പത്തു ലക്ഷം രൂപയുടെ ഫാല്‍ക്കെ അവാര്‍ഡ് 2009 സപ്തംബര്‍ 21 ന് ദില്ലിയില്‍ രാഷ്ട്രപതി ശ്രീമതി പ്രതിഭാ പാട്ടീല്‍ സമ്മാനിക്കും.1971 ല്‍ പദ്മശ്രീയും 2005 ല്‍ പദ്മഭൂഷണും കിട്ടിയ മന്നാ ഡേയ് ദേശീയ ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിരുന്നു.തൊണ്ണൂറു വയസ്സായ മന്നാ ഡേയ് ജനനനം കൊണ്ടു ബംഗാളിയാണെങ്കിലും ഇപ്പോള്‍ ബംഗളൂരുവിലാണ് താമസിക്കുന്നത്.1919 മെയ് 1 ന് ജനിച്ച മന്നാ ഡേയ്ക്ക് സംഗീതത്തില്‍ പ്രേരണ ആയത് സംഗീതാചാര്യനായിരുന്ന തന്റെ അമ്മാമന്‍ കൃഷ്ണചന്ദ്ര ഡേയ് ആണ്.സ്കൂള്‍ -കോളേജ് വിദ്യാഭ്യാസ കാലത്ത് സംഗീതത്തില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ മന്നാ ഡേയ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത് അമ്മാമനായ കെ.സി.ഡേയില്‍ നിന്നും ഉസ്താദ് ദബീര്‍ ഖാനില്‍ നിന്നുമാണ്.1942 ല്‍ അമ്മാമനുമൊത്ത് മുംബൈയിലേക്ക് പോയതാണ് മന്നാ ഡേയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.അവിടെ ആദ്യം സച്ചിന്‍ ദേവ് ബര്‍മ്മന്റെയും പ്രശസ്തരായ മറ്റു ഹിന്ദി സംഗീത സംവിധായകരുടെയും സഹായിയായി മന്നാ ഡേയ് പ്രവര്‍ത്തിച്ചു.ഈ കാലത്ത് ഉസ്താദ് അമാന്‍ അലിഖാന്‍,ഉസ്താദ് അബ്ദുല്‍ റഹിമാന്‍ ഖാന്‍ എന്നിവരില്‍ നിന്നു ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതവും അദ്ദേഹം അഭ്യസിച്ചു.1943 ല്‍ തമാന എന്ന സിനിമയില്‍ ഗാനമാലപിച്ചു കൊണ്ടാണ് മന്നാ ഡേയുടെ ചലച്ചിത്ര ലോകത്തേക്കുള്ള രംഗപ്രവേശം.തുടര്‍ന്ന് സുപ്രസിദ്ധ ഗായിക സുരയ്യയുമൊത്ത് പാടിയ യുഗ്മഗാനം ഹിറ്റായി മാറി.ഹിന്ദിയിലും ബംഗാളിയിലുമായി 3500 ലേറെ ഗാനങ്ങള്‍ മന്നാ ഡേയ് ആലപിച്ചിട്ടുണ്ട്.