
ഇരുപത്തിയേഴാം വയസ്സില്‍ എഴുതി, കോഴിക്കോട്ടെ ബ്രദേഴ്സ് മുസിക് ക്ലബ്ബ് അരങ്ങിലെത്തിച്ച ഇതു ഭൂമിയാണ് എന്ന നാടകം അക്കാലത്ത് കോളിളക്കം സൃഷ്ടിച്ചു.കേരളത്തിലും പുറത്തും നിരവധി സ്റ്റേജുകളില്‍ അവതരിപ്പിച്ച ഈ നാടകത്തിനെതിരെ യാഥാസ്ഥിക മുസ്ലിമീങ്ങള്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. കാലത്തെ അതിജീവിച്ച ഈ നാടകം ഇന്നും നാടിന്റെ നാനാ ഭാഗത്തും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.കെ ടി യുടെ മറ്റു നാടകങ്ങളായ ചുവന്ന ഘടികാരം,കാഫര്‍,കടല്‍പ്പാലം,സൃഷ്ടി,സ്ഥിതി,സംഹാരം,ദീപസ്തംഭം മഹാശ്ചര്യം,വെള്ളപ്പൊക്കം മുതലായവ എല്ലാം തന്നെ ജനപ്രീതി പിടിച്ചു പറ്റിയവയും, സാമൂഹ്യ വിമര്‍ശം ഉള്‍ക്കൊള്ളുന്നവയുമായിരുന്നു.പരന്ന വായനയോ, ഔപചാരിക വിദ്യാഭ്യാസമോ ഇല്ലാതിരിന്നിട്ടും നാടക രചനയില്‍ മാത്രമല്ല ചെറുകഥ,തിരക്കഥ,ഗാനരചന എന്നീ മേഖലകളിലും കെ ടി തന്റെ കഴിവ് തെളിയിച്ചു.ലോകചെറുകഥാ മല്‍സരത്തില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ എന്ന കഥയ്ക്ക് ഒന്നാം സമ്മാനം ലഭിയ്ക്കുകയുണ്ടായി. കണ്ടം ബെച്ച കോട്ട്,കടല്‍പ്പാലം,തുറക്കാത്ത വാതില്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥകള്‍ കെ ടി യുടെതാണ്.കുമാരസംഭവം(1969),അച്ഛനും ബാപ്പയും(1972)എന്നീ സിനിമകളുടെ തിരക്കഥാ രചനക്ക് കെ ടി യ്ക്ക് ചലച്ചിത്ര അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റേയും,കേരള സംഗീത നാടക അക്കാദമിയുടെയും ചെയര്‍മാന്‍ സ്ഥാനങ്ങള്‍ കെ ടി വഹിച്ചിട്ടുണ്ട്.നല്ല നടനും സംവിധായകനും കൂടിയായിരുന്നു അദ്ദേഹം.ഇതു ഭൂമിയാണ് എന്ന സ്വന്തം നാടകത്തിനു വേണ്ടി കെ ടി രചിച്ച ഗാനങ്ങള്‍ എന്നും ഹിറ്റുകളാണ്.23 വര്‍ഷം തപാല്‍ വകുപ്പില്‍ ജോലി ചെയ്ത കെ ടി, തപാല്‍ ജീവനക്കാരുടെ ഒരു സമരവുമായി ബന്ധപ്പെട്ട് പുറത്താവുകയായിരുന്നു. താന്‍ നേതൃത്വം കൊടുത്ത സമരത്തില്‍ പന്കെടുത്ത ജീവനക്കാരെ പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ചു ലീവില്‍ പോയ കെ ടി അവരെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചപ്പോള്‍ തന്റെ ജോലി ഉപേക്ഷിക്കുകയായിരുന്നു. എഴുതിക്കൊണ്ടിരുന്ന പുതിയ നാടകത്തിന്റെ രചന പൂര്‍ത്തിയാക്കുന്നതിനു മുന്പേ എഴുപത്തിയൊന്പതാമത്തെ വയസ്സില്‍ കഴിഞ്ഞ വര്‍ഷം ലോകത്തോട് വിടപറഞ്ഞു.കെ ടി യുടെ ഒന്നാം ചരമവാര്‍ഷികദിനം ആചരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നാല് ദിവസം നീളുന്ന വിവിധ സാംസ്കാരിക പരിപാടികള്‍ നടന്നുവരുന്നു.