ഇന്ന് ഇഎംഎസ് അനുസ്മരണദിനം. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ടു 11 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു.കേരളമെങ്ങും സഖാവിന്റെ ഓര്മ്മ പുതുക്കുന്ന വേളയില്‍ ചരിത്രത്തിന്റെ മുന്പേ നടന്നു നീങ്ങിയ മനുഷ്യസ്നേഹിയായ മാര്‍ക്സിസ്റ്റ് ആചാര്യന്റെ സ്മരണക്കു മുന്പില്‍ നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍..!
സാമൂഹ്യപരിഷ്കര്‍ത്താവ്,ചരിത്രകാരന്‍,മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍,ഗ്രന്ഥകാരന്‍,കഴിവുറ്റ ഭരണകര്‍ത്താവ്,സര്‍വ്വോപരി കറകളഞ്ഞ കമ്മ്യൂണിസ്റ്റ് എന്നീനിലകളിലെല്ലാം സഖാവിന്റെ സാന്നിധ്യം എപ്പോഴുമുണ്ടായിരുന്നു.ജന്മി നാടുവാഴി വ്യവസ്ഥ നാട്ടില്‍ കൊടികുത്തിവാണിരുന്ന കാലത്ത് വള്ളുവനാട്ടിലെ ഒരു ജന്മികുടുംബത്തിലാണ് ഇഎംഎസ് ജനിച്ചത്.ബ്രാഹ്മണ്യത്തിന്‍റെ പൂണൂല്‍ചരടുകള്‍ പൊട്ടിച്ചെറിഞ്ഞു സാമൂഹ്യപ്രവര്‍ത്തകനായ സഖാവ് സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായി
കോണ്‍ഗ്രസില്‍ ചേര്‍ന്നു.1934 ലിലും 1938-40 കളിലും കെപിസിസി യുടെ സെക്രട്ടറി ആയിരുന്നു.പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകൃതമായപ്പോള്‍ അതിന്‍റെ പ്രവര്‍ത്തകനായി.തുടര്‍ന്ന് കോഴിക്കോട്ടു രൂപീകരിച്ച കമ്മ്യൂണിസ്റ്റ് ഗ്രൂപ്പില്‍ അംഗത്വമെടുത്തു.ഇന്ത്യന്‍ സാഹചര്യത്തില്‍ മാര്‍ക്സിസം-ലെനിനിസം എങ്ങിനെ പ്രയോഗത്തില്‍ കൊണ്ടുവരാമെന്ന്
കാണിച്ചു കൊടുത്തു,തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഈ ദത്തുപുത്രന്‍.കേരള സംസ്ഥാന രൂപികരണത്തിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ 1957 ല്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നു. ഭൂനിയമവും വിദ്യാഭ്യാസനിയമവുമുള്‍പ്പടെ നിരവധി മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച ആ സര്‍ക്കാരിനെ അധികകാലം തുടരാന്‍ കേന്ദ്രത്തിലെ കോണ്ഗ്രസ് സര്‍ക്കാര്‍ അനുവദിച്ചില്ല.കേരളത്തിലെ പിന്തിരിപ്പന്മാരും സ്ഥാപിതതാല്‍പ്പര്യക്കാരും ചേര്‍ന്ന് നടത്തിയ വിമോചനസമര പേക്കൂത്തിനൊടുവില്‍ 1959 ല്‍ ഇഎംഎസ് സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു.1967 ല്‍ സഖാവ് മുഖ്യമന്ത്രിയായിക്കൊണ്ട് വീണ്ടും ഐക്യമുന്നണി സര്‍ക്കാര്‍ ഭരണത്തില്‍ വന്നെന്കിലും കാലാവധി പൂര്ത്തിയാക്കുന്നതിന് മുന്പ് ആ സര്‍ക്കാരിനെയും മുന്നണിയ്ക്കകത്ത് തന്നെയുള്ള വര്‍ഗ്ഗവഞ്ചകരെ ഉപയോഗപ്പെടുത്തി അട്ടിമറിച്ചു.പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ച ഇഎംഎസ് മരിക്കുന്നത് വരെ സിപിഐഎം ന്റെ കേന്ദ്രകമ്മറ്റിയിലും പിബിയിലും അംഗമായിരുന്നു.ഒരു ലോകസഭാ തെരഞ്ഞെടുപ്പ് കാലത്താണ് സഖാവ് നമ്മെ വിട്ടു പിരിഞ്ഞത്.ഇപ്പോള്‍ മറ്റൊരു തെരഞ്ഞെടുപ്പ് വിളിപ്പാടകലെ വന്നു നില്‍ക്കുമ്പോഴാണ് നാം അദ്ദേഹത്തിന്റെ ചരമദിനം ആചരിക്കുന്നത്.മുതലാളിത്ത പാത പിന്തുടരുന്ന കോണ്ഗ്രസ്സിനേയും, വര്‍ഗ്ഗീയ കക്ഷിയായ ബിജെപി യെയും അധികാരത്തില്‍ വരാന്‍ അനുവദിയ്ക്കയില്ലെന്നു നമുക്കീ അവസരത്തില്‍ പ്രതിജ്ഞയെടുക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ