2009, ജനുവരി 24, ശനിയാഴ്‌ച

അകലാപ്പുഴയോരത്ത്

അകലാപ്പുഴയോരത്ത്, അഴകിന്റെ തീരത്ത്
മഴനൂലുകളിഴചേര്‍ക്കും മൂവന്തി നേരം
കണ്ടു മറന്നതാം നഷ്ടസ്വപ്നങ്ങള്‍തന്‍
വര്‍ണ്ണവളപൊട്ടുകളെ താലോലിക്കുന്നു ഞാന്‍..!
മധുരിക്കും ഓര്‍മ്മകള്‍ തന്‍ തേന്‍തുള്ളികള്‍ നുണയുമ്പോള്‍,
അധരങ്ങളിലെന്നെന്നും ചെറുപുഞ്ചിരി വിരിയുന്നൂ..!
ചേക്കാറിനിടമില്ലാതലയുന്നൊരു കിളിയായ് ഞാന്‍
എക്കാലവുമലിവിന്‍റെ കനിതെടി വന്നല്ലോ...
പറുദീസകള്‍ മോഹിച്ചിട്ടനന്തമാം ദുഃഖത്തിന്‍
മറുകര തേടി ഞാന്‍ പോയകാലം,
ഒരു സ്വാന്തനത്തിന്റെ തെളിനീരാലിന്നെന്നെ
കുളിരണിയിക്കാനണഞ്ഞവല്ലോ..
എന്‍സഖി പ്രിയസഖി താമരനൂലിനാല്‍
ഈ പുഴയോരത്തെ പുല്‍ക്കുടിലില്‍..!







2009, ജനുവരി 3, ശനിയാഴ്‌ച

ഗാസയിലെ മനുഷ്യക്കുരുതിക്കു വിരാമമില്ലേ..?


ഒരാഴ്ചയായി പലസ്തീനിലെ ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയില്‍ ഇസ്രായേല്‍, യുദ്ധവിമാനങ്ങളും മിസ്സൈലുകളും മറ്റുമുപയോഗിച്ച് ആക്രമണം തുടരുകയാണ്.ഇന്നുവരെ പിഞ്ചു കുട്ടികളടക്കം 422 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 2180 പേര്ക്ക് പരിക്കേറ്റിട്ടുമുണ്ട്.ഹമാസിന്റെ നേതാക്കളെ കൊന്നൊടുക്കുകയും മന്ത്രാലയങ്ങള്‍,പോലീസ് ആസ്ഥാനങ്ങള്‍,ആശുപത്രികള്‍,പള്ളികള്‍ എന്നിവ ബോംബ് വര്‍ഷിച്ചു തകര്‍ക്കുകയുമാണ് ജൂതപ്പടയുടെ ലക്‌ഷ്യം.വ്യാഴാഴ്ചത്തെ ആക്രമണത്തില്‍ ഹമാസിന്റെ ഉന്നത നേതാവ് നിസാര്‍ റയാന്‍ കൊല്ലപ്പെട്ടു.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഒപ്പം കൊല്ലപ്പെടുകയുണ്ടായി. ആദ്യദിവസം തന്നെ സര്‍വ്വകലാശാല ബോംബിട്ടു തകര്‍ക്കുകയും പോലീസ് മേധാവിയടക്കം നിരവധി പോലീസുകാരെ വകവരുത്തുകയുമുണ്ടായി.ഈജിപ്ത് മുന്കൈയ്യെടുത്തു നടപ്പിലാക്കിയ ആറുമാസത്തെ വെടിനിര്‍ത്തലിന്‍റ കാലാവധി തീരും മുമ്പാണ് വീണ്ടും ഏറ്റുമുട്ടലുകള്‍ ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സഭയും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ ആക്രമണത്തില്‍ നിന്നും പിന്‍മാറാത്തത് ഫിബ്രവരി 10 നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയ്ക്ക് നേട്ടം കൊയ്യാനാണെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.ഇന്ത്യയിലടക്കം എല്ലാരാജ്യങ്ങളിലും വന്പിച്ച പ്രതിഷേധപ്രകടനങ്ങള്‍ നടക്കുകയാണ്.ഇസ്രായേല്‍സര്‍ക്കാര്‍ പലസ്തീന്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്ന ചാര ഉപഗ്രഹമായ ടസ്കര്‍ 2008 ല്‍ നമ്മുടെ ശ്രീഹരിക്കോട്ടയില്‍ നിന്നും തൊടുത്തു വിട്ടതാണെന്നതാണ് നമുക്ക് അപമാനകരമായിട്ടുള്ളത്. അന്ന് സര്‍ക്കാരിന്നെ പിന്താങ്ങിയിരുന്ന ഇടതപക്ഷ പാര്‍ട്ടികളുടെ മുന്നറിയിപ്പ് അവഗണിച്ച് കൊണ്ടാണ് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ അമേരിക്കന്‍ ബാന്ധവത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്രായേലുമായി വിക്ഷേപണ കരാറില്‍ ഒപ്പിട്ടത്.കാലാകാലമായി പക്ഷിമേഷ്യന്‍ രാജ്യങ്ങളുമായി നമ്മുടെ രാജ്യം പുലര്‍ത്തിപോന്ന സൌഹൃദബന്ധത്തേക്കാള്‍ മന്‍മോഹന്‍ -ആന്റണി പ്രഭൃതികള്‍ക്ക് കൂടുതല്‍ പഥ്യമായത് സിയോണിസ്റ്റ് ബന്ധമായത് കൊണ്ടാവാം ഇങ്ങനെ സംഭവിച്ചത്. ഏതായാലും ജൂതപ്പട പലസ്തീനികള്‍ക്ക് നല്കിയ നവവല്‍സര സമ്മാനം ഏറെ ക്രൂരമായിപ്പോയി!
ലോക മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ഈ നരഹത്യകള്‍ക്കെതിരെ ഇപ്പോഴല്ലെന്കില്‍ എപ്പോഴാണ് പ്രതികരിയ്ക്കുക..?

2009, ജനുവരി 1, വ്യാഴാഴ്‌ച

പുതുവര്‍ഷപ്പുലരിയിലെ ശിഥിലചിന്തകള്‍

കാലത്തിന്‍ ഗര്‍ഭഗൃഹത്തില്‍
ഈറ്റുനോവിന്‍റെ തേങ്ങലുകള്‍..
നാലുദിക്കുകളിലും വരവേല്‍പ്പിന്‍
മന്ദ്രധ്വനികള്‍ മുഴങ്ങുകയായ്...
പോയവര്‍ഷത്തിന്‍ ശവമഞ്ചത്തില്‍
റീത്തുകള്‍ വച്ചു മടങ്ങുന്നൂ..
ആത്മവഞ്ചനയുടെ ആള്‍രൂപങ്ങള്‍..!
ഒരു കറുത്തവര്‍ഗ്ഗക്കാരന്‍
വെളുത്തവന്‍റെ പ്രലോഭനങ്ങളുമായി
വെള്ളക്കൊട്ടാരത്തിലേക്ക്
വലതുകാല്‍ വച്ചു കയറാന്‍
ഇനി ദിവസങ്ങള്‍ മാത്രം..
ഇറാഖിന്‍റെ മണ്ണില്‍ വച്ചു തന്നെ
ചെരുപ്പേറ് കൊണ്ടു മുഖം കോടിയ
ഭരണാധികാരി വലിച്ചെറിയപ്പെട്ടതും
ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലേക്ക്..!
പലസ്തീനില്‍ മനുഷ്യക്കുരുതി നടത്താന്‍
ജൂതപ്പടയ്ക്കു ചാരക്കണ്ണുകള്‍ നകിയത്
എന്‍റെ നാടെന്നോര്‍ക്കുമ്പോള്‍
കുനിയുന്നൂ ശിരസ്സപമാനഭാരത്താല്‍..!!
ബാലഭവനുകളിലഭയം തേടിയ നിരാലംബരെ
ബലാല്‍സംഗം ചെയ്ത മനുഷ്യമൃഗങ്ങള്‍
വിലസുന്നതുമീകൊച്ചു കേരളത്തില്‍..!
തിരുത്താന്‍ ശ്രമിക്കാം, പുതുവര്‍ഷത്തില്‍
തെറ്റുകളാവര്‍ത്തിക്കാതിരിക്കാം
വരവേല്‍ക്കാം നമുക്കീ പുതുവര്‍ഷപ്പുലരിയെ..