2009, മാർച്ച് 21, ശനിയാഴ്‌ച

എകെജി പാവങ്ങളുടെ പടത്തലവന്‍


നാളെ മാര്‍ച്ച് 22 എകെജി യുടെ മുപ്പത്തിരണ്ടാമത് ചരമ വാര്‍ഷികം നാടെങ്ങും ആചരിക്കാന്‍ ഒരുങ്ങുകയാണ് സിപിഐ(എം)പ്രവര്‍ത്തകര്‍.1904 ഒക്ടോബര്‍ 1നു വടക്കേ മലബാറിലെ ഒരു സമ്പന്ന നായര്‍ തറവാട്ടിലാണ് സഖാവ് ജനിച്ചത്‌.എകെജി യുടെ ചരിത്രം സഖാവ് ജീവിച്ച കാലത്തിന്റെയും സമൂഹത്തിന്റെയും കൂടി ചരിത്രമാണ്.തനിക്ക് ചുറ്റും കഴിയുന്ന താഴ്ന്നജാതിക്കാരുടെയും ദുര്‍ബ്ബലരുടേയും മോചനത്തിന് വേണ്ടി സഖാവ് ഏറ്റെടുത്ത് നടത്തിയ നിരവധി പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണത്.കുട്ടിക്കാലം തൊട്ടുതന്നെ ദീനാനുകമ്പയും സ്മരവീര്യവും സഖാവില്‍ അന്തര്‍ലീനമായിരുന്നു.താഴ്ന്ന ജാതികളില്‍ പെട്ട സഹപാഠികളുടെ വീടുകളില്‍ നിന്നും ആഹാരം കഴിച്ചതിനു സ്വന്തം പിതാവില്‍നിന്നും അമ്മാവനില്‍ നിന്നും അദ്ദേഹത്തിന് കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.പഠനം പൂര്‍ത്തിയാക്കാതെ അധ്യാപക ജോലിയില്‍ ചേര്‍ന്ന എകെജി ഈ ജോലി ജീവിതവൃത്തിക്കുള്ള ഒരു തൊഴിലായിട്ടു മാത്രമല്ല ഉപയോഗപ്പെടുത്തിയത്.സാമൂഹ്യ സേവനത്തിനുള്ള അവസരമാക്കി മാറ്റുകയായിരുന്നു അധ്യാപക ജോലി.ക്ലാസ്സുകള്‍ കഴിഞ്ഞു കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കാനും കുട്ടികളുടെ കൂടെ കളികളില്‍ ഏര്‍പ്പെടാനും സമയം കണ്ടെത്തി.മാഹാത്മജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം രാജ്യമാകെ ശക്തിപ്പെട്ടുവരുന്ന കാലമായിരുന്നു അത്.അതിന്റെ അലയൊലികള്‍ കേരളത്തിലും ദേശീയ വിമോചനപ്രസ്ഥാനത്തിന് ഊര്‍ജ്ജം പകര്ന്നു.വിദ്യാര്‍ഥികള്‍ ക്ലാസ്സുകള്‍ വിട്ടിറങങിയും ഉദ്യോഗസ്ഥന്മാര്‍ ജോലി വലിച്ചെറിഞ്ഞും കോണ്ഗ്രസ്സിന്റെ സമരഭടന്മാരായി അതിവേഗം മാറിക്കൊണ്ടിരുന്നു.എകെജിയും അധ്യാപക ജോലി ഉപേക്ഷിച്ചു സത്യാഗ്രഹിയായി മാറി.കേളപ്പജി യുടെ നേതൃത്വത്തില്‍ കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് നടത്തിയ ഐതിഹാസികമായ മാര്‍ച്ചിനു സ്വീകരണം നല്‍കിക്കൊണ്ടായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം.ആദ്യഘട്ടത്തില്‍ താഴ്ന്ന ജാതിക്കാരോട് സവര്‍ണ്ണര്‍ നടത്തുന്ന അയിത്തത്തിനെതിരെയുള്ള പോരാട്ടമാണ് എകെജി നടത്തിയത്.നാട്ടിലെ ജന്മി കുടുംബമായ കണ്ടോത്ത് തറവാടിന്റെ മുമ്പിലൂടെ അവര്‍ണ്ണരെ നയിച്ചു കൊണ്ടു ജാഥ നടത്തിയതിനു അദ്ദേഹത്തെ ബോധം നശിക്കുന്നതുവരെ തല്ലിച്ചതച്ചു.തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സമരത്തിലും അയിത്തം തുടച്ചുനീക്കാനുള്ള നിരവധി സമരങ്ങളിലും പങ്കെടുത്തു.സത്യാഗ്രഹസമരത്തില്‍ പങ്കെടുത്തതിന്
ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ മാറി മാറി ജയിലിലടച്ചു.ജയിലുകളിലും എകെജിക്ക് കൊടിയ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു.ഇതിനകം തന്നെ കര്ഷകസമരങ്ങളുടെയും തൊഴില്‍സമരങ്ങളുടെയും മുന്നണി പോരാളിയായി എകെജി മാറിയിരുന്നു. കോണ്ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ കമ്മ്യൂണിസ്റ്റ് പാര്ട്ടിയിലെത്തി.ഇന്ത്യന്‍ സാഹചര്യത്തില്‍ മാര്‍ക്സിസം-ലെനിനിസം എങ്ങിനെ പ്രയോഗത്തില്‍ വരുത്താമെന്ന് തെളിയിച്ചു.സ്വാതന്ത്ര്യസമരത്തില്‍ പന്കെടുതത്തിന്റെ പേരില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ എകെജിയെ ജയിലില്‍ അടച്ചുവെങ്കില്‍ കമ്മ്യൂണിസ്റ്റ് കാരനായത്തിന്റെ പേരില്‍ കോണ്ഗ്രസ് സക്കാരും നിരവധി തവണ തടവറ സമ്മാനിച്ചു.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 ആഗസ്ത് 15 നു പോലും ആ സ്വാതന്ത്ര്യ സമരസേനാനി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു.തുടര്‍ന്ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പാര്‍ലിമെന്‍റില്‍ ആദ്യം അവിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും,പാര്‍ട്ടിയിലെ പിളര്‍പ്പിനു ശേഷം മരണം വരെയും സിപിഐ എമ്മിന്റെ നേതാവായി തുടരുകയും ചെയ്തു.പാവപ്പെട്ടവര്‍ക്ക് വേണ്ടി പാര്‍ലിമെന്റില്‍ എ കെ ജി യുടെ ശബ്ദം മുഴങ്ങിക്കേട്ടു.അതോടൊപ്പം പുറത്തു നിരവധി സമരപോരാട്ടങ്ങള്‍ നയിക്കുകയും ചെയ്തു.കോണ്ഗ്രസ്സിന്റെ മുതലാളിത്ത വിധേയത്വത്തിനെതിരായി സന്ധിയില്ലാത്ത സമരം ചെയ്ത എ കെ ജി യുടെ ചരമദിനം ആചരിക്കുന്ന ഈ അവസരത്തില്‍ മറ്റൊരു പൊതുതെരഞ്ഞെടുപ്പിനെ നമ്മള്‍ അഭിമുഖീകരിക്കുകയാണ്. വര്‍ഗ്ഗീയഫാഷിസ്റ്റ്‌ ശക്തികളെയും മുതലാളിത്വ ദാസന്മാരെയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ നമുക്കു പ്രവര്‍ത്തിക്കാം.


അഭിപ്രായങ്ങളൊന്നുമില്ല: