2009, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

സഖാവ് കൃഷ്ണപിള്ള ദിനം

ആഗസ്ത് 19 സഖാവ് പി കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞ ദിവസം.42 വയസ്സുള്ളപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഹമ്മയിലെ ഒരു കയര്‍ തൊഴിലാളിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്പോളാണ് സഖാവ് പാമ്പ് കടിയേറ്റു മരിക്കുന്നത്.1948 ആഗസ്റ്റ്‌ 19 നു കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എല്ലാമായിരുന്ന സഖാവിന്റെ ജീവന്‍ അകാലത്തില്‍ പൊലിഞ്ഞു.1906 ല്‍ അന്നത്തെ തിരുവിതാം കൂറിന്റെ ഭാഗമായിരുന്ന വൈക്കത്ത് ഒരിടത്തരം നായര്‍ കുടുംബത്തിലാണ് സഖാവിന്റെ ജനനം.കുട്ടിക്കാലം മുതല്‍ ദാരിദ്ര്യത്തില്‍ മുങ്ങിയ കുടുംബ പശ്ചാത്തലം.തൊഴിലന്വേഷിച്ചുള്ള യാത്രയില്‍ അലഹബാദില്‍ എത്തിപ്പെട്ടു.അവിടെ നിന്നും ഹിന്ദി പഠിച്ചു.പ്രതി മാസം 30 രൂപ ശമ്പളത്തില്‍ ഹിന്ദി പ്രചാരകനായി.ഇന്ത്യ അപ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീചൂളയിലായിരുന്നു.വിമോചന പ്രസ്ഥാനത്തിന്റെ ആവേശമുള്‍ക്കൊണ്ട് കേരളത്തിലേക്ക് തിരിച്ചു വന്നു.ഇ എം എസ് ,എ കെ ജി തുടങ്ങിയ നേതാക്കളെ പോലെ കൃഷ്ണ പിള്ളയും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്.സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അന്ന് കോഴിക്കോട്ടു നിന്നും പയ്യന്നൂരിലേക്ക് നടത്തിയ ഉപ്പ് സത്യാഗ്രഹ യാത്രയില്‍ പങ്കെടുത്ത സഖാവിനു ബ്രിട്ടിഷ്‌ പോലീസിന്റെ കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങേണ്ടിവന്നു.ജയില്‍ ശിക്ഷ കഴിഞ്ഞു ഗുരുവായൂര്‍ സത്യാഗ്രഹത്തിലക്ക്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മണി മുഴക്കിയത്തിനു നായര്‍ പ്രമാണിമാരും അവരുടെ ശിങ്കിടികളും കൂടി തല്ലിച്ചതച്ചു. ഒക്ടോബര്‍ വിപ്ലവത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട സഖാവ് കോണ്‍ഗ്രസ്സിന്റെ പോക്കില്‍ തൃപ്തനായിരുന്നില്ല.അന്നും കോണ്‍ഗ്രസ്‌ സമ്പന്ന വര്‍ഗ്ഗത്തിന് വേണ്ടിയായിരുന്നു നില നിന്നിരുന്നത്.അത് കൊണ്ടുതന്നെ മലബാറിലെയും തിരു കൊച്ചിയിലെയും കര്‍ഷകരെയും തൊഴിലാളികളെയും ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞിരുന്നില്ല .കൃഷ്ണപിള്ളയെ പോലുള്ള വിപ്ലവകാരികള്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങി.സി എസ് പി യുടെ സെക്രടറിയും സഖാവായിരുന്നു.കേരളം മുഴുവന്‍ സഞ്ചരിച്ചു കര്‍ഷകര്‍,തുണിമില്‍,കയര്‍ മേഖലയിലെ തൊഴിലാളികള്‍ എന്നിവരെ സംഘടിപ്പിച്ച് പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കി.ആദ്യമായി കോഴിക്കോട്ടു രൂപീകരിച്ച കമ്മ്യൂണിസ്റ്റ് ഗ്രൂപ്പില്‍ സഖാക്കള്‍ കെ ദാമോദരന്‍,എന്‍ സി ശേഖര്‍ എന്നിവര്‍ക്കൊപ്പം കൃഷ്ണപിള്ളയുമുണ്ടായിരുന്നു.അസാമാന്യമായ സംഘടനാ പാടവവമുണ്ടായിരുന്ന സഖാവിനെ പ്രസ്ഥാനത്തിന് അകാലത്തില്‍ നഷ്ടപ്പെട്ടു .1948 ലെ കല്‍ക്കത്ത തിസീസിന്റെ പേരില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നടത്തിയ കമ്മ്യൂണിസ്റ്റ് വേട്ടയെ തുടര്‍ന്ന് ഒളിവില്‍ പോയ സഖാവിനു ആ ഒളിവു ജീവിതത്തിനിടയിലാണ് അന്ത്യം സംഭവിക്കുന്നത്. വെറും തറയില്‍ കിടന്നു ഒരു പ്രസംഗം തയ്യാറാക്കി കൊണ്ടിരിക്കുമ്പോഴാണ് സഖാവിനു പാമ്പ് കടിയേല്‍ക്കുന്നത്.സഖാവിന്റെ അവസാന വാക്കുകളില്‍ നിന്ന്-സഖാക്കളെ മുന്നോട്ട്.ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ഈ മുദ്രാവാക്യം എന്നും മുറുകെ പിടിയ്ക്കണം.ലാല്‍ സലാം...