2009, ജൂൺ 12, വെള്ളിയാഴ്‌ച

ഇ എം എസ് ജന്മശതാബ്ദി

നാളെ ജൂണ്‍ 13 .ഇ എം എസിന്റെ നൂറ്റൊന്നാം ജന്മദിനം.
ചരിത്രത്തിന്റെ മുമ്പെ നടന്നു നീങ്ങിയ,
ചരിത്രം തിരുത്തി കുറിച്ച വിപ്ലവകാരിയുടെ
ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുമ്പില്‍
ഒരുപിടി രക്തപുഷ്പങ്ങള്‍ സമര്‍പ്പിക്കട്ടെ..!
മാറ്റത്തിന്റെ വെളിച്ചം കടന്നു ചെല്ലാത്ത വള്ളുവനാട്ടിലെ ഏലംകുളം ഗ്രാമം
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്ന കാലം
ജന്മിത്വം കേരളമാകെ അരങ്ങ് തകര്‍ക്കുമ്പോള്‍ ,പ്രൌഡിയോടെ തലയുയര്‍ത്തി നിന്ന ഒരു ബ്രാഹ്മണകുടുംബത്തില്‍,ഏലംകുളം മനയില്‍ ജനിച്ചു.
കാലത്തിന്റെ നിയോഗം ഏറ്റെടുത്ത് പിറന്ന നാടിനും,സഹജീവികളുടെ കണ്ണുനീര്‍ ഒപ്പുന്നതിനും വേണ്ടി
ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചു.തുടക്കം ഇരുളടഞ്ഞ സ്വന്തം സമുദായത്തില്‍ നിന്നു തന്നെ
യോഗക്ഷേമസഭാ പ്രവര്‍ത്തകനായി,
ബ്രാഹ്മണ്യത്തിന്റെ പൂണൂല്‍ ചരടുകള്‍ പൊട്ടിച്ചെറിഞ്ഞു ജനങ്ങള്‍ക്കിടയിലേക്ക്...
അടിച്ചമര്‍ത്തപ്പെട്ട ജീവിതങ്ങളെ മോചിപ്പിക്കാനുള്ള പോരാട്ടങ്ങള്‍
തുടര്‍ന്ന് ദേശീയ വിമോചനപ്പോരാളിയായി,മാര്‍ക്സിസത്തില്‍ ആകൃഷ്ടനായി
സൈദ്ധാന്തികാചാര്യനായി, ചരിത്ര രചയിതാവായി,നവകേരളശില്‍പ്പിയായി
കേരളപ്പിറവിക്കു ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചു മുഖ്യമന്ത്രിയായി
കേരളീയ സമൂഹത്തിന്റെ അലകും പിടിയും മാറ്റിയ നടപടികള്‍ ആ കാലത്തുണ്ടായി
അധികാരത്തിന്റെ അകത്തളങ്ങളില്‍ എത്തിയിട്ടും അത് വരെ മുറുകെ പിടിച്ച വിശ്വാസപ്രമാണങ്ങള്‍ ബലികഴിക്കാന്‍ കൂട്ടാക്കാത്ത
യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരനായി അവസാനശ്വാസം വരെയും ജീവിച്ചു.
കോടതികളുടെ പക്ഷപാത നിലപാടുകള്‍ക്ക് എതിരെ പരസ്യമായി പ്രതികരിച്ചു ശിക്ഷ സ്വയം ഏറ്റുവാങ്ങിയത് ഒരുദാഹരണം മാത്രം..!വലതുപക്ഷ തിരുത്തല്‍ വാദത്തിനും ഇടതുപക്ഷ തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ച്ചയില്ലാത്തതും സന്ധിയില്ലാത്തതുമായ
നിരന്തരമായ പോരാട്ടങ്ങള്‍.ഒരിക്കല്‍ പോലും, തന്റെ പ്രസ്ഥാനത്തെ വര്‍ഗ്ഗ ശത്രുക്കള്‍ക്ക് കടിച്ചുകീറാന്‍ എറിഞ്ഞുകൊടുക്കാതിരുന്ന ബലവത്തായ പാര്‍ട്ടിക്കൂറ് സഖാവിന്റെ പ്രത്യേകതയായിരുന്നു.ഇന്നു ചിലര്‍ക്ക് കൈമോശം വന്നതും ഈ സ്വഭാവവിശേഷം. സഖാവിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍...ലാല്‍ സലാം...ലാല്‍സലാം...

2009, ജൂൺ 1, തിങ്കളാഴ്‌ച

ഒരു നീര്‍മാതളത്തിന്‍ ചുവട്ടില്‍


ഒരു നീര്‍മാതളത്തിന്‍ ചുവട്ടിലെ കുളിര്‍ കാറ്റിന്‍ തലോടലില്‍
വിരി നീര്‍ത്തുമോര്‍മ്മകളിലോടിയെത്തും
നഷ്ടവസന്തങ്ങള്‍ തന്‍ ദുഃഖസ്മൃതിയുമായ്
കാലയവനികക്കുള്ളില്‍ മറഞ്ഞൂ, ഇതിഹാസ നായിക..!
പൊഴിക്കട്ടെ ചുടുകണ്ണുനീര്‍ മനസ്സ് വിറങ്ങലിയ്ക്കെ.!!
സ്നേഹിക്കാന്‍ മാത്രമറിയുമൊരമ്മതന്‍ പൊന്മകളായ്
ആമിയായ്‌ കമലയായ്‌ പിന്നെ മാധവിക്കുട്ടിയായ്‌
ഒടുവില്‍ കമലാ സുരയ്യയായ്‌ മാറിയെങ്കിലും
ഭാവത്തില്‍ സ്നേഹം...സ്നേഹം മാത്രം...
മനസ്സില്‍ സൂക്ഷിക്കാനാ മന്ദസ്മിതം മാത്രം
അമ്മേ,അത് മതി...അത് മാത്രം മതി...
ഞങ്ങള്‍ക്കെന്നെന്നും ഓര്‍മ്മിക്കുവാന്‍..!
കുഞ്ഞും നാളില്‍ കുയിലിനോടും കാറ്റിനോടും
കുശലം പറഞ്ഞും നാലപ്പാട്ട് തറവാട്ടു വളപ്പിലെ
തുന്പിയോടും തുന്പയോടും കിന്നാരിച്ചും
പാറിപ്പറന്നൊരു പാവാടിക്കാരിതന്‍ മൌനദുഃഖങ്ങ-
ളേറ്റു വാങ്ങിയ ഇളം തെന്നലും തേങ്ങിയോ..?
കുളവും കുളപ്പുരയും നീര്‍മാതളവുമിലഞ്ഞിയും
ആവാഹിച്ചെടുത്തതാം മുഗ്ദമാം വരികളില്‍
സ്നേഹത്തിന്‍ മന്ദ്രധ്വനികള്‍ മുഴങ്ങിക്കേട്ടു ഞങ്ങള്‍
സ്നേഹ മൂര്‍ത്തിയാമമ്മേ,പ്രണമിച്ചിടുന്നിതാ
വിങ്ങിപ്പൊട്ടുന്ന മനസ്സോടെ, നിറകണ്ണുകളോടെ..!