2013, നവംബർ 1, വെള്ളിയാഴ്‌ച

കേരളപ്പിറവിയുടെ ചരിത്രപശ്ചാത്തലം



പരശുരാമൻ മഴുവെറിഞ്ഞ് അറബിക്കടലിൽ നിന്നും വീണ്ടെടുത്ത ഭൂപ്രദേശമാണ് കേരളമെന്നാണ് പഴമക്കാർ പറയുന്നത്.എന്നാൽ കേരള സംസ്ഥാനം രൂപീകൃതമായതെങ്ങിനെയെന്ന് അറിയാൻ ചരിത്രത്തിന്റെ താളുകൾ മറിച്ചു നോക്കാം.മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർത്ത് 'ഐക്യകേരളം' എന്ന ആശയം സ്വാതന്ത്ര്യപൂർവ്വകാലത്ത് തന്നെ ഉടലെടുത്തിരുന്നു.സ്വാതന്ത്ര്യാനന്തരഘട്ടത്തിൽ  'ഐക്യകേരളം' നേടിയെടുക്കുന്നതിനുള്ള ശ്രമം ഊർജ്ജിതമാക്കി.ഇതിന്റെ മുന്നോടിയായാണ് പഴയ നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂറും കൊച്ചിയും ലയിപ്പിച്ച് ഒരു രാജപ്രമുഖന്റെ കീഴിൽ കൊണ്ടുവന്ന്, 1949 ജൂലൈ 1 ന് തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചത്.വടക്കൻ കേരളത്തിലെ മലബാർ അപ്പോഴും മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.കേന്ദ്രസർക്കാർ നിയമിച്ച സംസ്ഥാന പുനർനിർണ്ണയ കമ്മീഷന്റെ റിപ്പോർട്ട് ഭാഷാസംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന് പച്ചക്കൊടി കാട്ടി.'ഐക്യകേരളം' എന്ന സ്വപ്നത്തിന് അങ്ങിനെ വീണ്ടും
ചിറക് മുളച്ചു.ഒടുവിൽ തിരു-കൊച്ചിയും, മലബാറും, തെക്കൻ കനറയിൽ പെട്ട മലയാളം സംസാരിക്കുന്ന പ്രദേശമായ കാസർഗോഡ്‌ താലൂക്കും ഉൾപ്പെടുത്തി
1956 നവംബർ 1 ന് കേരള സംസ്ഥാനം  രൂപീകൃതമായി.തിരുവിതാംകൂറിന്റെ തെക്കേ അറ്റത്തുള്ള തമിഴ് ഭാഷ സംസാരിക്കുന്ന പ്രദേശമായ കന്യാകുമാരി മദിരാശിയ്ക്ക് വിട്ടുനൽകി.കേരളം എന്നാൽ കന്യാകുമാരി മുതൽ ഗോകർണ്ണം വരെ എന്ന സങ്കൽപ്പത്തിന്
മാറ്റം സംഭവിച്ചെങ്കിലും 'ഐക്യകേരളം' എന്ന ചിരകാല സ്വപ്നം സഫലമായി.അന്ന് സംസ്ഥാനത്ത് പ്രസിഡണ്ട്‌ ഭരണമായിരുന്നു ഉണ്ടായിരുന്നത്.1957 ൽ തെരഞ്ഞെടുപ്പു നടക്കുകയും, ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി ആദ്യത്തെ ജനാധിപത്യ സർക്കാർ അധികാരത്തിൽ വരികയും ചെയ്തു.നവോത്ഥാനകാലം മുതൽ ആരംഭിച്ച സാമൂഹ്യമാറ്റം ത്വരിതപ്പെടുത്തുന്ന നടപടികളാണ് സ.ഇഎംഎസ്സിന്റെ സർക്കാർ സ്വീകരിച്ചത്.കുടിയൊഴിപ്പിക്കൽ തടഞ്ഞതും,തൊഴിൽ സമരങ്ങളിൽ പോലീസിനെ ഇടപെടുവിക്കുന്നത് അവസാനിപ്പിച്ചതും, വിദ്യാഭ്യാസനിയമവുമെല്ലാം സംസ്ഥാനത്തെ സമ്പന്ന വർഗ്ഗത്തേയും ജാതിമതവർഗ്ഗീയ ശക്തികളേയും  പ്രകോപിപ്പിച്ചു.അവർ നടത്തിയ വിമോചന സമരത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ ആ സർക്കാരിനെ പിരിച്ചു വിട്ടു.കേരളീയ സമൂഹം ഇന്നനുഭവിക്കുന്ന പല നേട്ടങ്ങൾക്കും കാരണം ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നടപ്പിലാക്കിയ പുരോഗമനപരമായ ഭരണനടപടികളാണെന്ന് കാണാം.ഈ നേട്ടങ്ങളെ ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ലെന്ന് കേരളപ്പിറവി ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം...



അഭിപ്രായങ്ങളൊന്നുമില്ല: