ഞാനുമര്ഖയ്യാമിന്റെ ശിഷ്യനാണൊരു പ്രേമ-
കാവ്യത്തില്‍ പ്രപഞ്ചത്തിന്‍ സൌന്ദര്യം തുടിയ്ക്കുമ്പോള്‍
യുഗങ്ങള്‍ വിടര്‍ത്തിയോരിരുളിന്‍ മറയ്ക്കുള്ളില്‍
ഗദ്ഗദമെഴും ഗാനതരംഗങ്ങളിലെന്‍റെ
ദുഃഖങ്ങളകക്കാമ്പിന്‍ ചുടുനിശ്വാസങ്ങളെ
ഒതുക്കി നിര്‍ത്താനെല്ലാം മറക്കാന്‍ പഠിച്ചു ഞാന്‍..!
നിമിഷങ്ങള്‍തന്‍ ഗര്‍ഭപാത്രത്തിലുടല്‍പൂണ്ട
നിനവിന്‍ കുഞ്ഞുങ്ങളെ ജനിച്ചില്ലല്ലോ നിങ്ങള്‍..?
ഞാനുമര്‍ഖയ്യാമിനെ പൂജിയ്ക്കുന്നൊരു പുത്തന്‍
പാനപാത്രത്തില്‍ തരും മുന്തിരിനീരിന്നൊപ്പം,
പാരീസിലൊരു നിശാക്ലബ്ബിലെന്‍ സങ്കല്പങ്ങള്‍
മാരിവില്ലൊളി ചാര്‍ത്തും സ്വപ്‌നങ്ങള്‍ സഹസ്രങ്ങള്‍..!
ഞാനുമര്‍ഖയ്യാമിന്റെ സുവിശേഷകന്‍ സഖി-
യെനിക്കായോരുക്കിയ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെന്നാല്‍
ഡാന്‍റെയില്‍, ബിയാട്രീസിലാവേശമുള്‍ക്കൊണ്ടുകൊണ്-
ടെന്‍റെതാം പറുദീസ തീര്‍ക്കുവാനൊരുങ്ങവേ,
കടിഞ്ഞൂല്‍ക്കനികളെ കാലത്തിന്‍ പുല്‍തൊട്ടിലില്‍
കനകക്കിനാക്കളെ പിറന്നില്ലല്ലോ നിങ്ങള്‍..?
ഞാനുമര്‍ഖയ്യാമിനെ സ്നേഹിക്കുന്നൊരു വീണ-
ക്കമ്പിയിലനവദ്യ സംഗീത തരംഗങ്ങള്‍
താളലയങ്ങള്‍ നാദധാരകള്‍ ഹൃദയത്തില്‍
പുളകചാര്‍ത്തേകിടും മൂവന്തി മരവിക്കെ..!
മഞ്ഞുരുകീടും മധ്യാഹ്നങ്ങളിലുമര്‍ഖയ്യാം
തന്നൊരീക്കാവ്യത്തിന്റെ താളുകള്‍ മറിക്കവേ,
സാനിതന്നനവദ്യസാമീപ്യമൊരുക്കിയ
ഗാനലയത്തില്‍ നാദധാരയിലലിഞ്ഞു ഞാന്‍..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ