2008 സെപ്റ്റംബർ 30, ചൊവ്വാഴ്ച

പെരുന്നാള്‍ പുലരിയില്‍...

ഈദുല്‍ഫിതറിന്റെ നാളണഞ്ഞൂ
ഇസ്ലാമിന്‍ പുണ്യദിനവും വന്നൂ...
പടിഞ്ഞാറെ മാനത്തോരന്‍പിളി പൊങ്ങി
പള്ളികളില്‍ തക്ബീറിന്‍ ധ്വനി മുഴങ്ങി
അല്ലാഹു അക്ബര്‍,അല്ലാഹു അക്ബര്‍
ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്
പരിശുദ്ധ റമളാനും വിട പറഞ്ഞു
പെരുന്നാളിന്‍ തിങ്കളുദിച്ചുയര്‍ന്നു...
ഈത്തപ്പഴത്തിന്റെ നാട്ടില്‍ നിന്നും
അത്തറിന്‍ പരിമളമെത്തിടുന്‍പോള്‍,
മുത്ത് റസൂലന്ന് കാട്ടിത്തന്ന
സത്യത്തിന്‍ നേര്‍വഴി പിന്തുടര്‍ന്നോര്‍
ഈമാനുറപ്പിച്ച് മുന്നേറുമ്പോള്‍ ,
ഈടുറ്റ നേട്ടങ്ങള്‍ സ്വന്തമാക്കും!
ഫിതര്‍ സക്കാത്തും കൊടുത്തിടേണം
വിധി പോലെയെല്ലാം നടത്തിടേണം..
മൈലാഞ്ചിയണിയുന്ന മന്കകള്‍ക്ക്
മൈക്കണ്ണില്‍ സ്വപ്‌നങ്ങള്‍ പൂത്തിറങ്ങി
പുതു വസ്ത്രമണിയുന്നുണ്ടാമോദത്താല്‍
ഈദിന്റെ സന്ദേശം കൈമാറണം...
ശാന്തി സമാധാനം നാട്ടിലെങ്ങും
ശാശ്വതമാകുവാന്‍ പ്രാര്‍ത്ഥിയ്ക്കേണം
ഇബിലീസിന്‍ തെറ്റായ വഴിയിലൂടെ
ഇനിയും നടക്കല്ലേ നിങ്ങളാരും...
നിയ്യത്തെടുക്കേണം പുണ്യ നാളില്‍
നേരായ മാര്‍ഗ്ഗത്തെ സ്വീകരിയ്ക്കാന്‍
നോമ്പിന്‍ വിശുദ്ധി നാമെന്നുമെന്നും
ഇമ്പമാര്‍ന്നുള്ളത്തില്‍ സൂക്ഷിയ്ക്കേണം!


2008 സെപ്റ്റംബർ 29, തിങ്കളാഴ്‌ച

വ്രതവിശുദ്ധിയുടെ നാളുകള്‍ വിടവാങ്ങുന്നു...

അസ്സലാമു അലൈക്കും യാ ശഹറ് റമളാന്‍...
പരിശുദ്ധ റമളാനിനോട് വിട പറയുവാന്‍, കഴിഞ്ഞ വെള്ളിയാഴ്ച ലോകത്തെങ്ങുമുള്ള മുസ്ലിം പള്ളികളില്‍ മുഴങ്ങിക്കേട്ട വിടവാങ്ങല്‍ സന്ദേശമാണ് മുകളിലുദ്ധരിച്ചത്.
ഒരുമാസക്കാലമായി വ്രതാനുഷ്ടാനത്തിലൂടെ സ്വായത്തമാക്കിയ സദ്ഗുണങ്ങള്‍ വരും മാസങ്ങളിലും കൈവിട്ടു പോകാതെ നിലനിര്‍ത്താനുള്ള ബാധ്യത സത്യവിശ്വാസികള്‍ക്കെല്ലാമുണ്‍ടെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് റമളാനിലെ അവസാന ദിനങ്ങള്‍.
പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണപാനീയങ്ങള്‍ വെടിഞ്ഞും,ആരാധനകളില്‍ മുഴുകിയും
പള്ളികളില്‍ ഇഅതിക്കാഫിരുന്നും,
മനസ്സുകളില്‍ നിന്ന് പാപ ചിന്തകളെയും പക,പരദൂഷണം,അസൂയ മുതലായ എല്ലാ കറകളും
കഴുകിക്കളഞ്ഞ് നിര്‍മ്മലമായ മനസ്സിനുടമയായി മാറിയവര്‍ക്ക്
വ്രതവിശുദ്ധിയിലൂടെ നേടിയ ആത്മധൈര്യം ,തെറ്റുകള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കാനുള്ള പടച്ചട്ടയായി മാറണമേ എന്ന് സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനോട് പ്രാര്‍ത്ഥിയ്ക്കുന്നു.

2008 സെപ്റ്റംബർ 28, ഞായറാഴ്‌ച

വിധി

എല്ലാം പടച്ചോന്റെ വിധിയാണെന്ന്
തെല്ലും മടിയാതെ കരുതിക്കൊള്‍വീന്‍..
താഹാ റസൂലിന്റെ പിരിശത്താലെ
റാഹത്തൊരുപാടിന്നിറങ്ങുന്നുണ്ടേ..
പാരം ദുനിയാവില്‍ ജനിച്ചോരെല്ലാം
ഭാരം ചുമക്കുവാന്‍ വിധിയ്ക്കപ്പെട്ടോര്‍!
കലിമയുറപ്പിച്ച് കഴിഞ്ഞോര്‍ക്കെല്ലാം
കരുണ ചൊരിയുന്നോനിലാഹാണല്ലോ!
നാളെ മഹ്ശറ തിരുസഭയില്‍
ഏറെ വിധി കേള്‍ക്കാനൊരുങ്ങിക്കൊള്‍വീന്‍..
ദീനിന്‍ വഴി തെറ്റി നടന്നോര്‍ക്കെല്ലാം
നീറും നരകമന്നുറപ്പാണല്ലോ..
ഈമാന്‍ വെടിയാതെ കഴിഞ്ഞോര്‍ക്കെല്ലാം
ഫിര്ദൌസൊരുങ്ങുന്നൂ പരലോകത്തില്‍..
ആലം ഉടയോനേ റഹീമായോനേ,
നേരും നെറിയുടെ വഴികള്‍ കാട്ട്..

2008 സെപ്റ്റംബർ 27, ശനിയാഴ്‌ച

ലൈലത്തുല്‍ഖദ്ര്‍

റമളാനിലവസാനപത്തിലെ
റഹമത്ത് ചൊരിയുന്ന രാവിത്
ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയില്‍
നെഅമത്തിറങ്ങുന്ന വേളയില്‍,
സത്യവിശ്വാസികളെല്ലോരുമേ
റബ്ബില്‍ സുജൂദിടുന്നെങ്ങുമേ..!
തെറ്റുകുറ്റങ്ങള്‍ പൊറുക്കുവാന്‍
മാറ്റൊത്ത ജീവിതം കാട്ടുവാന്‍
കാരുണ്യവാനായ തമ്പുരാന്‍
റാഹത്തിറക്കുമീ രാത്രിയില്‍
ഈമാന്‍ വെടിയാതെ ജീവിതപ്പാതയിലൂടെ ചരിയ്ക്കുവാന്‍
ഇഅതിക്കാഫിരിയ്ക്കുന്നൂപള്ളിയില്‍ പാപങ്ങളെല്ലാം പൊറുക്കുവാന്‍
നീറും മനസ്സുമായ് കേഴുന്നൂ റബ്ബിന്‍റെ കാരുണ്യം തേടുന്നൂ
പോരിശയേറുമീ രാത്രിയില്‍ തൌബാ ചെയ്തു മടങ്ങുന്നൂ...

2008 സെപ്റ്റംബർ 16, ചൊവ്വാഴ്ച

ബദര്‍യുദ്ധസ്മരണകളുമായി പതിനേഴാംരാവ്

റമളാന്‍ മാസത്തിലെ മുപ്പത് ദിനരാത്രങ്ങളും പുണ്യകര്‍മ്മങ്ങള്‍ കൊണ്ടും അല്ലാഹുവിന്റെ കരുണ കൊണ്ടും സമ്പന്നമാണെങ്കിലും പതിനേഴാംരാവ് വിശ്വാസികള്‍ക്ക് വീരസ്മരണകളുയര്ത്തുന്നതാണ്.അന്നാണ് അവിശ്വാസത്തിന്മേല്‍ വിശ്വാസത്തിന്റെ വിജയ പതാക പാറിച്ചതും ഇസ്ലാമിക ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടതുമായ ബദര്‍ യുദ്ധം നടന്നത്.മുഹമ്മദ് നബി(സ.അ)മക്കയില്‍ മതപ്രചാരണം ആരംഭിച്ചത് മുതല്‍ ഖുറൈശികളില്‍ നിന്ന്‌ രസൂലിനും സഹാബത്തിനും കൊടിയ പീഢനങ്ങള്‍ സഹിയ്ക്കേണ്ടി വന്നതിനാല്‍ മദീനത്തേക്ക് പലായനം ചെയ്യേണ്ടി വന്നു. അബൂസുഫിയാന്റെ കച്ചവട സംഘത്തെ സംരക്ഷിക്കാനെന്ന വ്യാജേന അവിശ്വാസികളുടെ തലതൊട്ടപ്പനും അഹങ്കാരത്തിന്റെ ആള്‍രൂപവുമായ അബൂജാഹിലും കൂട്ടരും ഇസ്ലാമിന് മേല്‍ അടിച്ചേല്‍പ്പിച്ചതായിരുന്നു ബദര്‍യുദ്ധം. സര്‍വ്വസൈനിക സന്നാഹങ്ങളോട് കൂടിയും ആയിരത്തില്‍ പരം സൈനികരൊടും ഒപ്പം പൊരുതിയിട്ടും, ഈമാനിന്റെ രക്ഷാകവചം മാത്രമണിഞ്ഞ 313 പേര്‍ മാത്രം വരുന്ന റസൂലിനെയും സഹാബത്തിനേയും പരാജയപ്പെടുത്താന്‍ അബൂജാഹിലിനും കൂട്ടാളികള്‍ക്കും കഴിയാതെ പോയത്, സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിന്റെ കാരുണ്യം കൊണ്ടു മാത്രമാണ്. യുദ്ധത്തില്‍ അബൂജാഹിലുള്‍പ്പടെ ഖുറൈശിക്കൂട്ടത്തിലെ കൊലകൊമ്പമ്മാര്‍ പലരും ബദറിലെ രണഭൂമിയില്‍ കൊല്ലപ്പെടുകയും ഏറെപ്പേര്‍ യുദ്ധതടവുകാരായി പിടിയ്ക്കപ്പെടുകയും ചെയ്തു.സഹാബാക്കളുടെ കൂട്ടത്തില്‍ നിന്ന് പതിനാല് പേരും ശുഹദാക്കളായി.നേരിന്റെ വഴിയില്‍ പടവെട്ടി വിജയം വരിച്ച ബദരീങ്ങളുടെ കാരുണ്യം വിശ്വാസികളുടെ മേല്‍ എന്നുമുണ്ടാവട്ടെയെന്നു ഈ അവസരത്തില്‍ നമുക്ക് ദുആ ചെയ്യാം.

2008 സെപ്റ്റംബർ 15, തിങ്കളാഴ്‌ച

വല്യമ്മാമന്‍

ചാരുകസേരയിലുമ്മറക്കോലായില്‍
ചാഞ്ഞു കിടക്കുന്നു വല്യമ്മാമന്‍...
തറവാട്ടുകാരണോര്‍ പേരു കേള്‍ക്കുമ്പോഴേ
വിറ കൊള്ളും നാട്ടിലെയടിയാളന്മാര്‍..!
ഉച്ചിക്കുടുമയും സ്വര്‍ണ്ണക്കടുക്കനും
ഉച്ചത്തിലുള്ളൊരു സംസാരവും
ഉഗ്ര പ്രതാപവാന്‍ വല്യമ്മാനങ്ങനെ
അഗ്രജനായിട്ടു വാണിരുന്നൂ..
കൊല്ലും കൊലയ്ക്കുമധികാരമുള്ളയാള്‍
വല്യമ്മാനെന്തെല്ലാം ചെയ്തുകൂട്ടി..!
എല്ലാമറിയുന്നു മാലോകരെല്ലാരും
കാതോട് കാതോരം ചൊല്ലിടുന്നൂ..
പുലയിപ്പെണ്ണിനെ പ്രേമിച്ച മരുമോനെ
കൊല ചെയ്തു കെട്ടി തൂക്കിയത്രേ..
പാടത്ത് പണിചെയ്യുമടിയാത്തിപ്പെണ്ണിനെ
പത്തായപ്പുരയിലടച്ചു പൂട്ടി
മാനം കവര്‍ന്നതുമവളുടെ ജടമന്നു
കായലില്‍ കണ്ടതും കഥകളത്രേ..
തറവാട്ട്‌വീട്ടിലെ ഉമ്മറക്കോലായില്‍
തനിയെയിരിയ്ക്കുന്നു വല്യമ്മാമന്‍..

2008 സെപ്റ്റംബർ 9, ചൊവ്വാഴ്ച

മാര്‍ച്ചിങ്ങ് സോങ്ങ്

വരികയായി വരികയായി ചെന്കൊടിക്ക് കീഴിലായ്‌
പൊരുതുവാനുറച്ചു ഞങ്ങളണിനിരന്നു വരികയായ്..
പടനിലങ്ങളില്‍ പിടഞ്ഞു ജീവിതം വെടിഞ്ഞവര്‍
തുടലുകള്‍ വലിച്ചെറിഞ്ഞ ധീര രക്തസാക്ഷികള്‍.!
നെഞ്ചിലേറ്റിയോമനിച്ച സ്വപ്ന മാകെയും തകര്‍ത്ത്
വന്ചകപ്പരിഷകള്‍ വാണിടുന്നൊരിന്ത്യയില്‍...
കഴുമരങ്ങളില്‍ തകര്‍ന്ന ജീവിതങ്ങള്‍ സാക്ഷിയായ്
കേട്ടു കൊള്‍ക ഞങ്ങളിന്നു സട കുടഞ്ഞു വരികയായ്..
ഇന്ത്യയെ വിദേശികള്‍ക്ക് വിറ്റിടുന്ന കൂട്ടരേ,
യാന്കികള്‍ക്ക് പരവതാനി നീര്‍ത്തിടുന്ന ഭരണമേ,
അധിനിവേശ ശക്തികള്‍ക്കു കീഴടങ്ങി നാടിനെ
അടിമ രാജ്യമാക്കിയിനിയും മാറ്റിടെണ്ട കൂട്ടരേ..
ഉടമ വര്‍ഗ്ഗമിനിയുമിവിടെ നാടിനെ മുടിയ്ക്കുവാന്‍
അനുവദിയ്ക്കയില്ല ഞങ്ങള്‍, ജീവനുള്ള നാള്‍ വരെ..!
ജനവിരുദ്ധ കേന്ദ്രമാക്കി ഭരണമാകെ മാറ്റിയോര്‍
കവര്‍ന്നെടുത്തിടുന്നു, നമ്മള്‍ പട നയിച്ചു നേടിയ
നേട്ടമാകയും തകര്ത്തു ചുടല നൃത്തമാടുവോര്‍..!
കോട്ട കൊത്തളങ്ങള്‍ തീര്‍ത്ത ദുഷ്ട ഭരണ വര്‍ഗ്ഗമേ,
ജനവിരുദ്ധ ഭരണമേ,ദില്ലി വാഴും കൂട്ടരേ,
പുഴകള്‍ താണ്ടി വരികയായ്,മലകള്‍ കേറി വരികയായ്
വഴികള്‍ താണ്ടി ചുവടുറച്ചു സമര ഭൂവിലെക്കിതാ...
ആയിരങ്ങളായിരങ്ങളണി നിരന്നു വരികയായ്
സമര ഗാഥ പാടി ഞങ്ങളടിയുറച്ചു വരികയായ്
വരികയായ് ചെന്കൊടിയ്ക്ക് കീഴില്‍ ഞങ്ങള്‍ വരികയായ്