2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

പൂവേ,പൊലി പൂവേ...



മുറ്റത്തെ തേന്മാവിന്‍ കൊമ്പത്തിരുന്നൊരു
പൂങ്കുയില്‍ പാട്ട് പാടുന്നൂ...
മുല്ലപ്പൂസൌരഭം പുല്‍കി വന്നെത്തിടും
നല്ലിളം കാറ്റു വീശുന്നൂ...
തുമ്പയും തുമ്പിയും തമ്മില്‍ പുണരുന്ന
പൂമ്പട്ടുടുത്തൊരീ ഗ്രാമം..!
മാവേലിയെത്തുമ്പോള്‍ വരവേറ്റിടാനായ്
'പൂവേ,പൊലി...' പാടുകയായി...
മാലോകരെല്ലാരുമൊരുപോല്‍ കഴിഞ്ഞൊരാ
കാലത്തെ വീണ്ടുമിന്നോര്‍ക്കാം
മുക്കുറ്റിപ്പൂക്കളാല്‍ മഞ്ഞക്കുറി ചാര്‍ത്തിയ
മുറ്റത്ത് പൂക്കളം തീര്‍ക്കാം...
'പൂവേ,പൊലി...' പാടിക്കൊണ്ടാര്‍ത്തുല്ലസിക്കാം
പൂവാങ്കുരുന്നില നുള്ളാം...
മാനത്ത് നക്ഷത്രപ്പൂക്കളം തീര്‍ക്കുന്ന
ചിങ്ങനിലാവിനെ കാണാം..!
പൊന്നോണനാളിനെ മാടിവിളിക്കുന്ന
തെന്നലേ,പൂമണം തായോ...
പൂവിളി പൊങ്ങട്ടെ...പൂവട്ടി നിറയട്ടെ..
മാവേലിയെഴുന്നള്ളാറായി
അത്തംപത്തോണമിങ്ങോടിയെത്താറായി
പുത്തനുടുപ്പുകള്‍ വാങ്ങാം...
കൊത്തങ്കല്ലാടിക്കളിച്ചു തിമിര്‍ക്കാം
കൂട്ടുകാരെ,നമുക്കൊന്നായ്
കള്ളവും കള്ളപ്പറകളുമില്ലാത്ത
നല്ലൊരു നാളെയെ പുല്‍കാം..!

അഭിപ്രായങ്ങളൊന്നുമില്ല: