2008, നവംബർ 8, ശനിയാഴ്‌ച

ഒബാമയുടെ ചരിത്രവിജയം ബുഷ്ഭരണത്തിനെതിരെയുള്ള വിധിയെഴുത്ത്


അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ബരാക് ഒബാമയുടെ തകര്‍പ്പന്‍ വിജയം, കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ജോര്‍ജ്ജ് ബുഷ് തുടര്‍ന്ന് വന്ന വികല നയങ്ങള്‍ക്കും,ദുര്ഭരണത്തിനുമെതിരെ അമേരിക്കന്‍ ജനത നല്കിയ കനത്ത തിരിച്ചടിയായി. വളരെക്കാലം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിലെല്ലാം താന്‍ മാറ്റത്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്ന ഒബാമയുടെ വാഗ്ദാനം യുഎസിലെ എല്ലാ വിഭാഗങ്ങളിലും പെട്ട സമ്മതിദായകര്‍ അംഗീകരിച്ചിരിയ്ക്കയാണ്.ബുഷിന്റെ ആഭ്യന്തര-വിദേശ നയങ്ങളുടെ ഫലമായി പൊറുതി മുട്ടിയ ജനങ്ങള്‍ എതിര്‍ സ്ഥാനാര്‍ഥി ജോണ്‍ മെക്കൈനിന്‍റെ കള്ളപ്രചരണങ്ങളെയെല്ലാം തള്ളി, ചരിത്രത്തിലാദ്യമായി ഒരു കറുത്ത വര്ഗ്ഗക്കാരനെ പ്രസിഡന്‍റാക്കുക വഴി അമേരിക്കന്‍ ജനത തങ്ങളുടെ ഉയര്ന്ന ജനാധിപത്യമൂല്യങ്ങള്‍ അരക്കിട്ടുറപ്പിക്കുകയും 45 വര്‍ഷങ്ങള്‍ മുമ്പ് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് കണ്ട സ്വപ്നങ്ങളെ സാക്ഷാല്ക്കരിയ്ക്കുകയും ചെയ്തിരിക്കുന്നു.മാറ്റത്തിന് ശ്രമിക്കുന്ന ഒബാമയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്നു ഇപ്പോള്‍ തന്നെ സൂചനകള്‍ ലഭിച്ചു തുടങ്ങിയിരിക്കുന്നു.വര്‍ണ്ണവെറിയന്‍മാര്‍ ഒബാമയുടെ ജീവന്‍ അപകടപ്പെടുത്തുവാന്‍ ഗൂഡാലോചന നടത്തിയതും,ഇറാനുമായി സംഭാഷണമാവാമെന്ന അഭിപ്രായത്തിനെതിരെ ഇസ്രായേലിന്റെ പ്രതികരണങ്ങളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.പ്രതിസന്ധിയിലായ സാമ്പത്തികരംഗത്തെ എങ്ങിനെ കര കയറ്റുമെന്നും,ലോകത്ത് ശാന്തിയും സമാധാനവും കൈവരിക്കാന്‍ ഒബാമയ്ക്ക് എന്തുചെയ്യുവാന്‍ കഴിയുമെന്നുമാണ് വരും നാളുകകള്‍ തെളിയിക്കാന്‍ പോവുന്നത്.




അഭിപ്രായങ്ങളൊന്നുമില്ല: