2009, ഫെബ്രുവരി 21, ശനിയാഴ്‌ച

കടലുണ്ടി വൃത്താന്തം

പൂച്ചേരിക്കുന്നിനെ താഴുകിയെത്തീടുന്ന
കൊച്ചിളംതെന്നലിലിളകിയാടി
കരിന്തിരി കത്തുമോരോട്ടുവിളക്കിന്റെ
തിരികള്‍ കെടാതെ ഞാന്‍ കാത്തിടുമ്പോള്‍,
കടലുണ്ടിപ്പുഴയോരത്തിരുളിന്‍റെ മറപറ്റി
വിടവാങ്ങും രാത്രിതന്‍ യാത്രാമൊഴി...
പാണന്റെ പാട്ടു കേട്ടുണരുന്ന വേളയില്‍
ഈണം മറന്നോരിണക്കിളികള്‍
കൊക്കുകള്‍ തമ്മിലുരുമ്മിപ്പറയുന്നു
അക്കരെ നേരം വെളുത്തുവല്ലോ...
പേട്ടിയാട്ടമ്മയെഴുന്നള്ളും നേരമായ്
പുത്രനാം ജാദേവന്‍ കൂടെയുണ്ട്...
ദേവിതന്‍ കനിവൂറും കടലിന്റെ തീരത്ത്
വാവുല്സവത്തിന്റെ തിരയിളക്കം...
അസ്തമയത്തിന്റെ സൌന്ദര്യമത്റയും
മൊത്തിക്കുടിക്കുവാനാസ്വദിക്കാന്‍
സായാന്തനങ്ങളിലെത്തുന്നിതാള്‍ക്കൂട്ടം
അഴിമുഖത്തഴകിന്റെ തേന്‍ നുകരാന്‍...
ദേശാടനക്കിളി ചിറക് മിനുക്കുവാന്‍
വന്നിരിക്കാറുള്ള തോട്ടുവക്കില്‍,
മാനത്തെക്കണ്ണികള്‍ മാടിവിളിക്കുന്നു
മൌനദുഃഖങ്ങള്‍ക്ക് വിട നല്‍കുവാന്‍...
വന്‍ദുരന്തത്തിന്‍റെ ദുഃഖസ്മൃതികളാല്‍
സന്ധ്യതന്നുള്ളം വിറങ്ങലിക്കെ,
മടങ്ങാന്‍ സമയമായോര്‍മ്മകള്‍ മേയുന്ന
കടലോര ഗ്രാമമേ,പോയ് വരാം ഞാന്‍..!

അഭിപ്രായങ്ങളൊന്നുമില്ല: