2008, സെപ്റ്റംബർ 7, ഞായറാഴ്‌ച

അത്തം പത്തോണം

അത്തം പത്തോണം മലയാളക്കരയാകെ
തൃക്കാക്കരയപ്പനെ വരവേല്‍ക്കണ്ടേ..?
പൂവേ പൊലി പാടണ്ടേ?പൂക്കളം തീര്‍ക്കണ്ടേ?
പൂന്പാറ്റകള്‍ പാറുന്ന തൊടികള്‍ തോറും,
കാലത്തും വൈകീട്ടും ഒരു വട്ടി പൂ തേടി
അലയണ്ടേ...ഓണക്കളികള്‍ വേണ്ടേ..?
പുത്തനുടുപ്പുകള്‍ ഓണക്കോടികള്‍
പുത്തരി ചോറും പായസവും
കുഞ്ഞോമനകളേ, നിങ്ങള്‍ക്ക്‌ നല്‍കുവാന്‍
മാവേലി തന്പുരാനെഴുന്നള്ളുന്നു..!
മാനത്തെ മാണിക്യ കൊട്ടാര കെട്ടിലെ
മാലാഖ പെണ്മണികള്‍ കണ്‍‌തുറന്നു..
ഓണ നിലാവിന്റെ തോണിയിലേറിയ
നാണം കുണുങ്ങികള്ക്കുത്സവമായ്...!
ആമോദ മെങ്ങും പടരുന്നുണ്ടേ..
ആര്‍പ്പു വിളികളുയരുന്നുണ്ടേ..
നാടും നഗരവുമോണമുണ്ണാന്‍
നാളുകളെണ്ണിക്കഴിയുന്നുണ്ടേ..!
അത്തം പത്തോണം മലയാളിയ്ക്ക്
ചിത്തത്തില്‍ കുളിരേകും നാളാണല്ലോ..!