1962 -63 വര്‍ഷത്തില്‍ പി യു സിയ്ക്കും,1963 -64 കാലത്ത് ബിഎസ് സി ക്ലാസ്സിലുമാണ് ഞാന്‍ ഫാറൂക്ക് കോളേജില്‍ പഠിച്ചിരുന്നത്.ഈ നാല് വര്‍ഷങ്ങളിലും ഓരോ ദിവസം പിന്നിടുമ്പോഴും പ്രഗല്‍ഭനായ പ്രിന്‍സിപ്പാള്‍ ഡോ.കെ എ ജലീല്‍ സാറിനോടുള്ള മതിപ്പും സ്നേഹവായ്പും വര്‍ദ്ധിച്ചു വന്നതെയുള്ളു. ആ തലയെടുപ്പും മുഖത്ത് ഗൌരവത്തില്‍ ഒളിപ്പിച്ചു വെച്ച പുഞ്ചിരിയും സര്‍വ്വോപരി ഇംഗ്ലീഷ് സാഹിത്യത്തിലെ അവഗാഹമായ അറിവും ആര്‍ക്കാണ് മറക്കാന്‍ കഴിയുക? ഫാറൂക്ക് കോളേജിന്റെ തലപ്പത്ത് ജലീല്‍ സാറിനു മുമ്പും പിമ്പും പ്രശസ്തരായ പ്രിസിപ്പാള്‍ മാരുണ്ടായിട്ടുന്ടെങ്കിലും ജലീല്‍ സാറിനു സമാനമായി സാറ് മാത്രമേ ഉണ്ടായിട്ടുള്ളൂ.അദ്ദേഹത്തിന്റെ ഗുണഗണങ്ങള്‍ വിവരിക്കാനല്ല മറിച്ച് സാറ് സമ്മാനിച്ചു പോയ ദീപ്തസ്മരണകളുടെ പൂക്കൂട തുറക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.പി യു സിക്ക് പഠിക്കുമ്പോള്‍ ഒരു പരീക്ഷാക്കാലത്ത് ഹോസ്ററലിലെ തിരക്കില്‍ നിന്നൊഴിഞ്ഞു ഒരു രാത്രി കോളേജ് വരാന്തയില്‍ വായിക്കാന്‍ പോയപ്പോള്‍ വെറും ബാലകൌതുകത്തിന്റെ പുറത്ത് ഞാന്‍ ജലീല്‍ സാര്‍ കോളേജിലെ പൂന്തോട്ടത്തില്‍ വളര്‍ത്തുന്ന വയലറ്റ് ഡാലിയ പൂവ് പൊട്ടിച്ചെടുത്ത് കൊണ്ടുവരുമ്പോള്‍ സാര്‍ വരാന്തയില്‍ പ്രത്യക്ഷപ്പെടുന്നു.തന്റെ കാബിനില്‍ ഫോണ്‍ ചെയ്യാനോ മറ്റോ വന്നതാണ്.എന്നെക്കണ്ടതും എന്താ രാത്രിയിലും കോളേജില്‍ എന്ന ചോദ്യവും ഒരുമിച്ചായിരുന്നു.എന്റെ കയ്യില്‍ നിന്നും പൂവ് താഴെ വീഴുകയും ഞാനത് പുസ്തകം കൊണ്ട് മായ്ക്കുകയും ചെയ്തു.ഒരു നേരിയ പുഞ്ചിരിയോടെ സാര്‍ നടന്നു നീങ്ങുന്നത് കണ്ടപ്പോഴാണ് എനിക്ക് ജീവന്‍ തിരിച്ചു കിട്ടിയത്.ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായി ഈ സംഭവം വര്‍ഷങ്ങള്‍ക്കു ശേഷവും പച്ചപിടിച്ചു നില്‍ക്കുന്നു.1968 ല്‍ നൊച്ചാട് ഹൈസ്കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നപ്പോള്‍ ഞാനും സ്കൂള്‍ കമ്മറ്റിയുടെ ഒരു ഭാരവാഹിയും കൂടി കെട്ടിട നിര്‍മ്മാണ ഫണ്ടിലേക്ക് സംഭാവന ശേഖരിക്കുന്നതിന് സാറിനെ വീട്ടില്‍ പോയി കണ്ടിരുന്നു.പുഞ്ചിരി തൂകിക്കൊണ്ട് സംഭാവന നല്‍കി ഞങ്ങളെ തിരിച്ചയച്ച ആ മഹാമനസ്കത ഓര്‍മ്മയില്‍ നിന്നും ഒരിക്കലും മാഞ്ഞു പോവില്ല.എഴുപതുകളിലെപ്പോഴോ ഒരു ബന്ധുവിനെ പി ഡി സി ക്ക് ചേര്‍ക്കാന്‍ ചെന്നപ്പോള്‍ പഴയ പരിചയം പുതുക്കാന്‍ അദ്ദേഹം മറന്നില്ല.ബിരുദ ക്ലാസ്സില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നത് 'ജൂലിയസ് സീസര്‍' എന്ന നാടകമായിരുന്നു.യൂസഫ് സാഗര്‍ ഹാളില്‍ മുഴങ്ങിക്കേട്ട ജലീല്‍ സാറിന്റെ സ്ഫുടതയാര്‍ന്ന ശബ്ദം ഇപ്പോഴും കാതില്‍ വന്നലയ്ക്കുന്നതായി തോന്നും.കോളേജിന്റെ ഇന്നത്തെ എല്ലാ പുരോഗതിയ്ക്കും കാരണമായ സാര്‍ കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്തും നിറഞ്ഞ സാന്നിധ്യമായിരുന്നു.കാലിക്കറ്റ് സര്‍വ്വകലാശാല വിസി,വക്കഫ് ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ ഉന്നത സ്ഥാനങ്ങള്‍ ജലീല്‍ സാര്‍ വഹിക്കുകയുണ്ടായി.തൊണ്ണൂറുകളില്‍ എന്റെ മകള്‍ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ സാറിന്റെ വീടിനു മുമ്പിലൂടെയാരിന്നു അവളെ ഹോസ്ററലില്‍ കൊണ്ടുചെന്നാക്കാന്‍ പോയിരുന്നത്.ആ കാലത്തും സാറിനെ ഓര്‍ത്തു പോവുമായിരുന്നു.ഈ കഴിഞ്ഞ ദിവസം ലോകത്തോട് വിട പറഞ്ഞ ഞങ്ങളുടെ പ്രിയ ഗുരുനാഥന് പരമകാരുണികനും സര്‍വ്വശക്തനുമായ അല്ലാഹുവിന്റെ എല്ലാ അനുഗ്രങ്ങളും ഉണ്ടാവട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ