യമുനാ തീരത്തിലെ മണ്‍തരി ചുവപ്പിച്ച
നിമിഷങ്ങളില്‍ കൊടും പാതകമാവര്‍ത്തിപ്പൂ..!
വ്യാഴവട്ടങ്ങള്‍ മൂന്നു കൊഴിഞ്ഞു പോയെന്കിലും
അഴലിന്‍ മുറിവുകള്‍ കരിഞ്ഞില്ലിന്നോളവും..!
വെടിയുണ്ടകള്‍ മതഭ്രാന്തിന്റെ തീനാമ്പുക-
ലിടനെഞ്ചിലായ് ചോരപ്പൂവുകള്‍ വിരിയിക്കെ
രാമരാജ്യത്തെ സ്വപ്നം കണ്ടൊരാ മഹാത്മാവിന്‍
തൂമിഴിക്കോണില്‍ തങ്ങും ചുടുനീര്‍ക്കണങ്ങളില്‍,
പ്രതിബിംബമായ് പുനര്‍ജ്ജനിച്ചൊരാവേശമാം
പ്രിയദര്‍ശിനിയാമ്മേ, വേര്‍പിരിഞ്ഞുവോ വേഗം..!
ചരിത്രം മരവിച്ചു നില്‍ക്കുമീ കവലയില്‍
തരിച്ചു നില്ക്കും ഞങ്ങള്‍ക്കാരിനി വഴി കാട്ടും?
മാനിഷാദകള്‍ ശാന്തിമന്ത്രമായുരുവിട്ട
മാമുനി വിരചിച്ച പൈതൃകം മറന്നെന്നോ?
താവകഗേഹത്തിലെ പുല്‍ത്തകിടിയില്‍ ചോര-
പ്പൂവുകള്‍ മൊട്ടിട്ടതെന്‍ മിഴിയില്‍ തെളിയുമ്പോള്‍,
കാല്‍വരിക്കുരിശിന്മേല്‍ പ്രാണനെയുടക്കിയ
ദൈവപുത്രനെക്കൊന്ന ചരിത്രമാവര്‍ത്തിപ്പൂ..!
ഈയുഗപ്പിറവിയിലാര്‍ഷഭാരതത്തിന്‍റെ
വീഥിയില്‍ തെളിഞ്ഞെത്ര കല്‍വിളക്കുകള്‍ കെട്ടൂ..!
മൌനദുഃഖവും പേറിയിരുളിന്‍ ഗുഹാമുഖ-
ത്തലയും പഥികരെയാരിനി നയിക്കുവാന്‍?
ഇന്ത്യയെ വീണ്ടും വെട്ടി നുറുക്കുവാനനസ്യൂതം
സിന്ധുവിന്‍ തടങ്ങളില്‍ പോര്‍ വിളി മുഴങ്ങുമ്പോള്‍,
ഹിമവല്‍ സാനുക്കളില്‍ പ്രതിധ്വനിച്ചൊരാ ശബ്ദം
ഇനിമേലീനാടിന്‍റെ കാതുകള്‍ക്കുത്തേജകം..!
യമുനാനദിയിലെയലമാലകള്‍ തോറും
നിമിഷം കനം തൂങ്ങി നില്‍ക്കുമീ മുഹൂര്‍ത്തത്തില്‍
പ്രിയദര്‍ശിനിയാമമ്മേ,യുഗശില്‍പ്പിയാം തായേ,
പ്രണമിക്കുന്നൂ ഞങ്ങള്‍ നിറകണ്ണുകളോടെ..!
പിന്‍കുറിപ്പ്-ഒക്ടോബര്‍ 31 ശ്രീമതി ഇന്ദിരാഗാന്ധി
തന്റെ അംഗരക്ഷകന്‍റെ വെടിയുണ്ടകളാല്‍
നിഷ്ഠൂരമായി വധിക്കപ്പെട്ട ദിനം വീണ്ടും
വന്നെത്തി.ഇപ്പോഴും മനസ്സില്‍ മായാതെ
കിടക്കുന്ന പ്രിയദര്‍ശിനിയുടെ ഓര്‍മ്മകള്‍ക്ക്
മുമ്പില്‍ പ്രണാമമര്‍പ്പിക്കുന്നു! ഈ കവിത
1984 ഡിസംബര്‍ 2 ന്റെ കേരള കൌമുദി
വീക്കെന്‍ഡ് മാഗസിനില്‍ പ്രസിദ്ധീകരിച്ചതും,
ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം
ചെയ്തതുമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ