മുംബൈ നഗരം അന്നേവരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ ഒരു വിലാപയാത്രയ്ക്ക് കണ്ണീരോടെ സാക്ഷൃം വഹിച്ചു.അനുഗ്രഹീത സംഗീത സാമ്രാട്ട് റാഫി സാഹിബിന്റെ അന്ത്യയാത്രയായിരുന്നു അത്.ഇന്നത്തെ പാക്കിസ്ഥാനില്‍ ഉള്‍പ്പെട്ട കോട്ല സുല്‍ത്താന്‍ പൂരില്‍ 1924 ഡിസംബര്‍ 24 നു മുഹമ്മദ് റാഫി ജനിച്ചു.കുട്ടിക്കാലത്ത് തന്റെ ഗ്രാമത്തിലെ ഒരു ഫക്കീറിനെ അനുകരിച്ചു പാട്ടുകള്‍ പാടിനടന്നിരുന്ന കൊച്ചു റാഫിയുടെ സംഗീത വാസന കണ്ടറിഞ്ഞത് അദ്ദേഹത്തിന്റെ ഒരു ബന്ധുവായിരുന്നു.തുടര്‍ന്ന് ഉസ്താദ് ബഡെ ഗുലാം അലി ഖാന്‍,ഉസ്താദ് അബ്ദുല്‍ വാഹിദ് ഖാന്‍,പണ്ഡിറ്റ് ജീവന്‍ ലാല്‍ മാട്ടോ,ഫിറോസ് നിസാമി എന്നിവരില്‍ നിന്നും സംഗീതം അഭ്യസിച്ച റാഫി സാഹിബ് നാല് വ്യാഴവട്ടക്കാലം സംഗീത ലോകത്ത് നിറഞ്ഞു നിന്നു.ഹിന്ദി,ഉര്‍ദു,ബോജ്പുരി,പഞ്ചാബി,ബംഗാളി,മറാത്തി,തെലുഗ്,കന്നഡ ഭാഷകളിലെല്ലാം അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു.1944 ല്‍ മുംബൈയിലേക്ക് കുടിയേറിയ മുഹമ്മദ് റാഫി സുപ്രസിദ്ധ ചലച്ചിത്ര സംഗീത സംവിധായകന്‍ നൌഷാദുമായി പരിചയപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു. 1952 ലെ ബൈജു ബാവ്റയില്‍ അദ്ദേഹം പാടിയ ദുനിയാ കേ രഖ് വാലെ എന്ന ഗാനം റാഫിയെ പ്രശസ്തനാക്കി.തുടര്‍ന്ന് നൌഷാദ് സവിധാനം ചെയ്ത നിരവധി ഗാനങ്ങള്‍ പാടി മുഹമ്മദ് റാഫി അനശ്വര ഗായകനായി.ശാസ്ത്രീയ സംഗീതം,ഗസലുകള്‍,ഭജനങ്ങള്‍,ദേശഭക്തി ഗാനങ്ങള്‍,ചലച്ചിത്ര ഗാനങ്ങള്‍ എന്നിവയെല്ലാം ആ അനുഗ്രഹീത ഗായകന് വഴങ്ങുന്നവയായിരുന്നു.1965 ല്‍ ഭാരത സര്‍ക്കാര്‍ പദ്മശ്രീ പദവി നല്കി ആദരിച്ച റാഫി സാഹിബിനു നിരവധി തവണ അവാര്‍ഡുകളും ലഭിച്ചു.ആറ് പ്രാവശ്യം ഫിലിം ഫെയര്‍ അവാര്‍ഡുകളും,നിരവധി ദേശീയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.അറുപതികളിലെപ്പോഴോ കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ റാഫിയുടെ സംഗീത മാസ്മരികത നേരിട്ടനുഭവിച്ചതിന്റെ മധുരസ്മരണ എന്റെ മനസ്സില്‍ ഇന്നും മായാതെ കിടക്കുന്നു.അദ്ദേഹത്തിന്റെ ചരമദിനം ഒരിക്കല്‍ കൂടി കടന്നുവരുമ്പോള്‍ ആ സംഗീത സാമ്രാട്ടിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ തല താഴ്ത്തുന്നു..!