ത്യാഗത്തിന്റെയും സഹനത്തിന്റെയും മാസമായ റമളാന്‍ നമ്മോടു വിട പറയുന്നതിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.പരിശുദ്ധ റമളാന്‍ അതിന്റെ അവസാന പത്തു നാളുകളിലേക്ക് കടന്നിരിക്കുന്നു.ഇനിയുള്ള ദിനരാത്രങ്ങള്‍ വിശ്വാസികള്‍ക്ക് പള്ളികളിലും സ്വന്തം ഭവനങ്ങളിലും വളരെ വിലപ്പെട്ടതാണ്.പള്ളികളില്‍ ഇ ഇത്തിക്കാഫ് ഇരുന്നും പരിശുദ്ധ ഖുര്‍ ആന്‍ പാരായണം ചെയ്തും ദാന ധര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചും അല്ലാഹുവിലേക്ക് മടങ്ങുവാനും ചെയ്തു പോയ തെറ്റുകള്‍ക്ക് മാപ്പപേക്ഷിക്കാനുമുള്ള അസുലഭമായ അവസരം.ആയിരം രാവുകളിലേക്കാള്‍ പുണ്യം പെയ്തിറങ്ങുന്ന ഇരുപത്തിയേഴാം രാവ് അഥവാ ലൈലത്തുല്‍ ഖദിറും ഈ അവസാനത്തെ പത്തിലാണ്.ഹിജറ കലണ്ടറിലെ മറ്റു പതിനൊന്നു മാസങ്ങളില്‍ നിന്നും പരിശുദ്ധ റമളാന്‍ മാസത്തെ മാറ്റിനിര്‍ത്തുന്നത്, അല്ലാഹുവിന്റെ ആജ്ഞ പ്രകാരം ജീവിതത്തെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാന്‍ ഏറെ ത്യാഗങ്ങള്‍ സഹിക്കുവാന്‍ സന്നദ്ധമാവേണ്ട സന്ദര്‍ഭം വന്നുചേരുന്നു എന്നതാണ്.പകല്‍ സമയങ്ങളില്‍ ഭക്ഷണം ഉപേക്ഷിച്ചും, നോക്കിലും വാക്കിലും മനസ്സിനെ നിയന്ത്രിച്ചും കഴിയുന്ന സത്യവിശാസികളെ സര്‍വ്വലോക രക്ഷിതാവായ അല്ലാഹു ഒരിക്കലും കൈവിടില്ല.ഈ പുണ്യമാസം ലളിത ജീവിതം പരിശീലിക്കുന്നതിനുള്ള സുവര്‍ണാവസരം കൂടിയാണ്.അന്ത്യപ്രവാചകനായ മുഹമ്മദ് റസൂല്‍ (സ.അ) തന്റെ ജീവിതചര്യകളിലൂടെ കാട്ടിത്തന്നതും ആര്‍ഭാടരഹിതമായ ജീവിതമല്ലാതെ മറ്റെന്താണ്?ഈന്തപ്പനയോല കൊണ്ടു നിര്‍മ്മിച്ച പരുക്കന്‍ പായയില്‍ അന്തിയുറങ്ങിയും, ആവശ്യത്തിനു മാത്രം ആഹാരം കഴിച്ചും ,മാതൃക കാണിച്ച പ്രവാചകന്‍റെ അനുയായികളില്‍ ചിലരെന്കിലും ആര്‍ഭാടജീവിതം നയിക്കുവാന്‍ പരസ്പരം മത്സരിക്കുന്നതും നാം കാണുന്നു.ഒരു കാരക്ക കൊണ്ടു ഏഴ് പേര്‍ നോമ്പ് മുറിച്ച ഭൂതകാലമെവിടെ?ഇഫ്താര്‍ വിരുന്നിലും മറ്റും ഭക്ഷണധൂര്‍ത്ത് കൊടികുത്തി വാഴുന്ന വര്‍ത്തമാനകാലമെവിടെ?ഈ റമളാന്‍ മാസമെന്കിലും ഒരു പുനര്‍ചിന്തനത്തിനു വഴിയൊരുക്കിയിരുന്നെന്കില്‍..!2009 സെപ്റ്റംബർ 11, വെള്ളിയാഴ്‌ച
ലളിതജീവിതം റമളാനിന്‍റെ മുഖമുദ്രയാവണം
ത്യാഗത്തിന്റെയും സഹനത്തിന്റെയും മാസമായ റമളാന്‍ നമ്മോടു വിട പറയുന്നതിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.പരിശുദ്ധ റമളാന്‍ അതിന്റെ അവസാന പത്തു നാളുകളിലേക്ക് കടന്നിരിക്കുന്നു.ഇനിയുള്ള ദിനരാത്രങ്ങള്‍ വിശ്വാസികള്‍ക്ക് പള്ളികളിലും സ്വന്തം ഭവനങ്ങളിലും വളരെ വിലപ്പെട്ടതാണ്.പള്ളികളില്‍ ഇ ഇത്തിക്കാഫ് ഇരുന്നും പരിശുദ്ധ ഖുര്‍ ആന്‍ പാരായണം ചെയ്തും ദാന ധര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചും അല്ലാഹുവിലേക്ക് മടങ്ങുവാനും ചെയ്തു പോയ തെറ്റുകള്‍ക്ക് മാപ്പപേക്ഷിക്കാനുമുള്ള അസുലഭമായ അവസരം.ആയിരം രാവുകളിലേക്കാള്‍ പുണ്യം പെയ്തിറങ്ങുന്ന ഇരുപത്തിയേഴാം രാവ് അഥവാ ലൈലത്തുല്‍ ഖദിറും ഈ അവസാനത്തെ പത്തിലാണ്.ഹിജറ കലണ്ടറിലെ മറ്റു പതിനൊന്നു മാസങ്ങളില്‍ നിന്നും പരിശുദ്ധ റമളാന്‍ മാസത്തെ മാറ്റിനിര്‍ത്തുന്നത്, അല്ലാഹുവിന്റെ ആജ്ഞ പ്രകാരം ജീവിതത്തെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാന്‍ ഏറെ ത്യാഗങ്ങള്‍ സഹിക്കുവാന്‍ സന്നദ്ധമാവേണ്ട സന്ദര്‍ഭം വന്നുചേരുന്നു എന്നതാണ്.പകല്‍ സമയങ്ങളില്‍ ഭക്ഷണം ഉപേക്ഷിച്ചും, നോക്കിലും വാക്കിലും മനസ്സിനെ നിയന്ത്രിച്ചും കഴിയുന്ന സത്യവിശാസികളെ സര്‍വ്വലോക രക്ഷിതാവായ അല്ലാഹു ഒരിക്കലും കൈവിടില്ല.ഈ പുണ്യമാസം ലളിത ജീവിതം പരിശീലിക്കുന്നതിനുള്ള സുവര്‍ണാവസരം കൂടിയാണ്.അന്ത്യപ്രവാചകനായ മുഹമ്മദ് റസൂല്‍ (സ.അ) തന്റെ ജീവിതചര്യകളിലൂടെ കാട്ടിത്തന്നതും ആര്‍ഭാടരഹിതമായ ജീവിതമല്ലാതെ മറ്റെന്താണ്?ഈന്തപ്പനയോല കൊണ്ടു നിര്‍മ്മിച്ച പരുക്കന്‍ പായയില്‍ അന്തിയുറങ്ങിയും, ആവശ്യത്തിനു മാത്രം ആഹാരം കഴിച്ചും ,മാതൃക കാണിച്ച പ്രവാചകന്‍റെ അനുയായികളില്‍ ചിലരെന്കിലും ആര്‍ഭാടജീവിതം നയിക്കുവാന്‍ പരസ്പരം മത്സരിക്കുന്നതും നാം കാണുന്നു.ഒരു കാരക്ക കൊണ്ടു ഏഴ് പേര്‍ നോമ്പ് മുറിച്ച ഭൂതകാലമെവിടെ?ഇഫ്താര്‍ വിരുന്നിലും മറ്റും ഭക്ഷണധൂര്‍ത്ത് കൊടികുത്തി വാഴുന്ന വര്‍ത്തമാനകാലമെവിടെ?ഈ റമളാന്‍ മാസമെന്കിലും ഒരു പുനര്‍ചിന്തനത്തിനു വഴിയൊരുക്കിയിരുന്നെന്കില്‍..!2009 ഓഗസ്റ്റ് 29, ശനിയാഴ്‌ച
വീണ്ടും ഒരോണം
എവിടെ തെച്ചിയും ചേമന്തിയും..?എവിടെ മുക്കുറ്റി മന്ദാരവും..?
കേവലമിന്നോര്‍മ്മകള്‍ മാത്രമായി..
പൊന്നോണതുമ്പികള്‍ യാത്രയായി..
ചുരം കടന്നെത്തിയ മറുനാടന്‍ പൂക്കളാല്‍
തെരുവോര കാഴ്ചകള്‍ തീര്‍ത്തു നമ്മള്‍
വിങ്ങും മനസ്സുകള്‍ക്കാശ്വാസമേകുവാന്‍
ചിങ്ങക്കുളിര്‍കാറ്റുമെത്തിയില്ല..!
പോയ കാലത്തിലെ പൊന്നോണക്കാഴ്ചകള്‍
നയനാഭിരാമങ്ങളായിരുന്നൂ..
കൈമോശം വന്നിതെന്‍ നാടിന്റെയുല്സവ-
ത്തനിമയും ഭംഗിയും നൈര്‍മ്മല്യവും
എല്ലാമിന്നാവര്‍ത്തനങ്ങളായ് മാറവേ,
എന്തിനോ മാനസം തേങ്ങിടുന്നൂ..!
നഷ്ടപ്രതാപങ്ങള്‍ വീണ്ടെടുത്താഹ്ളാദ
ചിത്തരായോണത്തെ വരവേറ്റിടാം
വീണ്ടുമോരോണമിങ്ങെത്തിടുമ്പോള്‍
പണ്ടത്തെ കാഴ്ചകളോര്‍ത്തു പോയി..!
2009 ഓഗസ്റ്റ് 22, ശനിയാഴ്‌ച
റമളാന്‍ സഹനത്തിന്റെയും ത്യാഗത്തിന്റെയും പുണ്യമാസം
ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി പരിശുദ്ധ റമളാന്‍ ഒരിക്കല്‍ കൂടി സമാഗതമായിരിക്കുന്നു.ലോകത്തെങ്ങുമുള്ള ഇസ്ലാംമത വിശ്വാസികള്‍ക്ക് ഇനി വ്രതവിശുദ്ധിയുടെയും സല്‍ക്കര്‍മ്മങ്ങളുടേയും രാപ്പകലുകള്‍.പ്രാഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞും ഇബാദത്തില്‍ മുഴുകിയും കഴിയുന്നവര്‍ക്ക്,എല്ലാം പൊറുത്ത് മാപ്പ് നല്കുന്ന കരുണാനിധിയായ അല്ലാഹുവിനോട് തങ്ങളുടെ തെറ്റുകള്‍ ഏറ്റു പറഞ്ഞ് മാപ്പപേക്ഷിക്കുന്നതിനുള്ള പുണ്യാവസരം.ശരീരവും മനസ്സും ഒരുപോലെ ശുദ്ധീകരിക്കുന്നതിനുള്ള അസുലഭമായ അവസരം കൂടിയാണിത്.മുസ്ലിമീങ്ങള്‍ക്ക് അല്ലാഹു കല്‍പ്പിച്ച നിര്‍ബന്ധ കര്‍മ്മമാണ് റമളാനിലെ വ്രതാനുഷ്ഠാനം .പകല്‍ സമയങ്ങളില്‍ ആഹാരം ഉപേക്ഷിക്കല്‍ മാത്രമല്ല നോമ്പിന്റെ പൊരുള്‍.മനസ്സിനെ എല്ലാ ദുഷ്ക്കര്‍മ്മങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നതിനു ഇതു സഹായിക്കുന്നു.രാത്രികാലങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനയായ തറാവീഹ്,അവസാന പത്തിലെ ഇ ഇത്തിക്കാഫ് മുതലായ സവിശേഷ പ്രാര്‍ത്ഥനകളും റമളാനിന്‍റെ അനുഗ്രഹമാണ്.റസൂലിന്റെ നേതൃത്വത്തില്‍ അവിശ്വാസികളും അഹങ്കാരികളുമായ ഖുറൈശികള്‍ക്കെതിരെ നടന്ന പുണ്യയുദ്ധത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ബദര്‍ ദിനം,ആയിരം രാവുകളേക്കാള്‍ അനുഗ്രഹീതമായ ലൈലത്തുല്‍ ഖദിര്‍ എന്നിവയെല്ലാം റമളാനിന് സ്വന്തം.ലോകത്തിനു വഴികാട്ടിയായ പരിശുദ്ധ ഖുര്‍ ആന്‍ അവതരിച്ചതും റമളാനിലാണ്.സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എല്ലാ സത്യവിശ്വാസികളിലും ഉണ്ടാവട്ടെ.2009 ഓഗസ്റ്റ് 18, ചൊവ്വാഴ്ച
സഖാവ് കൃഷ്ണപിള്ള ദിനം
ആഗസ്ത് 19 സഖാവ് പി കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞ ദിവസം.42 വയസ്സുള്ളപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഹമ്മയിലെ ഒരു കയര്‍ തൊഴിലാളിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്പോളാണ് സഖാവ് പാമ്പ് കടിയേറ്റു മരിക്കുന്നത്.1948 ആഗസ്റ്റ് 19 നു കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എല്ലാമായിരുന്ന സഖാവിന്റെ ജീവന്‍ അകാലത്തില്‍ പൊലിഞ്ഞു.1906 ല്‍ അന്നത്തെ തിരുവിതാം കൂറിന്റെ ഭാഗമായിരുന്ന വൈക്കത്ത് ഒരിടത്തരം നായര്‍ കുടുംബത്തിലാണ് സഖാവിന്റെ ജനനം.കുട്ടിക്കാലം മുതല്‍ ദാരിദ്ര്യത്തില്‍ മുങ്ങിയ കുടുംബ പശ്ചാത്തലം.തൊഴിലന്വേഷിച്ചുള്ള യാത്രയില്‍ അലഹബാദില്‍ എത്തിപ്പെട്ടു.അവിടെ നിന്നും ഹിന്ദി പഠിച്ചു.പ്രതി മാസം 30 രൂപ ശമ്പളത്തില്‍ ഹിന്ദി പ്രചാരകനായി.ഇന്ത്യ അപ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീചൂളയിലായിരുന്നു.വിമോചന പ്രസ്ഥാനത്തിന്റെ ആവേശമുള്‍ക്കൊണ്ട് കേരളത്തിലേക്ക് തിരിച്ചു വന്നു.ഇ എം എസ് ,എ കെ ജി തുടങ്ങിയ നേതാക്കളെ പോലെ കൃഷ്ണ പിള്ളയും കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്.സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അന്ന് കോഴിക്കോട്ടു നിന്നും പയ്യന്നൂരിലേക്ക് നടത്തിയ ഉപ്പ് സത്യാഗ്രഹ യാത്രയില്‍ പങ്കെടുത്ത സഖാവിനു ബ്രിട്ടിഷ് പോലീസിന്റെ കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങേണ്ടിവന്നു.ജയില്‍ ശിക്ഷ കഴിഞ്ഞു ഗുരുവായൂര്‍ സത്യാഗ്രഹത്തിലക്ക്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മണി മുഴക്കിയത്തിനു നായര്‍ പ്രമാണിമാരും അവരുടെ ശിങ്കിടികളും കൂടി തല്ലിച്ചതച്ചു. ഒക്ടോബര്‍ വിപ്ലവത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട സഖാവ് കോണ്‍ഗ്രസ്സിന്റെ പോക്കില്‍ തൃപ്തനായിരുന്നില്ല.അന്നും കോണ്‍ഗ്രസ് സമ്പന്ന വര്‍ഗ്ഗത്തിന് വേണ്ടിയായിരുന്നു നില നിന്നിരുന്നത്.അത് കൊണ്ടുതന്നെ മലബാറിലെയും തിരു കൊച്ചിയിലെയും കര്‍ഷകരെയും തൊഴിലാളികളെയും ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞിരുന്നില്ല .കൃഷ്ണപിള്ളയെ പോലുള്ള വിപ്ലവകാരികള്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങി.സി എസ് പി യുടെ സെക്രടറിയും സഖാവായിരുന്നു.കേരളം മുഴുവന്‍ സഞ്ചരിച്ചു കര്‍ഷകര്‍,തുണിമില്‍,കയര്‍ മേഖലയിലെ തൊഴിലാളികള്‍ എന്നിവരെ സംഘടിപ്പിച്ച് പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കി.ആദ്യമായി കോഴിക്കോട്ടു രൂപീകരിച്ച കമ്മ്യൂണിസ്റ്റ് ഗ്രൂപ്പില്‍ സഖാക്കള്‍ കെ ദാമോദരന്‍,എന്‍ സി ശേഖര്‍ എന്നിവര്‍ക്കൊപ്പം കൃഷ്ണപിള്ളയുമുണ്ടായിരുന്നു.അസാമാന്യമായ സംഘടനാ പാടവവമുണ്ടായിരുന്ന സഖാവിനെ പ്രസ്ഥാനത്തിന് അകാലത്തില്‍ നഷ്ടപ്പെട്ടു .1948 ലെ കല്‍ക്കത്ത തിസീസിന്റെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ കമ്മ്യൂണിസ്റ്റ് വേട്ടയെ തുടര്‍ന്ന് ഒളിവില്‍ പോയ സഖാവിനു ആ ഒളിവു ജീവിതത്തിനിടയിലാണ് അന്ത്യം സംഭവിക്കുന്നത്. വെറും തറയില്‍ കിടന്നു ഒരു പ്രസംഗം തയ്യാറാക്കി കൊണ്ടിരിക്കുമ്പോഴാണ് സഖാവിനു പാമ്പ് കടിയേല്‍ക്കുന്നത്.സഖാവിന്റെ അവസാന വാക്കുകളില്‍ നിന്ന്-സഖാക്കളെ മുന്നോട്ട്.ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ഈ മുദ്രാവാക്യം എന്നും മുറുകെ പിടിയ്ക്കണം.ലാല്‍ സലാം...2009 ജൂലൈ 30, വ്യാഴാഴ്‌ച
അനശ്വരഗായകന്‍ മുഹമ്മദ് റാഫിയെ അനുസ്മരിക്കുമ്പോള്‍
അനശ്വരഗായകന്‍ മുഹമ്മദ് റാഫി നമ്മെ വേര്‍പിരിഞ്ഞിട്ടു മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, മനസ്സിന്റെ ഉള്ളറകളിലിന്നും ആ മധുര ശബ്ദത്തിന്റെ മാറ്റൊലികള്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. 1980 ജൂലായ് 31മുംബൈ നഗരം അന്നേവരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ ഒരു വിലാപയാത്രയ്ക്ക് കണ്ണീരോടെ സാക്ഷൃം വഹിച്ചു.അനുഗ്രഹീത സംഗീത സാമ്രാട്ട് റാഫി സാഹിബിന്റെ അന്ത്യയാത്രയായിരുന്നു അത്.ഇന്നത്തെ പാക്കിസ്ഥാനില്‍ ഉള്‍പ്പെട്ട കോട്ല സുല്‍ത്താന്‍ പൂരില്‍ 1924 ഡിസംബര്‍ 24 നു മുഹമ്മദ് റാഫി ജനിച്ചു.കുട്ടിക്കാലത്ത് തന്റെ ഗ്രാമത്തിലെ ഒരു ഫക്കീറിനെ അനുകരിച്ചു പാട്ടുകള്‍ പാടിനടന്നിരുന്ന കൊച്ചു റാഫിയുടെ സംഗീത വാസന കണ്ടറിഞ്ഞത് അദ്ദേഹത്തിന്റെ ഒരു ബന്ധുവായിരുന്നു.തുടര്‍ന്ന് ഉസ്താദ് ബഡെ ഗുലാം അലി ഖാന്‍,ഉസ്താദ് അബ്ദുല്‍ വാഹിദ് ഖാന്‍,പണ്ഡിറ്റ് ജീവന്‍ ലാല്‍ മാട്ടോ,ഫിറോസ് നിസാമി എന്നിവരില്‍ നിന്നും സംഗീതം അഭ്യസിച്ച റാഫി സാഹിബ് നാല് വ്യാഴവട്ടക്കാലം സംഗീത ലോകത്ത് നിറഞ്ഞു നിന്നു.ഹിന്ദി,ഉര്‍ദു,ബോജ്പുരി,പഞ്ചാബി,ബംഗാളി,മറാത്തി,തെലുഗ്,കന്നഡ ഭാഷകളിലെല്ലാം അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു.1944 ല്‍ മുംബൈയിലേക്ക് കുടിയേറിയ മുഹമ്മദ് റാഫി സുപ്രസിദ്ധ ചലച്ചിത്ര സംഗീത സംവിധായകന്‍ നൌഷാദുമായി പരിചയപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു. 1952 ലെ ബൈജു ബാവ്റയില്‍ അദ്ദേഹം പാടിയ ദുനിയാ കേ രഖ് വാലെ എന്ന ഗാനം റാഫിയെ പ്രശസ്തനാക്കി.തുടര്‍ന്ന് നൌഷാദ് സവിധാനം ചെയ്ത നിരവധി ഗാനങ്ങള്‍ പാടി മുഹമ്മദ് റാഫി അനശ്വര ഗായകനായി.ശാസ്ത്രീയ സംഗീതം,ഗസലുകള്‍,ഭജനങ്ങള്‍,ദേശഭക്തി ഗാനങ്ങള്‍,ചലച്ചിത്ര ഗാനങ്ങള്‍ എന്നിവയെല്ലാം ആ അനുഗ്രഹീത ഗായകന് വഴങ്ങുന്നവയായിരുന്നു.1965 ല്‍ ഭാരത സര്‍ക്കാര്‍ പദ്മശ്രീ പദവി നല്കി ആദരിച്ച റാഫി സാഹിബിനു നിരവധി തവണ അവാര്‍ഡുകളും ലഭിച്ചു.ആറ് പ്രാവശ്യം ഫിലിം ഫെയര്‍ അവാര്‍ഡുകളും,നിരവധി ദേശീയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.അറുപതികളിലെപ്പോഴോ കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ റാഫിയുടെ സംഗീത മാസ്മരികത നേരിട്ടനുഭവിച്ചതിന്റെ മധുരസ്മരണ എന്റെ മനസ്സില്‍ ഇന്നും മായാതെ കിടക്കുന്നു.അദ്ദേഹത്തിന്റെ ചരമദിനം ഒരിക്കല്‍ കൂടി കടന്നുവരുമ്പോള്‍ ആ സംഗീത സാമ്രാട്ടിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ തല താഴ്ത്തുന്നു..!
2009 ജൂൺ 12, വെള്ളിയാഴ്‌ച
ഇ എം എസ് ജന്മശതാബ്ദി
നാളെ ജൂണ്‍ 13 .ഇ എം എസിന്റെ നൂറ്റൊന്നാം ജന്മദിനം.ചരിത്രത്തിന്റെ മുമ്പെ നടന്നു നീങ്ങിയ,
ചരിത്രം തിരുത്തി കുറിച്ച വിപ്ലവകാരിയുടെ
ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുമ്പില്‍
ഒരുപിടി രക്തപുഷ്പങ്ങള്‍ സമര്‍പ്പിക്കട്ടെ..!
മാറ്റത്തിന്റെ വെളിച്ചം കടന്നു ചെല്ലാത്ത വള്ളുവനാട്ടിലെ ഏലംകുളം ഗ്രാമം
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്ന കാലം
ജന്മിത്വം കേരളമാകെ അരങ്ങ് തകര്‍ക്കുമ്പോള്‍ ,പ്രൌഡിയോടെ തലയുയര്‍ത്തി നിന്ന ഒരു ബ്രാഹ്മണകുടുംബത്തില്‍,ഏലംകുളം മനയില്‍ ജനിച്ചു.
കാലത്തിന്റെ നിയോഗം ഏറ്റെടുത്ത് പിറന്ന നാടിനും,സഹജീവികളുടെ കണ്ണുനീര്‍ ഒപ്പുന്നതിനും വേണ്ടി
ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചു.തുടക്കം ഇരുളടഞ്ഞ സ്വന്തം സമുദായത്തില്‍ നിന്നു തന്നെ
യോഗക്ഷേമസഭാ പ്രവര്‍ത്തകനായി,
ബ്രാഹ്മണ്യത്തിന്റെ പൂണൂല്‍ ചരടുകള്‍ പൊട്ടിച്ചെറിഞ്ഞു ജനങ്ങള്‍ക്കിടയിലേക്ക്...
അടിച്ചമര്‍ത്തപ്പെട്ട ജീവിതങ്ങളെ മോചിപ്പിക്കാനുള്ള പോരാട്ടങ്ങള്‍
തുടര്‍ന്ന് ദേശീയ വിമോചനപ്പോരാളിയായി,മാര്‍ക്സിസത്തില്‍ ആകൃഷ്ടനായി
സൈദ്ധാന്തികാചാര്യനായി, ചരിത്ര രചയിതാവായി,നവകേരളശില്‍പ്പിയായി
കേരളപ്പിറവിക്കു ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചു മുഖ്യമന്ത്രിയായി
കേരളീയ സമൂഹത്തിന്റെ അലകും പിടിയും മാറ്റിയ നടപടികള്‍ ആ കാലത്തുണ്ടായി
അധികാരത്തിന്റെ അകത്തളങ്ങളില്‍ എത്തിയിട്ടും അത് വരെ മുറുകെ പിടിച്ച വിശ്വാസപ്രമാണങ്ങള്‍ ബലികഴിക്കാന്‍ കൂട്ടാക്കാത്ത
യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരനായി അവസാനശ്വാസം വരെയും ജീവിച്ചു.
കോടതികളുടെ പക്ഷപാത നിലപാടുകള്‍ക്ക് എതിരെ പരസ്യമായി പ്രതികരിച്ചു ശിക്ഷ സ്വയം ഏറ്റുവാങ്ങിയത് ഒരുദാഹരണം മാത്രം..!വലതുപക്ഷ തിരുത്തല്‍ വാദത്തിനും ഇടതുപക്ഷ തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ച്ചയില്ലാത്തതും സന്ധിയില്ലാത്തതുമായ
നിരന്തരമായ പോരാട്ടങ്ങള്‍.ഒരിക്കല്‍ പോലും, തന്റെ പ്രസ്ഥാനത്തെ വര്‍ഗ്ഗ ശത്രുക്കള്‍ക്ക് കടിച്ചുകീറാന്‍ എറിഞ്ഞുകൊടുക്കാതിരുന്ന ബലവത്തായ പാര്‍ട്ടിക്കൂറ് സഖാവിന്റെ പ്രത്യേകതയായിരുന്നു.ഇന്നു ചിലര്‍ക്ക് കൈമോശം വന്നതും ഈ സ്വഭാവവിശേഷം. സഖാവിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍...ലാല്‍ സലാം...ലാല്‍സലാം...
2009 ജൂൺ 1, തിങ്കളാഴ്‌ച
ഒരു നീര്‍മാതളത്തിന്‍ ചുവട്ടില്‍

ഒരു നീര്‍മാതളത്തിന്‍ ചുവട്ടിലെ കുളിര്‍ കാറ്റിന്‍ തലോടലില്‍
വിരി നീര്‍ത്തുമോര്‍മ്മകളിലോടിയെത്തും
നഷ്ടവസന്തങ്ങള്‍ തന്‍ ദുഃഖസ്മൃതിയുമായ്
കാലയവനികക്കുള്ളില്‍ മറഞ്ഞൂ, ഇതിഹാസ നായിക..!
പൊഴിക്കട്ടെ ചുടുകണ്ണുനീര്‍ മനസ്സ് വിറങ്ങലിയ്ക്കെ.!!
സ്നേഹിക്കാന്‍ മാത്രമറിയുമൊരമ്മതന്‍ പൊന്മകളായ്
ആമിയായ് കമലയായ് പിന്നെ മാധവിക്കുട്ടിയായ്
ഒടുവില്‍ കമലാ സുരയ്യയായ് മാറിയെങ്കിലും
ഭാവത്തില്‍ സ്നേഹം...സ്നേഹം മാത്രം...
മനസ്സില്‍ സൂക്ഷിക്കാനാ മന്ദസ്മിതം മാത്രം
അമ്മേ,അത് മതി...അത് മാത്രം മതി...
ഞങ്ങള്‍ക്കെന്നെന്നും ഓര്‍മ്മിക്കുവാന്‍..!
കുഞ്ഞും നാളില്‍ കുയിലിനോടും കാറ്റിനോടും
കുശലം പറഞ്ഞും നാലപ്പാട്ട് തറവാട്ടു വളപ്പിലെ
തുന്പിയോടും തുന്പയോടും കിന്നാരിച്ചും
പാറിപ്പറന്നൊരു പാവാടിക്കാരിതന്‍ മൌനദുഃഖങ്ങ-
ളേറ്റു വാങ്ങിയ ഇളം തെന്നലും തേങ്ങിയോ..?
കുളവും കുളപ്പുരയും നീര്‍മാതളവുമിലഞ്ഞിയും
ആവാഹിച്ചെടുത്തതാം മുഗ്ദമാം വരികളില്‍
സ്നേഹത്തിന്‍ മന്ദ്രധ്വനികള്‍ മുഴങ്ങിക്കേട്ടു ഞങ്ങള്‍
സ്നേഹ മൂര്‍ത്തിയാമമ്മേ,പ്രണമിച്ചിടുന്നിതാ
വിങ്ങിപ്പൊട്ടുന്ന മനസ്സോടെ, നിറകണ്ണുകളോടെ..!
വിരി നീര്‍ത്തുമോര്‍മ്മകളിലോടിയെത്തും
നഷ്ടവസന്തങ്ങള്‍ തന്‍ ദുഃഖസ്മൃതിയുമായ്
കാലയവനികക്കുള്ളില്‍ മറഞ്ഞൂ, ഇതിഹാസ നായിക..!
പൊഴിക്കട്ടെ ചുടുകണ്ണുനീര്‍ മനസ്സ് വിറങ്ങലിയ്ക്കെ.!!
സ്നേഹിക്കാന്‍ മാത്രമറിയുമൊരമ്മതന്‍ പൊന്മകളായ്
ആമിയായ് കമലയായ് പിന്നെ മാധവിക്കുട്ടിയായ്
ഒടുവില്‍ കമലാ സുരയ്യയായ് മാറിയെങ്കിലും
ഭാവത്തില്‍ സ്നേഹം...സ്നേഹം മാത്രം...
മനസ്സില്‍ സൂക്ഷിക്കാനാ മന്ദസ്മിതം മാത്രം
അമ്മേ,അത് മതി...അത് മാത്രം മതി...
ഞങ്ങള്‍ക്കെന്നെന്നും ഓര്‍മ്മിക്കുവാന്‍..!
കുഞ്ഞും നാളില്‍ കുയിലിനോടും കാറ്റിനോടും
കുശലം പറഞ്ഞും നാലപ്പാട്ട് തറവാട്ടു വളപ്പിലെ
തുന്പിയോടും തുന്പയോടും കിന്നാരിച്ചും
പാറിപ്പറന്നൊരു പാവാടിക്കാരിതന്‍ മൌനദുഃഖങ്ങ-
ളേറ്റു വാങ്ങിയ ഇളം തെന്നലും തേങ്ങിയോ..?
കുളവും കുളപ്പുരയും നീര്‍മാതളവുമിലഞ്ഞിയും
ആവാഹിച്ചെടുത്തതാം മുഗ്ദമാം വരികളില്‍
സ്നേഹത്തിന്‍ മന്ദ്രധ്വനികള്‍ മുഴങ്ങിക്കേട്ടു ഞങ്ങള്‍
സ്നേഹ മൂര്‍ത്തിയാമമ്മേ,പ്രണമിച്ചിടുന്നിതാ
വിങ്ങിപ്പൊട്ടുന്ന മനസ്സോടെ, നിറകണ്ണുകളോടെ..!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)