2008, ഓഗസ്റ്റ് 30, ശനിയാഴ്‌ച

ബ്ലോഗിങ്ങിലൂടെ കാവ്യോപാസന

കവിയാകണമെന്നു ആഗ്രഹിച്ചല്ല എഴുതി തുടങ്ങിയത്.അന്നും ഇന്നും എന്റെ ഹരമായിരുന്ന പച്ച വിരിച്ച കന്നി പാടങ്ങളും, അവയ്ക്ക് കസവ് കരയിട്ടു ഒഴുകുന്ന കൈത്തോടുകളും, കുന്നും പുഴയുമെല്ലാം മനസ്സിന്റെ ഉള്ളറകളിലെവിടെയോ ചലനമുണ്ടാക്കിയപ്പോള്‍, നോട്ടു പുസ്തകങ്ങളില്‍ കുറിച്ചു വെച്ചത് കവിതാശകലങ്ങളായി മാറിയെന്നു മാത്രം.
വര്‍ഷങ്ങള്‍ക്കപ്പുറം പ്രൈമറി വിദ്യാലയത്തിലും, തുടര്‍ന്ന് ചേര്‍മലയുടെ താഴ്വരയില്‍ പേരാമ്പ്ര ഹൈ സ്കൂളിലും, ഒരു പൂത്തുമ്പിയെ പോലെ പാറി നടന്നപ്പോള്‍, ജന്മം പൂണ്ട കവിതകള്‍ ദേശമിത്രം,ദേശാഭിമാനി,മാതൃഭൂമി,ചന്ദ്രിക തുടങ്ങിയ ആനുകാലികങ്ങളില്‍ അച്ചടിച്ചു വന്നപ്പോള്‍ ആ പിഞ്ചു മനസ്സിന്റെ ആഹ്ലാദം അവര്‍ണ്ണനീയമായിരുന്നു. പില്‍ക്കാലാലത്ത് ഫാറൂഖ് കോളേജിന്റെ മലയടിവാരത്തില്‍,ചാലിയാറിന്റെ തീരത്ത് തനിച്ചിരുന്ന സന്ധ്യകളില്‍ പിറന്നു വീണ വേദനയുടെ ഈരടികളിലൂടെ എന്റെ സമൂഹത്തിന്റെ വേദന സ്വയം ആവാഹിച്ചെടുക്കുകയായിരുന്നു!കലാലയ ജീവിതത്തിനു ശേഷം, ജീവിതത്തിന്റെ പല തിരക്കുകളില്‍ പെട്ട് എഴുത്ത് മുടങ്ങിയപ്പോള്‍ ജന്മനാ കിട്ടിയ ഒരു കഴിവ് കൈവിട്ടു പോയോ എന്ന് സംശയിച്ചിരുന്നു.ഇപ്പോള്‍ ജോലിയില്‍ നിന്നു വിരമിക്കുകയും, മറ്റു സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും അല്പം ഇടവേള ലഭിയ്ക്കുകയും ചെയ്തപ്പോള്‍, ബ്ലോഗിങ്ങ് എന്ന മാധ്യമത്തിലൂടെ എന്‍റെ കാവ്യോപാസന തുടുരുവാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്.

1 അഭിപ്രായം:

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

എഴുതാന്‍ നേരമില്ലെങ്കിലും ആ സര്‍ഗ്ഗവാസന നമ്മുടെ മനസ്സിലൂണ്ടാകും
അതുകൊണ്ട് തന്നെ തുടരുക

ആശംസകള്‍