2009 നവംബർ 25, ബുധനാഴ്‌ച

ബലിപെരുനാള്‍

തിരുനബിയിബ്രാഹിംതങ്ങള്‍ക്ക് കല്‍പ്പനയായ്
അരുമയാം പുത്രനെ ബലിയര്‍പ്പിക്കാന്‍..!
ആറ്റുനോറ്റുണ്ടായ മകനെയറുക്കുവാന്‍
ആറ്റലാം നബിയുല്ല യാത്രയായി...
സര്‍വ്വ ലോകങ്ങള്‍ക്കും നാഥനാം റബ്ബിന്
സ്തുതിയോതിടുന്നല്ലോ ഖലീലുല്ല
ആലം ഉടയോനെ കരുണാമയനായ
ഈ ലോക രക്ഷിതാവായ റബ്ബേ,
പുത്രനാമിസ്മായീല്‍മോന്‍റെ കഴുത്തിലായ്
കരവാളമര്‍ത്തട്ടെ യാ റഹീമേ,
അല്ലാഹുവേ,നിന്‍റെ കല്‍പ്പന തെറ്റാതെ
എല്ലാമിന്നര്‍പ്പിച്ചിടുന്നു വേഗം..!
ഖല്‍ബുരുകി കേണിടും നബിയുടെ പ്രാര്‍ത്ഥന
ഖല്ലാക്കായുള്ളവന്‍ സ്വീകരിച്ചു
പുത്രനുപകരമോരാടിനെ ബലി നല്‍കാന്‍
സത്വരം റബ്ബപ്പോള്‍ കല്‍പ്പിക്കുന്നൂ
ഈ മഹാ ത്യാഗത്തിന്നൊര്‍മ്മ പുതുക്കുവാന്‍
ഈദുല്‍ അസ്ഹാ വന്നെത്തിടുന്നൂ
തക്ബീര്‍ ധ്വനികള്‍ മുഴങ്ങട്ടെ വാനോളം
തൌഫീക്കിന്‍ തൂവെളിച്ചത്തിനൊപ്പം
അല്ലാഹു അക്ബര്‍ അലാഹു അക്ബര്‍
ലാഹിലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്...

2009 നവംബർ 1, ഞായറാഴ്‌ച

കേരളപ്പിറവിയില്‍

ഭാര്‍ഗ്ഗവരാമന്‍ മഴുവെറിഞ്ഞ്
വീണ്ടെടുത്തൊരീ കേരളഭൂമിയില്‍
സഹ്യന്റെ മടിയില്‍ തലചായ്ച്ചുറങ്ങിടും
സര്‍വ്വം സഹിയായോരമ്മേ,വിതുമ്പുന്നുവോ?
കരള്‍ വിങ്ങുന്നുവോ?പ്രതീക്ഷകള്‍
നിരാശകളാല്‍ മൂടുന്നുവോ?
ഭൂതകാലത്തിന്റെ പനയോല ചുരുളുകള്‍
ചിതലരിക്കുന്നുവോ?
വിസ്മൃതിയില്‍ ലയിച്ചിടുന്നേരം
തെളിനീരുറവകള്‍ വറ്റിവരണ്ടു പോയ്..!
ഇനിയുമൊരു ചാറ്റല്‍മഴ പെയ്തിറങ്ങുവാന്‍
നിനവിന്‍ പുതുനാമ്പുകള്‍ പൊട്ടിവിടരുവാന്‍
തളിരിടുമാശകള്‍ പൂവണിയിക്കുവാന്‍...
കേരളപ്പിറവിതന്‍ സ്വര്‍ണ്ണഗോപുരങ്ങള്‍
തിളങ്ങുകയായ്‌, ഇരുളകലുകയായ് ...
മരതകത്തുരുത്തുകള്‍ നീരുറവകള്‍ ചുരത്തുകയായ്
അംബികേയെന്‍ പ്രിയ നാടേ,
കുമ്പിടുന്നു നിന്‍ പാദാരവിന്ദങ്ങളില്‍..!












































2009 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ഫാല്‍ക്കെ അവാര്‍ഡ്‌ മന്നാ ഡേയ്ക്ക്

പ്രശസ്ത ഹിന്ദി-ബംഗാളി ചലചിത്ര പിന്നണി ഗായകന്‍ മന്നാ ഡേയ്ക്ക് 2007 ലെ ദാദാസാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌ ലഭിച്ചു.സംഗീതരംഗത്ത് അദ്ദേഹത്തിന്‍റെ സമഗ്ര സംഭാവനയ്ക്കാണ് ഈ അവാര്‍ഡ്‌ നല്‍കിയിരിക്കുന്നത്.

പത്തു ലക്ഷം രൂപയുടെ ഫാല്‍ക്കെ അവാര്‍ഡ്‌ 2009 സപ്തംബര്‍ 21 ന് ദില്ലിയില്‍ രാഷ്ട്രപതി ശ്രീമതി പ്രതിഭാ പാട്ടീല്‍ സമ്മാനിക്കും.1971 ല്‍ പദ്മശ്രീയും 2005 ല്‍ പദ്മഭൂഷണും കിട്ടിയ മന്നാ ഡേയ് ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിരുന്നു.തൊണ്ണൂറു വയസ്സായ മന്നാ ഡേയ് ജനനനം കൊണ്ടു ബംഗാളിയാണെങ്കിലും ഇപ്പോള്‍ ബംഗളൂരുവിലാണ് താമസിക്കുന്നത്.1919 മെയ്‌ 1 ന് ജനിച്ച മന്നാ ഡേയ്ക്ക് സംഗീതത്തില്‍ പ്രേരണ ആയത്‌ സംഗീതാചാര്യനായിരുന്ന തന്റെ അമ്മാമന്‍ കൃഷ്ണചന്ദ്ര ഡേയ് ആണ്.സ്കൂള്‍ -കോളേജ് വിദ്യാഭ്യാസ കാലത്ത് സംഗീതത്തില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ മന്നാ ഡേയ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്‌ അമ്മാമനായ കെ.സി.ഡേയില്‍ നിന്നും ഉസ്താദ്‌ ദബീര്‍ ഖാനില്‍ നിന്നുമാണ്.1942 ല്‍ അമ്മാമനുമൊത്ത് മുംബൈയിലേക്ക് പോയതാണ് മന്നാ ഡേയുടെ ജീവിതത്തില്‍ വഴിത്തിരിവായത്‌.അവിടെ ആദ്യം സച്ചിന്‍ ദേവ് ബര്‍മ്മന്റെയും പ്രശസ്തരായ മറ്റു ഹിന്ദി സംഗീത സംവിധായകരുടെയും സഹായിയായി മന്നാ ഡേയ് പ്രവര്‍ത്തിച്ചു.ഈ കാലത്ത്‌ ഉസ്താദ്‌ അമാന്‍ അലിഖാന്‍,ഉസ്താദ്‌ അബ്ദുല്‍ റഹിമാന്‍ ഖാന്‍ എന്നിവരില്‍ നിന്നു ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതവും അദ്ദേഹം അഭ്യസിച്ചു.1943 ല്‍ തമാന എന്ന സിനിമയില്‍ ഗാനമാലപിച്ചു കൊണ്ടാണ് മന്നാ ഡേയുടെ ചലച്ചിത്ര ലോകത്തേക്കുള്ള രംഗപ്രവേശം.തുടര്‍ന്ന് സുപ്രസിദ്ധ ഗായിക സുരയ്യയുമൊത്ത് പാടിയ യുഗ്മഗാനം ഹിറ്റായി മാറി.ഹിന്ദിയിലും ബംഗാളിയിലുമായി 3500 ലേറെ ഗാനങ്ങള്‍ മന്നാ ഡേയ് ആലപിച്ചിട്ടുണ്ട്.

2009 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ഗാനകോകിലം ലതാ മങ്കേഷ്ക്കറിന് എണ്‍പതു വയസ്സ്

അനുഗ്രഹീത പിന്നണി ഗായിക ലതാ മങ്കേഷ്ക്കറിന് ഇന്നു എണ്‍പതു വയസ്സ് തികയുന്നു.തന്‍റെ സ്വരമാധുരി കൊണ്‍ട് ലോകമെങ്ങുമുള്ള സംഗീത പ്രേമികളുടെ ആരാധനാപാത്രമായി മാറിയ ലത ആറര പതിറ്റാണ്ട് ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നു.പുതു തലമുറയ്ക്ക് വഴിയൊരുക്കാന്‍ ചലച്ചിത്രലോകത്ത് നിന്നു പിന്‍മാറിയെന്കിലും ഈ വാനമ്പാടി സംഗീതലോകത്ത് ഇന്നും സജീവ സാന്നിധ്യമാണ്.1929 സെപ്റ്റംബര്‍ 28 ന് ദീനനാഥ് മങ്കേഷ്കര്‍ എന്ന സഗീതജ്ഞന്റെ മകളായി ഇന്‍ഡോറിലാണ് ലത ജനിച്ചത്‌.സാമ്പത്തിക പരാധീനതകള്‍ കൊണ്ടു വിഷമിച്ചിരുന്ന ലതയുടെ കുടുംബത്തിനു 1942 ല്‍ അവരുടെ ഏക ആശ്രയമായ ദീനനാഥിനേയും നഷ്ടമായി.അന്ന് ലതയ്ക്ക് കേവലം 13 വയസ്സ് മാത്രം പ്രായം.1942 മുതല്‍ മറാത്തി സിനിമകളില്‍ പാടിതുടങ്ങിയെന്കിലും 1949 ലെ മഹല്‍ എന്ന ഹിന്ദി ചിത്രത്തിലെ 'ആയേഗാ ആനെവാലാ' എന്ന ഗാനം ഹിറ്റ്‌ ആവുകയും ഈ ഗായികയെ ലോകം ശ്രദ്ധിക്കുകയും കൂടുതല്‍ അവസരങ്ങള്‍ ലതയെ തേടിയെത്തുകയും ചെയ്തു.1950 മുതല്‍ തിരക്കേറിയ പിന്നണി ഗായികയായി അവര്‍ മാറി.ആയിരത്തിലേറെ ഹിന്ദിസിനിമകളിലും 20 മറ്റു ഭാഷാചിത്രങ്ങളിലും അവര്‍ ഗാനമാലപിച്ചു.ഈ കാലയളവില്‍ പ്രശസ്തരായ എല്ലാ സംഗീത സംവിധായകര്‍ക്ക് കീഴിലും അവര്‍ ഗാനങ്ങള്‍ പാടി ചലച്ചിത്രലോകത്തെ ധന്യമാക്കി.ഇതിനിടെ നിരവധി പുരസ്കാരങ്ങള്‍ അവര്‍ നേടി.ദാദസാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡും ഭാരതരത്നവും ഒരുമിച്ചു ലഭിക്കുകയെന്ന അപൂര്‍വ ബഹുമതിയും ഇതിനിടെ ലത കരസ്ഥമാക്കി.ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റിക്കാര്‍ഡ്‌ ചെയ്തതിന്റെ പേരില്‍ അവര്‍ക്ക് ഗിന്നസ്‌ ബുക്കില്‍ സ്ഥാനവും ലഭിച്ചു. നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങള്‍ ലത ആലപിച്ചിട്ടുണ്ട്. ഇവയില്‍ അനേകം ഗാനങ്ങള്‍ ഹിറ്റുകളായി.കാലത്തെ അതിജീവിച്ച ആ അനശ്വരഗാനങ്ങള്‍ ആരാധക വൃന്ദം ഇന്നും നെഞ്ചേറ്റി നടക്കുന്നു.മുഹമ്മദ്‌ റാഫി തുടങ്ങിയ പ്രശസ്ത ഗായകര്‍ക്കൊപ്പം ഇവര്‍ പാടിയിട്ടുണ്ട്.സുപ്രസിദ്ധ പിന്നണി ഗായിക ആശാ ബോസ്ലെ ലതയുടെ ഇളയ സഹോദരിയാണ്.സിനിമാ ലോകത്തോട്‌ വിട പറഞ്ഞെങ്കിലും ലതയുടെ സംഗീതസപര്യ ഇന്നും തുടരുന്നു.ഈ ഗാനകോകിലത്തിനു ദീര്‍ഘയുസ്സുണ്ടാവട്ടെ എന്ന് നമുക്കു എണ്‍പതാം പിറന്നാളില്‍ നമുക്കുപ്രാര്‍ഥിക്കാം.

2009 സെപ്റ്റംബർ 19, ശനിയാഴ്‌ച

മനുഷ്യച്ചങ്ങല

വരികയായി വരികയായി കേരളത്തിന്‍ മക്കള്‍ നാം
വരികയായി പൊരുതുവാനുറച്ച് ഞങ്ങള്‍ വരികയായ്‌
ചെന്കൊടിക്ക് കീഴിലായ്‌ അണിനിരന്നു വരികയായ്‌
ചങ്ങലയില്‍ കണ്ണിയാവാനൊത്തുചേര്‍ന്നു വരികയായ്‌
ആസിയാന്‍ കരാറുമായിട്ടവതരിച്ച കൂട്ടരേ,
കര്‍ഷകന്റെ നടുവൊടിക്കും നടപടി തിരുത്തണം
ഗാന്ധിയെ മറന്നവര്‍ ഗോഡ്സയെ വരിച്ചവര്‍
ഇന്ത്യയെ തകര്‍ക്കുവാന്‍ കോപ്പ് കൂട്ടിടുന്നിതാ
കര്‍ഷകര്‍ക്ക്‌ മരണവാറണ്ടേകിടുന്നതീക്കരാര്‍
ചൂഷകര്‍ക്ക് സ്വര്‍ഗ്ഗരാജ്യം തീര്‍ത്തിടുന്നതീക്കരാര്‍
കര്‍ഷകര്‍ക്ക്‌ കെണിയൊരുക്കും ബൂര്‍ഷ്വാഭരണവര്‍ഗ്ഗമേ,
വിശ്വസിക്കയില്ല ഞങ്ങള്‍ പൊള്ളയായ വാക്കുകള്‍
സാമ്രാജ്യത്വശക്തികള്‍ക്ക്‌ ദാസ്യവേല ചെയ്തിടും
കേന്ദ്രഭണകൂടമേ തെറ്റുകള്‍ തിരുത്തുവിന്‍
നാളീകേരം റബ്ബറും തേയിലയും കാപ്പിയും
വിലയിടിഞ്ഞാല്‍ കര്‍ഷകര്‍ക്ക്‌ കുത്തുപാളയേന്തിടാം..!
ആര്‍ക്കുവേണ്ടിയെന്തിനായിട്ടൊപ്പ് വെച്ചതീക്കരാര്‍?
ഉത്തരം പറഞ്ഞിടേണം ദില്ലി വാഴും വഞ്ചകര്‍
പൊതുനിരത്തില്‍ കൈകള്‍കോര്‍ത്തിട്ടണിനിരന്നുനില്‍ക്കണം
പുതിയ സമരപാതയില്‍ പടനയിച്ച് നീങ്ങണം
ചങ്ങലയില്‍ കണ്ണികളായ് ചേരുവിന്‍ സഖാക്കളെ
ചെന്കൊടിക്ക് കീഴിലായ്‌ അണിനിരന്ന് പോകനാം
കേരളത്തിന്‍ രക്ഷക്കായ്‌ കൈകള്‍കോര്‍ത്തുനില്‍ക്കണം
കക്ഷിഭേദമന്യേ നമ്മളൊത്തുചേര്‍ന്നു പൊരുതണം
വരികയായ്‌ വരികയായ്‌ കേരളത്തിന്‍ മക്കള്‍ നാം
വരികയായ്‌ ചങ്ങലയില്‍ കണ്ണികളായ് മാറുവാന്‍


2009 സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

ലളിതജീവിതം റമളാനിന്‍റെ മുഖമുദ്രയാവണം

ത്യാഗത്തിന്റെയും സഹനത്തിന്റെയും മാസമായ റമളാന്‍ നമ്മോടു വിട പറയുന്നതിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.പരിശുദ്ധ റമളാന്‍ അതിന്റെ അവസാന പത്തു നാളുകളിലേക്ക് കടന്നിരിക്കുന്നു.ഇനിയുള്ള ദിനരാത്രങ്ങള്‍ വിശ്വാസികള്‍ക്ക് പള്ളികളിലും സ്വന്തം ഭവനങ്ങളിലും വളരെ വിലപ്പെട്ടതാണ്‌.പള്ളികളില്‍ ഇ ഇത്തിക്കാഫ് ഇരുന്നും പരിശുദ്ധ ഖുര്‍ ആന്‍ പാരായണം ചെയ്തും ദാന ധര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചും അല്ലാഹുവിലേക്ക് മടങ്ങുവാനും ചെയ്തു പോയ തെറ്റുകള്‍ക്ക് മാപ്പപേക്ഷിക്കാനുമുള്ള അസുലഭമായ അവസരം.ആയിരം രാവുകളിലേക്കാള്‍ പുണ്യം പെയ്തിറങ്ങുന്ന ഇരുപത്തിയേഴാം രാവ്‌ അഥവാ ലൈലത്തുല്‍ ഖദിറും ഈ അവസാനത്തെ പത്തിലാണ്.ഹിജറ കലണ്ടറിലെ മറ്റു പതിനൊന്നു മാസങ്ങളില്‍ നിന്നും പരിശുദ്ധ റമളാന്‍ മാസത്തെ മാറ്റിനിര്‍ത്തുന്നത്, അല്ലാഹുവിന്റെ ആജ്ഞ പ്രകാരം ജീവിതത്തെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാന്‍ ഏറെ ത്യാഗങ്ങള്‍ സഹിക്കുവാന്‍ സന്നദ്ധമാവേണ്ട സന്ദര്‍ഭം വന്നുചേരുന്നു എന്നതാണ്.പകല്‍ സമയങ്ങളില്‍ ഭക്ഷണം ഉപേക്ഷിച്ചും, നോക്കിലും വാക്കിലും മനസ്സിനെ നിയന്ത്രിച്ചും കഴിയുന്ന സത്യവിശാസികളെ സര്‍വ്വലോക രക്ഷിതാവായ അല്ലാഹു ഒരിക്കലും കൈവിടില്ല.ഈ പുണ്യമാസം ലളിത ജീവിതം പരിശീലിക്കുന്നതിനുള്ള സുവര്‍ണാവസരം കൂടിയാണ്.അന്ത്യപ്രവാചകനായ മുഹമ്മദ്‌ റസൂല്‍ (സ.അ) തന്റെ ജീവിതചര്യകളിലൂടെ കാട്ടിത്തന്നതും ആര്‍ഭാടരഹിതമായ ജീവിതമല്ലാതെ മറ്റെന്താണ്?ഈന്തപ്പനയോല കൊണ്ടു നിര്‍മ്മിച്ച പരുക്കന്‍ പായയില്‍ അന്തിയുറങ്ങിയും, ആവശ്യത്തിനു മാത്രം ആഹാരം കഴിച്ചും ,മാതൃക കാണിച്ച പ്രവാചകന്‍റെ അനുയായികളില്‍ ചിലരെന്കിലും ആര്‍ഭാടജീവിതം നയിക്കുവാന്‍ പരസ്പരം മത്സരിക്കുന്നതും നാം കാണുന്നു.ഒരു കാരക്ക കൊണ്ടു ഏഴ് പേര്‍ നോമ്പ് മുറിച്ച ഭൂതകാലമെവിടെ?ഇഫ്താര്‍ വിരുന്നിലും മറ്റും ഭക്ഷണധൂര്‍ത്ത് കൊടികുത്തി വാഴുന്ന വര്‍ത്തമാനകാലമെവിടെ?ഈ റമളാന്‍ മാസമെന്കിലും ഒരു പുനര്‍ചിന്തനത്തിനു വഴിയൊരുക്കിയിരുന്നെന്കില്‍..!

2009 ഓഗസ്റ്റ് 29, ശനിയാഴ്‌ച

വീണ്ടും ഒരോണം

എവിടെ തെച്ചിയും ചേമന്തിയും..?
എവിടെ മുക്കുറ്റി മന്ദാരവും..?
കേവലമിന്നോര്‍മ്മകള്‍ മാത്രമായി..
പൊന്നോണതുമ്പികള്‍ യാത്രയായി..
ചുരം കടന്നെത്തിയ മറുനാടന്‍ പൂക്കളാല്‍
തെരുവോര കാഴ്ചകള്‍ തീര്‍ത്തു നമ്മള്‍
വിങ്ങും മനസ്സുകള്‍ക്കാശ്വാസമേകുവാന്‍
ചിങ്ങക്കുളിര്‍കാറ്റുമെത്തിയില്ല..!
പോയ കാലത്തിലെ പൊന്നോണക്കാഴ്ചകള്‍
നയനാഭിരാമങ്ങളായിരുന്നൂ..
കൈമോശം വന്നിതെന്‍ നാടിന്റെയുല്സവ-
ത്തനിമയും ഭംഗിയും നൈര്‍മ്മല്യവും
എല്ലാമിന്നാവര്‍ത്തനങ്ങളായ് മാറവേ,
എന്തിനോ മാനസം തേങ്ങിടുന്നൂ..!
നഷ്ടപ്രതാപങ്ങള്‍ വീണ്ടെടുത്താഹ്ളാദ
ചിത്തരായോണത്തെ വരവേറ്റിടാം
വീണ്ടുമോരോണമിങ്ങെത്തിടുമ്പോള്‍
പണ്ടത്തെ കാഴ്ചകളോര്‍ത്തു പോയി..!