റമളാന്‍ ചിന്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
റമളാന്‍ ചിന്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 സെപ്റ്റംബർ 9, വ്യാഴാഴ്‌ച

ഒരു റമളാന്‍ കൂടി വിടവാങ്ങുമ്പോള്‍

അസ്സലാമു അലൈക്കും യാ ശഹര് റമളാന്‍....വ്രത വിശുദ്ധിയുടെയും ആത്മ സംസ്കരണത്തിന്‍റെയും പുണ്യമാസം നമ്മില്‍ നിന്നും വിടവാങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.പടിഞ്ഞാറെ ചക്രവാളത്തില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകുന്നതോടെ ഒരു മാസത്തെ പരിശുദ്ധ റമളാനിനു പരിസമാപ്തിയായി.പുണ്യ റമളാനില്‍ സല്‍ക്കര്‍മ്മങ്ങളിലൂടെ സമാര്‍ജ്ജിച്ച ആത്മവിശുദ്ധി തുടര്‍ന്നും നിലനിര്‍ത്താന്‍ സര്‍വ്വലോക രക്ഷിതാവായ അല്ലാഹു നമുക്ക് തൌഫീക്ക് നല്‍കുമാറാവട്ടെ...പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞും ,മനസാ വാചാ കര്‍മ്മണാ പാപകര്‍മ്മങ്ങളില്‍ നിന്നും അകന്നും കഴിഞ്ഞു കൂടിയ ഒരുമാസത്തെ അനുഭവങ്ങള്‍ വരാനിരിക്കുന്ന നാളുകളില്‍ വഴികാട്ടിയാവണം.ലോകത്തെ നേര്‍ വഴിക്ക് നയിക്കാന്‍ മുഹമ്മദ്‌ നബി (സ.അ) യിലൂടെ പരിശുദ്ധ ഖുര്‍ ആന്‍ അവതരിക്കപ്പെട്ട മാസത്തിന്റെ പരിപാവനത എന്നെന്നും കാത്തു സൂക്ഷിക്കാന്‍ റമളാനിലെ ആരാധനകള്‍ നമുക്ക് സഹായകമാവണം.വ്രതാനുഷ്ടാനത്തിനു പരിസമാപ്തി കുറിക്കുന്ന ഈദുല്‍ ഫിഥര്‍ കേവലം ആഘോഷമായി ഒതുക്കി നിര്‍ത്താതെ മതമൈത്രിയുടെയും മാനവ സ്നേഹത്തിന്റെയും പ്രതിജ്ഞ പുതുക്കുന്നതിനുള്ള അവസരം കൂടിയാവണം.എല്ലാവര്‍ക്കും, എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ പെരുന്നാളാശംസകള്‍....

2010 ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

പരിശുദ്ധ റമളാന്‍ വരവായ്

ഭക്തിനിര്‍ഭരമായ ദിനരാത്രങ്ങള്‍ കൊണ്ട് അനുഗ്രഹീതമാക്കപ്പെട്ട പരിശുദ്ധ റമളാന്‍ ഇതാ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു.പശ്ചിമാകാശത്തില്‍ മാസപ്പിറവി പ്രത്യക്ഷപ്പെടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.ലോകത്തെങ്ങുമുള്ള മുസ്ലിമീങ്ങള്‍ക്ക് ഇനി ത്യാഗത്തിന്റെയും ആരാധനകളുടെയും രാപ്പകലുകള്‍.നൂറ്റാണ്ടുകള്‍ക്കു മുമ്പ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടക്കിവാണിരുന്ന അറേബ്യന്‍ മണലാരണ്യത്തില്‍ അന്ത്യപ്രവാചകനായ മുഹമ്മദ്‌ റസൂല്‍ (സ.അ )തൌഹീദിന്റെ തൂവെളിച്ചവുമായി കടന്നു വന്നു.ഇസ്ലാം അനുശാസിക്കുന്ന നിര്‍ബന്ധ കര്‍മ്മങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് റമളാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം.പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞ് ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാന്‍ വിശ്വാസികള്‍ക്ക് കൈവന്ന സുവര്‍ണാവസരം.ഈ പുണ്യമാസത്തില്‍ വ്രതാനുഷ്ടാനത്തോടൊപ്പം പള്ളികളിലും വീടുകളിലും ഇബാദത്തില്‍ മുഴുകി വിശാസികള്‍ അല്ലാഹുവില്‍ അഭയം തേടുന്നു.പകല്‍ ആഹാര നീഹാരാദികള്‍ ഉപേക്ഷിച്ചത് കൊണ്ടുമാത്രം റമളാനിന്‍റെ ലക്‌ഷ്യം പൂര്‍ത്തിയാവുന്നില്ല.മനസാ വാചാ കര്‍മ്മണാ എല്ലാ ദുഷ്ചെയ്തികളില്‍ നിന്നും അകന്നു നില്‍ക്കാനാണ് അല്ലാഹു കല്‍പ്പിക്കുന്നത്.ശരീരത്തിന്റെയും മനസ്സിന്റെയും എല്ലാ പ്രലോഭനങ്ങളില്‍ നിന്നും മുക്തി നേടിയാല്‍ മാത്രമേ വ്രതാനുഷ്ടാനത്തിന്റെ സത്ത സംരക്ഷിക്കപ്പെടുന്നുള്ളു.ദാന ധര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ മാസവും ഇത് തന്നെ.ലോകത്തിനു വഴികാട്ടിയായി പരിണമിച്ച പരിശുദ്ധ ഖുര്‍ ആന്‍ അവതരിച്ച പുണ്യറമളാനില്‍ ഐതിഹാസികമായ ബദര്‍ ദിനവും,ആയിരം മാസങ്ങളിലേക്കാള്‍ അനുഗ്രഹം ചൊരിയപ്പെടുന്ന ലൈലത്തുല്‍ ഖദിര്‍ എന്ന പുണ്യരാവും വന്നുചേരുന്നു.രാത്രികാലങ്ങളിലെ തറാവീഹ് നമസ്കാരവും ഖുര്‍ ആന്‍ പാരായണവും റമളാന്‍ മാസത്തിലെ അവസാനത്തെ പത്തില്‍ അനുഷ്ടിക്കുന്ന ഇ ഇത്തിക്കാഫും റമളാനിന്‍റെ പരിപാവനത വര്‍ദ്ധിപ്പിക്കുന്നു.ഈ പുണ്യമാസത്തിലും തുടര്‍ന്നും അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവരിലും ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്നു.

2009 സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

ലളിതജീവിതം റമളാനിന്‍റെ മുഖമുദ്രയാവണം

ത്യാഗത്തിന്റെയും സഹനത്തിന്റെയും മാസമായ റമളാന്‍ നമ്മോടു വിട പറയുന്നതിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.പരിശുദ്ധ റമളാന്‍ അതിന്റെ അവസാന പത്തു നാളുകളിലേക്ക് കടന്നിരിക്കുന്നു.ഇനിയുള്ള ദിനരാത്രങ്ങള്‍ വിശ്വാസികള്‍ക്ക് പള്ളികളിലും സ്വന്തം ഭവനങ്ങളിലും വളരെ വിലപ്പെട്ടതാണ്‌.പള്ളികളില്‍ ഇ ഇത്തിക്കാഫ് ഇരുന്നും പരിശുദ്ധ ഖുര്‍ ആന്‍ പാരായണം ചെയ്തും ദാന ധര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചും അല്ലാഹുവിലേക്ക് മടങ്ങുവാനും ചെയ്തു പോയ തെറ്റുകള്‍ക്ക് മാപ്പപേക്ഷിക്കാനുമുള്ള അസുലഭമായ അവസരം.ആയിരം രാവുകളിലേക്കാള്‍ പുണ്യം പെയ്തിറങ്ങുന്ന ഇരുപത്തിയേഴാം രാവ്‌ അഥവാ ലൈലത്തുല്‍ ഖദിറും ഈ അവസാനത്തെ പത്തിലാണ്.ഹിജറ കലണ്ടറിലെ മറ്റു പതിനൊന്നു മാസങ്ങളില്‍ നിന്നും പരിശുദ്ധ റമളാന്‍ മാസത്തെ മാറ്റിനിര്‍ത്തുന്നത്, അല്ലാഹുവിന്റെ ആജ്ഞ പ്രകാരം ജീവിതത്തെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാന്‍ ഏറെ ത്യാഗങ്ങള്‍ സഹിക്കുവാന്‍ സന്നദ്ധമാവേണ്ട സന്ദര്‍ഭം വന്നുചേരുന്നു എന്നതാണ്.പകല്‍ സമയങ്ങളില്‍ ഭക്ഷണം ഉപേക്ഷിച്ചും, നോക്കിലും വാക്കിലും മനസ്സിനെ നിയന്ത്രിച്ചും കഴിയുന്ന സത്യവിശാസികളെ സര്‍വ്വലോക രക്ഷിതാവായ അല്ലാഹു ഒരിക്കലും കൈവിടില്ല.ഈ പുണ്യമാസം ലളിത ജീവിതം പരിശീലിക്കുന്നതിനുള്ള സുവര്‍ണാവസരം കൂടിയാണ്.അന്ത്യപ്രവാചകനായ മുഹമ്മദ്‌ റസൂല്‍ (സ.അ) തന്റെ ജീവിതചര്യകളിലൂടെ കാട്ടിത്തന്നതും ആര്‍ഭാടരഹിതമായ ജീവിതമല്ലാതെ മറ്റെന്താണ്?ഈന്തപ്പനയോല കൊണ്ടു നിര്‍മ്മിച്ച പരുക്കന്‍ പായയില്‍ അന്തിയുറങ്ങിയും, ആവശ്യത്തിനു മാത്രം ആഹാരം കഴിച്ചും ,മാതൃക കാണിച്ച പ്രവാചകന്‍റെ അനുയായികളില്‍ ചിലരെന്കിലും ആര്‍ഭാടജീവിതം നയിക്കുവാന്‍ പരസ്പരം മത്സരിക്കുന്നതും നാം കാണുന്നു.ഒരു കാരക്ക കൊണ്ടു ഏഴ് പേര്‍ നോമ്പ് മുറിച്ച ഭൂതകാലമെവിടെ?ഇഫ്താര്‍ വിരുന്നിലും മറ്റും ഭക്ഷണധൂര്‍ത്ത് കൊടികുത്തി വാഴുന്ന വര്‍ത്തമാനകാലമെവിടെ?ഈ റമളാന്‍ മാസമെന്കിലും ഒരു പുനര്‍ചിന്തനത്തിനു വഴിയൊരുക്കിയിരുന്നെന്കില്‍..!

2009 ഓഗസ്റ്റ് 22, ശനിയാഴ്‌ച

റമളാന്‍ സഹനത്തിന്റെയും ത്യാഗത്തിന്റെയും പുണ്യമാസം

ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി പരിശുദ്ധ റമളാന്‍ ഒരിക്കല്‍ കൂടി സമാഗതമായിരിക്കുന്നു.ലോകത്തെങ്ങുമുള്ള ഇസ്ലാംമത വിശ്വാസികള്‍ക്ക് ഇനി വ്രതവിശുദ്ധിയുടെയും സല്‍ക്കര്‍മ്മങ്ങളുടേയും രാപ്പകലുകള്‍.പ്രാഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞും ഇബാദത്തില്‍ മുഴുകിയും കഴിയുന്നവര്‍ക്ക്,എല്ലാം പൊറുത്ത് മാപ്പ് നല്കുന്ന കരുണാനിധിയായ അല്ലാഹുവിനോട് തങ്ങളുടെ തെറ്റുകള്‍ ഏറ്റു പറഞ്ഞ് മാപ്പപേക്ഷിക്കുന്നതിനുള്ള പുണ്യാവസരം.ശരീരവും മനസ്സും ഒരുപോലെ ശുദ്ധീകരിക്കുന്നതിനുള്ള അസുലഭമായ അവസരം കൂടിയാണിത്.മുസ്ലിമീങ്ങള്‍ക്ക് അല്ലാഹു കല്‍പ്പിച്ച നിര്‍ബന്ധ കര്‍മ്മമാണ്‌ റമളാനിലെ വ്രതാനുഷ്ഠാനം .പകല്‍ സമയങ്ങളില്‍ ആഹാരം ഉപേക്ഷിക്കല്‍ മാത്രമല്ല നോമ്പിന്റെ പൊരുള്‍.മനസ്സിനെ എല്ലാ ദുഷ്ക്കര്‍മ്മങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നതിനു ഇതു സഹായിക്കുന്നു.രാത്രികാലങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനയായ തറാവീഹ്,അവസാന പത്തിലെ ഇ ഇത്തിക്കാഫ് മുതലായ സവിശേഷ പ്രാര്‍ത്ഥനകളും റമളാനിന്‍റെ അനുഗ്രഹമാണ്.റസൂലിന്റെ നേതൃത്വത്തില്‍ അവിശ്വാസികളും അഹങ്കാരികളുമായ ഖുറൈശികള്‍ക്കെതിരെ നടന്ന പുണ്യയുദ്ധത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ബദര്‍ ദിനം,ആയിരം രാവുകളേക്കാള്‍ അനുഗ്രഹീതമായ ലൈലത്തുല്‍ ഖദിര്‍ എന്നിവയെല്ലാം റമളാനിന് സ്വന്തം.ലോകത്തിനു വഴികാട്ടിയായ പരിശുദ്ധ ഖുര്‍ ആന്‍ അവതരിച്ചതും റമളാനിലാണ്.സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എല്ലാ സത്യവിശ്വാസികളിലും ഉണ്ടാവട്ടെ.

2008 സെപ്റ്റംബർ 29, തിങ്കളാഴ്‌ച

വ്രതവിശുദ്ധിയുടെ നാളുകള്‍ വിടവാങ്ങുന്നു...

അസ്സലാമു അലൈക്കും യാ ശഹറ് റമളാന്‍...
പരിശുദ്ധ റമളാനിനോട് വിട പറയുവാന്‍, കഴിഞ്ഞ വെള്ളിയാഴ്ച ലോകത്തെങ്ങുമുള്ള മുസ്ലിം പള്ളികളില്‍ മുഴങ്ങിക്കേട്ട വിടവാങ്ങല്‍ സന്ദേശമാണ് മുകളിലുദ്ധരിച്ചത്.
ഒരുമാസക്കാലമായി വ്രതാനുഷ്ടാനത്തിലൂടെ സ്വായത്തമാക്കിയ സദ്ഗുണങ്ങള്‍ വരും മാസങ്ങളിലും കൈവിട്ടു പോകാതെ നിലനിര്‍ത്താനുള്ള ബാധ്യത സത്യവിശ്വാസികള്‍ക്കെല്ലാമുണ്‍ടെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് റമളാനിലെ അവസാന ദിനങ്ങള്‍.
പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണപാനീയങ്ങള്‍ വെടിഞ്ഞും,ആരാധനകളില്‍ മുഴുകിയും
പള്ളികളില്‍ ഇഅതിക്കാഫിരുന്നും,
മനസ്സുകളില്‍ നിന്ന് പാപ ചിന്തകളെയും പക,പരദൂഷണം,അസൂയ മുതലായ എല്ലാ കറകളും
കഴുകിക്കളഞ്ഞ് നിര്‍മ്മലമായ മനസ്സിനുടമയായി മാറിയവര്‍ക്ക്
വ്രതവിശുദ്ധിയിലൂടെ നേടിയ ആത്മധൈര്യം ,തെറ്റുകള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കാനുള്ള പടച്ചട്ടയായി മാറണമേ എന്ന് സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനോട് പ്രാര്‍ത്ഥിയ്ക്കുന്നു.

2008 സെപ്റ്റംബർ 16, ചൊവ്വാഴ്ച

ബദര്‍യുദ്ധസ്മരണകളുമായി പതിനേഴാംരാവ്

റമളാന്‍ മാസത്തിലെ മുപ്പത് ദിനരാത്രങ്ങളും പുണ്യകര്‍മ്മങ്ങള്‍ കൊണ്ടും അല്ലാഹുവിന്റെ കരുണ കൊണ്ടും സമ്പന്നമാണെങ്കിലും പതിനേഴാംരാവ് വിശ്വാസികള്‍ക്ക് വീരസ്മരണകളുയര്ത്തുന്നതാണ്.അന്നാണ് അവിശ്വാസത്തിന്മേല്‍ വിശ്വാസത്തിന്റെ വിജയ പതാക പാറിച്ചതും ഇസ്ലാമിക ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടതുമായ ബദര്‍ യുദ്ധം നടന്നത്.മുഹമ്മദ് നബി(സ.അ)മക്കയില്‍ മതപ്രചാരണം ആരംഭിച്ചത് മുതല്‍ ഖുറൈശികളില്‍ നിന്ന്‌ രസൂലിനും സഹാബത്തിനും കൊടിയ പീഢനങ്ങള്‍ സഹിയ്ക്കേണ്ടി വന്നതിനാല്‍ മദീനത്തേക്ക് പലായനം ചെയ്യേണ്ടി വന്നു. അബൂസുഫിയാന്റെ കച്ചവട സംഘത്തെ സംരക്ഷിക്കാനെന്ന വ്യാജേന അവിശ്വാസികളുടെ തലതൊട്ടപ്പനും അഹങ്കാരത്തിന്റെ ആള്‍രൂപവുമായ അബൂജാഹിലും കൂട്ടരും ഇസ്ലാമിന് മേല്‍ അടിച്ചേല്‍പ്പിച്ചതായിരുന്നു ബദര്‍യുദ്ധം. സര്‍വ്വസൈനിക സന്നാഹങ്ങളോട് കൂടിയും ആയിരത്തില്‍ പരം സൈനികരൊടും ഒപ്പം പൊരുതിയിട്ടും, ഈമാനിന്റെ രക്ഷാകവചം മാത്രമണിഞ്ഞ 313 പേര്‍ മാത്രം വരുന്ന റസൂലിനെയും സഹാബത്തിനേയും പരാജയപ്പെടുത്താന്‍ അബൂജാഹിലിനും കൂട്ടാളികള്‍ക്കും കഴിയാതെ പോയത്, സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിന്റെ കാരുണ്യം കൊണ്ടു മാത്രമാണ്. യുദ്ധത്തില്‍ അബൂജാഹിലുള്‍പ്പടെ ഖുറൈശിക്കൂട്ടത്തിലെ കൊലകൊമ്പമ്മാര്‍ പലരും ബദറിലെ രണഭൂമിയില്‍ കൊല്ലപ്പെടുകയും ഏറെപ്പേര്‍ യുദ്ധതടവുകാരായി പിടിയ്ക്കപ്പെടുകയും ചെയ്തു.സഹാബാക്കളുടെ കൂട്ടത്തില്‍ നിന്ന് പതിനാല് പേരും ശുഹദാക്കളായി.നേരിന്റെ വഴിയില്‍ പടവെട്ടി വിജയം വരിച്ച ബദരീങ്ങളുടെ കാരുണ്യം വിശ്വാസികളുടെ മേല്‍ എന്നുമുണ്ടാവട്ടെയെന്നു ഈ അവസരത്തില്‍ നമുക്ക് ദുആ ചെയ്യാം.

2008 സെപ്റ്റംബർ 4, വ്യാഴാഴ്‌ച

ക്ഷമയും ത്യാഗങ്ങളും റമളാന്‍റെ മുഖമുദ്രകള്‍


റമളാന്‍ മാസം പുണ്യങ്ങളുടെ പൂക്കാലമാണെങ്കിലും ക്ഷമയും ത്യാഗമനോഭാവവും വിശ്വാസികളില്‍ അരക്കിട്ട് ഉറപ്പിക്കേണ്ട മാസം കൂടിയാണിത്.
പകല്‍ മുഴുവന്‍ ആഹാരവും, ശാരീരികവും മാനസികവുമായ എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിച്ച് ഇബാദത്തില്‍ മുഴികിയിരിക്കുന്ന സത്യവിശ്വാസിയെ സംബന്ധിച്ചെടുത്തോളം റമളാനിന്‍റെ പുണ്യം അവന് അവകാശപ്പെട്ടതാണ്.സഹജീവികളോടും ഭൂമിയിലെ സര്‍വ്വ ചരാചരങ്ങളോടും ക്ഷമിക്കാന്‍ കഴിയുന്നവന് മേല്‍ അല്ലാഹുവിന്‍റെയും അവന്‍റെ റസൂലായ മുഹമ്മദ് നബി (സ.അ)യുടെയും കാരുണ്യംഎപ്പോഴും ചൊരിയപ്പെടുമെന്നതിന് എത്രയോ ഖുര്‍ആന്‍ സൂക്തങ്ങളും,ഹദീസുകളും സാക്ഷ്യപ്പെടുത്തുന്നു.റസൂല്‍ തന്റെ ജീവിത ശൈലി കൊണ്ടു തന്നെ സഹാബിമാര്‍ക്ക്‌ മാതൃക കാട്ടിയതിനും നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. താന്‍ നമസ്ക്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ കഴുത്തില്‍ കുടല്‍ മാലകള്‍ കൊണ്ടിട്ട യഹൂദന് പോലും മാപ്പു നല്കിയ നബിചര്യ ആരുടേയും കണ്ണ് തുറപ്പിക്കേണ്ടതാണ്.മത പ്രചാരണ സമയത്ത് മക്കയിലും മദീനയിലും വെച്ചു അവിശ്വാസികളായ ഖുറൈശികളോട് റസൂല്‍ ഏത്റമാത്റമാണ് ക്ഷമിച്ചതെന്നതിന് ഇസ്ലാമിന്റെ ചരിത്രം തെളിവാണ്.പുണ്യ റമളാന്‍റെ സന്ദേശ മുള്‍ക്കൊണ്ട് പരസ്പരം ക്ഷമിക്കാനും സമൂഹത്തില്‍ ശാന്തിയും സമാധാനവും പുലര്‍ത്താനും യഥാര്‍ത്ഥ മത വിശ്വാസികള്‍ക്ക് കഴിയേണ്ടതാണ്.
ത്യാഗത്തിന്റെ കാര്യത്തിലാണെങ്കില്‍ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞും, ശാരീരികവും മാനസികവുമായ എല്ലാ സുഖഭോഗങ്ങളും ഉപേക്ഷിച്ചും ഉള്ള നോമ്പ്, മനുഷ്യകുലത്തിനു തന്നെ മാതൃക ആവേണ്ടതാണ്‌.ആഡംബര ജീവിതത്തിനു പുറകെ പരക്കം പായുന്ന ആധുനിക മനുഷ്യന് റമളാനിലെ ത്യാഗമനോഭാവം തുടര്‍ന്നും ജീവിതലക്ഷൃമാവണം.