2008 ഒക്‌ടോബർ 2, വ്യാഴാഴ്‌ച

മഹാത്മാവിന് സ്തുതി...


ഒറ്റമുണ്ടുടുത്ത്, സഹനത്തിന്‍ കവചമണിഞ്ഞ്,
സത്യാന്വേഷണപരീക്ഷണങ്ങളിലൂടെ,
സമരപാതയില്‍ വടിയുമൂന്നി
നടന്നുനീങ്ങിയ മഹാത്മാവിന് സ്തുതി!
വ്യാജഗാന്ധിമാര്‍ അരങ്ങ് തകര്‍ക്കുമ്പോള്‍,
ഇന്ദ്രപ്രസ്ഥത്തിലെ സിംഹാസനത്തില്‍
കയറിപ്പറ്റിയ പാളത്താറുടുത്ത ഗോസായിമാര്‍
അര്‍ദ്ധനഗ്നനായ ഫക്കീറിനെ
എങ്ങിനെയോര്‍മ്മിക്കാന്‍?
അങ്ങ് മനസ്സിലോമനിച്ച ഗ്രാമസ്വരാജും
സ്വാശ്രയഭാരതവുമിന്ന് ഏട്ടില്‍ മാത്രമൊതുങ്ങിയത്
സ്വാതന്ത്ര്യാനന്തരം അധികാരം കൈപ്പറ്റിയ
കറുത്ത സായിപ്പന്മാരുടെ അമാന്തം
കൊണ്ടാണെന്നും ഞങ്ങളറിയുന്നു!
മഹാത്മാവേ,താങ്കളുടെ മെലിഞ്ഞുണങ്ങിയ
നെഞ്ചിലേക്ക് വെടിയുണ്ടകള്‍ ചീറ്റിയ
നാഥൂറാം ഗോഡ്സേമാര്‍ മഹത്വവല്‍ക്കരിയ്ക്കപ്പെടുമ്പോള്‍,
നഷ്ട്ടപ്പെടുന്നത് നാടിന്റെ മതേതര സന്കല്‍പ്പമല്ലോ!
മതമൈത്രിയ്ക്ക് വേണ്ടി ജീവിയ്ക്കുകയും
മരിയ്ക്കുകയും ചെയ്ത മഹാത്മാവിന്റെ
ജന്മദിനവേളയില്‍ പോലും
ഒറീസ്സയിലും കര്‍ണ്ണാടകത്തിലും
ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു...
പള്ളികള്‍ ചുട്ടെരിയ്ക്കപ്പെടുന്നു!
മഹാത്മാവിന്‍റെ ഭാവനയില്‍ തെളിഞ്ഞ ഭാരതമെവിടെ?
അക്രമികള്‍ വേതാളനൃത്തമാടുന്ന
വര്‍ത്തമാനകാല യാഥാര്‍ത്യങ്ങളെവിടെ?
ഉത്തരം കിട്ടാത്ത ചോദ്യമായിന്നും
മനസ്സിനെ മഥിയ്ക്കുന്നു...
നാടിതിന്‍ ഗതികേടോര്‍ത്തീടുന്പോള്‍!




1 അഭിപ്രായം:

പ്രയാസി പറഞ്ഞു...

ബാപ്പുജിക്ക് പ്രണാമം

ചുവന്ന നക്ഷത്രമേ.. ഒരു പ്രത്യയശാസ്ത്രങ്ങള്‍ക്കും അടിമയാകാതെ ധീരതയോടെ മുന്നോട്ട് പോവുക

പോസ്റ്റ് കലക്കി..:)