2008, ജൂൺ 28, ശനിയാഴ്‌ച

വരുന്നൂ വറുതിയുടെ ദിനങ്ങള്‍ വീണ്ടും...!

വരുന്നൂ വറുതിയുടെ ദിനങ്ങള്‍ വീണ്ടും...!
കള്ളക്കര്‍ക്കിടകത്തിന്‍ കേളികെട്ടുയരുകയായ്
കരിമുകിലുകള്‍ കുടനിവര്‍ത്തിയ
കറുത്ത ആകാശത്തിന്‍ ചുവട്ടില്‍
മഴ നനയും കൂരകളില്‍ തണുത്തു
വിറങ്ങലിച്ചു കിടക്കുന്നൂ...
പട്ടിണി തന്‍ പേക്കോലങ്ങള്‍...!
ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം
സ്വാതന്ത്ര്യത്തിന്‍ ഷഷ്ടി പൂര്‍ത്തി കഴിഞ്ഞപ്പോള്‍,
ദില്ലിയിലെ ഭരണാധികാരി വര്‍ഗ്ഗം
പാളതാറുടുത്ത ഗോസായിമാര്‍
വിദേശക്കോയ്മകളെ വീണ്ടും വരവേല്‍ക്കാന്‍
പരവതാനികള്‍ വിരിക്കുന്ന തിരക്കില്‍
പാവങ്ങള്ക്കാശ്വാസമേകാന്‍ സമയമില്ലല്ലോ...!
വിലക്കയറ്റം പാരമ്മ്യത്തില്‍ എത്തിയിട്ടും,
പണപ്പെരുപ്പം വാനോളമുയര്‍ന്നിട്ടും
അനക്കമില്ലല്ലോ ദില്ലിയിലെ
കടല്‍ കിഴവന്മാര്‍ക്കിന്നെവരെ...
ബുഷ് സായിപ്പിന്‍റെ മുമ്പില്‍
മുട്ടിലിഴയും ജനദ്രോഹികളെ
ചെവിക്കു പിടിച്ചു പുറത്താക്കാന്‍
അവസരം പാര്‍ത്തു കഴിയുന്നൂ ...
പീഡിതര്‍ പട്ടിണിപ്പാവങ്ങള്‍
നാടിതിന്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍...






2008, ജൂൺ 27, വെള്ളിയാഴ്‌ച

വാതായനങ്ങള്‍

വാതായനങ്ങള്‍ മലര്‍ക്കെ തുറക്കുവിന്‍
വെളിച്ചം കടക്കട്ടെ ഇരുളിന്നിടനാഴിയില്‍
എന്തിന് കൊട്ടിയടയ്ക്കണം?ജാലക-
പ്പാളികളെന്നും തുറന്നു നാം വെക്കണം...!
പൊള്ളുന്ന മണല്‍ക്കാട്ടില്‍ തണലേകുവാനെന്നും
തീര്‍ക്കണം സ്നേഹത്തിന്‍ മരുപ്പച്ചകളേറെ...
കരകാണാക്കടലിന്‍റെ നടുക്കയങ്ങളില്‍
അലയുന്നവര്‍ക്കില്ലേ?ചേക്കേറാന്‍ തുരുത്തുകള്‍...!
വിരിയും പൂമൊട്ടിന്‍റെ ജാതകം കുറിയ്ക്കുവാ-
നെരിയും മനസ്സുകള്‍ക്കെങ്ങിനെ കഴിയുന്നൂ...?
നിഴലും നിലാവും പോല്‍ സുഖവും ദുഃഖങ്ങളും
ജീവിത യാത്രക്കിടെ കെട്ടുകാഴ്ചകള്‍ മാത്രം...!

2008, ജൂൺ 14, ശനിയാഴ്‌ച

ഒരു റൊമാന്‍റിക് എപ്പിസോഡ്

മുഖാമുഖം കണ്ടിട്ടും മിണ്ടാത്തതെന്തേ...?
നഖം കടിച്ചിങ്ങനെ നില്‍ക്കുന്നുവോ നീ...?
കാണാതെയായപ്പോള്‍ കാണാന്‍ കൊതിച്ചു
കണ്ടപ്പോളില്ലാത്ത നാണം നടിച്ചു...!
നാമിരുപേരും ചേര്‍ന്നുള്ള ലോകം
നാടും നഗരവും സ്വപ്നത്തില്‍ കണ്ടു...!
സ്നേഹസാമ്രാജ്യത്തിന്‍ സിംഹാസനത്തില്‍
മോഹങ്ങളെന്‍പാടും പൂത്തുലഞ്ഞപ്പോള്‍,
ഇനിയും വേര്‍പെട്ടു പോവാതിരിക്കാന്‍
ഇണ പിരിയാതെ നാമോന്നിച്ചു വീണ്ടും...!
മധുരക്കിനാവിന്‍റെ മണിമഞ്ചലേറി,
മാനത്തെ കൊട്ടാര മുറ്റത്ത്‌ ചെല്ലാം...
മായാലോകത്തിലേക്ക് പറക്കാം
മാരിവില്‍ തൊങ്ങല് തീര്‍ക്കുന്ന വിണ്ണില്‍...!
ഇനിയും പിരിയാതെയൊന്നിച്ചിരിക്കാം
ഇണ പിരിയാത്തതാം കിളികളെപ്പോലെ...

2008, ജൂൺ 11, ബുധനാഴ്‌ച

ദേശാടനക്കിളി

ഞാനുമൊരു ദേശാടനക്കിളിയായ്...
സൈബീരിയന്‍ കൊക്കുകളൊഴിഞ്ഞുപോയൊരീ
കടലുണ്ടിയില്‍ ചേക്കേറിയതീയിടെ...
ജീവിത യാത്രയിലിതെനിക്കിടത്താവളം ...
തിരികെയെന്നോര്‍മ്മകള്‍ മേയുമെന്‍
തീരത്തണയുവാന്‍ തിടുക്കമായി ...!
കടലുണ്ടിപ്പുഴയുടെ തീരത്തേകാന്തമാം
തുരുത്തിലകപ്പെട്ട പോലെയായ്‌ ...!
ഒരു ദേശാടന പക്ഷിയായീപ്പുഴയോരത്തില്‍
കൂടുകൂട്ടിയതെന്‍ ജീവിത യാത്രക്കിടെ ....
പറന്ന്‌ പോയീടും ഞാനധികം വൈകീടാതെ
മറക്കാന്‍ കഴിയാത്തെന്‍ ഗ്രാമ വീഥിയിലേക്ക് ....!