ത്യാഗത്തിന്റെയും സഹനത്തിന്റെയും മാസമായ റമളാന്‍ നമ്മോടു വിട പറയുന്നതിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.പരിശുദ്ധ റമളാന്‍ അതിന്റെ അവസാന പത്തു നാളുകളിലേക്ക് കടന്നിരിക്കുന്നു.ഇനിയുള്ള ദിനരാത്രങ്ങള്‍ വിശ്വാസികള്‍ക്ക് പള്ളികളിലും സ്വന്തം ഭവനങ്ങളിലും വളരെ വിലപ്പെട്ടതാണ്.പള്ളികളില്‍ ഇ ഇത്തിക്കാഫ് ഇരുന്നും പരിശുദ്ധ ഖുര്‍ ആന്‍ പാരായണം ചെയ്തും ദാന ധര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചും അല്ലാഹുവിലേക്ക് മടങ്ങുവാനും ചെയ്തു പോയ തെറ്റുകള്‍ക്ക് മാപ്പപേക്ഷിക്കാനുമുള്ള അസുലഭമായ അവസരം.ആയിരം രാവുകളിലേക്കാള്‍ പുണ്യം പെയ്തിറങ്ങുന്ന ഇരുപത്തിയേഴാം രാവ് അഥവാ ലൈലത്തുല്‍ ഖദിറും ഈ അവസാനത്തെ പത്തിലാണ്.ഹിജറ കലണ്ടറിലെ മറ്റു പതിനൊന്നു മാസങ്ങളില്‍ നിന്നും പരിശുദ്ധ റമളാന്‍ മാസത്തെ മാറ്റിനിര്‍ത്തുന്നത്, അല്ലാഹുവിന്റെ ആജ്ഞ പ്രകാരം ജീവിതത്തെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാന്‍ ഏറെ ത്യാഗങ്ങള്‍ സഹിക്കുവാന്‍ സന്നദ്ധമാവേണ്ട സന്ദര്‍ഭം വന്നുചേരുന്നു എന്നതാണ്.പകല്‍ സമയങ്ങളില്‍ ഭക്ഷണം ഉപേക്ഷിച്ചും, നോക്കിലും വാക്കിലും മനസ്സിനെ നിയന്ത്രിച്ചും കഴിയുന്ന സത്യവിശാസികളെ സര്‍വ്വലോക രക്ഷിതാവായ അല്ലാഹു ഒരിക്കലും കൈവിടില്ല.ഈ പുണ്യമാസം ലളിത ജീവിതം പരിശീലിക്കുന്നതിനുള്ള സുവര്‍ണാവസരം കൂടിയാണ്.അന്ത്യപ്രവാചകനായ മുഹമ്മദ് റസൂല്‍ (സ.അ) തന്റെ ജീവിതചര്യകളിലൂടെ കാട്ടിത്തന്നതും ആര്‍ഭാടരഹിതമായ ജീവിതമല്ലാതെ മറ്റെന്താണ്?ഈന്തപ്പനയോല കൊണ്ടു നിര്‍മ്മിച്ച പരുക്കന്‍ പായയില്‍ അന്തിയുറങ്ങിയും, ആവശ്യത്തിനു മാത്രം ആഹാരം കഴിച്ചും ,മാതൃക കാണിച്ച പ്രവാചകന്‍റെ അനുയായികളില്‍ ചിലരെന്കിലും ആര്‍ഭാടജീവിതം നയിക്കുവാന്‍ പരസ്പരം മത്സരിക്കുന്നതും നാം കാണുന്നു.ഒരു കാരക്ക കൊണ്ടു ഏഴ് പേര്‍ നോമ്പ് മുറിച്ച ഭൂതകാലമെവിടെ?ഇഫ്താര്‍ വിരുന്നിലും മറ്റും ഭക്ഷണധൂര്‍ത്ത് കൊടികുത്തി വാഴുന്ന വര്‍ത്തമാനകാലമെവിടെ?ഈ റമളാന്‍ മാസമെന്കിലും ഒരു പുനര്‍ചിന്തനത്തിനു വഴിയൊരുക്കിയിരുന്നെന്കില്‍..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ