റമളാന്‍ മാസത്തിലെ മുപ്പത് ദിനരാത്രങ്ങളും പുണ്യകര്‍മ്മങ്ങള്‍ കൊണ്ടും അല്ലാഹുവിന്റെ കരുണ കൊണ്ടും സമ്പന്നമാണെങ്കിലും പതിനേഴാംരാവ് വിശ്വാസികള്‍ക്ക് വീരസ്മരണകളുയര്ത്തുന്നതാണ്.അന്നാണ് അവിശ്വാസത്തിന്മേല്‍ വിശ്വാസത്തിന്റെ വിജയ പതാക പാറിച്ചതും ഇസ്ലാമിക ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടതുമായ ബദര്‍ യുദ്ധം നടന്നത്.മുഹമ്മദ് നബി(സ.അ)മക്കയില്‍ മതപ്രചാരണം ആരംഭിച്ചത് മുതല്‍ ഖുറൈശികളില്‍ നിന്ന് രസൂലിനും സഹാബത്തിനും കൊടിയ പീഢനങ്ങള്‍ സഹിയ്ക്കേണ്ടി വന്നതിനാല്‍ മദീനത്തേക്ക് പലായനം ചെയ്യേണ്ടി വന്നു. അബൂസുഫിയാന്റെ കച്ചവട സംഘത്തെ സംരക്ഷിക്കാനെന്ന വ്യാജേന അവിശ്വാസികളുടെ തലതൊട്ടപ്പനും അഹങ്കാരത്തിന്റെ ആള്‍രൂപവുമായ അബൂജാഹിലും കൂട്ടരും ഇസ്ലാമിന് മേല്‍ അടിച്ചേല്‍പ്പിച്ചതായിരുന്നു ബദര്‍യുദ്ധം. സര്‍വ്വസൈനിക സന്നാഹങ്ങളോട് കൂടിയും ആയിരത്തില്‍ പരം സൈനികരൊടും ഒപ്പം പൊരുതിയിട്ടും, ഈമാനിന്റെ രക്ഷാകവചം മാത്രമണിഞ്ഞ 313 പേര്‍ മാത്രം വരുന്ന റസൂലിനെയും സഹാബത്തിനേയും പരാജയപ്പെടുത്താന്‍ അബൂജാഹിലിനും കൂട്ടാളികള്‍ക്കും കഴിയാതെ പോയത്, സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിന്റെ കാരുണ്യം കൊണ്ടു മാത്രമാണ്. യുദ്ധത്തില്‍ അബൂജാഹിലുള്‍പ്പടെ ഖുറൈശിക്കൂട്ടത്തിലെ കൊലകൊമ്പമ്മാര്‍ പലരും ബദറിലെ രണഭൂമിയില്‍ കൊല്ലപ്പെടുകയും ഏറെപ്പേര്‍ യുദ്ധതടവുകാരായി പിടിയ്ക്കപ്പെടുകയും ചെയ്തു.സഹാബാക്കളുടെ കൂട്ടത്തില്‍ നിന്ന് പതിനാല് പേരും ശുഹദാക്കളായി.നേരിന്റെ വഴിയില്‍ പടവെട്ടി വിജയം വരിച്ച ബദരീങ്ങളുടെ കാരുണ്യം വിശ്വാസികളുടെ മേല്‍ എന്നുമുണ്ടാവട്ടെയെന്നു ഈ അവസരത്തില്‍ നമുക്ക് ദുആ ചെയ്യാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ