2009, ജൂൺ 1, തിങ്കളാഴ്‌ച

ഒരു നീര്‍മാതളത്തിന്‍ ചുവട്ടില്‍


ഒരു നീര്‍മാതളത്തിന്‍ ചുവട്ടിലെ കുളിര്‍ കാറ്റിന്‍ തലോടലില്‍
വിരി നീര്‍ത്തുമോര്‍മ്മകളിലോടിയെത്തും
നഷ്ടവസന്തങ്ങള്‍ തന്‍ ദുഃഖസ്മൃതിയുമായ്
കാലയവനികക്കുള്ളില്‍ മറഞ്ഞൂ, ഇതിഹാസ നായിക..!
പൊഴിക്കട്ടെ ചുടുകണ്ണുനീര്‍ മനസ്സ് വിറങ്ങലിയ്ക്കെ.!!
സ്നേഹിക്കാന്‍ മാത്രമറിയുമൊരമ്മതന്‍ പൊന്മകളായ്
ആമിയായ്‌ കമലയായ്‌ പിന്നെ മാധവിക്കുട്ടിയായ്‌
ഒടുവില്‍ കമലാ സുരയ്യയായ്‌ മാറിയെങ്കിലും
ഭാവത്തില്‍ സ്നേഹം...സ്നേഹം മാത്രം...
മനസ്സില്‍ സൂക്ഷിക്കാനാ മന്ദസ്മിതം മാത്രം
അമ്മേ,അത് മതി...അത് മാത്രം മതി...
ഞങ്ങള്‍ക്കെന്നെന്നും ഓര്‍മ്മിക്കുവാന്‍..!
കുഞ്ഞും നാളില്‍ കുയിലിനോടും കാറ്റിനോടും
കുശലം പറഞ്ഞും നാലപ്പാട്ട് തറവാട്ടു വളപ്പിലെ
തുന്പിയോടും തുന്പയോടും കിന്നാരിച്ചും
പാറിപ്പറന്നൊരു പാവാടിക്കാരിതന്‍ മൌനദുഃഖങ്ങ-
ളേറ്റു വാങ്ങിയ ഇളം തെന്നലും തേങ്ങിയോ..?
കുളവും കുളപ്പുരയും നീര്‍മാതളവുമിലഞ്ഞിയും
ആവാഹിച്ചെടുത്തതാം മുഗ്ദമാം വരികളില്‍
സ്നേഹത്തിന്‍ മന്ദ്രധ്വനികള്‍ മുഴങ്ങിക്കേട്ടു ഞങ്ങള്‍
സ്നേഹ മൂര്‍ത്തിയാമമ്മേ,പ്രണമിച്ചിടുന്നിതാ
വിങ്ങിപ്പൊട്ടുന്ന മനസ്സോടെ, നിറകണ്ണുകളോടെ..!

2 അഭിപ്രായങ്ങൾ:

ഫസല്‍ ബിനാലി.. പറഞ്ഞു...

ആദരാഞ്ജലികള്‍........

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

...മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിക്ക് ആദരാഞ്ജലികള്‍ ...