2008, ഡിസംബർ 31, ബുധനാഴ്‌ച

ഒരു വര്‍ഷം കൂടി കൊഴിയുമ്പോള്‍...

ഒരു വര്‍ഷം കൂടി കാലപ്രവാഹത്തില്‍
അപ്രത്യക്ഷമാവുമ്പോള്‍,
മുന്നില്‍ തെളിഞ്ഞു വരുന്നത്
നഷ്ടക്കണക്കുകള്‍ കോറിയിട്ട
നാള്‍വഴികള്‍ മാത്രം..!
ആസുരത താണ്ഡവമാടിയ
ആകുലതകള്‍ മനസ്സിനെ മഥിച്ച ദിനരാത്രങ്ങള്‍ക്ക് വിട...
ഭരണകൂടഭീകരതയും,മത തീവ്രവാദവും
ലോകമെങ്ങും രക്തക്കളങങള്‍ തീര്‍ത്ത വര്‍ഷം..!
ഏറ്റവുമൊടുവില്‍ ഗാസയിലെ തെരുവുകളില്‍
ഇസ്രായേല്‍ നരാധമന്മാര്‍ അഗ്നിഗോളങ്ങള്‍ വര്‍ഷിച്ച്
പാഠശാലകള്‍ വിട്ടിറങ്ങിയ പിഞ്ചോമനകളെ
കൂട്ടക്കുരുതി നടത്തിയതീവര്‍ഷത്തിന്റെ തീരാക്കളന്കം..!
മുംബൈയില്‍ മനുഷ്യജീവന്‍ എടുത്തമ്മാനമാടിയ
പാക്ക് കശ്മലര്‍ നാടിന്‍റെ സുരക്ഷക്ക് നേരെ
കൊഞ്ഞനം കുത്തിയ ശപിക്കപ്പെട്ടവര്‍ഷം..!
അമേരിക്കന്‍ ഐക്യ നാടുകളിലും,യുറോപ്പിലും
മുതലാളിത്തത്തിന്‍റെ അമ്മതൊട്ടിലുകള്‍
സാമ്പത്തിക മാന്ദ്യത്തിന്റെ കൊടുങ്കാറ്റില്‍
ആടിയുലഞ്ഞ വര്‍ഷവുമിത് തന്നെ...
ഇന്ത്യന്‍ പാര്‍ലിമെന്‍റിനെ നോക്കുകുത്തിയാക്കി
മന്മോഹനും കൂട്ടാളികളും ശിന്കിടികളും കൂടി
ആണവവിജയം കഥ ആടിത്തിമര്‍ത്തതും
വിടചൊല്ലാനൊരുങ്ങുമീ രണ്ടായിരത്തെട്ടിന്‍റെ
അപമാനമായ് നാമോര്‍മ്മീച്ചീടും..
അരങ്ങൊഴിയും വര്‍ഷത്തിന്‍റെ
തിരശ്ശീല താഴ്ത്തുന്നു ഞാന്‍, കാണാം വീണ്ടും
നവവല്‍സരത്തിന്‍റെ നാളത്തെ പ്രഭാതത്തില്‍..!!

2008, ഡിസംബർ 29, തിങ്കളാഴ്‌ച

സദ്ദാമിന്നും ജീവിക്കുന്നൂ..!

സദ്ദാമിന്നും ജീവിക്കുന്നൂ...മനുഷ്യമനസ്സുകളില്‍
സാമ്രാജ്യത്വകിന്കരന്മാര്‍ക്കൊരു പേക്കിനാവായി...
ചെരിപ്പേറ് കൊണ്ടു മുഖം വികൃതമായ സായിപ്പിനെ
ചരിത്രത്തിന്റെ ചവറ്റ് കൊട്ടയിലേക്കിതാ
ലോകജനത വലിച്ചെറിഞ്ഞിരിക്കുന്നൂ..!!
മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മേല്‍ വട്ടമിട്ടു പറക്കുന്നൂ
ചോരക്കലിതീരാത്ത യാന്കിക്കഴുകന്മാരീ ദിനങ്ങളിലും..
ഫലസ്തീനിലെ കുരുന്നുകളെ കുരുതി കഴിച്ച
ഇസ്രായേലിലെ നരാധമന്മാര്ക്കൂര്‍ജ്ജം കൊടുത്തതും മറ്റാരുമല്ലല്ലോ..
എല്ലാം ലോകപോലീസ് ചമയും അമേരിക്കന്‍ സാമ്രാജ്യത്വം..!
സദ്ദാമിനെ ദാരുണമായി തൂക്കിലേറ്റിയിട്ട്
രണ്ടു വര്‍ഷം തികയും വേളയില്‍,
സായിപ്പിന്റെ വിഴുപ്പ്‌ഭാണ്ഡത്തില്‍ കാണ്മൂ നാം
ചോരക്കറ പുരണ്ട കീറത്തുണികള്‍ മാത്രം..!
ആ വിഴുപ്പ്‌ പേറാന്‍ വിധിയ്ക്കപ്പെട്ടിരിക്കുന്നൂ
ഇന്ത്യയെ പണയപ്പെടുത്തിയ ഏറാന്‍മൂളികള്‍ ഭരണാധികാരികള്‍..!
പിറന്ന നാടിനെ ഒറ്റു കൊടുത്തവര്‍..
അവര്‍ക്ക്‌നല്‍കണം തിരിച്ചടി വൈകാതെ
സദ്ദാമിന്നോര്‍മ്മകള്‍ പുതുക്കുന്ന വേളയില്‍..!!

2008, ഡിസംബർ 20, ശനിയാഴ്‌ച

മദ്യകേരളം

കേരളത്തില്‍ ഒരു ആഘോഷക്കാലം കൂടി സമാഗതമായി.ക്രിസ്മസ്-നവവല്സരാഘോഷങ്ങളെ വരവേല്‍ക്കാന്‍ നാടും നഗരങ്ങളും ഒരുങ്ങുകയാണ്.ഒപ്പം കുടിയന്മാരുടെ വസന്തകാലവും വരവായി.ഓണം,വിഷു,ക്രിസ്മസ്,പുതുവല്‍സരം എന്നിവ മാത്രമല്ല ഈദാഘോഷങ്ങളും വിവാഹം മുതലായ മംഗളകര്‍മ്മങ്ങള്‍ പോലും കുടിച്ച് കൂത്താടാനുള്ളതാണെന്ന് മാലയാളി സമൂഹം മനസ്സില്‍ കരുതുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയം ചെയ്യുന്നു .കഴിഞ്ഞ ഓണക്കാലത്ത് മലയാളികള്‍ കുടിച്ചുതീര്ത്ത(മുടിച്ച )മദ്യത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പത്രങ്ങളില്‍ വന്നത് നാമെല്ലാം വായ്ച്ചതാണ്.കുടിയുടെ കാര്യത്തില്‍ മറ്റുചില വിഷയങ്ങളിലെന്നപോലെ കേരളമാണ് ഒന്നാം സ്ഥാനത്ത് എന്നാണു പറയപ്പെടുന്നത്‌.മഹാത്മജിയുടെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന സഹന സമരങ്ങളില്‍ മുഖ്യ പങ്ക് കള്ളുഷാപ്പ് പിക്കറ്റിങ്ങിനുണ്ടായിരുന്നു, കേരളത്തില്‍.എന്നാല്‍ ഇന്നാകട്ടെ മദ്യവര്‍ജ്ജന പ്രസ്ഥാനങ്ങള്‍ നിര്‍ജ്ജീവമാണ് താനുംകേരളത്തിലെ ഗാന്ധിശിഷ്യനായ ഒരു മുന്‍മുഖ്യമന്ത്രി അധികാരമേറ്റു അധികം താമസിയാതെ ഒരു മെട്രോ നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ വച്ചു മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി മദ്യസല്‍ക്കാരം നടത്തിയത് അന്ന് വിവാദമായിരുന്നു .ഇക്കാര്യത്തില്‍ മുന്മുഖ്യമന്ത്രി എ. കെ.ആന്റണിയെ അനുമോദിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല.അദ്ദേഹമാണ് ധീരമായ നടപടിയിലൂടെ ചാരായ നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ഒരു പോംവഴിയല്ലെന്കില്‍ കൂടി ശക്തമായ ബോധവല്‍ക്കരണവും മറ്റും നടത്തി, മദ്യനിരോധനവും കേരളത്തില്‍ പരീക്ഷിച്ചു നോക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങേണ്ടതാണ്.മദ്യമാഫിയകളും രാഷ്ട്രീയക്കാരും തമ്മില്‍ നിലനില്‍ക്കുന്നു എന്ന് പറയപ്പെടുന്ന അവിഹിതബന്ധം ഇത്തരമൊരു നീക്കത്തിന് തടസ്സമാണെന്കിലും മദ്യപാനം കൊണ്ടു തരിപ്പണമായിതീര്‍ന്ന ,എണ്ണിയാലൊടുങ്ങാത്ത കുടുംബങ്ങളെ തകര്‍ച്ചയില്‍ നിന്നു കരകയറ്റാന്‍ അത് സഹായകമാവുക തന്നെ ചെയ്യും.

2008, ഡിസംബർ 19, വെള്ളിയാഴ്‌ച

സഹയാത്രിക

സഹയാത്രിക നീയെന്‍ കരളില്‍ കിനാവിന്റെ
സുധയിന്നൊരുക്കവേ മനമുല്ലസിക്കവേ ,
കുറിച്ചേനിരവിന്‍റെ ഹൃദയം മരവിക്കെ
വിറയ്ക്കും വിരലോടെയീവരി നിനക്കായി..!
തുന്പികളഴകിന്‍റെ പട്ടുടുപ്പണിഞ്ഞെന്നും
ഇമ്പമേകിടും കലാശാലയിലൊന്നിച്ചു നാം..!
മിഴിയില്‍ മഴവില്ല് തെളിയുന്നേരം നിന്റെ
മിഴിവാര്‍ന്നൊരാചുണ്ടില്‍ പുഞ്ചിരി വിരിയുമ്പോള്‍,
ഇക്കലാലയം കണ്ടു മറന്ന സ്വപ്നങ്ങളില്‍
ഇക്കിളി കൂട്ടും കാട്ടുകിളിയായണഞ്ഞു നീ..!
കനകക്കിനാവുകള്‍ കോര്‍ത്ത മാലയുമായെന്‍
കോവിലില്‍ ആരാധനയ്ക്കെത്തിയവളല്ലേ സഖീ..?
സഹയാത്രികര്‍ നാമെത്തേണ്ടുമിടത്തെത്താന്‍
സഹിക്കാനിരിക്കുന്നു വേദനകളൊരായിരം..!
മറക്കാതിരുന്നെങ്കിലീയാത്ര തീരും മുമ്പേ
മരിയ്ക്കാതിരുന്നെന്കിലായിരം പ്രതീക്ഷകള്‍..!!

2008, ഡിസംബർ 18, വ്യാഴാഴ്‌ച

വൃക്ഷികക്കാറ്റ്

വൃക്ഷികക്കാറ്റെന്തേയിക്കുറി വരാന്‍ മടിച്ചത്..?
തമിഴകത്തിന്‍ തടങ്ങള്‍ താണ്ടിയും,
കല്ലടിക്കോടന്‍ മലമടക്കുകളെ തഴുകിയും,
വള്ളുവനാടിന്‍ ഗതകാല സ്മരണകളുണര്‍ത്തിയും,
ഞങ്ങള്‍തന്‍ തനുവും മനസ്സും തണുപ്പിക്കാന്‍
എന്തെ?ഇക്കുറി വന്നില്ല നീ വൃക്ഷികക്കാറ്റേ...?
മരം കോച്ചുന്ന തണുപ്പിന്നെവിടെ..?
മഞ്ഞ് പെയ്യുന്ന രാവുകളും...
കുളിര്‍ കോരിയിടുന്ന പുലരികളില്‍
കരിയിലകൂട്ടി തീകാഞ്ഞതിന്നോര്‍മ്മകള്‍ മാത്രം..
ഗൃഹാതുരത്വത്തിന്‍ ബാക്കിപത്രം..!
മാന്പൂക്കള്‍ തന്‍ നറുമണവും,
അണ്ണാറക്കണ്ണനും വരാതെയായ്
തെളിനീരൊഴുകും കാട്ടുചോലകളില്‍
മാനത്തുകണ്ണികളെ പരതി നടന്നു ഞാന്‍
കാലവും ഭൂമിയും മാറി മറിഞ്ഞതും,
കനിവിന്നുറവള്‍ വറ്റി വരണ്ടതും,
കിട്ടാക്കനികള്ക്കായലയും പഥികന്റെ
മാറാപ്പ് തട്ടിത്തെറിപ്പിച്ചതും കണ്ടു ഞാന്‍..!
വൃക്ഷികക്കാറ്റേ,നീ വരാതിരുന്നതില്‍
പരിഭവമുള്ളിലൊതുക്കി നിര്‍ത്തട്ടെ ഞാന്‍...

2008, ഡിസംബർ 16, ചൊവ്വാഴ്ച

സംവരണവിഷയത്തില്‍ സര്‍ക്കാര്‍ ആരെയാണ് പേടിക്കുന്നത്?


കേരള സര്‍ക്കാര്‍ നിയമനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമായിരുന്ന ഒരു കോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുവാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിച്ചിരിയ്ക്കയാണല്ലൊ.സംവരണക്വാട്ടയുടെ കാര്യത്തില്‍ നേരത്തെ നിലനിന്നിരുന്ന ഇരുപത് ഒഴിവുകള്‍ കണക്കാക്കിയുള്ള നിയമനരീതി മാറ്റി മൊത്തം ഒഴിവുകളില്‍ 50:50 അനുപാതത്തില്‍ നിയമനം നടത്താനാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചത്‌.ഇതിനെ മറികടക്കാനാണ് ചെയര്‍മാനടക്കം നാലുപേരുടെ ഭിന്നഭിപ്രായ കുറിപ്പുകളുണ്ടായിട്ടും, സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കുവാന്‍ ഇപ്പോള്‍ പി എസ് സി തീരുമാനിച്ചിരിക്കുന്നത്.സംവരണാനുകൂല്യത്തിനര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തികച്ചും പ്രതികൂലമായി ബാധിക്കുന്ന ഈതീരുമാനം എടുക്കാന്‍ ഏതാനും പി എസ് സി അംഗങ്ങളെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് മനസ്സിലാകുന്നില്ല .പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവകാശപെട്ട സംവരണത്തെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കാറുള്ള സംവരണ വിരുദ്ധലോബിയെ തൃപ്തിപീടുത്താനാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത് എന്ന് ആരെങ്കിലും ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ?
കേരളത്തിലെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിയ്ക്കുന്ന അനങ്ങാംപാറ നയവും ഒരു ഇടതുപക്ഷ സര്‍ക്കാരിന് ഭൂഷണമല്ല.കോടതിവിധിയുടെ അടിസ്ഥാനത്തില്‍ നയപരമായ തീരുമാനമെടുത്ത് പിന്നാക്ക സമുദായങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിയേണ്ടതായിരുന്നു.എന്നാല്‍ അതുണ്ടാവാതിരുന്നത് സര്‍ക്കാര്‍ ആരെയോ ഭയപ്പെടുന്നത് കൊണ്ടാണെന്ന് തോന്നുന്നു.മാത്രവുമല്ല ക്രീമിലയറിന്റെ പരിധി നാലര ലക്ഷം രൂപയായി കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍,കേരളത്തിലും അതേ പരിധി ബാധകമാക്കുവാന്‍ ഇതിനായി നിയമിച്ച ജസ്റീസ് രാജേന്ദ്രബാബു കമ്മീഷന്‍ ശുപാര്‍ശ നല്കി ആഴ്ചകള്‍ കഴിഞ്ഞിട്ടും, സര്‍ക്കാന്‍ തീരുമാനം വൈകിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്?ഏതായാലും വൈകിയ വേളയിലെങ്കിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെന്കില്‍ അത് നീതികേട്‌ മാത്രമായിരിക്കും.

2008, ഡിസംബർ 15, തിങ്കളാഴ്‌ച

ഉമര്‍ഖയ്യാം

ഞാനുമര്‍ഖയ്യാമിന്‍റെ ശിഷ്യനാണൊരു പ്രേമ-
കാവ്യത്തില്‍ പ്രപഞ്ചത്തിന്‍ സൌന്ദര്യം തുടിയ്ക്കുമ്പോള്‍
യുഗങ്ങള്‍ വിടര്‍ത്തിയോരിരുളിന്‍ മറയ്ക്കുള്ളില്‍
ഗദ്ഗദമെഴും ഗാനതരംഗങ്ങളിലെന്‍റെ
ദുഃഖങ്ങളകക്കാമ്പിന്‍ ചുടുനിശ്വാസങ്ങളെ
ഒതുക്കി നിര്‍ത്താനെല്ലാം മറക്കാന്‍ പഠിച്ചു ഞാന്‍..!
നിമിഷങ്ങള്‍തന്‍ ഗര്‍ഭപാത്രത്തിലുടല്‍പൂണ്ട
നിനവിന്‍ കുഞ്ഞുങ്ങളെ ജനിച്ചില്ലല്ലോ നിങ്ങള്‍..?
ഞാനുമര്‍ഖയ്യാമിനെ പൂജിയ്ക്കുന്നൊരു പുത്തന്‍
പാനപാത്രത്തില്‍ തരും മുന്തിരിനീരിന്നൊപ്പം,
പാരീസിലൊരു നിശാക്ലബ്ബിലെന്‍ സങ്കല്പങ്ങള്‍
മാരിവില്ലൊളി ചാര്‍ത്തും സ്വപ്‌നങ്ങള്‍ സഹസ്രങ്ങള്‍..!
ഞാനുമര്‍ഖയ്യാമിന്റെ സുവിശേഷകന്‍ സഖി-
യെനിക്കായോരുക്കിയ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെന്നാല്‍
ഡാന്‍റെയില്‍, ബിയാട്രീസിലാവേശമുള്‍ക്കൊണ്ടുകൊണ്-
ടെന്‍റെതാം പറുദീസ തീര്‍ക്കുവാനൊരുങ്ങവേ,
കടിഞ്ഞൂല്‍ക്കനികളെ കാലത്തിന്‍ പുല്‍തൊട്ടിലില്‍
കനകക്കിനാക്കളെ പിറന്നില്ലല്ലോ നിങ്ങള്‍..?
ഞാനുമര്‍ഖയ്യാമിനെ സ്നേഹിക്കുന്നൊരു വീണ-
ക്കമ്പിയിലനവദ്യ സംഗീത തരംഗങ്ങള്‍
താളലയങ്ങള്‍ നാദധാരകള്‍ ഹൃദയത്തില്‍
പുളകചാര്‍ത്തേകിടും മൂവന്തി മരവിക്കെ..!
മഞ്ഞുരുകീടും മധ്യാഹ്നങ്ങളിലുമര്‍ഖയ്യാം
തന്നൊരീക്കാവ്യത്തിന്റെ താളുകള്‍ മറിക്കവേ,
സാനിതന്നനവദ്യസാമീപ്യമൊരുക്കിയ
ഗാനലയത്തില്‍ നാദധാരയിലലിഞ്ഞു ഞാന്‍..!



2008, ഡിസംബർ 14, ഞായറാഴ്‌ച

മരതകദ്വീപ്

നടുക്കടലിലൊരു നൌകയിലൊഴുകുകയായ്
കര കാണാക്കടലില്‍ഞാനലയുന്പോള്‍,
അനന്തമീയലയാഴിയിലൊരു തുരുത്തെങ്കിലും
കാണുവാന്‍ കൊതിക്കുകയായ്...
ഇരുള്‍ മൂടിയോരെന്‍ മനസ്സിന്റെ
ജാലകങ്ങള്‍ ഞാന്‍ മലര്‍ക്കെ തുറക്കവേ,
മരതകദ്വീപില്‍ ചെന്നണയുമ്പോള്‍...
കടല്‍പക്ഷികള്‍ ചേക്കേറാനെത്തുമീ
ദ്വീപിലെയേകാന്തമാം കോണില്‍ ഞാനെന്നും
ഏകാനായിരിക്കുമ്പോള്‍ കൂട്ടിനായെനിക്കെന്നും
എന്റെ മൌനദുഃഖങ്ങളും നഷ്ടസ്വപ്നങ്ങളും മാത്രം..!
ഒരു സ്വാന്തനത്തിന്റെ തൂവല്‍സ്പര്ശത്തിനായ്
ആരെയോ കാത്തിട്ടിരിപ്പാണീ മരതകദ്വീപില്‍ ഞാന്‍...
വരുമാരെന്കിലുമൊരുനാളന്നെനിക്ക് മോചനം
ഈ ഏകാന്തതയുടെ തുരുത്തില്‍ നിന്നും,
വിട പറഞ്ഞെത്തും ഞാനാള്‍ക്കൂട്ടത്തില്‍
അന്നെന്നെപ്പുണരുക സ്നേഹവായ്പ്പോടെ
സ്വീകരിക്കുകയെന്നെ സദയം സഹജരേ...



2008, ഡിസംബർ 10, ബുധനാഴ്‌ച

വിട പറയുമ്പോള്‍

എന്റെ കാലടിപ്പാടിന്നടിയിലെ
മണ്ണിലസ്മല്‍ പ്രപഞ്ചമൊതുക്കിഞാന്‍..!
ചോര-ചൂടുള്ള ചോരയോഴുകുമെന്‍
ധീരമാം സിരയേറെ തുടിക്കവേ,
വണ്ടിക്ക് പിന്നില്‍ കുതിരയെ കെട്ടുന്ന
മണ്ടത്തരത്തിന്റെ തത്വശാസ്ത്രങ്ങള്‍ തന്‍
തോലുരിഞ്ഞ് കവലയില്‍ തൂക്കിയ
ജലവിദ്യയെന്‍ പൊയ്പ്പോയ നാളുകള്‍..!
ദൂരെ ദൂരെ ബൊളീവിയന്‍ കാടിനെ
കോരിത്തരിപ്പിച്ച വിപ്ലവകാരിയെ
നിത്യമോര്‍മ്മതന്‍ ജാലകത്തിന്കലൂ-
ടെത്തി നോക്കിയ നാളുകള്‍ നഷ്ടമായ്..
എങ്ങു മാനുഷനീതിതന്‍ കൈകളില്‍
ചങ്ങലക്കിട്ട് നിര്‍ത്തുമാ വേളയില്‍,
എന്റെ കൈകള്‍- കരുത്തുറ്റ കൈകളാല്‍
എന്റെ ചോര-പതയുന്ന ചോരയാല്‍
പുത്തനാമിതിഹാസം കുറിയ്ക്കുവാന്‍
കാത്തിരുന്ന ദിനങ്ങളിന്നെങ്ങുപോയ്?
കാലമേറെ നൂറ്റാണ്ടിനെ പേറ്റ്നോ-
വേറ്റ് ഭൂമിയിലിട്ടേച്ച് പോയനാള്‍
മര്‍ത്യരില്‍ മതം കുത്തിക്കയറ്റിയ
ശക്തിയേറും മയക്കുമരുന്നുകള്‍
വില്‍പ്പനയ്ക്കായണഞ്ഞ പുരോഹിത-
രല്പ്പനേരമെന്‍ മുന്നില്‍ പകച്ചു പോയ് ..!
പെണ്ണൊരുത്തിയൊരുക്കിയ വ്ല്മീക-
മിന്ന് മാമക ചിത്തത്തെ മൂടവേ,
മാലിനിയല പുല്കിപ്പടര്‍ന്നൊരാ
കാളിദാസന്റെ ഗീതികള്‍ മൂളി ഞാന്‍..!
എന്റെ ചുണ്ടില്‍ മദിര പകര്ന്നവ-
ളന്തിവിണ്ണിന്‍ തുടിപ്പ് പകര്‍ത്തിയോള്‍
സിഞ്ജിതമകക്കാമ്പിന്ന്‍റെ സംഗീത
നിര്ജ്ജരിയില്‍ തടവിലാക്കീടവേ,
വിശ്രമിക്കട്ടെ വിടപറയുന്നിതാ
വിപ്ലവാശംസ മാത്രം സഖാക്കളെ...

2008, ഡിസംബർ 7, ഞായറാഴ്‌ച

ബലിപെരുന്നാള്‍

അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്...
ഖലീലിബ്രാഹീമിന്‍ ത്യാഗത്തിന്‍ സ്മരണയുമായ്
ബലിപെരുന്നാളിതാ വീണ്ടും വന്നൂ...
റബ്ബിന്‍റെ കല്പ്പനായാലോമനപ്പുത്രന്റെ
തലയറുത്തീടാനൊരുങിയപ്പോള്‍,
ആലം ഉടയോന്റെ അരുളപ്പാടുണ്ടായി
ആരംഭമോനേയറുത്തിടേണ്‍ടാ...
ഇബ്രാഹിം നബിതങ്ങളൊരാടിനെ ബലി നല്കി
ഇസ്മായീല്‍ പുത്രന് പകരമായി..!
വിശ്വാസികളെന്‍പാടും മക്കയിലേക്കണയുന്നൂ
ഹജ്ജിന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍...
ഇസ്ലാമിന്‍ തേജസ്സായെന്നും തിളങ്ങിയ
ഇബ്രാഹിം നബിയോര്‍ക്ക് സ്തുതിയോതുന്നൂ..!
ലബ്ബൈക്ക മുഴങ്ങുന്നൂ കഅബാശരീഫിന്‍കല്‍
റബ്ബിന്‍റെ തിരുമുമ്പില്‍ കുമ്പിടുന്നൂ...
ഈദിന്റെ സന്ദേശം നേരായ ദീനിന്റെ
പാതയിലേക്ക് നയിച്ചിടുമ്പോള്‍
തക്ബീര്‍ ധ്വനികളുയരട്ടെ വാനോളം
തൌഹീദിന്‍ ശബ്ദം മുഴങ്ങീടട്ടെ..!







2008, ഡിസംബർ 5, വെള്ളിയാഴ്‌ച

കുരുന്നുകളുടെ കൂട്ടക്കുരുതി


ഇന്നലെ കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറിനു സമീപം പെരുമണ്ണില്‍ ഒമ്പത് കുരുന്നുകളെ കുരുതി കൊടുത്ത ദാരുണമായ സംഭവം നാടിനെയാകെ നടുക്കിയിരിയ്ക്കയാണ്.വൈകുന്നേരം നാലുമണിക്ക് സ്ഥലത്തെ എല്‍.പി.സ്കൂള്‍ വിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പിഞ്ചു കുഞ്ഞുങ്ങളെ പിന്നില്‍ നിന്നും വന്ന ഒരു വാന്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.ഏഴും എട്ടും വയസ്സുള്ള ഒമ്പത് കുട്ടികളുടെ ജീവനാണ് നരാധമനായ ഒരു ഡ്രൈവറുടെ അശ്രദ്ധ മൂലം അകാലത്തില്‍ പൊലിഞ്ഞുപോയത്! ഇതില്‍ ഒരുകുട്ടി തന്റെ വീട്ടിന്റെ വിളിപ്പാടകലെ എത്തിയപ്പോള്‍ അമ്മയുടെ കണ്‍മുമ്പിലാണ് പിടഞ്ഞു മരിച്ചത്.ചോര തളം കെട്ടി നില്ക്കുന്ന റോഡില്‍ കുട്ടികളുടെ ബാഗും ചെരുപ്പുകളും മറ്റും ചിതറിക്കിടക്കുന്നത് കാണാമായിരുന്നു.കണ്ണൂരിലെ എകെജി ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും എത്തിയവരൊക്കയും വിതുമ്പി കരയുകയായിരുന്നു.മൂന്നു കുട്ടികള്‍ അതീവ ഗുരുതരാവസ്ഥയിലാണ്.മുഖ്യ മന്ത്രിയും സഹമന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം ജനനായക്ന്മാരെല്ലാം ആശ്വാസ വാക്കുകളുമായി കുതിച്ചെത്തിയെന്‍കിലും ഇനിയും ഇതു പോലുള്ള നരഹത്യകള്‍ ആവര്‍ത്തിക്കാതിരിയ്ക്കാനുള്ള ശക്തമായ നടപടികളാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്റസ് സമ്മേളനത്തിലേക്ക് ലോറി ഇരച്ചു കയറി നിരവധി പേരുടെ ജീവനെടുത്തത് നാമൊന്നും മറന്നിട്ടില്ല.ഈ സംഭവത്തില്‍ ഉള്‍പെട്ട ഡ്രൈവര്‍ മയങ്ങിപ്പോയത് കൊണ്ടാണ് അപകടമുണ്ടായതെന്നും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും മറ്റും അധികൃതര്‍ പറയുന്നുന്ടെന്കിലും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചു കൊലയാളികള്‍ രക്ഷപ്പെടുകയാണ് പതിവ്.നമ്മുടെ നിരത്തുകളിലെ മനുഷ്യക്കുരുതി തടയാന്‍ സര്ക്കാരിന്റെ ഭാഗത്ത് നിന്നു എന്ത് നടപടികളാണ് ഉണ്ടാവാന്‍ പോകുന്നത് എന്നാണു കേരളം ഉറ്റുനോക്കുന്നത്.