2009, ഫെബ്രുവരി 21, ശനിയാഴ്‌ച

കടലുണ്ടി വൃത്താന്തം

പൂച്ചേരിക്കുന്നിനെ താഴുകിയെത്തീടുന്ന
കൊച്ചിളംതെന്നലിലിളകിയാടി
കരിന്തിരി കത്തുമോരോട്ടുവിളക്കിന്റെ
തിരികള്‍ കെടാതെ ഞാന്‍ കാത്തിടുമ്പോള്‍,
കടലുണ്ടിപ്പുഴയോരത്തിരുളിന്‍റെ മറപറ്റി
വിടവാങ്ങും രാത്രിതന്‍ യാത്രാമൊഴി...
പാണന്റെ പാട്ടു കേട്ടുണരുന്ന വേളയില്‍
ഈണം മറന്നോരിണക്കിളികള്‍
കൊക്കുകള്‍ തമ്മിലുരുമ്മിപ്പറയുന്നു
അക്കരെ നേരം വെളുത്തുവല്ലോ...
പേട്ടിയാട്ടമ്മയെഴുന്നള്ളും നേരമായ്
പുത്രനാം ജാദേവന്‍ കൂടെയുണ്ട്...
ദേവിതന്‍ കനിവൂറും കടലിന്റെ തീരത്ത്
വാവുല്സവത്തിന്റെ തിരയിളക്കം...
അസ്തമയത്തിന്റെ സൌന്ദര്യമത്റയും
മൊത്തിക്കുടിക്കുവാനാസ്വദിക്കാന്‍
സായാന്തനങ്ങളിലെത്തുന്നിതാള്‍ക്കൂട്ടം
അഴിമുഖത്തഴകിന്റെ തേന്‍ നുകരാന്‍...
ദേശാടനക്കിളി ചിറക് മിനുക്കുവാന്‍
വന്നിരിക്കാറുള്ള തോട്ടുവക്കില്‍,
മാനത്തെക്കണ്ണികള്‍ മാടിവിളിക്കുന്നു
മൌനദുഃഖങ്ങള്‍ക്ക് വിട നല്‍കുവാന്‍...
വന്‍ദുരന്തത്തിന്‍റെ ദുഃഖസ്മൃതികളാല്‍
സന്ധ്യതന്നുള്ളം വിറങ്ങലിക്കെ,
മടങ്ങാന്‍ സമയമായോര്‍മ്മകള്‍ മേയുന്ന
കടലോര ഗ്രാമമേ,പോയ് വരാം ഞാന്‍..!

2009, ഫെബ്രുവരി 1, ഞായറാഴ്‌ച

നവകേരളമാര്‍ച്ച്


വരികയായി വരികയായി ചെന്കൊടിയ്ക്ക് കീഴിലായ്‌
പുതുമയാര്‍ന്ന കേരളത്തെ വാര്‍ത്തെടുക്കും ശക്തികള്‍
ജനപഥങ്ങള്‍ താണ്ടി ഞങ്ങള്‍ വരികയായി വരികയായ്
കനലുകള്‍ ജ്വലിച്ചിടുന്ന ചിന്തകള്‍ക്ക് സാക്ഷിയായ്...
കഴുമരങ്ങളില്‍ കുരുങ്ങി ജീവിതം വെടിഞ്ഞവര്‍
നാടിതിന്റെ മോചനം കൊതിച്ച രക്തസാക്ഷികള്‍
നെഞ്ചിലേറ്റിയോമനിച്ചൊരായിരം പ്രതീക്ഷകള്‍
നാളയിവിടെ പൂവണിയാനണി നിരന്നു വരികയായ്
ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയത നാടിനെ
നരകതുല്യമാക്കിയതിന്‍ ദുര്ഗ്ഗതിയകറ്റുവാന്‍
ഒരമ്മപെറ്റ മക്കളെന്ന പോലെ നാം കഴിയണം
ഒരുമയാര്‍ന്നു കേരളത്തെ സ്വര്‍ഗ്ഗതുല്യമാക്കുവാന്‍
വികസനത്തിന്‍ പാതയില്‍ നാമൊന്നു ചേര്‍ന്ന് നീങ്ങണം
പുതിയ കേരളത്തിനായി കാഹളം മുഴക്കണം
ഭീകരര്‍ക്ക്‌ ചുടലനൃത്തമാടുവാനീ ഭാരതം
വേദിയാക്കി മാറ്റുവാനനുവദിയ്ക്കയില്ല നാം
ഇന്ത്യയെ തകര്‍ത്തിടുന്ന വഞ്ചകപ്പരിഷകള്‍
ഗാന്ധിയെ മറന്നവര്‍,ഗോഡ്സയെ വരിച്ചവര്‍
വീണ്ടുമിവിടെയധികാരത്തിലേറിടാതെ നോക്കണം
ചെന്കൊടിയ്ക്ക് കീഴിലായണിനിരന്ന് പൊരുതണം...


യമുന മൂകമായൊഴുകുന്നു

യമുനാ നദിയിന്നും മൂകമായൊഴുകുന്നു
ശോകദം ജനുവരി മുപ്പതിന്‍ കഥയുമായ്..!
യമുനാ തീരത്തിലെ പുല്‍ക്കൊടി വിറയ്ക്കുന്നൂ
ക്ഷമയറ്റൊരാ ക്രൂരഹത്യതന്‍ നിമിഷത്തില്‍..!!
കണ്ണുനീര്‍ പൊഴിക്കട്ടെ ആര്‍ഷഭാരതത്തിന്റെ
മണ്ണിലെ പ്രഭാപൂരമസ്തമിച്ചതിനാലെ..!
അടിമത്തത്തിന്നൂക്കന്‍ ചങ്ങല പൊട്ടിച്ചീടാന്‍
അടരാടിയുള്ളര്‍ദ്ധനഗ്നനാം മഹാത്മജി
കേവലമൊരു മതഭ്രാന്തന്റെ കൈതോക്കിനു
ജീവനെ സമര്‍പ്പിച്ചിട്ടാത്മ നിര്‍വൃതി നേടി..!
അന്നൊരു സായാഹ്നത്തില്‍ യമുനാ തീരത്തിലെ
ചെന്നിണം ചിന്നീടുമാ പഞ്ചാരമണല്‍തിട്ടില്‍
പ്രാര്‍ത്ഥനാ പീഠത്തിലേക്കേറിയദ്ദിവ്യനന്ത്യ-
പ്രാര്‍ത്ഥനയായീ രാമരാമനാമുച്ചാരണം
തെല്ലിളം നിമിഷങ്ങള്‍ കടന്നു പോയി മുഗ്ദ-
മല്ലിക ഞെട്ടറ്റതാ വീഴുന്നു മണല്‍ തിട്ടില്‍..!
നൂറ്റാണ്ടുകളെ താണ്ടിക്കടന്ന നാടിന്‍ ജീവ-
റ്റുഹാ മതഭ്രാന്തിന്‍ വെടിയേറ്റതിനാലേ..
മൂകകായോഴുകുന്നു യമുനാ നദിയിന്നും
ശോകദം ജനുവരി മുപ്പതിന്‍ കഥയുമായ്..!