2009, നവംബർ 1, ഞായറാഴ്‌ച

കേരളപ്പിറവിയില്‍

ഭാര്‍ഗ്ഗവരാമന്‍ മഴുവെറിഞ്ഞ്
വീണ്ടെടുത്തൊരീ കേരളഭൂമിയില്‍
സഹ്യന്റെ മടിയില്‍ തലചായ്ച്ചുറങ്ങിടും
സര്‍വ്വം സഹിയായോരമ്മേ,വിതുമ്പുന്നുവോ?
കരള്‍ വിങ്ങുന്നുവോ?പ്രതീക്ഷകള്‍
നിരാശകളാല്‍ മൂടുന്നുവോ?
ഭൂതകാലത്തിന്റെ പനയോല ചുരുളുകള്‍
ചിതലരിക്കുന്നുവോ?
വിസ്മൃതിയില്‍ ലയിച്ചിടുന്നേരം
തെളിനീരുറവകള്‍ വറ്റിവരണ്ടു പോയ്..!
ഇനിയുമൊരു ചാറ്റല്‍മഴ പെയ്തിറങ്ങുവാന്‍
നിനവിന്‍ പുതുനാമ്പുകള്‍ പൊട്ടിവിടരുവാന്‍
തളിരിടുമാശകള്‍ പൂവണിയിക്കുവാന്‍...
കേരളപ്പിറവിതന്‍ സ്വര്‍ണ്ണഗോപുരങ്ങള്‍
തിളങ്ങുകയായ്‌, ഇരുളകലുകയായ് ...
മരതകത്തുരുത്തുകള്‍ നീരുറവകള്‍ ചുരത്തുകയായ്
അംബികേയെന്‍ പ്രിയ നാടേ,
കുമ്പിടുന്നു നിന്‍ പാദാരവിന്ദങ്ങളില്‍..!