2009, മേയ് 18, തിങ്കളാഴ്‌ച

ജനനായകന് ബാഷ്പാഞ്ജലി..!




കേരളം നെഞ്ചേറ്റിയ മനുഷ്യസ്നേഹിയായ ജനനായകന്‍ സഖാവ് ഇ.കെ.നായനാര്‍ നമ്മെ വേര്‍പിരിഞ്ഞിട്ട് 5 വര്‍ഷം തികയുന്നു. സഖാവിന്റെ സ്മരണയ്ക്ക് മുമ്പില്‍ ഒരായിരം രക്തപുഷ്പങ്ങള്‍ കൊരുത്ത ബാഷ്പാഞ്ജലിയര്‍പ്പിക്കട്ടെ..!

1919 ഡിസംബര്‍ 9 ന്

കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരിയില്‍ ജനനം...ജന്മി കുടുംബത്തില്‍...

മഹാത്മാഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരുന്ന സ്വാതന്ത്ര്യസമരത്തിന്‍റെ അലയൊലികള്‍ ആ കൊച്ചു ഗ്രാമത്തിലുമെത്തി...

കല്യാശ്ശേരി സ്കൂളില്‍ വിദ്യാര്‍ഥി ആയിരുന്ന നായനാര്‍ ഗാന്ധിതൊപ്പിയും ധരിച്ച്

സമരഭടനായി മാറി...വീട്ടില്‍ നിന്നുള്ള എതിര്‍പ്പുകളെ അവഗണിച്ച്

അന്ന് നാട്ടില്‍ കൊടികുത്തി വാണിരുന്ന അയിത്തം,മദ്യപാനം തുടങ്ങിയവയ്ക്കെതിരെ ചെറുത്ത് നില്‍പ്പ്...തുടര്‍ന്ന് കര്‍ഷകപ്രസ്ഥാനത്തിലേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും...സംഭവബഹുലമായ ജീവിതം...

കൊടിയ മര്‍ദ്ദനങ്ങള്‍,നിരവധി വര്‍ഷത്തെ ജയില്‍ ജീവിതം,ഒളിവിലും തെളിവിലുമുള്ള പാര്‍ട്ടി പ്രവര്‍ത്തനം,

കര്‍ഷക സമരങ്ങള്‍...ഒടുവില്‍ തൂക്കുമരത്തില്‍ നിന്നും രക്ഷപ്പെടുന്നു...വായനശാലാപ്രവര്‍ത്തകന്‍,ഗ്രന്ഥകര്‍ത്താവ്,ഭരണസാരഥി,പ്രാസംഗികന്‍, പത്രാധിപര്‍, സര്‍വ്വോപരി മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റ്...സഖാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല..! കേരളത്തില്‍ മൂന്നുതവണകളായി നീണ്ട 11 വര്‍ഷം മുഖ്യമന്ത്രി സ്ഥാനത്ത്‌...ഈ ബഹുമതി നായനാര്‍ക്ക് മാത്രം സ്വന്തം..

മന്ദസ്മിതത്തില്‍ പൊതിഞ്ഞ നര്‍മ്മഭാഷണം...കുറിക്കു കൊള്ളുന്നവ... വേറെ ആര്‍ക്കുണ്ടീ സവിശേഷതകള്‍..?

2004 മെയ് 19 ജനലക്ഷങ്ങളെ കണ്ണുനീരിലാഴ്ത്തി സഖാവ് വിടവാങ്ങി...പയ്യാന്ബലം കടപ്പുറത്ത്‌ ഉയര്‍ന്നുപൊങ്ങിയ അഗ്നിജ്വാലകള്‍ ആ ഭൌതികശരീരം ഏറ്റുവാങ്ങി...നായാനാരുടെ പുഞ്ചിരിയും നര്‍മ്മഭാഷണവും വിപ്ലവബോധവും മനസ്സിലാവാഹിച്ച് പതിനായിങ്ങള്‍ നിറകണ്ണുകളോടെ പിന്‍വാങ്ങി...

നായനാര്‍സ്മരണയുടെ അഞ്ചാം വാര്‍ഷികത്തില്‍ മനസ്സ്‌ മന്ത്രിക്കുന്നു...ലാല്‍ സലാം...ലാല്‍ സലാം...

2009, മേയ് 4, തിങ്കളാഴ്‌ച

കുടമാറ്റം

കുടമാറ്റം കണ്ടു കണ്‍നിറയെ കണ്ടു
വടക്കുംനാഥന്റെ തിരുസന്നിധിയില്‍..!
തിരുവമ്പാടിയും പാറമേക്കാവും
മാറ്റുരയ്ക്കുമീ സായംസന്ധ്യയില്‍
നെറ്റിപ്പട്ടം ചാര്‍ത്തിയ ഗജവീരന്മാര്‍
നിര നിരയായ്‌ തലയെടുപ്പോടെ...
ആലവട്ടം വെഞ്ചാമരവും
അകമ്പടിയായ്‌ മേളക്കൊഴുപ്പും
പൂഴി വാരിയിട്ടാല്‍ നിലത്ത്‌ വീഴാത്ത
പുരുഷാരവുമീ പൂരം നാളില്‍..!
ഇലഞ്ഞിത്തറമേളത്തിന്‍ നാദലഹരിയില്‍
വിലയിച്ചൊരു മദ്ധ്യാഹ്നം കൂടി
കൊടും ചൂടിന്റെ താണ്ഡവമേതോ
കുളിര്‍ തെന്നലിനു വഴിമാറുന്നൂ...
വര്‍ണ്ണക്കാഴ്ചകള്‍ തുടങ്ങുകയായ്‌
പോക്കുവെയിലിന്‍ സ്വര്‍ണ്ണപ്രഭയില്‍
മറക്കാന്‍ കാഴിയില്ലീക്കാഴ്ചകളെല്ലാം
മനസ്സിന്‍ മണിച്ചെപ്പില്‍ സൂക്ഷിക്കാം
വിടപറയട്ടെ വരും പൂരം വരേയ്ക്കും
വെടിക്കെട്ടും കണ്ടു മടങ്ങിയേക്കാം...


2009, മേയ് 1, വെള്ളിയാഴ്‌ച

മെയ്ദിനം വീണ്ടും

മെയ്ദിനം വീണ്ടും...
പാതയോരത്തെ മെയ്ഫ്ളവര്‍ നിറയെ പൂത്തിരിക്കുന്നു...
വര്‍ഷങ്ങള്‍ക്കപ്പുറം ജോലിസമയം എട്ടു മണിക്കൂറായി കുറയ്ക്കുന്നതിന്
തൊഴിലാളി വര്‍ഗ്ഗം നടത്തിയ ധീരോദാത്ത സരത്തിന്റെ വിജയം
ലോകത്തെങ്ങുമുള്ള തൊഴിലാളികള്‍ ഇന്നും ആവേശപൂര്‍വ്വം കൊണ്ടാടുമ്പോള്‍,
വിപ്ലവഭിവാദ്യങ്ങളുടെ ചെമ്പനീര്‍പൂക്കള്‍ സമര്‍പ്പിക്കട്ടെ..!
അന്ന് ചിക്കാഗോവിലെ തെരുവീഥികളില്‍ അവര്‍ ചിന്തിയ ചുടുചോരയില്‍
മുക്കിയെടുത്ത രക്തപതാക എന്നും വെന്നിക്കൊടിയായ്‌ കൂടെയുണ്ടാവും...
വരും നാളുകളില്‍ സമരപോരാട്ടങ്ങള്‍ക്ക് വഴികാട്ടിയായ്‌...
വര്‍ത്തമാനകാലം, മുതലാളിത്തത്തിന്‍റെ കോട്ടകൊത്തളങ്ങള്‍ ഇളകിയാടുന്നു..!
ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും അതിനെ കരകയറ്റാന്‍ കുറുക്കുവഴികള്‍ തേടി
പരക്കം പായുന്നത്, മുതലാളിതതന്റെ അപ്പോസ്തലന്മാര്‍...
വര്‍ഗ്ഗവഞ്ചകരെ ഒറ്റപ്പെടുത്തി,സമത്വസുന്ദരമായ ഒരു നവലോകസൃഷ്ടിക്കായി
പടപൊരുതാന്‍ പ്രതിഞ്ജയെടുക്കാം ഇത്തവണത്തെ മെയ്ദിനത്തില്‍...
ലാല്‍സലാം സഖാക്കളെ...ലാല്‍സലാം...