുയരുകയായ്
കരിമുകിലുകള്‍ കുടനിവര്‍ത്തിയ
കറുത്ത ആകാശത്തിന്‍ ചുവട്ടില്‍
മഴ നനയും കൂരകളില്‍ തണുത്തു
വിറങ്ങലിച്ചു കിടക്കുന്നൂ...
പട്ടിണി തന്‍ പേക്കോലങ്ങള്‍...!
ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം
സ്വാതന്ത്ര്യത്തിന്‍ ഷഷ്ടി പൂര്‍ത്തി കഴിഞ്ഞപ്പോള്‍,
ദില്ലിയിലെ ഭരണാധികാരി വര്‍ഗ്ഗം
പാളതാറുടുത്ത ഗോസായിമാര്‍
വിദേശക്കോയ്മകളെ വീണ്ടും വരവേല്‍ക്കാന്‍
പരവതാനികള്‍ വിരിക്കുന്ന തിരക്കില്‍
പാവങ്ങള്ക്കാശ്വാസമേകാന്‍ സമയമില്ലല്ലോ...!
വിലക്കയറ്റം പാരമ്മ്യത്തില്‍ എത്തിയിട്ടും,
പണപ്പെരുപ്പം വാനോളമുയര്‍ന്നിട്ടും
അനക്കമില്ലല്ലോ ദില്ലിയിലെ
കടല്‍ കിഴവന്മാര്‍ക്കിന്നെവരെ...
ബുഷ് സായിപ്പിന്‍റെ മുമ്പില്‍
മുട്ടിലിഴയും ജനദ്രോഹികളെ
ചെവിക്കു പിടിച്ചു പുറത്താക്കാന്‍
അവസരം പാര്‍ത്തു കഴിയുന്നൂ ...
പീഡിതര്‍ പട്ടിണിപ്പാവങ്ങള്‍
നാടിതിന്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍...






2008 ജൂൺ 27, വെള്ളിയാഴ്‌ച

വാതായനങ്ങള്‍

വാതായനങ്ങള്‍ മലര്‍ക്കെ തുറക്കുവിന്‍
വെളിച്ചം കടക്കട്ടെ ഇരുളിന്നിടനാഴിയില്‍
എന്തിന് കൊട്ടിയടയ്ക്കണം?ജാലക-
പ്പാളികളെന്നും തുറന്നു നാം വെക്കണം...!
പൊള്ളുന്ന മണല്‍ക്കാട്ടില്‍ തണലേകുവാനെന്നും
തീര്‍ക്കണം സ്നേഹത്തിന്‍ മരുപ്പച്ചകളേറെ...
കരകാണാക്കടലിന്‍റെ നടുക്കയങ്ങളില്‍
അലയുന്നവര്‍ക്കില്ലേ?ചേക്കേറാന്‍ തുരുത്തുകള്‍...!
വിരിയും പൂമൊട്ടിന്‍റെ ജാതകം കുറിയ്ക്കുവാ-
നെരിയും മനസ്സുകള്‍ക്കെങ്ങിനെ കഴിയുന്നൂ...?
നിഴലും നിലാവും പോല്‍ സുഖവും ദുഃഖങ്ങളും
ജീവിത യാത്രക്കിടെ കെട്ടുകാഴ്ചകള്‍ മാത്രം...!

2008 ജൂൺ 14, ശനിയാഴ്‌ച

ഒരു റൊമാന്‍റിക് എപ്പിസോഡ്

മുഖാമുഖം കണ്ടിട്ടും മിണ്ടാത്തതെന്തേ...?
നഖം കടിച്ചിങ്ങനെ നില്‍ക്കുന്നുവോ നീ...?
കാണാതെയായപ്പോള്‍ കാണാന്‍ കൊതിച്ചു
കണ്ടപ്പോളില്ലാത്ത നാണം നടിച്ചു...!
നാമിരുപേരും ചേര്‍ന്നുള്ള ലോകം
നാടും നഗരവും സ്വപ്നത്തില്‍ കണ്ടു...!
സ്നേഹസാമ്രാജ്യത്തിന്‍ സിംഹാസനത്തില്‍
മോഹങ്ങളെന്‍പാടും പൂത്തുലഞ്ഞപ്പോള്‍,
ഇനിയും വേര്‍പെട്ടു പോവാതിരിക്കാന്‍
ഇണ പിരിയാതെ നാമോന്നിച്ചു വീണ്ടും...!
മധുരക്കിനാവിന്‍റെ മണിമഞ്ചലേറി,
മാനത്തെ കൊട്ടാര മുറ്റത്ത്‌ ചെല്ലാം...
മായാലോകത്തിലേക്ക് പറക്കാം
മാരിവില്‍ തൊങ്ങല് തീര്‍ക്കുന്ന വിണ്ണില്‍...!
ഇനിയും പിരിയാതെയൊന്നിച്ചിരിക്കാം
ഇണ പിരിയാത്തതാം കിളികളെപ്പോലെ...

2008 ജൂൺ 11, ബുധനാഴ്‌ച

ദേശാടനക്കിളി

ഞാനുമൊരു ദേശാടനക്കിളിയായ്...
സൈബീരിയന്‍ കൊക്കുകളൊഴിഞ്ഞുപോയൊരീ
കടലുണ്ടിയില്‍ ചേക്കേറിയതീയിടെ...
ജീവിത യാത്രയിലിതെനിക്കിടത്താവളം ...
തിരികെയെന്നോര്‍മ്മകള്‍ മേയുമെന്‍
തീരത്തണയുവാന്‍ തിടുക്കമായി ...!
കടലുണ്ടിപ്പുഴയുടെ തീരത്തേകാന്തമാം
തുരുത്തിലകപ്പെട്ട പോലെയായ്‌ ...!
ഒരു ദേശാടന പക്ഷിയായീപ്പുഴയോരത്തില്‍
കൂടുകൂട്ടിയതെന്‍ ജീവിത യാത്രക്കിടെ ....
പറന്ന്‌ പോയീടും ഞാനധികം വൈകീടാതെ
മറക്കാന്‍ കഴിയാത്തെന്‍ ഗ്രാമ വീഥിയിലേക്ക് ....!

2008 മേയ് 31, ശനിയാഴ്‌ച

അപരിചിതയായ പെണ്‍കുട്ടി

അപരിചിതയായ ഒരു പെണ്‍കുട്ടി
എന്റെ കണ്മുന്നില്‍ വന്നുനിന്നൂ...
ഈ തെരുവിലിതുവരെ ഞാനവളെ കണ്ടിട്ടില്ല
കാഴ്ചയില്‍ തമിഴത്തിയാണെന്ന് തോന്നും
ഏതോ നാടോടി കൂട്ടത്തില്‍ നിന്നും
കൂട്ടം തെറ്റി വന്നവളാണോ ഇവള്‍ ?
എണ്ണമയമില്ലാത്ത മുടി നെറ്റിയില്‍
ഊര്‍ന്നു വീണിരിക്കുന്നൂ...
ആ മുഖത്തെ ദൈന്യ ഭാവം
അനാഥത്വംവിളിച്ചോതുന്നൂ...
വാടിയ ജമന്തി പൂക്കള്‍ അവള്‍
മുടിയില്‍ ചൂടിയിരിക്കുന്നൂ..
ഒരുനാളാവളീതെരുവില്‍ നിന്നും
അപ്രത്യക്ഷയാകും...അന്നുവരെ
അന്നുവരെ മാത്രം!ആ പെണ്‍കുട്ടിയും
അവളുടെ ദൈന്യ ഭാവവും
എന്നില്‍ പച്ച പിടിച്ചു നില്ക്കും...!!

എന്‍റെ വീടൊരു പഴയ വീട്

എന്‍റെ വീടൊരു പഴയ വീട്
കാറ്റും വെളിച്ചവും എത്തി നോക്കാത്തൊരു
പഴയൊരു വീടാണെന്‍റെ വീട്...
തെക്കിനിയും, പടിഞ്ഞാറ്റയും,
നാലുകെട്ടും, നടുമുറ്റവും, ആമ്പല്‍ക്കുളവും
പണ്ടത്തെ പ്രതാപത്തിന്നടയാളങ്ങള്‍ ...
കാലമീ വീടിനെ മാറ്റിമറിച്ചു..
ഇരുട്ടിന്‍ കുഞ്ഞോമനകള്‍ കണ്ണ് പൊത്തി -
ക്കളിക്കുമീ ഇടനാഴികളില്‍
മുത്തശ്ശിയുടെ കാച്ചെണ്ണയുടേയും
കൊഴന്‍പിന്‍റെയും മിശ്ര ഗന്ധം ...
തൊടിയില്‍ തൊട്ടാവാടിയും, തുളസി ചെടിയും,
വിടരും നന്ത്യാര്‍ വട്ടവും, തുന്പ പ്പൂവും ..
തുന്പികളൂഞ്ഞാലാടും വള്ളിക്കുടിലും
എല്ലാമെന്നാവാസത്തിന്‍ നേര്‍ക്കാഴ്ചകള്‍ ...
എന്നുമെന്നുമോര്മ്മിയ്ക്കുവാന്‍
മയില്‍പ്പീലി പോലെയെന്‍ മനസ്സില്‍ തെളിയും
പോയകാലത്തിന്‍ ഓര്മ്മകളെന്നും ..
ഈ വീടും തൊടിയും,കിളികള്‍ താന്‍ കളകൂജനവും
വിട്ട്‌ പിരിയുവാന്‍ കഴിയില്ലൊരു നാളും...!

2008 മേയ് 30, വെള്ളിയാഴ്‌ച

കര്‍ണാടക ഫലം കപട മതേതരത്വത്തിനും അവസരവാദ രാഷ്ട്റീയത്തിനുമെതിരെയുള്ള താക്കീത്

കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ സത്യ പ്രതിജ്ഞ ചെയ്തിരിക്കുന്നു .ഇപ്പോഴെന്കിലും പരാജയകാരണങ്ങള്‍ വിലയിരുത്തുന്നതിനോ തെറ്റുകള്‍ തിരുത്തുന്നതിനോ കോണ്ഗ്രസ് തുനിഞ്ഞു കാണുന്നില്ല.തികഞ്ഞ ഹിന്ദുത്വ അജണ്ട യുമായി തെരഞ്ഞെടുപ്പ് ഗോധയില്‍ ഇറങ്ങിയ ബിജെപി യ്ക്ക് കേവല ഭൂരിപക്ഷത്ത്തിനടുത്ത് സീറ്റുകള്‍ കിട്ടുകയും, സ്വതതന്ത്രന്മാരെ തങ്ങളുടെ പക്ഷത്തെത്തിക്കുകയും,ഭൂരിപക്ഷം തട്ടിക്കൂട്ടി മന്ത്രിസഭ അധികാര മേല്ക്കുകയും ചെയ്തിരിക്കുന്നു.മതേതര കക്ഷികളെ ഭരണത്തില്‍ ഏറ്റിയ പാരമ്പര്യ മുള്ള ഒരുസംസ്ഥാനം ഒരു വര്‍ഗീയ പാര്‍ട്ടിയെ എങ്ങിനെ സ്വീകരിച്ചു വെന്നത് പരിശോധിക്കേണ്ടതാണ്.ദേവഗൌഡയുടേയും മക്കളുടെയും അധികാര ക്കൊതിയും അവസര വാദ നിലപാടുകളും ബിജെപി യുടെ വിജയത്തിനു ആക്കം കൂട്ടിയെന്നത് ശരി തന്നെ .എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാര്ട്ടി യെന്നു ഊറ്റം കൊള്ളുന്ന കോണ്ഗ്രസ് സമീപ കലങ്ങളില്‍ സ്വീകരിച്ചു വരുന്ന മൃദു ഹിന്ദുത്വ സമീപനങ്ങള്‍
ഉത്തര പ്രദേശിലും ഗുജറാത്തിലു മേന്നപോലെ ന്യൂന പക്ഷങ്ങളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റുകയാണ് ചെയ്തത് .കോണ്‍ഗ്രസിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം ജീവിതം നരക തുല്യ മായ ഒരുവലിയ വിഭാഗം ജനങ്ങള്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കുക തന്നേ ചെയ്തു .തങ്ങളുടെത് കപട മതേതരത്വ മല്ലെന്നും തെറ്റായ സാമ്പത്തിക നയങ്ങള്‍ തിരുത്തി, വിലക്കയറ്റം പോലെയുള്ള പ്രയാസങ്ങളില്‍ നിന്നു ജനനങ്ങളെ കര കയറ്റുമെന്ന് തെളിയിക്കാന്‍ കഴിയുന്നില്ലെന്കില്‍ കോണ്ഗ്രസിന്‍റെ തെരഞ്ഞെടുപ്പു തോല്‍വികള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും .