2008, ജൂലൈ 5, ശനിയാഴ്‌ച

ഒരു രാഷ്ട്രീയ പരീക്ഷണത്തിന്‍റെ ദയനീയ പരിസമാപ്തി

കഴിഞ്ഞ പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ഒരു പാര്‍ട്ടിക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോള്‍ കോണ്ഗ്രസ് നയിക്കുന്ന യു.പി.എ സര്‍ക്കാരിന്, പുറത്തു നിന്നു പിന്തുണ നല്‍കാന്‍ ഇടതു പക്ഷ പാര്‍ട്ടികള്‍ എടുത്ത തീരുമാനം ആത്മഹത്യാ പരമായിരുന്നുവെന്നു ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു.ഭരണത്തില്‍ നിന്നു വര്‍ഗ്ഗീയ ശക്തികളെ അകറ്റി നിര്‍ത്തുന്നതിനാണ് ഇടതു പാര്‍ട്ടികള്‍ ഈ സാഹസത്തിനു മുതിര്‍ന്നതെന്‍കിലും,ഇന്ത്യന്‍ മുതലാളിത്തിന്‍റെ കാവല്‍ക്കാരായി എന്നും നിലകൊണ്ടിട്ടുള്ള കോണ്‍ഗ്രസിന്റെയും സഖ്യ കക്ഷികളുടെയും വര്‍ഗ്ഗസ്വഭാവം വിലയിരുത്തുന്നതില്‍, മാര്‍ക്സിസം-ലെനിനിസം വിശ്വാസ പ്രമാണമായി സ്വീകരിച്ചിട്ടുള്ള ഇടതു പാര്‍ട്ടികള്‍ക്ക് തെറ്റ് സംഭവിച്ചിട്ടില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.മുസ്ലിം വര്‍ഗ്ഗീയ പാര്‍ട്ടിയായ ലീഗിന്‍റെ ഒരു മന്ത്രി കൂടി ഉള്‍പെട്ട സര്‍ക്കാരിനെ മതേതരത്വത്തിന്‍റെ ലേബലൊട്ടിച്ച് ഇത്രയും നാള്‍ താങ്ങി നിര്ത്തിയതിന്‍റെ യുക്തി ബോധവും മനസ്സിലാകുന്നില്ല.
മിണ്ടാപ്രാണികളുടെ തീറ്റയില്‍ കയ്യിട്ടുവാരിയ അഴിമതി വീരന്മാരും,കടുത്ത പ്രാദേശിക വാദികളും ഉള്‍പെട്ട അഴുകൊഴന്പന്‍ മുന്നണിയാണ് കഴിഞ്ഞ നാലുവര്‍ഷക്കാലം ഇന്ത്യയില്‍ ഭരണം നടത്തിയതെന്ന് ആലോചിക്കുമ്പോള്‍ നാണം തോന്നുന്നു.ഏതായാലും മന്‍മോഹന്‍ സര്ക്കാരിന്‍റെ ദിവസങ്ങള്‍ എണ്ണപ്പെട്ടുവെന്നതിന്‍റെ സൂചനകളാണ് ദിനം പ്രതി പുറത്തുവന്നു കൊണ്ടിരിക്കുന്നത് .അവസരവാദികളുടെ തലതൊട്ടപ്പനായ മുലായം സിങ്ങിന്‍റെ ബലത്തില്‍ പിടിച്ചു നില്‍ക്കാംഎന്നത് കോണ്‍ഗ്രസ് കാരുടെ ദിവാസ്വപ്നം മാത്രമാണ്.ഇപ്പോള്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ പെട്ടതിന്‍റെ കാരണം എല്ലാവര്‍ക്കും അറിയാവുന്നതാണ് .രാജ്യം കടുത്ത വിലക്കയറ്റത്തിലും ഉയര്‍ന്ന പണപ്പെരുപ്പത്തിലും വീര്‍പ്പുമുട്ടുമ്പോള്‍ പരിഹാരം കാണാന്‍ ശ്രമിക്കാതെ ഇന്ത്യ യുടെ പരമാധികാരത്തെ പോലും പണയപ്പെടുത്തുന്നതിലേക്ക് വഴിതെളിക്കുന്ന ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാറുമായി മുന്നോട്ടു പോകുന്നതിനു മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ്സും തിരക്കിട്ട് തീരുമാനിച്ചതാണ് പ്രതിസന്ധിക്ക് ആക്കം വര്‍ധിപ്പിച്ചത്.ഏതായാലും വര്‍ഗ്ഗീയ കക്ഷികളെ ഭരണത്തില്‍ നിന്നുമകറ്റുന്നതിന്‍റെ പേരിലാണെങ്കില്‍ പോലും,ചിലപ്പോള്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയുമായും മറ്റു ചിലപ്പോള്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയുമായും ഒളിഞ്ഞും തെളിഞ്ഞും ചങ്ങാത്തം സ്ഥാപിക്കുകയും ഭരണ പങ്കാളിത്തം വഹിക്കുകയും ചെയ്തിട്ടുള്ള കോണ്‍ഗ്രസിന്‍റെ കപട മതേതരത്വ മുഖം
തിരിച്ചറിയുന്നതിനും, പലപ്പോഴും മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ച കോണ്‍ഗ്രസുമായി സഹകരിച്ചതിലുള്ള തെറ്റുകള്‍ വൈകിയാണെങ്കിലും ഇടതു പാര്‍ട്ടികള്‍ മനസ്സിലാക്കിയതും നല്ല കാര്യമാണ്.