അനുഗ്രഹീത പിന്നണി ഗായിക ലതാ മങ്കേഷ്ക്കറിന് ഇന്നു എണ്‍പതു വയസ്സ് തികയുന്നു.തന്‍റെ സ്വരമാധുരി കൊണ്‍ട് ലോകമെങ്ങുമുള്ള സംഗീത പ്രേമികളുടെ ആരാധനാപാത്രമായി മാറിയ ലത ആറര പതിറ്റാണ്ട് ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നു.പുതു തലമുറയ്ക്ക് വഴിയൊരുക്കാന്‍ ചലച്ചിത്രലോകത്ത് നിന്നു പിന്‍മാറിയെന്കിലും ഈ വാനമ്പാടി സംഗീതലോകത്ത് ഇന്നും സജീവ സാന്നിധ്യമാണ്.1929 സെപ്റ്റംബര്‍ 28 ന് ദീനനാഥ് മങ്കേഷ്കര്‍ എന്ന സഗീതജ്ഞന്റെ മകളായി ഇന്‍ഡോറിലാണ് ലത ജനിച്ചത്.സാമ്പത്തിക പരാധീനതകള്‍ കൊണ്ടു വിഷമിച്ചിരുന്ന ലതയുടെ കുടുംബത്തിനു 1942 ല്‍ അവരുടെ ഏക ആശ്രയമായ ദീനനാഥിനേയും നഷ്ടമായി.അന്ന് ലതയ്ക്ക് കേവലം 13 വയസ്സ് മാത്രം പ്രായം.1942 മുതല്‍ മറാത്തി സിനിമകളില്‍ പാടിതുടങ്ങിയെന്കിലും 1949 ലെ മഹല്‍ എന്ന ഹിന്ദി ചിത്രത്തിലെ 'ആയേഗാ ആനെവാലാ' എന്ന ഗാനം ഹിറ്റ് ആവുകയും ഈ ഗായികയെ ലോകം ശ്രദ്ധിക്കുകയും കൂടുതല്‍ അവസരങ്ങള്‍ ലതയെ തേടിയെത്തുകയും ചെയ്തു.1950 മുതല്‍ തിരക്കേറിയ പിന്നണി ഗായികയായി അവര്‍ മാറി.ആയിരത്തിലേറെ ഹിന്ദിസിനിമകളിലും 20 മറ്റു ഭാഷാചിത്രങ്ങളിലും അവര്‍ ഗാനമാലപിച്ചു.ഈ കാലയളവില്‍ പ്രശസ്തരായ എല്ലാ സംഗീത സംവിധായകര്‍ക്ക് കീഴിലും അവര്‍ ഗാനങ്ങള്‍ പാടി ചലച്ചിത്രലോകത്തെ ധന്യമാക്കി.ഇതിനിടെ നിരവധി പുരസ്കാരങ്ങള്‍ അവര്‍ നേടി.ദാദസാഹിബ് ഫാല്‍ക്കെ അവാര്‍ഡും ഭാരതരത്നവും ഒരുമിച്ചു ലഭിക്കുകയെന്ന അപൂര്‍വ ബഹുമതിയും ഇതിനിടെ ലത കരസ്ഥമാക്കി.ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റിക്കാര്‍ഡ് ചെയ്തതിന്റെ പേരില്‍ അവര്‍ക്ക് ഗിന്നസ് ബുക്കില്‍ സ്ഥാനവും ലഭിച്ചു. നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങള്‍ ലത ആലപിച്ചിട്ടുണ്ട്. ഇവയില്‍ അനേകം ഗാനങ്ങള്‍ ഹിറ്റുകളായി.കാലത്തെ അതിജീവിച്ച ആ അനശ്വരഗാനങ്ങള്‍ ആരാധക വൃന്ദം ഇന്നും നെഞ്ചേറ്റി നടക്കുന്നു.മുഹമ്മദ് റാഫി തുടങ്ങിയ പ്രശസ്ത ഗായകര്‍ക്കൊപ്പം ഇവര്‍ പാടിയിട്ടുണ്ട്.സുപ്രസിദ്ധ പിന്നണി ഗായിക ആശാ ബോസ്ലെ ലതയുടെ ഇളയ സഹോദരിയാണ്.സിനിമാ ലോകത്തോട് വിട പറഞ്ഞെങ്കിലും ലതയുടെ സംഗീതസപര്യ ഇന്നും തുടരുന്നു.ഈ ഗാനകോകിലത്തിനു ദീര്‍ഘയുസ്സുണ്ടാവട്ടെ എന്ന് നമുക്കു എണ്‍പതാം പിറന്നാളില്‍ നമുക്കുപ്രാര്‍ഥിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ