ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി പരിശുദ്ധ റമളാന്‍ ഒരിക്കല്‍ കൂടി സമാഗതമായിരിക്കുന്നു.ലോകത്തെങ്ങുമുള്ള ഇസ്ലാംമത വിശ്വാസികള്‍ക്ക് ഇനി വ്രതവിശുദ്ധിയുടെയും സല്‍ക്കര്‍മ്മങ്ങളുടേയും രാപ്പകലുകള്‍.പ്രാഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞും ഇബാദത്തില്‍ മുഴുകിയും കഴിയുന്നവര്‍ക്ക്,എല്ലാം പൊറുത്ത് മാപ്പ് നല്കുന്ന കരുണാനിധിയായ അല്ലാഹുവിനോട് തങ്ങളുടെ തെറ്റുകള്‍ ഏറ്റു പറഞ്ഞ് മാപ്പപേക്ഷിക്കുന്നതിനുള്ള പുണ്യാവസരം.ശരീരവും മനസ്സും ഒരുപോലെ ശുദ്ധീകരിക്കുന്നതിനുള്ള അസുലഭമായ അവസരം കൂടിയാണിത്.മുസ്ലിമീങ്ങള്‍ക്ക് അല്ലാഹു കല്‍പ്പിച്ച നിര്‍ബന്ധ കര്‍മ്മമാണ് റമളാനിലെ വ്രതാനുഷ്ഠാനം .പകല്‍ സമയങ്ങളില്‍ ആഹാരം ഉപേക്ഷിക്കല്‍ മാത്രമല്ല നോമ്പിന്റെ പൊരുള്‍.മനസ്സിനെ എല്ലാ ദുഷ്ക്കര്‍മ്മങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നതിനു ഇതു സഹായിക്കുന്നു.രാത്രികാലങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനയായ തറാവീഹ്,അവസാന പത്തിലെ ഇ ഇത്തിക്കാഫ് മുതലായ സവിശേഷ പ്രാര്‍ത്ഥനകളും റമളാനിന്‍റെ അനുഗ്രഹമാണ്.റസൂലിന്റെ നേതൃത്വത്തില്‍ അവിശ്വാസികളും അഹങ്കാരികളുമായ ഖുറൈശികള്‍ക്കെതിരെ നടന്ന പുണ്യയുദ്ധത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ബദര്‍ ദിനം,ആയിരം രാവുകളേക്കാള്‍ അനുഗ്രഹീതമായ ലൈലത്തുല്‍ ഖദിര്‍ എന്നിവയെല്ലാം റമളാനിന് സ്വന്തം.ലോകത്തിനു വഴികാട്ടിയായ പരിശുദ്ധ ഖുര്‍ ആന്‍ അവതരിച്ചതും റമളാനിലാണ്.സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എല്ലാ സത്യവിശ്വാസികളിലും ഉണ്ടാവട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ