2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

മേടപ്പുലരിയില്‍

വിഷുപ്പക്ഷികള്‍ പാടും മേടപ്പുലരിയില്‍
വിശുദ്ധിതന്‍ കൊന്നകള്‍പൂത്തുലഞ്ഞൂ...
കിഴക്കെയാകാശത്തില്‍ സിന്ദൂരക്കുറിയുമായ്
മിഴിവാര്‍ന്നു നില്‍ക്കയാണുദയസൂര്യന്‍..!
പാടവരന്പിലിന്നൊത്തുചേരുന്നിതാ
നാടിന്റെ കാര്‍ഷികപ്പെരുമയൊന്നായ്...
കൊയ്തെടുക്കാം നൂറുമേനിയും നാളേയ്ക്ക്
നെയ്തിടാം പൊന്നിന്‍ കിനാക്കളിപ്പോള്‍..!
പൂമുഖത്തെരിയും വിളക്കിന്‍റെ ശോഭയില്‍
കണികാണാം, കൈനീട്ടം സ്വീകരിയ്ക്കാം..
വിഷുവിന്‍ സമൃദ്ധിയുമൈശ്വര്യമൊക്കെയും
ശാശ്വതമാകാന്‍ കൊതിയ്ക്കയായി...
ഒരുപകലറുതിയില്‍ വിരഹത്തിന്‍ വേദന
ഇരവിന്റെ ഗാനമായെത്തിടുന്പോള്‍
ചിറകടിച്ചുയരുന്ന ചക്രവാകങ്ങളും
തീരങ്ങള്‍ തേടി പറന്നു പോയി..!
ഋതുസംഗമത്തിന്റെ ദിവ്യമുഹൂര്‍ത്ഥത്തില്‍
അരിയ വസന്തത്തിന്‍ കേളികൊട്ട്...
പുഷ്പിണിയാം ഭൂമികന്യക്ക് നല്‍കുവാന്‍
പുതിയ പ്രതീക്ഷകളേറെയല്ലോ...
ഒരു വിഷു കൂടി വിടചൊല്ലിടുന്നേരം
ഇരുളില്‍ തെളിയുന്നു തൂവെളിച്ചം..!







അഭിപ്രായങ്ങളൊന്നുമില്ല: