2009, നവംബർ 25, ബുധനാഴ്‌ച

ബലിപെരുനാള്‍

തിരുനബിയിബ്രാഹിംതങ്ങള്‍ക്ക് കല്‍പ്പനയായ്
അരുമയാം പുത്രനെ ബലിയര്‍പ്പിക്കാന്‍..!
ആറ്റുനോറ്റുണ്ടായ മകനെയറുക്കുവാന്‍
ആറ്റലാം നബിയുല്ല യാത്രയായി...
സര്‍വ്വ ലോകങ്ങള്‍ക്കും നാഥനാം റബ്ബിന്
സ്തുതിയോതിടുന്നല്ലോ ഖലീലുല്ല
ആലം ഉടയോനെ കരുണാമയനായ
ഈ ലോക രക്ഷിതാവായ റബ്ബേ,
പുത്രനാമിസ്മായീല്‍മോന്‍റെ കഴുത്തിലായ്
കരവാളമര്‍ത്തട്ടെ യാ റഹീമേ,
അല്ലാഹുവേ,നിന്‍റെ കല്‍പ്പന തെറ്റാതെ
എല്ലാമിന്നര്‍പ്പിച്ചിടുന്നു വേഗം..!
ഖല്‍ബുരുകി കേണിടും നബിയുടെ പ്രാര്‍ത്ഥന
ഖല്ലാക്കായുള്ളവന്‍ സ്വീകരിച്ചു
പുത്രനുപകരമോരാടിനെ ബലി നല്‍കാന്‍
സത്വരം റബ്ബപ്പോള്‍ കല്‍പ്പിക്കുന്നൂ
ഈ മഹാ ത്യാഗത്തിന്നൊര്‍മ്മ പുതുക്കുവാന്‍
ഈദുല്‍ അസ്ഹാ വന്നെത്തിടുന്നൂ
തക്ബീര്‍ ധ്വനികള്‍ മുഴങ്ങട്ടെ വാനോളം
തൌഫീക്കിന്‍ തൂവെളിച്ചത്തിനൊപ്പം
അല്ലാഹു അക്ബര്‍ അലാഹു അക്ബര്‍
ലാഹിലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്...

2009, നവംബർ 1, ഞായറാഴ്‌ച

കേരളപ്പിറവിയില്‍

ഭാര്‍ഗ്ഗവരാമന്‍ മഴുവെറിഞ്ഞ്
വീണ്ടെടുത്തൊരീ കേരളഭൂമിയില്‍
സഹ്യന്റെ മടിയില്‍ തലചായ്ച്ചുറങ്ങിടും
സര്‍വ്വം സഹിയായോരമ്മേ,വിതുമ്പുന്നുവോ?
കരള്‍ വിങ്ങുന്നുവോ?പ്രതീക്ഷകള്‍
നിരാശകളാല്‍ മൂടുന്നുവോ?
ഭൂതകാലത്തിന്റെ പനയോല ചുരുളുകള്‍
ചിതലരിക്കുന്നുവോ?
വിസ്മൃതിയില്‍ ലയിച്ചിടുന്നേരം
തെളിനീരുറവകള്‍ വറ്റിവരണ്ടു പോയ്..!
ഇനിയുമൊരു ചാറ്റല്‍മഴ പെയ്തിറങ്ങുവാന്‍
നിനവിന്‍ പുതുനാമ്പുകള്‍ പൊട്ടിവിടരുവാന്‍
തളിരിടുമാശകള്‍ പൂവണിയിക്കുവാന്‍...
കേരളപ്പിറവിതന്‍ സ്വര്‍ണ്ണഗോപുരങ്ങള്‍
തിളങ്ങുകയായ്‌, ഇരുളകലുകയായ് ...
മരതകത്തുരുത്തുകള്‍ നീരുറവകള്‍ ചുരത്തുകയായ്
അംബികേയെന്‍ പ്രിയ നാടേ,
കുമ്പിടുന്നു നിന്‍ പാദാരവിന്ദങ്ങളില്‍..!