2010, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

പരിശുദ്ധ റമളാന്‍ വരവായ്

ഭക്തിനിര്‍ഭരമായ ദിനരാത്രങ്ങള്‍ കൊണ്ട് അനുഗ്രഹീതമാക്കപ്പെട്ട പരിശുദ്ധ റമളാന്‍ ഇതാ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു.പശ്ചിമാകാശത്തില്‍ മാസപ്പിറവി പ്രത്യക്ഷപ്പെടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.ലോകത്തെങ്ങുമുള്ള മുസ്ലിമീങ്ങള്‍ക്ക് ഇനി ത്യാഗത്തിന്റെയും ആരാധനകളുടെയും രാപ്പകലുകള്‍.നൂറ്റാണ്ടുകള്‍ക്കു മുമ്പ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടക്കിവാണിരുന്ന അറേബ്യന്‍ മണലാരണ്യത്തില്‍ അന്ത്യപ്രവാചകനായ മുഹമ്മദ്‌ റസൂല്‍ (സ.അ )തൌഹീദിന്റെ തൂവെളിച്ചവുമായി കടന്നു വന്നു.ഇസ്ലാം അനുശാസിക്കുന്ന നിര്‍ബന്ധ കര്‍മ്മങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് റമളാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം.പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞ് ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാന്‍ വിശ്വാസികള്‍ക്ക് കൈവന്ന സുവര്‍ണാവസരം.ഈ പുണ്യമാസത്തില്‍ വ്രതാനുഷ്ടാനത്തോടൊപ്പം പള്ളികളിലും വീടുകളിലും ഇബാദത്തില്‍ മുഴുകി വിശാസികള്‍ അല്ലാഹുവില്‍ അഭയം തേടുന്നു.പകല്‍ ആഹാര നീഹാരാദികള്‍ ഉപേക്ഷിച്ചത് കൊണ്ടുമാത്രം റമളാനിന്‍റെ ലക്‌ഷ്യം പൂര്‍ത്തിയാവുന്നില്ല.മനസാ വാചാ കര്‍മ്മണാ എല്ലാ ദുഷ്ചെയ്തികളില്‍ നിന്നും അകന്നു നില്‍ക്കാനാണ് അല്ലാഹു കല്‍പ്പിക്കുന്നത്.ശരീരത്തിന്റെയും മനസ്സിന്റെയും എല്ലാ പ്രലോഭനങ്ങളില്‍ നിന്നും മുക്തി നേടിയാല്‍ മാത്രമേ വ്രതാനുഷ്ടാനത്തിന്റെ സത്ത സംരക്ഷിക്കപ്പെടുന്നുള്ളു.ദാന ധര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ മാസവും ഇത് തന്നെ.ലോകത്തിനു വഴികാട്ടിയായി പരിണമിച്ച പരിശുദ്ധ ഖുര്‍ ആന്‍ അവതരിച്ച പുണ്യറമളാനില്‍ ഐതിഹാസികമായ ബദര്‍ ദിനവും,ആയിരം മാസങ്ങളിലേക്കാള്‍ അനുഗ്രഹം ചൊരിയപ്പെടുന്ന ലൈലത്തുല്‍ ഖദിര്‍ എന്ന പുണ്യരാവും വന്നുചേരുന്നു.രാത്രികാലങ്ങളിലെ തറാവീഹ് നമസ്കാരവും ഖുര്‍ ആന്‍ പാരായണവും റമളാന്‍ മാസത്തിലെ അവസാനത്തെ പത്തില്‍ അനുഷ്ടിക്കുന്ന ഇ ഇത്തിക്കാഫും റമളാനിന്‍റെ പരിപാവനത വര്‍ദ്ധിപ്പിക്കുന്നു.ഈ പുണ്യമാസത്തിലും തുടര്‍ന്നും അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവരിലും ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: